Saturday, August 22, 2009

എന്റെ ഡോക്റ്റര്‍മാര്‍... രണ്ടാം ഭാഗം

കുറച്ച് മാസം മുന്‍പ് ജോലിസ്ഥലത്ത് നിന്നും തിരിച്ച് വരുന്ന വഴി, അരൂര്‍ നാഷണന്‍ ഹൈ വേ യില്‍ വച്ച് ചെറിയ ഒരു അപകടം ഉണ്ടായി. അശ്രദ്ധമായി ഹൈ വേ കുറുകെ കടക്കാന്‍ ശ്രമിച്ച ഒരു സൈക്കിള്‍ യാത്രക്കാരന്‍ എന്റെ കാറിന്റെ ഇടത് വശത്ത് തട്ടി മറിഞ്ഞു വീണു. കാര്യമായ ഒന്നും പറ്റിയില്ല എങ്കിലും, പരിശോധനക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാമെന്ന് ഞാന്‍ ഏറ്റു. തൊട്ടടുത്ത് രണ്ട് ക്ലിനിക്കുകള്‍ ഉണ്ട്. ഒന്ന് കന്യാസ്ത്രീകള്‍ നടത്തുന്നതും മറ്റൊന്ന് ഒരു ഡൊക്ടര്‍ സ്വന്തമായി നടത്തുന്നതും. എന്നാല്‍ “രോഗി” ക്ക് കന്യസ്ത്രീ കള്‍ നടത്തുന്ന ആശുപത്രിയില്‍ പോയാല്‍ മതി എന്ന് പറഞ്ഞതുകൊണ്ട് ഞാനും കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും കൂടെ സൈക്കിള്‍ യാത്രക്കാരനെ ആ ആശുപത്രിയില്‍ എത്തിച്ചു. ഒരു ചെറുപ്പക്കാരിയായിരുന്നു ഡ്യൂട്ടി ഡോക്ടര്‍. സൈക്കിള്‍ യാത്രക്കാരന്‍ അയാളുടെ കാലിന് വേദന ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് കാല്പാദത്തിന്റെ എക്സ് റേ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
റിസല്‍റ്റ് കാത്ത് ഞങ്ങള്‍ പുറത്തിരുന്നു. കുറെ നേരത്തിനുന് ശേഷം എക്സ് റേടെക്നിഷന്‍ ഫിലിമുമായി ഡോക്ടറുടെ മുറിയില്‍ കയറി. അല്പ സമയം സമയം കഴിഞ്ഞ് എക്സ് റേ ടെക്നിഷന്‍ പുറത്ത് വന്ന് എന്നെ നോക്കി അറിയിച്ചു. “ സാറിനെ ഡോക്ടര്‍ വിളിക്കുന്നു”.
പൊല്ലാപ്പായോ എന്ന് സംശയിച്ച് മുറിയില്‍ കയറിയ എന്നെ നോക്കി ലേഡി ഡോക്ടര്‍ പുഞ്ചിരിച്ചു. എന്നിട്ട് എക്സ് റേ ഫിലിം എനിക്ക് നേറെ നീട്ടിക്കൊണ്ട് പറഞ്ഞു “ സാര്‍. ഇത് നോക്കിയിട്ട് എനിക്കൊന്നും മനസ്സിലാവുന്നില്ല. സാര്‍ ഇതൊന്ന് നോക്കൂ. കുഴപ്പം വല്ലതും ഉണ്ടോ?”
ഒരു നിമിഷം ഞാന്‍ ആശയക്കുഴപ്പത്തിലായി. പിന്നെ പറഞ്ഞു, “ ഞാനോ? എനിക്കിതെങ്ങനെ അറിയാന്‍ പറ്റും?”
“ സാര്‍ ഡൊക്ടറല്ലേ?. സാറിന്റെ കൂടെ വന്നയാള്‍ സാറിന്റെ പേര് ഡോ. ടി. കെ. മണി എന്നാണെന്ന് പറഞ്ഞല്ലോ.”
അപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്.
“ ഡോക്ടര്‍ കരുതുന്നത് പോലെ ഞാനൊരു എം ബി ബി എസ് ഡോക്ടറല്ല. എനിക്കൊരു പി എച്ച് ഡി ഉള്ളതുകൊണ്ടാവും എന്റെ സഹപ്രവര്‍ത്തക അങ്ങനെ പറഞ്ഞത്. ആ പി എച്ച് ഡി ഇലക്ട്രോണിക്സിലാണ്. ക്ഷമിക്കണം”
ആ പാവം ഡോക്ടര്‍ തന്റെ നിസ്സഹയാവസ്ഥ തുറന്ന് പറഞ്ഞതുകൊണ്ട്, വീണ്ടും ഒരു ആശുപത്രി കൂടെ കയറി ഇറങ്ങേണ്ടി വന്നു. എന്നാല്‍ സൈക്കിള്‍ യാത്രക്കാരനൊന്നും പറ്റിയിട്ടില്ലായിരുന്നു, പക്ഷെ എനിക്ക് പറ്റി, രണ്ട് ആശുപത്രിയിലും കൂടി 1400 രൂപയുടെ നഷ്ടം!

