ചെറുപ്പകാലത്ത് ഹോമിയോ മരുന്ന് ആയിരുന്നു ചെറിയ സുഖങ്ങള്‍ക്ക് തന്നിരുന്നത്. എനിക്കോര്‍മയുള്ള വലിയ ഹോമിയോ ചികിത്സ കിട്ടിയത് ഒരു പട്ടി കടിച്ചപ്പോഴാണ്. എന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്, പാവം വളര്‍ത്ത് നായ് എന്റെ കയ്യില്‍ അമര്‍ത്തി കടിച്ചത്. പട്ടിയുടെ എല്ലാ പല്ലുകളും എന്റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങി.അന്ന് അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന എന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ഭാസ്കരന്‍ ഡോക്ടറുടെ അടുത്തെത്തിച്ചു. അദ്ദേഹം മുറിവ് പതഞ്ഞു പൊങ്ങുന്ന് ഒരു ദ്രാവകം കൊണ്ട് കഴുകി വൃത്തിയാക്കി. പിന്നെ കഴിക്കാന്‍ മധുരമുള്ള പൊടിയും പൊതിഞ്ഞു നല്‍കി. ഈ പൊതി മരുന്ന് കാരണമാവും “ഹോമിയോ പ്പൊതി“ അയതെന്ന് അന്നു ഞാന്‍ കരുതിയിരുന്നു.
ഈ പോസ്റ്റ് രണ്ട് ഹോമിയോ അനുഭവങ്ങളെ പറ്റിയാണ്, 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത്:
1. എന്റെ ഒരു സുഹൃത്ത് ഹോമിയോപ്പതിയില്‍ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ഈ ചികിത്സാ സമ്പ്രദായം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാനും ശ്രമിച്ചു. കുറേ ഹോമിയോ “മരുന്നുകള്‍“ ഞാനും വീട്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ എന്റെ വീട്ടില്‍ ഞാന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആടുകളില്‍ ഒന്നു കിടപ്പിലായി. അതിന്റെ കാല്‍ മുട്ടുകളില്‍ നീര്‍ക്കെട്ട് വന്നു വീങ്ങി. തൊട്ടടുത്തുള്ള വെറ്റിനറി സര്‍ജനെ കാണിച്ചു. അദ്ദേഹത്തിന്റെ ചികിത്സയില്‍ കുറേ നാള്‍ കഴിഞ്ഞു. കാല്‍ മുട്ടുകളിലെ നീര്‍ക്കെട്ട് കുറഞ്ഞില്ല, മാത്രവുമല്ല, തേയ്മാനം സംഭവിക്കാതെ കുളമ്പുകള്‍ വളര്‍ന്നു. ഇനി ഒരിക്കലും നടക്കാനാവാത്ത വിധം ആവുമോ എന്ന് ഞാന്‍ ആശങ്കിച്ചു.
ഞാന്‍ ഇക്കാര്യം എന്റ് സുഹൃത്തുമായി ചര്‍ച്ച ചെയ്തു, ഞങ്ങള്‍ മെറ്റീരിയ മെഡിക്ക റഫര്‍ ചെയ്ത് ബ്രയോണിയ എന്ന റെമഡി പരീക്ഷിക്കാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം 30C പൊട്ടന്‍സിയുള്ള ബ്രയോണിയ കഴിപ്പിച്ചു. നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ബ്രയോണിയ മാതൃദ്രാവകം തുണിയില്‍ നനച്ച് കെട്ടിയും വച്ചു. ഫലം അത്ഭുതാവഹമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നീര്‍ക്കെട്ട് മാറി, തങ്കമണി എന്ന ആട് നാലുകാലില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു തൂടങ്ങി. നീണ്ടു വളര്‍ന്ന കുളമ്പുകള്‍ മുറിച്ച് മാറ്റിയതോടെ അവള്‍ എഴുന്നേറ്റ് നടക്കാനും ആരംഭിച്ചു.
2. ഇരുപത് വര്‍ഷം മുന്‍പ്; ഒരു രാത്രിയില്‍ എന്റെ ചേച്ചിയുടെ 8 വയസ്സുള്ള മകന്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു. അവന്‍ മൂത്രമൊഴിക്കുന്നത് രക്തം തന്നെ! ഞങ്ങള്‍ എല്ലാവരും അങ്കലാപ്പിലായി. ആ രാത്രിയില്‍ ഒരു ഡോക്ടറെ കാണുക എന്നത് ഗതാഗത സൌകര്യവും ഫോണുമൊക്കെ വിരളമായിരുന്ന അന്ന് വലിയ പ്രശ്നം തന്നെ ആയിരുന്നു. നേരം വെളുത്തിട്ട് ഡോക്ടറെകാണാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് ഞാന്‍ എന്റെ സുഹൃത്തിനോടൊന്ന് ഇതെ പറ്റി പറയാം എന്നു കരുതിയത്. (അദ്ദേഹവും ഞാനും ഹാം റേഡിയോ ഓപ്പറേറ്റര്‍മാരായിരുന്നു) ഞങ്ങള്‍ ഇക്കാര്യം ഹാം റേഡിയോ വഴി സാംസാരിച്ചു. അദ്ദേഹം കുട്ടിയുടെ മൂത്രം എടുത്ത് ഒരു ചെറിയ കുപ്പിയില്‍ കുറച്ച് നേരം വച്ചിട്ട് എന്ത് സംഭവിക്കുന്നു എന്നു പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. കുപ്പിയുടെ അടിയില്‍ രക്ത വര്‍ണ്ണത്തിലുള്ള മൂത്രം ചുവന്ന ചെറു മണ്‍ തരികള്‍ പൊലെ അടിഞ്ഞുകൂടി. ഞാന്‍ ഈ വിവരം അറിയിച്ചപ്പോള്‍ LYCOPODIUM എന്ന റെമഡി കൊടുക്കാന്‍ എന്റെ സുഹൃത്ത് ഉപദേശിച്ചു. അത് രണ്ട് പ്രാവശ്യം കൊടുത്തു കഴിഞ്ഞപ്പോള്‍ തന്നെ മൂത്രം നിറം മാറി തുടങ്ങി. പിറ്റേന്ന് രാവിലെ മൂത്രം പരിശോധിച്ചപ്പോള്‍ സാധാരണ നില കൈവരിച്ചതായി മനസ്സിലായി. ഡോക്ടറെ കാണാന്‍ പിന്നീട് പോകേണ്ടി വന്നില്ല.
Saturday, October 24, 2009
Subscribe to:
Posts (Atom)
