Thursday, December 20, 2007

ക്രിസ് മസ്സ് കേക്ക്

ഇന്ന് ഞങ്ങള്‍ സുഹൃത്തുക്കളുടെ വീടുകളും, ചില ബന്ധു ഭവനങ്ങളും സന്ദര്‍ശിച്ചു. എല്ലാ വീടുകളിലും കൊടുക്കാനായി നേരത്തെ തന്നെ കേക്കുകള്‍ ഭാര്യ തന്നെ വാങ്ങിയിരുന്നു. തിരിച്ചു വരുമ്പോള്‍ കണക്കന്‍ കടവു പാലത്തിന്റെ ടോള്‍ ഗേറ്റില്‍ പതിവില്ലാത്ത് തിരക്ക്. “ക്രിസ്സ്മസ്സ് ആയതുകൊണ്ടാ തെരക്ക് ”, അവള്‍ അതിനു കാരണം കണ്ടെത്തി. ഞാന്‍ പുറത്തേക്കു നോക്കി. വരിവരിയായി കിടക്കുന്ന കാറുകള്‍ക്കടുത്ത് ചെന്ന് ഭിക്ഷ യാചിക്കുന്ന ഒരാള്‍. എനിക്ക് പിറകില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറ് ഉടമയോട് ഒരു കേക്കിനുള്ള പണം ഇരക്കുകയാണ്. “മരുന്നു വങ്ങാന്‍ കാശില്ലെന്നും, ഭക്ഷണമോ ചായയോ കുടിക്കാന്‍ കയ്യിലൊന്നുമില്ല എന്നുമൊക്കെ പറഞ്ഞ് പൈസ ചോദിക്കുന്നതു കേട്ടിട്ടണ്ട്. എന്നാ‍ല്‍ കേക്ക് വങ്ങാന്‍ പണം യാചിക്കുന്നത് കേള്‍ക്കുന്നത് ആദ്യമായിട്ടാ“ ഭാര്യയുടെ കമന്റ്. പിറകിലെ കാറില്‍ നിന്നും ഒന്നും കിട്ടിയില്ല എന്നു തൊന്നുന്നു, അയാള്‍ എനിക്കടുത്തേക്ക് ആടി ആടി യാണ് വന്നത്. മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തം. എന്തങ്കിലും ചോദിക്കുന്നതിനുമുന്‍പേ ഞാന്‍ ഒരു പത്ത് രൂപാ നോട്ട് അയാളുടെ നേര്‍ക്ക് നീട്ടി. അയാള്‍ ആ നോട്ട് വാങ്ങിയില്ല. പകരം മനസ്സിനകത്തേക്ക് പൂണ്ടീറങ്ങുന്ന ഒരു നോട്ടം! എന്നിട്ട് ഒരു ചോദ്യവും: “എന്നെ മനസ്സിലായില്ല അല്ലേ?”അയാളുടെ നോട്ടവും, ചോദ്യവും എനിക്കിഷ്ടപ്പെട്ടില്ല. ഞാന്‍ രൂപ എന്റെ പോക്കറ്റില്‍ തന്നെ നിക്ഷേപിച്ചു. പിന്നീടൊന്നും ശബ്ദിക്കാതെ അയാള്‍ അടുത്ത വാഹനത്തെ ലക്ഷ്യമാക്കി നീങ്ങി. കാറിലിരുന്നുകൊണ്ടു ടോള്‍ തുക കൌണ്ടറിലേക്കു നീട്ടിയപ്പോള് ഒരു ശബ്ദം: “ ഇതു മണിയല്ലേ?” ടിക്കറ്റിനു പകരം ഒരു ചോദ്യമാണു കൌണ്ടറില്‍ നിന്നും പുറത്ത് വന്നത്. പിറകെ ആ ശബ്ദത്തിന്റെ ഉടമയും. ഓര്‍മ്മക്കയത്തില്‍ മുങ്ങിത്തപ്പിയപ്പോള്‍ ആളെ പിടികിട്ടി. ചന്ദ്രന്‍! പ്രൈമറി ക്ലാസില്‍ ഒരുമിച്ച് പഠിച്ച ക്ലാസ് മേറ്റ്! അവന്‍ കൌണ്ടറില്‍ റ്റിക്കറ്റ് കൊടുക്കുകയാണ്. “നീ ഇവിടെ?”
“ഓ. ഞാന്‍ ആണു ഈ ടോള്‍ പിരിവു ലേലത്തില്‍ പിടിച്ചേക്കണത്“. ഒരു നൊസ്റ്റാല്‍ജിയ വര്‍ക്ക് ഔട്ട് ചെയ്യാനുള്ള മൂഡിലല്ലാതിരുന്നു, ഞാന്‍. എന്റെ വിസിറ്റിങ്ങ് കാര്‍ഡ് അവനു നല്‍കി വിടവാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ചന്ദ്രന്‍ ചോദിച്ചു, “ മണിക്കയാളെ മനസ്സിലായില്ല അല്ലേ”; കേക്ക് വങ്ങാന്‍ പണം യാചിച്ച ആളെ ചൂണ്ടിക്കാട്ടിയാണ് ചോദ്യം. ഇല്ല എന്ന അര്‍ഥത്തില്‍ ഞാന്‍ തലകുലുക്കി. “ നമ്മുടെ പണ്ടത്തെ ജോജി കുര്യന്‍ ആണ്‍ടാ അത്. അവനിപ്പോ ഇവിടടുത്തു തന്നെയാ താമസം. കുത്തിയതോട് പള്ളിയുടെ പിറകില്‍ അഞ്ചാമത്തെ വീട്ടില്‍”. ഞാനൊന്നു ഞെട്ടിയോ?. ഒരു UNMASKED INTERRUPT കിട്ടിയതുപോലെ എന്റെ മനസ്സു ഇരുപതു വര്‍ഷം പിന്നിലേക്കു ചാടി. പിറകില്‍ വാഹനങ്ങളുടെ കൂക്കിവിളി എന്നെ ഓര്‍മ്മയില്‍നിന്നുണര്‍ത്തി. ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. വണ്ടി ഓടുന്നതിനെക്കാള്‍ വേഗത്തിലായിരുന്നു എന്റെ മനസ്സിന്റെ സഞ്ചാരം. ഇടുങ്ങിയ വഴിയിലൂടുള്ള അശ്രദ്ധ മായ കാറോട്ടം ഷീലയ്ക്കിഷ്ടപ്പെട്ടില്ല. അവള്‍ അലപം കടുത്ത ശബ്ദത്തില്‍ നിര്‍ദ്ദേശിച്ചു: “വണ്ടി നിര്‍ത്ത്!