Monday, November 16, 2009

കെ എസ് യു, എസ് എഫ് ഐ സിന്ദാബാദ്

എന്റെ സ്ക്കൂള്‍ ജീവിതകാലത്ത് എനിക്കു വലിയ രാഷ്ട്രീയ ബോധമൊന്നും ഉണ്ടായിരുന്നില്ല. ആദ്യമായി ഞാന്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചത് കെ എസ് യു വിനു വേണ്ടിയാണ്. ക്ലാസിലെ ചങ്ങാതിയായ റോയിയോടൊപ്പമാണ്, സ്കൂള്‍ തെരഞ്ഞടുപ്പില്‍ വോട്ട് തേടി മറ്റു ക്ലാസുകളില്‍ പോയത്. കാര്യമൊന്നും അറിയാതെ കൂട്ടുകാരനെ അനുഗമിക്കുകയായിരുന്നു ഞാന്‍. വലിയ വീട്ടിലെ കുട്ടികളും, ക്ലാസിലെ മുന്‍ നിര ബഞ്ചുകളില്‍ ഇരിക്കുന്നവരുമൊക്കെ കെ എസ് യു ആണെങ്കില്‍, പാവപെട്ടവരുടെ മക്കളും, താന്തോന്നികളായ പിന്‍ ബഞ്ചില്‍ ഇരിക്കുന്ന കുട്ടികളും അന്ന് എസ് എഫ് ഐക്കാരായിരുന്നു. അതുകോണ്ട് എസ് എഫ് ഐ കുട്ടികള്‍ മോശക്കാരാണെന്നു അന്നു ഞാന്‍ കരുതി. പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ്, ഒരു ദിവസം താന്തോന്നിയും, പിന്‍ബഞ്ചിലിരിക്കുന്നവനും എസ് എഫ് ഐ കാരനുമായ പ്രകാശന്‍ ക്ലാസ്സില്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചത്: “ഇന്‍ഡ്യന്‍ ഭരണ ഘടനയില്‍ തെറ്റുണ്ട്. അത് തിരുത്തണം” എന്ന്. ഇതുകേട്ട് ഞങ്ങളെല്ലാവരും ഞെട്ടി. പ്രകാശന്‍ “ചീനച്ചാരച്ചോരന്‍“(അന്ന് കമ്മ്യുണിസ്റ്റുകാ‍രെ കൊണ്‍ഗ്രസ്സ്കാര്‍ കളിയാക്കിയിരുന്നത് ഈ പദം ഉപയോഗിച്ചായിരുന്നു) ആണെന്നും ഭാരതമാതാവിന്റെ പവിത്രതയെ ആണ് ചോദ്യം ചെയ്തിരിക്കുന്നതെന്നും ചില കുട്ടികള്‍ക്ക് തോന്നി. പ്രകാശന്റെ പ്രസ്താവന ഹെഡ് മാസ്റ്ററുടെ ചെവിയിലെത്തിക്കാന്‍ കുട്ടികള്‍ മത്സരിച്ചു.
വിവരം അറിഞ്ഞ് ഹെഡ് മാസ്റ്ററായ കെ. പി. ശിവരാമ മേനോന്‍ ബി എ. ബി എല്‍ ക്ലാസിലെത്തി. മാഷിന്റെ കയ്യില്‍ ഒരു ചൂരല്‍ വടി. എന്തും സംഭവിക്കാവുന്ന അവസ്ഥ. (അദ്ദേഹത്തെ ബഹുമാനത്തോടൊപ്പം എല്ലാവര്‍ക്കും ഭയവും ആയിരുന്നു).
അദ്ദേഹം പ്രകാശനെ അടുത്തേക്ക് വിളിച്ചു; എന്താണ് പറഞ്ഞതെന്ന് ചോദിച്ചു.ഭരണ ഘടനയെപ്പറ്റി താനൊന്നും പറഞ്ഞില്ല എന്ന് പറഞ്ഞ് ഹെഡ് മാസ്റ്ററുടെ ശിക്ഷയില്‍ നിന്നും ഒഴിഞ്ഞുമാറുന്നതിനു പകരം പ്രകാശന്‍ താന്‍ പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിച്ചു.
കടുത്ത ശിക്ഷ പ്രതീക്ഷിച്ചിരുന്ന പ്രകാശന്റെ എതിരാളികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഹെഡ് മാസ്റ്റര്‍ പറഞ്ഞത് ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു: “പ്രകാശന്‍ പറഞ്ഞത് ശരിയാണ്. ഇന്‍ഡ്യന്‍ ഭരണ ഘടന ലിഖിതവും ഭേദപ്പെടുത്താ‍വുന്നതുമാണ്. അതില്‍
തെറ്റുണ്ടെന്നു കണ്ടാല്‍ തിരുത്തണം എന്നു പറയുന്നത് കുറ്റമൊന്നുമല്ല”
അന്നു മുതല്‍ ഞാന്‍ പ്രകാശനെ ആരാധനയോടെ കാണാന്‍ തുടങ്ങി.