12 comments:

Sabu Kottotty said...

ഇതിന് എങ്ങനെ കമന്റണമെന്ന് പിടികിട്ടുന്നില്ല... ആ ആശുപത്രിയില്‍ ചികിത്സ തേടുന്നവരെ ഓര്‍ത്തുപോയി...

ramanika said...

ഈശ്വരോ രക്ഷതു

Manoj മനോജ് said...

ഈ പി.എച്ച്.ഡി.യുടെ ഒരു കാര്യം :)

അനില്‍@ബ്ലോഗ് // anil said...

അങ്ങിനെയും സംഭവിക്കാം സാര്‍.
:)

മാണിക്യം said...

നല്ല ഒരു ബിസിനസ്സ്‌മാന്‍ കൂടി ആയിരിക്കണം ഡോക്ടര്‍
പണ്ട് അതു മെഡിക്കല്‍ റെപ്പുമായുള്ള കൂട്ടുകെട്ടില്‍ തീര്‍ന്നിരുന്നു. പിന്നെ രക്തം മലം മൂത്രം പരിശോധിക്കുന്ന 'പുറത്തുള്ള ക്ലിനിക്കല്‍ലാബിലേക്ക് 'മാറി പിന്നെ എക്‌റെ ആയി എന്തു വേദന ആയിച്ചെന്നാലും എക്‌സ്റെ .. ഇപ്പൊ തോന്നുന്നു ഈ യന്ത്രങ്ങള്‍ ഒന്നും ഇല്ലതിരുന്ന കാലത്ത് [അത്ര വിദൂരമായ സമയത്ത് ഒന്നും അല്ല കേട്ടോ] അന്നത്തെ ഡോക്ടര്‍മാര്‍ ചികല്‍സിച്ചു ഭേതമാക്കിയതെങ്ങനാ? ആരും പറഞ്ഞു പോകും ഞാന്‍ പോയിട്ട് പിന്നെ വരാം ഡോക്ടറെ എന്ന് ..ഒന്നുമില്ലങ്കിലും ഗിനി പിഗ് ആകണ്ടല്ലൊ

ഗ്രീഷ്മയുടെ ലോകം said...

കൊട്ടോട്ടിക്കാരന്‍, ... ramanika , .
വായനക്ക് നന്ദി. എല്ലാ ഡോക്ടര്‍മാരും ഇങ്ങനെയാണെന്നര്‍ഥമില്ല. ഫലപ്രദമായി ആതുര സേവനം നടത്തുന്ന ഒട്ടേറെ പേരെ നമുക്കു ചുറ്റും കാണാവുന്നതാണല്ലോ. അതുകൊണ്ട് ഡോക്ടര്‍മാരെ മുഴുവനും സംശയ ദൃഷ്ടി യോടെ നോക്കേണ്ട കാര്യമില്ല.