“. എന്റെ മനസ്സ് വായിച്ചിട്ടെന്നതുപോലെ അവള്‍ പറഞ്ഞു: “ ഇനി ഞാന്‍ ഓടിക്കാം”എനിക്കു പകരം ഡ്രയ്‌വിങ്ങ് സീറ്റില്‍ ഇരുന്ന് ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തിക്കൊണ്ടവള്‍ ചോദിച്ചു. “എന്താ ഇത്ര ഗ്ലൂമി ആയത്?“. എന്തെങ്കിലും സംസാരിക്കനുള്ള മൂഡില്ലാത്തതിനാല്‍ ഞാനൊന്നും മിണ്ടിയില്ല. കുത്തിയതോട് പള്ളിയും കഴിഞ്ഞ് കാറ് കുറെ ക്കൂടെ മുന്നോട്ട് പോയപ്പോള്‍ റോഡരുകില്‍ ഒരു ബേക്കറി കണ്ടു. ഞാന്‍ ഷീലയോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അവള്‍ അല്‍ഭുതത്തോടെ ബ്രേക്കില്‍ കാലമര്‍ത്തി. “ വാ“, ഞാന്‍ ഒരാവേശത്തോടെ അവളെയും കൂട്ടി ബേക്കറിയില്‍ ചെന്നു. പലതരത്തിലുള്ള കേക്കുകള്‍. അതിലൊരെണ്ണം എന്നെ പ്രതീക്ഷിച്ചെന്നതുപോലെ അവിടെ ഇരിക്കുന്നു! വൃത്താകൃതിയില്‍ ഐസ് ചെയ്ത കേക്കിനു പുറത്ത് ഒരു കൊച്ചു കുട്ടി യുടെ ചിത്രം; സ്ക്കൂള്‍ ബാഗും തോളിലേറ്റി. ഞാന്‍ ബേക്കറി ക്കടക്കാരനോടു “ഇതു പാക്ക് ചെയ്തോളൂ”. “സാര്‍, ഇത് എന്റെ മോനു വേണ്ടി ഉണ്ടാക്കിയ ജന്മ ദിന കേക്കാണ്. അവന്‍ സുഖമില്ലാതെ ആശുപത്രിയിലാ. അതുകൊണ്ടാ ഞാന്‍ ഇതു വില്‍ക്കാമെന്നു വച്ചത് . ഇതില്‍ എന്തെങ്കിലും സന്ദേശമോമറ്റോ എഴുതണമെങ്കില്‍ ചെയ്തു തരാം” കട ഉടമ. ഞാന്‍ ചോദിച്ചു, ”ഒരു പൊട്ടിയ സ്ലേറ്റിന്റെ ചിത്രം ആലേഖനം ചെയ്യാമോ?”. തലചൊറിഞ്ഞുകൊണ്ടയാള്‍ വിപരീതാര്‍ഥ്ത്തില്‍ തലയാട്ടി. പണം കൊടുത്തു കേക്കു വാങ്ങി, ഭാര്യയുടെ കയ്യില്‍ നിന്നു കാറിന്റെ തക്കോലും വാങ്ങി ഞാന്‍ കാര്‍ തിരിച്ചു. “ മടങ്ങിപ്പോവുകയാണോ? അവളുടെ ചോദ്യം കേട്ടില്ല എന്നു നടിച്ച് ഞാന്‍ കറോടിച്ചു. കുത്തിയതോട് പള്ളിക്കുമുന്‍പില്‍ കാറ് പാര്‍ക്കു ചെയ്തു. ഷീലയോട് കാറില്‍ തന്നെ ഇരിക്കാ‍ന്‍ പറഞ്ഞ് ക്കേക്കുമെടുത്തു പുറത്തിറങ്ങി. “ഞാനും വരുന്നു“ എന്ന് പറഞ്ഞ് അവളും എന്റെ കൂടെ വന്നു. ആധികം വീടുകള്‍ ഇല്ലാത്ത പ്രദേശമായിരുന്നു അതു. അഞ്ചാമത്തെ വീടു കണ്ടെത്താന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. വാതിലുകളും ജനലുകളും അടച്ച ആ വീട്ടില്‍ ആരും താമസമുള്ള ലക്ഷണം കണ്ടില്ല. ഏതായാലും വാതിലില്‍ ഒന്നു മുട്ടിനോക്കാം എന്നു കരുതിയപ്പോഴേക്കും മുന്‍ വാതില്‍ തുറന്നു. “പപ്പ ഇവ്ടെ ഇല്ല” ഒരു പെണ്‍കുട്ടിയുടെ ശബ്ദം. ശബ്ദത്തിന്റെ ഉടമയെ കാണാന്‍ കഴിയുന്നതിനു മുന്‍പെ വാതിലടഞ്ഞു. വാതിലില്‍ വീണ്ടും തുറക്കാതിരുന്നപ്പോള്‍ ഷീല ഞാന്‍ ചെന്നു നോക്കാം എന്ന് പറഞ്ഞ് വീടിനു പിറകിലേക്കു ചെന്നു; ഞാന്‍ അസ്വസ്ഥനായി മുന്‍ വശത്തും നിന്നു. അല്പം കഴിഞ്ഞ് മുന്‍ വാതില്‍ തുറക്കപ്പെട്ടു. ഷീല യുടെ ശബ്ദം വീട്ടിനകത്തുനിന്നും കേട്ടു. “അകത്തെക്കു വരൂ”. ഞാന്‍ അകത്ത് കടന്നു. “ഇത് ജൊജി യുടെ മകള്‍ നീന“. ഏകദേശം 16 വയസ്സുള്ള മെലിഞ്ഞ പെണ്‍കുട്ടി. ‘വേറെ ആരും ഇല്ലേ? ഞാന്‍ ചോദിച്ചു” “പപ്പ പുറത്ത് പോയി“ പെണ്‍കുട്ടി പറഞ്ഞു. “അമ്മ?” എന്റെ ചോദ്യത്തിനുത്തരം കുറച്ച് നേരത്തെ നിശബ്ദതയും അതു കഴിഞ്ഞ് ഒരു ഏങ്ങലടിയും ആയിരുന്നു. ആ വീട്ടിനുള്ളില്‍ അധികസമയം കഴിയാന്‍ പ്രയാസം തൊന്നി. വല്ലാത്ത ശ്വാസം മുട്ടല്‍. ഷീലയെ വിളിച്ച് കേക്ക് ആ കുട്ടിക്കു കൊടുക്കണമെന്ന് പറഞ്ഞിട്ടു പുറത്തേക്കിറങ്ങി. വല്ലാത്ത ബുദ്ധിമുട്ട്- കാറില്‍ ഇന്‍ ഹേലര്‍ ഇരിപ്പുണ്ട്. ഞാന്‍ കാറിനടുത്തേക്കു ചെന്നു. കാറു തുറന്നു ഇന്‍ ഹേലര്‍ എടുത്ത് രണ്ട് സ്പ്രേ വായ്കകത്തേക്ക് അടിച്ചു. കാറ് സ്റ്റാര്‍ട്ട് ചെയ്ത് ഏസി പ്രവര്‍ത്തിപ്പിച്ചു. മയക്കം വരുന്നതു പോലെ.
