Showing posts with label ഗ്രീഷ്മ. Show all posts
Showing posts with label ഗ്രീഷ്മ. Show all posts

Sunday, March 4, 2007

ക്വിസ്സ്

“അച്ചാ, വാ നമ്മള്‍ക്ക് കിസ്സ് നടത്താം. അച്ചന്‍ കിസ് മാസ്റ്ററ്‍, ഞാന്‍ ടീം എ. അനൂപ് ടീം ബി. അമ്മച്ചി ടീം സീ.” മാറ്റ് ലാബില്‍ ഒരു 9 ത് ഓര്‍ഡര്‍ പോളിനൊമിയല്‍ ഇക്വേഷനുമായി കള്ളനും പോലീസും കളിക്കുകയായിരുന്ന ഞാന്‍ മോളുടെ അടുത്തെത്തി. അവള്‍ക്ക് ദ്വേഷ്യം വന്നാലുള്ള അവസ്ഥ അറിയാമായിരുന്നതിനാല്‍ ഞാന്‍ സമ്മതിച്ചു: “ശരി“
പതിനാറു വയസ്സേ ആയിട്ടുള്ളു എങ്കിലും, ഒരഞ്ചു വയസ്സിന്റെ ബുദ്ധിയെങ്കിലും ഉണ്ടവള്‍ക്ക്. അതുകൊണ്ട് ക്വിസ്സ് മാസ്റ്റര്‍ ചോദിക്കെണ്ട ചോദ്യങ്ങള്‍ക്കും ആ നിലവാരം വേണമല്ലോ. ക്വിസ്സ് മാസ്റ്റര്‍ ആദ്യ ചോദ്യം ചോദിച്ചു: “ചോദ്യം ടീം ഏ യോടാണ്‍; നമ്മുടെ രാഷ്ട്ര പതി ആരാണ്?”
ഏപീദെ അദുള്‍ കലാം”- ടീം എ.
ടീം എ പറഞ്ഞ ഉത്തരം.........................ശരിയാണ്. ടീം എ ക്കു അഞ്ചു പോയിന്റ്” ക്വിസ്സ് മാസ്റ്റര്‍ .
ടീം എ യുടെ കയ്യടി.
“അടുത്ത ചോദ്യം ടീം ബി യോടാണ്. കേരളത്തില്‍ എത്ര ജില്ലകളുണ്ട്?“
ടീം ബി അല്ല, ടീം എ ഉത്രം പറയും” ടീം എ എതിര്‍ത്തു.
“എങ്കില്‍ ശരി, ടീം എ പറയൂ“
പതിനാല്, പതിനാ‍ലു ചില്ലകള്‍” മോള്‍ (ടീം എ) കയ്യടിച്ച് സ്വയം ആസ്വദിച്ച് പറഞ്ഞു.
“അടുത്ത ചോദ്യം: മഴ വന്നാല്‍ ഗ്രീഷ്മ എന്തു ചെയ്യും”; ക്വിസ്സ്മാസ്റ്റര്‍
നനയും” ടീം ബി ചാടിക്കയറി ഉത്തരം നല്‍കി.
അല്ല, ടീം ബി ക്ക് തെത്തിപ്പോയി, മഴ വന്നാല്‍, കുട വാങ്ങും, ജോണ്‍ച് കുട!” ടീം എ തിരുത്തി. ക്വിസ് ഇത്രയുമായപ്പോള്‍, മോള്‍ പറഞ്ഞു, “ഇനി ഞാന്‍ ക്വിസ്മാസ്റ്റര്‍, അച്ചന്‍ ടീം എ“.
മറ്റെല്ലാ ടീം അംഗങ്ങളും സമ്മതിച്ചു.
പുതിയ ക്വിസ്സ് മാസ്റ്ററുടെ ആദ്യത്തെ ചോദ്യം: “ മുട്ടയിടുന്ന ഒരു ജീവിയുടെ പേരു പറയുക”.
അനൂപ്” ടീം സി യുടെ ഉത്തരം റെഡി. കഴിഞ്ഞമാസം മോഡല്‍ പരീക്ഷയ്ക്കു പലതിലും വട്ടപ്പൂജ്യം കിട്ടിയ ടീം ബിയുടെ തല കുനിഞ്ഞു.
ടീം സി യുടെ ഉത്തരം തെത്തിപ്പോയി; കോഴി, കോഴിയാണു മുട്ടയിടുന്നത്. ടീം സിക്ക് പൂജ്യം പോയിന്റ്” ക്വിസ് മാസ്റ്റര്‍.
അടുത്ത ചോദ്യം; പാട്ട് പാടുന്ന ജീവി ഏതാണ്?” ക്വിസ് മാസ്റ്റര്‍
“ചീവീട്” ടീം എ.
അല്ല“ ക്വിസ് മാസ്റ്റര്‍.
മൈന” - ടീം സി“തെത്തിപ്പോയി“-വീണ്ടും ക്വിസ് മാസ്റ്റര്‍.
തവള“-ടീം ബി.
തെറ്റ്“-ക്വിസ് മാസ്റ്റര്‍. എല്ലാ ടീം അംഗങ്ങളും തോറ്റു.
“എങ്കില്‍ ക്വിസ് മാസ്റ്റര്‍ പറയൂ“ എല്ലാ ടീം അംഗങ്ങളും ഒരുമിച്ച് ആവശ്യപ്പെട്ടു. ക്വിസ് മാസ്റ്റര്‍ പറഞ്ഞ ശരിയുത്തരം ബ്ലോഗ്ഗ് വായനക്കാര്‍ക്കു ആര്‍ക്കെങ്കിലും അറിയാമോ? നിങ്ങളുടെ ഉത്തരങ്ങള്‍ അറിഞ്ഞ് കഴിഞ്ഞിട്ട് ക്വിസ് മാസ്റ്റര്‍ പറഞ്ഞ ശരിയുത്തരം അറിയിക്കാം.