Manoj, അനിൽ@ബ്ലൊഗ്,
അങ്ങിനെയും സംഭവിക്കാം സാര്‍.
ഞാനേഴുതിയതെല്ലാം സംഭവിച്ച കാര്യം തന്നെയാണ്.
പി എച്ച് ഡി കിട്ടിയ നാള്‍ ഷീല പറയാറുണ്ട്, നമ്മുടെ ഗേറ്റില്‍, ഡോ. മണി തുണ്ടിയില്‍ എന്ന് എഴുതി വയ്ക്കണമെന്ന്. ഏതെങ്കിലും രോഗികള്‍ വന്ന് പരിശോധിക്കണമന്ന് ആവശ്യപ്പെട്ടാലോ എന്ന് കരുതിയാണ് വേണ്ട എന്നു വച്ചത്. :)

മാണിക്യം said...
നല്ല ഒരു ബിസിനസ്സ്‌മാന്‍ കൂടി ആയിരിക്കണം ഡോക്ടര്‍
വളരെ ശരിയാണ്. ഒരു നഗ്ന പാദ ഡോക്ടറെ സാധാരണ ആരും ഗൌനിക്കുക പോലുമില്ല. അല്പം ഗമയും പൊങ്ങച്ചവും, കാണിക്കണമെങ്കില്‍ പണം വേണം . പണം കിട്ടണമെങ്കില്‍, മാണിക്യം എഴുതിയതു പോലുള്ള നെറ്റ് വര്‍ക്ക് വേണം

Manoj മനോജ് said...

പി.എച്ച്.ഡീ. കിട്ടിയ ഹാങ്ങോവറില്‍ നടക്കുന്ന സമയത്ത് ഒരു വിട്ടില്‍ ചെന്നപ്പോള്‍ പറഞ്ഞ് വരുന്നതിനിടയില്‍ ഇനി പോസ്റ്റ് ഡോക്ടറിലിന് പോകുന്നു എന്ന് പറഞ്ഞപ്പോള്‍ അവിടത്തെ ചേടത്തി ഉടനെ രോഗ വിവരങ്ങള്‍ വിവരിക്കുവാന്‍ തുടങ്ങി. ഞാന്‍ എല്ലാം കേട്ടു. അവസാനം ചേടത്തി ഏത് മരുന്ന് കഴിക്കണമെന്ന് ചോദിച്ചപ്പോഴാണ്... :)

പണ്ട് സൈനസിന്റെ അസുഖം കലശലായപ്പോള്‍ പ്രസിദ്ധനായ ചെറൂപ്പക്കാരനായ സര്‍ക്കാര്‍ ഇ.എന്‍.ടി.യുടെ (സര്‍ജന്റ്) വീട്ടില്‍ പോയി കണ്ടു. എക്സ് റേയും മറ്റും നടത്തിയ ശേഷം ഉടനെ തന്നെ സൈനസ് എടുത്ത് കളയണം, എന്നാണ് സര്‍ജറീ വേണ്ടത് എന്ന് ചോദിച്ചു. തീസിസ്സ് തീര്‍ക്കുവാനുണ്ട് ഇപ്പോള്‍ പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ അതു വരെ മരുന്ന് കഴിക്കുവാന്‍ പറഞ്ഞ് സിട്രസിന്‍ തന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ കുറവില്ല എന്ന് പറഞ്ഞപ്പോള്‍ എങ്കില്‍ വേറെ മരുന്ന് തരാം എന്ന് പറഞ്ഞ് പുതിയ ഒരെണ്ണം എഴുതി. ഇന്റര്‍നെറ്റില്‍ പരിതിയപ്പോള്‍ സംഗതി കമ്പനി പേര്‍ മാത്രം മാറ്റം ആന്റിഹിസ്റ്റാമിന്‍ തന്നെ. ഒരു മാസം കഴിഞ്ഞ് വീണ്ടും ചെന്നു. ഈ പ്രാവശ്യം പുള്ളി പുതിയത് തരാം എന്ന് പറഞ്ഞ് ഒരു ഗുളിക എഴുതി. കുറിപ്പ് കയ്യില്‍ വാങ്ങിയിട്ട് ഇത് ആന്റിഹിസ്റ്റമില്‍ തന്നെയല്ലേ എന്ന് ചോദിച്ചപ്പോള്‍ പുള്ളീയുടെ മുഖത്തെ നവരസങ്ങള്‍ ഒന്ന് കാണേണ്ടതായിരുന്നു... ആ കുറിപ്പ് ഇപ്പോഴും കാണണം.. :) ആന്റി ഹിസ്റ്റമിന്‍ അധികം കഴിച്ചാലുള്ള “നെഗററ്റീവ്” ഇമ്പാക്ട് പറഞ്ഞ് തന്നില്ല എന്നത് പോട്ടേ താന്‍ എഴുതുന്ന ഗുളികകളില്‍ അടങ്ങിയ കെമിക്കല്‍ ഒന്ന് തന്നെയെന്ന് പറഞ്ഞ് തരുവാന്‍ പോലും പുള്ളീ തയ്യാറായില്ല എന്നതിനാല്‍ പിന്നെ നിറുത്തി. സര്‍ജറി നടത്തിയാല്‍ ഞാന്‍ അനുഭവിക്കുന്ന പ്രശ്നം തിരുമെന്ന് ഉറപ്പില്ല എന്ന് ഞാന്‍ അങ്ങോട്ട് ചോദിച്ചപ്പോഴാണ് പുള്ളീ പറഞ്ഞത്! ലാബിലെ കെമിക്കലിന്റെ അലര്‍ജിയാണോ ഇതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതും ആകാം. പിന്നെയെന്തിനായിരുന്നു പുള്ളി സൈനസ്സ് സര്‍ജറി നിര്‍ദ്ധേശിച്ചത്!