ഡോറില്‍ ആരോ മുട്ടുന്നതുപോലെ തോന്നിയപ്പോഴാണു കണ്ണു തുറന്നത്. ഷീലയാണ്. ആവള്‍ ആകെ അമ്പരന്നു നില്‍ക്കുന്നു. ഞാന്‍ കാറിന്റെ വാതില്‍ തുറന്നു. തളര്‍ന്നിരിക്കുന്ന എന്റെ നാഡി പിടിച്ച് നോക്കി. “പിന്‍ സീറ്റില്‍ തന്നെ കിടന്നോളൂ, കാറ് ഞാന്‍ തന്നെ ഓടിക്കാം“.
വീട്ടിലെത്തി കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഷീല പറഞ്ഞു, “സാരമില്ല. ബിപി അല്പം കൂടിയതാവും. കുട്ടന്‍ ഒന്നു റങ്ങി എഴുന്നേല്‍ക്കുമ്പോള്‍ എല്ലം ശരിയാകും” . സ്നേഹം കൂടുമ്പോഴാണു അവള്‍ എന്നെ കുട്ടാ എന്നു വിളിക്കുന്നത്.
വലിയ ഒരു ലോറിയില്‍ വളരെ വലിയ ഒരു കേക്ക്; ലോറി ഓടിക്കുന്നത് ഞാന്‍. ഞാന്‍ പഠിച്ചിരുന്ന നാലാം ക്ലാസ്സിനുമുന്‍പില്‍ ലോറി നിര്‍ത്തി. ലോറി കണ്ട് കുട്ടികള്‍ ഓടിയെത്തി. ലോറിക്കുള്ളിലെ വലിയ കേക്ക് അവരെ അല്‍ഭുതപ്പെടുത്തി. “ ഈ കേക്ക് നിങ്ങള്‍ക്കാ” ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ജോജിയും, കിരണും ശ്രീജിത്തും, ജനാര്‍ദ്ധനനും, ചന്ദ്രനും ഓടി വന്നു. അവര്‍ ലോറിക്കടുത്ത് വന്ന് ഉള്ളിലേക്കു ഏന്തി വലിഞ്ഞു നോക്കി. “ ഇവന്‍ നമ്മെ പറ്റിച്ചെടാ. അതു പിണ്ണാക്കു കൊണ്ടുണ്ടാക്കിയ പിണ്ണാക്കു കേക്കാടാ“ ജോജി വിളിച്ച് കൂവി. “ മണി കിണീ കേക്കെവിടെകേക്കിനുപകരം പിണ്ണാക്കോ”കാക്കേ കക്കേ കൂടെവിടേ,കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ എന്ന പാടിന്റെ പാരടി “ മണി കിണീ കേക്കെവിടെ കേക്കിനുപകരം പിണ്ണാക്കോ” എന്ന് എല്ലാകുട്ടികളും എനിക്കു ചുറ്റും പാ‍ടി നൃത്തം വച്ചു.
“കുട്ടാ കുട്ടാ“ എന്ന വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. “വല്ല സ്വപ്നവും കണ്ടോ?” ആകാംഷയോടെ ഷീല ആരാഞ്ഞു. ഞാന്‍ കണ്ട സ്വപ്നത്തെ പ്പറ്റി അവളോട് പറഞ്ഞു. “ഇനി ഉറങ്ങേണ്ട. നേരം വെളുക്കാറായി. നാളെ ഓഫീസിലും പോകണ്ടല്ലോ. ഞാന്‍ ഒരു ലമണ്‍ ടീ ഒണ്ടാക്കി ത്തരാം.“മധുരവും പുളിയുമുള്ള ചായ ഊതിക്കുടിച്ച്കൊണ്ടിരിക്കുന്ന സമയം ഷീല അടുത്ത് വന്നു. “ കുട്ടനെ എന്തോ വിഷമിപ്പിക്കുന്നുണ്ട്. ആരോടെങ്കിലും പറഞ്ഞാല്‍ ആശ്വാസം കിട്ടില്ലേ. എന്നോട് പറ”.
ഭൂത കാലത്തിന്റെ ചവറ്റുകുട്ടയില്‍ നിന്നു ഒരു എട്ട് വയസ്സുകാരന്റെ മനസ്സു കണ്ടെടുത്ത് എന്റെ ഭാര്യയുടെ മുന്നില്‍ തുറന്നു:
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ക്രിസ് മസ്സ് പരീക്ഷ കഴ്യുന്ന്തിന്റെ തലെ ദിവസം: ജോജി പറഞ്ഞു “ന്റെ വീട്ടില്‍ ക്രിസ് മസ് കേക്കുണ്ടാക്കും. ഞാന്‍ എല്ലാവര്‍ക്കും കേക്കു കൊണ്ടുവന്നു തരാം. എന്നാ മണിക്കു കൊടുക്കൂല്ല”.
“അതെന്താ?” ജനാര്‍ദ്ദനനാണോ അതു ചൊദിച്ചത് എന്നോര്‍മ്മ യില്ല.
“അതേയ്, അവന്‍ പരീക്ഷ നടക്കുമ്പോള്‍ എനിക്കവന്റെ സ്ലേറ്റ് കാണിക്കാന്‍ പറഞ്ഞിട്ട് കാണിച്ച് തന്നില്ല.”
“ആര്‍ക്കും സ്ലേറ്റു കണിച്ച് കൊടുക്കരുതെന്ന് സാര്‍ പറഞ്ഞിരുന്നില്ലേ. അതാ ഞാന്‍ കാണിക്കാതിരുന്നേ” ഞാന്‍ എന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന അഭിപ്രായക്കാരാണ് എല്ലാവരും. അവര്‍ ഒന്നടങ്കം ജോജിയുടെ ഭാഗത്ത് അണി നിരന്നു. അതു വരെ ക്കഴിച്ചിട്ടില്ലാത്ത കേക്ക് എന്ന സാധനം രുചിച്ച് നോക്കാന്‍ പറ്റില്ലല്ലൊ എന്ന ദുഃഖവും, ഒറ്റപ്പെടലിന്റെ വേദനയും മനസ്സില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ വീമ്പിളക്കി “ആര്‍ക്ക് വേണം നിന്റെ കേക്ക്. എന്റെ വീട്ടിലും ഉണ്ടാക്കും നല്ല അസ്സല്‍ കേക്ക്“. അപ്പോള്‍ ജോജി വെല്ലു വിളിച്ചു ”എങ്കി നീ കേക്കു ക്ലാസ്സില്‍ കൊണ്ട് വന്ന് എല്ലാവരെയും കാണിക്ക്. അപ്പ ഞങ്ങളു വിശ്വസിക്കാം”
ക്ലാസ്സ് കഴിഞ്ഞു വീട്ടിലെത്തി, വരാന്തയില്‍ ഇരുന്ന് കയറു പിരിക്കുന്ന അമ്മയോട് കല്പിച്ചു: ”നാളെ എനിക്ക് കേക്ക് ഒണ്ടാക്കി തരണം”
“കേക്കോ. അതെന്താടാ സാധനം?” അമ്മ ആരാഞ്ഞു.