എന്നാല്‍ കെ എസ് യുക്കാരെ മോശക്കാരാ‍യി തോന്നാനും ഒരു കാരണം അക്കാലത്തുണ്ടായി. സ്കൂള്‍ വഴി എല്ലാ കുട്ടികള്‍ക്കും ഓരോ പാക്കറ്റ് നെല്‍ വിത്ത് കെ എസ് യു വിന്റെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യുന്നു. അതിനു, കെ എസ് യു നല്‍കുന്ന ഒരു ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതിയത്രെ. മിക്കവാറും എല്ലാ കുട്ടികളും കെ എസ് യു വിന്റെ പേരും കൊടിയുമുള്ള ഫോമുകള്‍ പൂരിപ്പിച്ച് വരിവരിയായില്‍ നിന്നു നെല്‍ വിത്ത് വാങ്ങി. അതോടൊപ്പം ഒരു പാക്കറ്റ് വളവും സൌജന്യമായി കിട്ടി. എന്റെ വീട്ടു മുറ്റത്ത് തന്നെ നെല്ലു പാകി മുളപ്പിച്ചു. ഞാറ്റു പരുവമായപ്പോള്‍ അവ കാറ്റിലാടുന്നതു കണ്ട് സന്തോഷിച്ചു. ആ സംരംഭം സംഘടിപ്പിച്ച കെ എസ് യുക്കാരെ ഞാന്‍ മനസ്സാ ശ്ലാഘിച്ചു. എന്നാല്‍ പിന്നീട് മനസ്സിലായി, നെല്‍ വിത്ത് വിതരണം ചെയ്തത് സര്‍ക്കാരായിരുന്നു എന്നും, കെ എസ് യു വിന്റെ റോള്‍ അതിനുള്ള അപേക്ഷാ ഫാറം അച്ചടിച്ച് വിതരണം ചെയ്യുക മാത്രമായിരുന്നൂ എന്നും.
*********************************
തൃശ്ശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ചേര്‍ന്നത് ഇന്ദിരാഗാന്ധി രക്തസാക്ഷിയായ ദിവസമായിരുന്നു.
അക്കാലത്ത് എസ് എഫ് ഐക്കാര്‍ ശക്തരായിരുന്നു. കെ എസ് യുവിന് ഒറ്റയ്ക്ക് മത്സരിക്കാന്‍ ഉള്ള ആത്മവിശ്വാസം ഇല്ലാത്തതിനാല്‍ അവര്‍ തെരഞ്ഞെടുപ്പടുക്കുമ്പോള്‍, കെ എസ് യുക്കൊടി മാറ്റി വേറൊരു തന്ത്രം മെനയും. “Impartial Student Front" എന്ന ഒരു സംഘടന രൂപം കൊള്ളുകയും ആ സംഘടനയുടെ പേരില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കെ എസ് യു വിന്റെ നേതാക്കളുമാവും. ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഈ കഥയൊന്നും അറിയാതെ, കലാലയ കക്ഷി രാഷ്ട്രീയത്തെ അപലപിച്ചുകൊണ്ട് സ്വതന്ത്രരായ Impartial Student Front നു വോട്ട് ചെയ്യും. ഈ തന്ത്രം വിജയകരമായി നടപ്പാക്കുന്ന തിനിടയിലാണ് കെ എസ് യു വിനു അങ്കലാപ്പുണ്ടാക്കുന്ന ഒരു നടപടി കോളെജ് അധികൃതരില്‍ നിന്നും ഉണ്ടായത്: അതു വരെ രണ്ടാം തരക്കാരായി അവഗണിക്കപ്പെട്ടിരുന്ന, വയോജന വിദ്യാര്‍ഥികള്‍ എന്ന് പരിഹസിച്ചിരുന്ന പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ക്ക് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വോട്ടവകാശം കൊടുത്തു എന്നതായിരുന്നു അത്. പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ തൊഴിലാളികള്‍ ആണെന്നും, അവര്‍ ഇടതു പക്ഷ ചിന്താഗതിക്കാരാണെന്നും അവര്‍ക്ക് വോട്ട് അവകാശം കിട്ടിയാല്‍ അത് എസ് എഫ് ഐ ക്ക് അനുകൂലമാവുമെന്നും കെ എസ് യു ക്കാര്‍ കണക്കുകൂട്ടി. പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ വോട്ട് ചെയ്യുന്നത് തടയാന്‍ അവര്‍ ഒരു