ഇതല്ലാതെയും ചില ഡോക്ടര്‍മാര്‍ ഉണ്ട്. അങ്ങോട്ട് നിര്‍ബന്ധിച്ചാലും “കടുപ്പന്‍” ഗുളികകള്‍ എഴുതാത്തവര്‍. അവിടെ ആളുകള്‍ കുറവായിരിക്കും എന്നതും ദു:ഖകരമാണ്!

ഇങ്ങ് അമേരിക്കയില്‍ വന്നപ്പോള്‍ കുഞ്ഞിന് പനി വന്നു 102 ഡിഗ്രി. ഉടനെ എമര്‍ജന്‍സി ബുക്ക് ചെയ്ത് ഡോക്ടറെ കണ്ടപ്പോള്‍ കുഴപ്പമില്ല ഒരു 5 ദിവസം നോക്കുക. മറ്റൊന്നും കൊടുക്കേണ്ട വേണമെങ്കില്‍ പാരസെറ്റമോള്‍ നല്‍കാം. പനി കൂടുന്നുണ്ടോ എന്ന് നോക്കിയാല്‍ മതി. 5 ദിവസം കഴിഞ്ഞും പനി നില്‍ക്കുന്നുവെങ്കില്‍ ട്രീറ്റ്മെന്റ് നോക്കാം എന്ന്. എച്ച്1എന്‍1 പടര്‍ന്ന് പിടിക്കുന്ന സമയത്ത് ഒരു പീഡിയാട്രീഷ്യനില്‍ നിന്ന് ഇതുപോലെ ഒന്ന് കേട്ടപ്പോള്‍ സഹധര്‍മ്മിണിക്ക് വിശ്വാസം പോര. നമ്മുടെ നാട്ടിലെയും പ്രശ്നമിതാണ്. മരുന്ന് വേണ്ട എന്ന് പറയുന്നവരെയല്ല മറീച്ച് രോഗമുണ്ട് ടണ്‍ക്കണക്കിന് മരുന്നുകള്‍ കുറിച്ച് തരുന്നവരെയാണ് കേരളിയര്‍ക്ക് ആവശ്യം :) അത് എല്ലാവരും മുതലെടുക്കുന്നതല്ലേ????

ഒരു നുറുങ്ങ് said...

മണി സാര്‍,

ഒരു പാട് രസകരമായ നുറുങ്ങുകള്‍ നമ്മുടെ
അഭിനവ ‘അപ്പാത്തിക്കീരി’മാരേക്കുറിച്ചു,
കുറിപ്പിടാനുണ്ടെനിക്കു...പിന്നീടാവാം...
ഈ ‘ശയ്യ’ക്ക് ചെറിയൊരു ചേഞ്ചു
വരുമ്പോഴതു കുറിക്കാം..

ഗ്രീഷ്മയുടെ ലോകം said...