“ക്രിസ്ത് മസ് കേക്ക്”. ഞാന്‍ ഒന്നു കൂടി വ്യക്തമാക്കി.
“ അതു പള്ളീ പ്പോണോര്‍ക്കല്ലേ. നീ ഹിന്ദുവല്ലേ. ഹിന്ദുക്കള്‍ കേക്കുണ്ടാക്കൂല്ല“. അമ്മ ഒഴിഞ്ഞ് മാറാനുള്ള പുറപ്പാടിലാണെന്നു എനിക്ക് മനസ്സിലായി. ഞാന്‍ “നിക്ക് കേക്കു വേണം, കേക്കു വേണം“ എന്നു പറഞ്ഞ് കരയാന്‍ തുടങ്ങി.
“പോകുന്നുണ്ടോ എന്റടുത്ത്ന്നു” അമ്മ എന്നെ തള്ളി മാറ്റി ചകിരി നാരില്‍ നിന്നും കയറുണ്ടാക്കുന്ന പണി തുടര്‍ന്നു.“നിക്ക് കേക്കു വേണം, കേക്കുവേണം“ എന്ന പല്ലവിയോടുകൂടി അലറിക്കരച്ചിലും ചേര്‍ത്ത് അന്തരീക്ഷം ശബ്ദ മുഖരിതമാക്കി. അമ്മ ശ്രദ്ധിക്കുന്നില്ല എന്നു മനസ്സിലാക്കി അമ്മയുടെ ചകരിക്കൂന മിറ്റത്തേക്കു ഏറിഞ്ഞു. അമ്മയ്ക്കു ദ്വേഷ്യം വന്നു. അടുത്ത് തന്നെ വച്ചിരുന്ന ചൂലിലെ ഈര്‍ക്കലികള്‍ ഊരിയെടുത്ത് അമ്മ ദ്വേഷ്യം തീരുവോളം എന്നെ തല്ലി. കാലില്‍, കവിളില്‍, കയ്യില്‍, നെഞ്ചില്‍, പുറത്ത്. അടി കൊണ്ടിടത്തെല്ലാം തിണര്‍ത്ത പാടുകള്‍. എന്റെ കരച്ചില്‍ ഏങ്ങലടികളായി നേര്‍ത്ത് നേര്‍ത്ത് വന്നു. കരഞ്ഞ് കരഞ്ഞ് ഞാന്‍ ഉറങ്ങിപ്പോയി.
മുഖത്ത് നനവു തോന്നിയപ്പോള്‍ കണ്ണ് തുറന്നു. അമ്മ! അമ്മയുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന നീര്‍ ചാലുകള്‍. അമ്മ കരയുകയാണ്. ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു. “ മോനു നാളെ അമ്മ കേക്കുണ്ടാക്കി ത്തരാം. ഒറങ്ങിക്കോ” ഞാന്‍ ശാന്തമായി ഉറങ്ങി.
പിറ്റേന്നു നേരത്തെ ഉണര്‍ന്നു. ഞാന്‍ അടുക്കളയില്‍ ചെന്നു അമ്മ അടുപ്പില്‍ എന്തോ ചെയ്യുകയാണു. “മോനുണര്‍ന്നോ?
“ അമ്മ കേക്കെവിടേ?“ അമ്മ ഒരു കടലാസ് പൊതി എന്റെ കയ്യില്‍ തന്നു. ഞാന്‍ അതു തുറന്നു. കേക്ക് ഞാന്‍ ആദ്യമായി കാണുകയാണ്. അല്പം എടുത്തു രുചിച്ച് നോക്കി. ഒരു മധുരമൊക്കെയുണ്ട്. കേക്ക് ഞാന്‍ പൊതിഞ്ഞു തന്നെ വച്ചു. “നീ കഴിക്കുന്നില്ലേ”
“ഞാന്‍ പിന്നെ തിന്നോളാം“സ്ക്കൂളില്‍ വേഗം എത്താനുള്ള അവേശത്തിലായിരുന്നു, ഞാന്‍. ക്ലാസ്സില്‍ എത്തുമ്പോള്‍ ചന്ദ്രനും ബ്രൂണനും ക്ലാസ്സിലുണ്ട്. ഞാന്‍ അവരുടെ അടുത്ത് ചെന്നു പൊതിയഴിച്ചു അല്‍പെമെടുത്ത് രണ്ട്പേര്‍ക്കും കൊടുത്തിട്ട് പറഞ്ഞു: “ഇതാ എന്റെ വീട്ടിലുണ്ടാക്കിയ കേക്ക്”. ബ്രൂണന്‍ പൊതിയില്‍ നിന്നു കുറച്ച് എടുത്തതിനുശേഷം ചന്ദ്രന്റെ നേര്‍ക്ക് പൊതി നീട്ടി. ഈ സമയം, ഒരു കൈ ആ പൊതി തട്ടിപ്പറിച്ചു! ജോജി യാണ്. അടിച്ചു മാറ്റിയ പൊതി തുറന്നു അവന്‍ കേക്ക് വായിലിട്ടു രുചിച്ചു നോക്കി. എന്നിട്ട് ഒരു വിജയീ ഭാവത്തോടെ ഒരു പ്രസ്താവന“ ഇത് കേക്കല്ല “.
ഞാന്‍ വിട്ടുകൊടുത്തില്ല, ബ്രൂണനും. ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു:” ഇതാണുനല്ല കേക്ക്”.
അപ്പോള്‍ ജോജി ഒരു ചോദ്യം, എന്നോട് “ നിന്റെ വീട്ടില്‍ ഓവനുണ്ടോ?”
ഓവനോ? അവന്‍ ആരെടാ എന്ന മട്ടില്‍ ഒരു നില്പു നില്‍ക്കനേ എനിക്കു പറ്റിയുള്ളു. ജോജി വിജയിപ്പോലെ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു കൊണ്ട് പ്രഘ്യാപിച്ചു “ ഓവന്‍ ഇല്ലാതെ കേക്കുണ്ടാക്കാന്‍ പറ്റില്ല. എന്റെ വീട്ടില്‍ മാത്രമേ ഓവന്‍ ഒള്ളു”. അപ്രതീക്ഷിതമായ് ഒരു അടികിട്ടിയതു പോലെ; എനിക്കു ഒന്നും മിണ്ടാന്‍ പറ്റിയില്ല. ജോജി അവസാനിപ്പിക്കാനുള്ള ഭാവം ഇല്ലായിരുന്നു അവന്‍ വീണ്ടും പറഞ്ഞു; “ ഇതേയ്, ഇതു വെറും പിണ്ണാക്കാണു, പിണ്ണാക്കു കേക്ക്”ഇതു പറഞ്ഞിട്ട് ഒരു പാട്ടും:
“ മണി കിണീ കേക്കെവിടെ
കേക്കിനുപകരം പിണ്ണാക്കോ”
കുറേ കുട്ടികള്‍ അവന്റെ കൂടി ആ വരികള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങി. ഞാന്‍ ജോജിയുടെ കയ്യില്‍ നിന്നു എന്റെ പൊതി വാങ്ങിച്ചെടുക്കാന്‍ ശ്രമിച്ചു. ആ ശ്രമത്തിനൊടുവില്‍ പൊതിയഴിഞ്ഞ് അതിലുള്ളാതെല്ലാം ക്ലാസ് മുറിയില്‍ വീണു. ക്ലാസ്സില്‍ ബഹളം കെട്ടിട്ടാവണം, കുട്ടികളുടെ പേടിസ്വപ്നമായ വിശ്വം മാഷ് തന്റെ ചൂരല്‍ വടിയുമായി ക്ലാസ്സില്‍ പ്രത്യക്ഷപ്പെട്ടത്.