പ്ലാന്‍ ആസൂത്രണം ചെയ്തു. സായഹ്ന ക്ലാസില്‍ പഠിക്കുന്നവരില്‍ അധികം പേരും എറണാകുളം, ആലുവ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഐലന്‍ഡ് എക്സ് പ്രസ്സ് എന്ന തീവണ്ടിയിലായിരുന്നു എല്ലാവരും തൃശൂരില്‍ എത്തിയിരുന്നത്. പതിവുപോലെ കോളേജ് തെരഞ്ഞടുപ്പ് ദിവസവും ഞങ്ങള്‍ ഐലന്‍ഡ് എക്സ്പ്രസ്സില്‍ യാത്ര തുടങ്ങി. എന്നാല്‍ അങ്കമാലിയിലത്തിയപ്പോള്‍ ട്രെയിന്‍ നിന്നു. സമയം ഏറെ കഴിഞ്ഞിട്ടും വണ്ടി നീങ്ങാതിരുന്നപ്പോഴാണ് പന്തികേട് തോന്നിയത്.
ഞങ്ങല്‍ സ്റ്റേഷന്‍ മാസ്റ്ററോട് കാരണം തെരക്കിയപ്പോള്‍ അറിഞ്ഞത്, തൃശൂര്‍ സ്റ്റേഷനിലേക്ക് ആരോ വിളിച്ചു പറഞ്ഞത്രേ,
ഐലന്‍ഡ് എക്സ്പ്രസ്സില്‍ ബോംബ് വച്ചിട്ടുണ്ടെന്ന്. അതിനാല്‍ പരിശോധനക്കായി നിര്‍ത്തി ഇട്ടിരിക്കുകയാണ്. മണിക്കൂറൂകള്‍
കഴിഞ്ഞപ്പോള്‍ ഡോഗ് സ്ക്വാഡ് എത്തി ഒരോ കമ്പാര്‍ട്ട്മെന്റും അരിച്ച് പറുക്കി ബോംബില്ല എന്നുറപ്പാക്കി. ഈ പരിശോധന
കഴിഞ്ഞപ്പോള്‍ സമയം ഏഴര മണി. പാര്‍ട്ട് ടൈം വിദ്യാര്‍ഥികള്‍ക്ക് വോട്ട് ചെയ്യാന്‍ 8 മണി വരെ സമയം ഉണ്ട്. ഇനി ഏതായാലും വോട്ട് ചെയ്യാനോ ക്ലാസില്‍ കയറാനോ സമയം കിട്ടില്ല എന്നറിയാവുന്നത് കൊണ്ട് ഞങ്ങളെല്ലാവരും അങ്കമാലിയില്‍ നിന്നും ബസ്സില്‍ എറണാകുളത്തേക്ക് മടങ്ങി.
പാര്‍ട്ട് ടൈം കാര്‍ കൂട്ടത്തോടെ വന്ന് എസ് എഫ് ഐ യ്ക്ക് വോ‍ട്ടുചെയ്യും എന്ന എസ് എഫ് ഐ യുടെ പ്രതീക്ഷ അസ്ഥാനത്തായി. ബോബ് ഭീഷണി മുഴക്കി തീവണ്ടി വൈകിച്ചത് കെ എസ് യുക്കാരാണെന്ന് ന്യായമായും അവര്‍ സംശയിച്ചു. അവരും മറ്റൊരു പകരം വീട്ടല്‍ പ്ലാന്‍ ചെയ്തു. അന്നു രാത്രി തന്നെ പത്രം ഒഫീസുകളില്‍ കെ എസ് യുക്കാര്‍ ചെയ്ത ചതിയെപറ്റി വാര്‍ത്ത കൊടുത്തു. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കിടയില്‍ കെ എസ് യുവിന്റെ ഈ ചതി പ്രയോഗത്തെ പറ്റി പ്രചരണം കൊടുത്തു. Impartial Student Front എന്നത് കെ എസ് യു തട്ടിക്കൂട്ടിയതാണെന്നും, ബോംബ് ഭീഷണി അവരുടെ സൃഷ്ടിയാണെന്നും പ്രചരിപ്പിച്ച് സംശയത്തിന്റെ കരിനിഴനിലില്‍ നിര്‍ത്താനും, നിക്ഷ്പക്ഷരായ കുട്ടികളില്‍ കെ എസ് യു വിരുദ്ധ വികാരം ഉളവാ‍ക്കാനും പ്രചാരകര്‍ക്ക് കഴിഞ്ഞു.പിറ്റേന്ന് രാവില ആയിരുന്നു റെഗുലര്‍ വിദ്യാര്‍ഥികള്‍ക്ക് വോട്ട്
ചെയ്യാനുള്ള അവസരം. പിന്നെ പറയേണ്ടല്ലോ. തെരഞ്ഞെടുപ്പ് ഫലം കെ എസ് യു വിന് പ്രതികൂലം ആയിരുന്നു.
അങ്ങനെ ആ വര്‍ഷത്തെ കോളേജ് യൂണിയന്‍ ഭരണം എസ് എഫ് ഐ യുടെ കയ്യില്‍ കിട്ടി.