മനോജ്,
കമന്റിനു നന്ദി. എനിക്കറിയാം, പലര്‍ക്കും ഒരു പാടെഴുതാന്‍ കാണും. അതില്‍ ഭിഷഗ്വരന്മാരെ ആദരിക്കത്തക്ക തരത്തില്‍ അനുഭവങ്ങളും കാണും. എങ്കിലും ദുരനുഭവങ്ങളല്ലേ മനസ്സില്‍ കൂടുതല്‍ തങ്ങിനില്‍ക്കുക?
ഹാരൂണ്‍ സാര്‍,
സന്ദര്‍ശനത്തിനു നന്ദി. താങ്കളുടെ അനുഭവങ്ങള്‍ ഉടനെ തന്നെ എഴുതാന്‍ സാഹചര്യമുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു.

Manikandan said...

സാറിന്റെ രണ്ടു പോസ്റ്റുകളും വായിച്ചു. എന്റെ അനുഭവം കൂടി ഇവിടെ ചേർക്കുന്നു. അമ്മയെ ദന്ത ഡോൿടറെ കാണിച്ചതാണ് സംഭവം. പല്ല് പറിക്കുന്നതിനു മുൻപായി രണ്ടു ദിവസം ആന്റി ബയോട്ടിക് ഗുളികകൾ കഴിക്കാൻ മിക്കവാറും എല്ലാ ദന്തഡോക്ൿടർമാരും നിർദ്ദേശിക്കാറൂണ്ടല്ലൊ. ബ്ലൂമോക്സിൽ എന്ന ഗിളികയാണ് അമ്മക്ക് നൽകിയത്. അമോക്സിലിൻ ഗുളികയാണ് ഇത്. അമ്മക്ക് ഇതുകഴിച്ചാൽ ഉടനെ വരും പനിയും ശരീരം വേദനയും. എല്ലാത്തവണയും ഈ ഗുളികകഴിക്കുമ്പോൾ (അമോക്സിലിൻ ഉള്ള ഏതു ഗുളികയും) ഇതു പതിവാണ്. എന്നാൽ ഈ ഗുളികക്ക് ഇങ്ങനെ ഒരു സൈഡ് ഇഫക്ട് ഉള്ളതായി അവർ സമ്മതിക്കില്ല. അവസാനം ഞങ്ങളൂടെ നിർബന്ധത്തിനു വഴങ്ങി മറ്റൊരു ഗിളിക എഴുതി (Azithromycin) അതു കഴിക്കുമ്പോൾ ഇത്തരം ഒരു പ്രശ്നവും ഇല്ല. സാധരണ ഒരു ആന്റിബയോട്ടിക്ക് തനിക്ക് അലർജി ഉണ്ടാക്കുന്നു എന്ന് രോഗിപറഞ്ഞാൽ അത് പരിഗണിക്കേണ്ട ഉത്തരവാദിത്വം ഡോൿടർക്കില്ലെ.

അനില്‍@ബ്ലോഗ് // anil said...

മണികണ്ഠന്‍ പറഞ്ഞത് ശരിയാണ്, എനിക്കും അമോക്സിസിലിന്‍ അലര്‍ജിയാണ്. അസിത്രോമൈസിനാണ് കഴിക്കാറ്. അലര്‍ജിയാണെന്ന് പറഞ്ഞാല്‍ ഡോക്ക്ടര്‍ അത് പരിഗണിക്കാന്‍ ബാദ്ധ്യസ്ഥനാണ്.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"മരുന്ന് വേണ്ട എന്ന് പറയുന്നവരെയല്ല മറീച്ച് രോഗമുണ്ട് ടണ്‍ക്കണക്കിന് മരുന്നുകള്‍ കുറിച്ച് തരുന്നവരെയാണ് കേരളിയര്‍ക്ക് ആവശ്യം :) "

വളരെ ശരിയാണ്‌. എന്റെ അനുഭവങ്ങള്‍ പിന്നീട്‌ വിശദമായി കുറിയ്ക്കുന്നുണ്ട്‌

മണികണ്ഠനും അനിലും പറഞ്ഞതില്‍ ഒരു അനുബന്ധം

ഏതെങ്കിലും ഒരു മരുന്നിനോട്‌ അലര്‍ജി ഉണ്ടെന്നു രോഗി പറഞ്ഞു കഴിഞ്ഞല്ല , അതിനു മുമ്പ്‌ അതു ചോദിച്ചു മനസ്സിലാക്കേണ്ട ഉത്തരവാദിത്വം കൂടി ഭിഷഗ്വരനുണ്ട്‌.