“എന്തെട ബഹളം” സാര്‍ അക്രോശിച്ചു. ആരും ഒന്നും മിണ്ടിയില്ല. സാര്‍ ചൂരല്‍ വടികൊണ്ട് മേശപ്പുറത്ത് രണ്ട് അടി അടിച്ചു. ഏല്ലാവരും നിശ്ശബ്ദരായി ബഞ്ചില്‍ ഇരിക്കാനുള്ള കമാന്റ് ആണെന്ന് എല്ലവര്‍ക്കും അറിയാമായിരുന്നതിനാല്‍ എല്ലവരും ഇരുന്നു. അപ്പോളാണു നിലത്ത് തൂളിക്കിടന്ന എന്റെ കേക്കിന്‍ തരികള്‍ സാറിന്റെ ദൃഷ്ടിയില്‍ പെട്ടത്.
“ആരാടാ ഇതു ക്ലാസ്സില്‍ കോണ്ടുവന്നത്?“. ജോജി ചാടി എഴുന്നേറ്റ് എന്റെ പേര്‍ പറയുന്നതിനുമുന്‍പ് ഞാന്‍ സ്വയം എഴുന്നേറ്റ് നിന്നു. സാര്‍ അടുത്ത് വന്നു പറ്ഞ്ഞു
“കൈ നീട്ട്”
ഞാന്‍ കൈ നീട്ടി. ഠപ്പ്, ഠപ്പ്, ഠപ്പ് എന്ന് മൂന്ന് പ്രാവശ്യം ശബ്ദം.
“ ഇതെല്ലാം എടുത്ത് കളഞ്ഞിട്ട് സ്റ്റാഫ് റൂമില്‍ വാ, ബാക്കി പിന്നെ” എന്നും പറഞ്ഞ് സാര്‍ പുറത്തു പോയി.
ചൂരല്‍ അടിയേറ്റ് വിങ്ങുന്ന കൈകള്‍ കൊണ്ടു താഴെ വീണിരുന്നതെല്ലാം ഞാന്‍ വാരിയെടുത്ത് കളയുമ്പോള്‍ മനസ്സില്‍ ഒരു കടുത്ത തീരുമാനം എടുത്തു. ജോജിയാണ് എല്ലാറ്റിനും കാരണം, അവനോട് പ്രതികാരം ചെയ്യണം.
ക്ലാസ്സിലെ സഹചാരിയും അയല്‍ക്കാരനുമായ രവി ആണ് അതിനൊരു വഴി പറഞ്ഞു തന്നത്.
“അവനെ നമുക്കു നശിപ്പിക്കണം. അതിനു മച്ചാട്ട് ഭഗവതി യൊട് പ്രാര്‍ത്ഥിച്ചാല്‍ മതി“.
സ്കൂളിനടുത്തുള്ള ഒരു ചെറിയ അമ്പലത്തിലാണ് മച്ചാട്ടു ഭഗവതി കുടികൊള്ളുന്നത് . നാളെ അവിടെ പ്രാര്‍ത്ഥിക്കാന്‍ കൂടെ വരാമെന്നു അവനേറ്റു. എന്നിട്ടും എന്റെ സങ്കടം തീര്‍ന്നില്ല. കേക്ക് എന്നും പറഞ്ഞ് അമ്മ എന്താണു എനിക്കു തന്നയച്ചത് എന്നെനിക്കു അറിയണമല്ലോ. വൈകീട്ടു ക്ലാസ് അവസാനിപ്പിക്കുന്നതിനുള്ള ബെല്ല് കേട്ട ഉടനെ വീട്ടിലെക്കു ഓടി. അമ്മ പതിവുപോലെ ചകിരി പിരിച്ചു ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്. എനിക്കു ദ്വേഷ്യം സഹിക്കാനായില്ല. പുസ്തകങ്ങള്‍ അകത്തേക്കും, അമ്മയുടെ ചകിരിക്കെട്ട് പുറത്തേക്കും വലിച്ചെറിഞ്ഞു. അമ്മ ഒന്നും പ്രതികരിക്കാഞ്ഞതിനാല്‍ എന്റെ ദ്വേഷ്യം ഇരട്ടിച്ചു. ഞാന്‍ അമ്മയുടെ മുഖം മാന്തിപ്പറിച്ചു. രാത്രി. അമ്മ വന്ന് കഞ്ഞി കുടിക്കാന്‍ വന്ന് വിളിച്ചു.
“നിക്ക് വേണ്ട നിങ്ങടെ കോതമ്പ് കഞ്ഞി”
ഞാന്‍ ഇടഞ്ഞു തന്നെ നിന്നു. അമ്മയുടെ ശബ്ദം ഇടറി “മോനെ”, അമ്മ വിളിച്ചു. ഹൃദയാന്തരാളത്തില്‍ നിന്നുള്ള ആ വിളി! മാതൃശബ്ദത്തിന്റെ മാസ്മരികതയില്‍ ഞാനും എന്റെ സങ്കടങ്ങളും അലിഞ്ഞലിഞ്ഞ് ഇല്ലാതായി. അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മയുടെയും എന്റെയും കണ്ണ്നീര്‍ ഒരൊറ്റ ചാലായി താഴേക്ക് ഒഴുകി. ഞാന്‍ മുഖം കഴുകി വിശപ്പു തോന്നിയില്ലെങ്കിലും കഞ്ഞി കുടിച്ചു. വീട്ടിനകത്ത് ചിതറിക്കിടന്ന പുസ്തകങ്ങളും പൊട്ടിപ്പോയ സ്ലേറ്റ് കഷണങ്ങളും അമ്മ എടുത്തൊതുക്കി വച്ചിട്ട് എനിക്ക് പായ വിരിച്ചു. “മോന്‍ കിടന്നോ” എന്ന് പറഞ്ഞിട്ട് വരാന്തയില്‍ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ കയര്‍ പിരിക്കാന്‍ തുടങ്ങി. എനിക്കും ഉറക്കം വന്നില്ല. ഞാന്‍ എഴുന്നേറ്റ് അമ്മയുടെ അടുത്ത് ചെന്നിരുന്നു. “അമ്മേ“, ഞാന്‍ വിളിച്ചു; “അമ്മ എങ്ങനെയാ ഓവന്‍ ഇല്ലാതെ കേക്ക് ഉണ്ടാക്ക്യേ?”