(കുറെ ദിവസങ്ങള്‍ക്ക് ശേഷം “ബോംബ്“ വച്ച ആളെ പിടികിട്ടി. തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ആയതുകൊണ്ട് തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാളിന്റെ ഉറപ്പില്‍ വെറുതെ വിട്ടു എന്നും കേട്ടു. )

4 comments:

അനില്‍@ബ്ലോഗ് // anil said...

എനിക്കിഷ്ടപ്പെട്ടു.
:)

Calvin H said...

മത്സരിക്കാൻ ആത്മവിശ്വാസമില്ലാത്തിടത്തെല്ലാം കെ.എസ്.യുവിന്റെ സ്ഥിരം പരിപാടിയായിരുന്നു ഇത്. ഞങ്ങടെ കോളേജിലും അങ്ങനെയായിരുന്നു. അഡാറായിട്ട് പൊട്ടാറുമുണ്ട്.

സ്വന്തം പാർട്ടിയുടെ പേരു പുറത്ത് പറയാൻ ധൈര്യമില്ലാതെ എന്ത് രാഷ്ട്രീയം ല്ലേ.

എന്തായാലും സുപ്രീം കോടധി വിധി വന്നത് വളരെ നന്നായി...

ഗ്രീഷ്മയുടെ ലോകം said...

അനില്‍ കാല്‍വിന്‍,
വായനക്കും അഭിപ്രായത്തിനും നന്ദി. കെ പി എസ് ന്റെ ബ്ലോഗിലെ ഓഫ് ടോപിക് കമന്റുകള്‍ വായിച്ചപ്പോള്‍ എഴുതാന്‍ തോന്നിയതാണ്...

November 19, 2009 8:00:00 PM IST

കടവന്‍ said...

ഇപ്പൊ ഏതാ പാര്‍ട്ടി ? എന്താ കാരണം ?