“അതോ, നമ്മുടെ അമ്മിണിക്കു മേടിച്ച പിണ്ണാക്കും, കുറച്ച് ശര്‍ക്കരയും ഉരലില്‍ ഇട്ട് ഇടിച്ചെടുത്തതാ.”
“ഇനി ബക്കിയുണ്ടോ” ഞാന്‍ ചോദിച്ചു“. അമ്മ അടുക്കളയില്‍ ചെന്ന് ഒരു പാത്രത്തില്‍ അമ്മയുണ്ടാക്കിയ “കേക്ക്” എടുത്തുകൊണ്ടുവന്നു. ഞാന്‍ ആ “കേക്ക്” മുഴുവനും തിന്നു. ഏത്ര രുചി!!പഴയ കഥ പറഞ്ഞിത്രയുമായപ്പോള്‍ ഭാര്യ ഒരു ചോദ്യം “ നാളത്തെ പ്രധാന ഡിഷ് ആയി നമുക്കും ഈ പലഹാരം ഉണ്ടാക്കണം. അതു തിന്നാന്‍ എനിക്കും കൊതിയുണ്ട്.”
“എന്നിട്ട്.. കഥ മുഴുവനുമായില്ലല്ലോ. ബാക്കി കൂടി പറ”
ഞാന്‍ ഭഗവതിയോട് പ്രര്‍ഥിച്ചിട്ടാണോ എന്നറിയില്ല, കൃസ് മസ് അവധി കഴിഞ്ഞിട്ടും ജോജി ക്ലാസ്സില്‍ വന്നില്ല. അവനോടുള്ള ദ്വേഷ്യം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു. അവനെ കാണാതായപ്പോള്‍ ഒരു വിഷമം. സ്കൂളിനടുത്ത് തന്നെ ആയിരുന്നു അവന്റെ വീട്. അവിടം വരെ ഒന്നു പോയി നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. അടുത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഇന്റര്‍വല്‍ സമയത്തു ഞാനും രവിയുംകൂടി ജോജിയുടെ വീട്ട് പരിസരത്ത് എത്തി. ഒരു വലിയ ബംഗ്ലാവ്. പക്ഷെ പൂട്ടിക്കിടക്കുന്നു. ഞങ്ങള്‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്‍ക്കുന്നതു കണ്ട് അടുത്ത വീട്ടിലെ ഒരമ്മൂമ്മ ചോദിച്ചു “ മക്കള്‍ ജോജിയെ ക്കാണാന്‍ വന്നതാണോ?. അവരു നാട്ടിലെക്ക് പോയി“.
പിന്നീട് ഞങ്ങളറിഞ്ഞു, ഏതോ കാരണത്താല്‍ അവന്റെ അപ്പനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു (ഞങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാവാത്ത ഏതോ കാരണത്തലാണത്രേ) എന്നും, അവന്റെ അപ്പനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കായെന്നും, അവര്‍ ഈ നാടുവിട്ട് എവിടെയോ പോയി എന്നും.എന്നിക്ക് വലിയ കുറ്റബോധം തോന്നി. ഞാന്‍ പ്രര്‍ത്ഥിച്ചതുകൊണ്ടല്ല ഇതൊക്കെ സംഭവിച്ചത് എന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം ജോജിയെ ആ നിലയില്‍ കണ്ടപ്പോള്‍, ആ പഴയ കുറ്റബോധം എനിക്ക് താങ്ങാനായില്ല. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഷീല മുരടനക്കി “മധുരമായ പ്രതികാരമായിരുന്നല്ലേ ആ കേക്ക് സമ്മാനിച്ചതിലൂടെ-“
ബാക്കി പറയാന്‍ സമ്മതിക്കാതെ ഞാന്‍ അവളുടെ വായ് പൊത്തി.
“അല്ല, എനിക്കവനോട് പകരം വീട്ടണമെന്ന് ഒരു ആഗ്രഹവുമില്ല, മറിച്ച് അവനെ കണ്ടപ്പോള്‍ പരിചയം നടി ക്കാതിരുന്നതിലും അവന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാന്‍ ശ്രമിക്കാതിരുന്നതിനാലും, എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയാതിരുന്നതിലുമാണു വിഷമം”. മൌനം ഞങ്ങള്‍ക്കിടയില്‍ കുറച്ച് നേരം കാത്ത് നിന്നുകാണും. അവസാനം ഷീല പറഞ്ഞു , “വളരെ ബുഃദ്ധിമുട്ടിലാണ് ജോജിയും കുടുംബവും കഴിയുന്നത്. കഴിഞ്ഞ കൊല്ലം അവന്റെ ഭാര്യ മരിച്ചു. ആര്‍ക്കും ഭേദമാക്കാന്‍ കഴിയാത്ത അവരുടെ അസുഖം അവശേഷിച്ച സ്വത്തുക്കള്‍ അന്യാധീനമാക്കി. അതിനുമുന്‍പ് തന്നെ മദ്യ പാനം അയാളെ കീഴ്പ്പെടുത്തി. നമ്മള്‍ കണ്ട ആ പതിനാറുകാരി പെണ്‍കുട്ടിയാ ചുരിദാറും മറ്റും തയ് ച് ജീവിതം ഉന്തി നീക്കുന്നത്. എംബ്രോയിഡറി പണിയും ആകുട്ടിക്ക് നന്നായി അറിയാം.“ അല്പമൊന്നു നിര്‍ത്തിയിട്ട് ഷീല തുടര്‍ന്നു “ നമുക്കാക്കുട്ടിക്ക് ഒരു തയ്യല്‍ മെഷീന്‍ വാങ്ങിക്കൊടുത്താലോ.” പ്രായോഗിക ബുദ്ധി എന്നേക്കാള്‍ വളരെ കൂടുതലുള്ള ഷീലയുടെ വാക്കുകള്‍ എനിക്ക് പുതിയൊരു ഉന്മേഷവും സമധാനയും തന്നു”. "നാമുക്ക് കുറച്ചു രൂപയും കൊടുത്താലൊ?” ഞാന്‍ ചോദിച്ചു.
“ബുദ്ദൂസെ, ഞാന്‍ അതു ഇന്നലെത്തന്നെ ചെയ്തല്ലോ” അവള്‍. ‍
ഞാന്‍ മറ്റെന്ത് ചെയ്യാന്‍, ക്രിസ് മസ് നക്ഷത്രങ്ങളെ സാക്ഷികളാക്കി കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനല്ലാതെ.

Monday, June 4, 2007

സീഫ് എല്‍ വിളക്കുകളും, ഊര്‍ജ്ജ ലാഭവും

ബൂലോഗത്തെ രണ്ട് പോസ്റ്റുകള്‍ വായിച്ചപ്പോള്‍ ഒരു കമന്റ് ഇടണമെന്ന് തോന്നി. ഊര്‍ജ്ജ
സംരക്ഷത്തെ പ്പറ്റിയും (http://blogbhoomi.blogspot.com/2007/05/energy-crisis-and-
conservation.html) കൊമ്പാക്റ്റ് ഫ്ലൂറസെന്റ് ലാമ്പിനെപറ്റിയുമുള്ള
(http://boologaclub.blogspot.com/2007/05/blog-post_3943.html) ലേഖനങ്ങള്‍.കുറഞ്ഞ ഊര്‍ജ്ജമുപയോഗിച്ച് കൂടുതല്‍ വെളിച്ചം ( light efficacy) തരുന്ന ഒന്നാണ് CFL
എങ്കിലും, ഇന്നു വാങ്ങാന്‍ കിട്ടുന്ന മിക്കവാറും ബ്രാന്‍ഡ് കളും അത്രയ്ക്ക് നല്ലതല്ലെന്ന
അനുഭവവും ഉണ്ട്. ഇന്നു കമ്പോളത്തില്‍ കിട്ടുന്ന CFL കളുടെ ന്യൂനതകള്‍ താഴെ പറയും പ്രകാരം ആണ്:
1. വൈദ്യുതലൈനുകളിലൂടൊഴുകുന്ന വൈദ്യുതി മലിനീകരിക്കപ്പെടുന്നു. ( low power quality, increased harmonic content, etc.)

2. വളരെ അധികം electro magnetic interference ഉണ്ടാകുന്നതു മൂലം മറ്റു ഉപകരണങ്ങളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്നു ( high level of EMI)

3. വളരെകുറഞ്ഞ power factor. കുറഞ്ഞ പവര്‍ ഫാക്റ്റര്‍ ആയതിനാല്‍ കൂടുതല്‍ കറന്റ് ലൈനില്‍ നിന്നു വലിക്കുകയും തന്മൂലം വൈദ്യുത കമ്പികളില്‍ ഉര്‍ജ്ജ നഷ്ടം ഉണ്ടാകുന്നു.
മാര്‍ക്കറ്റില്‍ കിട്ടുന്ന വിലകുറഞ്ഞ cfl വിളക്കുകള്‍ക്കു പവര്‍ ഫാക്റ്റര്‍ ഏകദേശം 0.65 ആണ്.
ഒരു സാദാ ബള്‍ബിനു പവര്‍ ഫാക്റ്റര്‍ 1 ആണ്. മാത്രവുമല്ല energy efficient അല്ല
എന്നതൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങള്‍ അധികം ഇല്ല.

4. വളരെ അധികം CFL കള്‍ ഒരു distribution transformer നു കീഴില്‍ വരുകയാണെങ്കില്‍,
മൊത്തത്തില്‍ വൈദ്യുതി വിതരണ ശൃങ് ഘലയുടെ സമതുലനം (stability) നഷ്ടപ്പെടാനും,
ലൈന്‍ trip ആകാനും സാധ്യത ഉണ്ട്.

മേല്‍ പറഞ്ഞ തകരാറുകള്‍ ഇല്ലാത്ത സി എഫ് എല്‍ വിളക്കുകള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല
എന്നല്ല, അത്തരം വിളക്കുകളുടെ വില സധാരണക്കാരനു താങ്ങാനാവത്ത വിധം കൂടുതല്‍ ആവുന്നതുകൊണ്ട് പലരും വാങ്ങാന്‍ മടിക്കും. സര്‍ക്കാരിനു സബ് സിഡി കൊടുക്കാനും പറ്റാത്ത തരത്തില്‍ നല്ല വില വരുമെന്നു സാരം.പിന്നെ അനറ്ട്ടിന്റെ CFL lamp, electronic choke എന്നിവയ്ക്ക് anert ന്റെ tcehnical സ്പെസിഫിക്കേഷന്‍സ് അല്ലെങ്കില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വളരെ വിചിത്രമായ ഒന്നാണ്. അതെപ്പറ്റി ഒരു ചര്‍ച്ച തന്നെ വേണ്ടിവന്നേക്കും.സാങ്കേതിക വിദ്യയുടെ മുന്നേറ്റം നോക്കുമ്പോള്‍ LED വിളക്കുകള്ക്ക് ശോഭനമായ ഒരു ഭാവി ഉണ്ടെന്നു തോന്നുന്നു. നമ്മുക്ക് ആവഴിക്ക് ആലോചിച്ചാലോ?

Sunday, March 25, 2007

കൈമളിന്റെ കേരള സന്ദര്‍ശനം-1

ത്തവണത്തെ വരവ് ഒരു അഘോഷമാക്കണമെന്ന് കരുതി തന്നെ യാണു കൈമള്‍ ചേട്ടന്‍ നാട്ടിലെത്തിയത്. പഴയ കൂട്ടുകാരേയും, ഇ-മെയില്‍ സുഹൃത്തുക്കളെയും കാണുക, കുറെയൊക്കെ ചുറ്റിത്തിരിയുക എന്ന ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു വാഹനം വാടകയ്ക്ക് എടുത്തു.

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടുള്ള യാത്ര അത്രയ്ക്കു രസിച്ചില്ല. ഓരോഗട്ടറിലും വണ്ടി ചാടുമ്പോള്‍, മലയാളത്തിലും ആംഗലേയത്തിലുമുള്ള തെറികള്‍ അറിയാതെ ഉരുവിട്ട് വലതുവശം ചേര്‍ന്ന് യാത്ര തുടരുമ്പോഴാണു അതു സംഭവിച്ചത്: വൃത്തിയായി തുടച്ച് വച്ചിരുന്ന വിന്‍ഡ് സ്ക്രീനില്‍ അതിസാരം ബാധിച്ച ഏതോ ഒരു പറവ കാഷ്ടിച്ചിരിക്കുന്നു! മറ്റൊരവസരത്തിലായിരുന്നു എങ്കില്‍, ആ പക്ഷിയുടെ ചിത്രവും, അതിന്റെ കുടുംബ പശ്ചാത്തലവും ഒക്കെ എടുത്തിട്ടേ കൈമള്‍ അവിടന്ന് മാറുകയുള്ളു. വിന്‍ഡ് സ്ക്രീനിലെ വൃത്തികേട് മാറ്റാന്‍ കൈമള്‍ കാറിന്റെ വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ വൈപ്പര്‍ബ്ലേഡ് ഒരു പെയിന്റ് ബ്രഷു പോലെ കാറിന്റെ ചില്ലിനെ പക്ഷിക്കാഷ്ഠം കൊണ്ടു മോടി പിടിപ്പിച്ചു. മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെട്ടതു കാരണം, ഇനി മുന്നൊട്ട് പോകണമേങ്കില്‍ വിന്ഡ് സ്ക്രീന്‍ കഴുകാതെ നിവര്‍ത്തി ഇല്ലെന്നായി. റോഡരുകില്‍ കണ്ട ഒരു കടയ്ക്കുമുന്നില്‍ തന്റെ തവേര കാര്‍ നിര്‍ത്തി അദ്ദേഹം പുറത്തിറങ്ങി. ഒരു ചെറുക്കന്‍ കടയില്‍നിന്നും കൈമളെ തറപ്പിച്ചു നോക്കി. മലയാളീസിന്റെ തുറിച്ച്നോട്ടം തന്നെ!
ടെയ്, മിനറല്‍ വാട്ടരില്ലെടെ ഇവടെ?” കൈമള്‍ ചോദിച്ചു.
പയ്യന്‍സ് മറുപടി യായി തിരിച്ചൊരു ചോദ്യം, “സാറേ, തണുത്തത് ഇല്ല. തണുവില്ലാത്തതു മതിയോ?”
ഏതേലൊന്നു എടുക്കട” കടയ്ക്കുള്ളില്‍ നിന്നും ഒരു കുപ്പിയെടുത്ത് പയ്യന്‍ കൈമളിനുനേര്‍ക്ക് നീട്ടി. ഒരു ലോക്കല്‍ ബ്രാന്റാണു അതെന്നു കൈമള്‍ ആകുപ്പിയിലെ ലേബലില്‍ നോക്കി മനസ്സിലാക്കി. ഈകോളി, ഹെപ്പറ്റിറ്റിസ് വൈറസ്സ് എന്നിവരൊക്കെ കുപ്പിക്കുള്ളില്‍ ഉണ്ടാവുമെന്നു കൈമളിനു തോന്നി. ഏതെങ്കിലും മള്‍ട്ടി നാഷണല്‍ കമ്പനിക്കാരുടെ കുടിവെള്ളം ഉണ്ടോ എന്നന്വേഷിച്ച അദ്ദേഹത്തോട് പയ്യന്‍ പറഞ്ഞു, “സാറെ, റോയല്‍ ചലഞ്ചിന്റെ ക്ലബ് സോഡ ഉണ്ട് മതിയോ?”
സോഡ. അതൊരു നല്ല പരിപാടിയാണെന്ന് കൈമള്‍ക്കു തോന്നി. കുപ്പി നന്നായി കുലുക്കി ഒരു സ്പ്രേ പോലെ ഉപയോഗിക്കാമെന്ന് കൈമള്‍ കണക്കു കൂട്ടി. എന്നാല്‍ കുപ്പി കയ്യില്‍ വാങ്ങി തുറക്കാന്‍ ശ്രമിച്ചപ്പോള്‍, അടപ്പു തുറന്നു വരുന്നില്ല! ഈ മല്ലൂസിന്റെ ഒരു കാര്യം- ഒരു കുപ്പി പോലും മര്യാദയ്ക്ക് തുറക്കാന്‍ പറ്റുന്ന വിധത്തില്‍ ഉണ്ടാക്കാന്‍ അറിയില്ല. കൈമള്‍ മനസ്സിലോര്‍ത്തു, എന്നിട്ട് പയ്യനോടു മൊഴിഞ്ഞു, “എട കുട്ടാ, ഇതൊന്നു തുറന്നു താ
പയ്യന്‍ അകത്തുനിന്നും ഒരു കത്തിയെടുത്ത് കുപ്പിയുടെ അടപ്പ് തുറക്കുമെന്നാണു കൈമള്‍ കരുതിയത്. എന്നാല്‍ അല്‍ഭുതം: കുപ്പി കയ്യില്‍ കിട്ടിയപാടെ പയ്യന്‍ കുപ്പിയുടെ അടപ്പ് തുറന്ന് കൈമളിനെ ഏല്‍പ്പിച്ചു. കൈവെള്ളയാല്‍ കുപ്പിയുടെ വായ് അടച്ച് നന്നായൊന്നു കുലുക്കി കുപ്പിയിലെ വെള്ളം കാറിന്റെ ചില്ലിലേക്ക് സ്പ്രേ ചെയ്തു. അതോടോപ്പം വൈപ്പറും പ്രവര്‍ത്തിപ്പിച്ചു. സംഗതി ക്ലീന്‍. ഒന്നു മുഖം കൂടി കഴുകാമെന്ന് വച്ച് നോക്കിയപ്പോള്‍ കുപ്പി കാ‍ലി.
ഏയ് പയ്യന്‍, ഒരു കുപ്പി കൂടി “, കൈമള്‍ ആവപ്പെട്ടു. കൈമളിന്റെ ക്ലീനിങ് സാകൂതം നോക്കി രസിക്കുകയായിരുന്നു പയ്യന്‍സ്. റോയല്‍ ചലഞ്ചിന്റെ ഒരു കുപ്പി സോഡ കൂടി പയ്യന്‍ കൈമള്‍ക്കു കൊടുത്തു.
തുറക്കണോ സാര്‍“, പയ്യന്റെ സ്വരത്തില്‍ ഒരു പരിഹാസച്ചുവയുണ്ടോ? കൈമളിനൊരു സംശയം. അങ്ങനെയങ്ങ് വിട്ടുകൊടുത്ത്കൂടാ. അവനു ഒരു നിമിഷം കൊണ്ടു തുറക്കാമെങ്കില്‍ തനിക്കും അതാവുമെന്നു കാണിച്ച് കൊടുക്കണം. അദ്ദേഹം കുപ്പി വാങ്ങി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ പയ്യന്‍സ് ഒരു ക്ലൂ കൊടുത്തു: “സ്സാറേ, വലത്തേക്കല്ലാ, ഇടത്തേക്ക് തിരിച്ചാ അടപ്പ് തുറക്കേണ്ടത്“. തനിക്കു പറ്റിയ അമളി അപ്പോഴാണു കൈമളിനു മനസ്സിലായത്. മുഖത്ത് വന്ന ചമ്മല്‍ അറിയിക്കാതെ ഒരു നൂറുരൂപ നോട്ട് എടുത്ത് പയ്യനു കൊടുത്തു. ബാക്കി വാങ്ങണോ എന്നു ഒരു നിമിഷം ആലോചിച്ചു. അഴുക്കും പൊടിയും നിറഞ്ഞ പഴകിയ നോട്ടുകളായിരിക്കും തിരിച്ചു തരിക എന്നും അത് കയ്യില്‍ എടുത്താല്‍ കൂടെ കിട്ടുന്ന രോഗാണുക്കളെപ്പറ്റിയും കയ്മള്‍ ചിന്തിച്ചു. അദ്ദേഹം കാറില്‍ കയറി എഞ്ചിന്‍ സ്റ്റാര്‍ട് ചെയ്തു. കടയ്ക്കകത്ത് നിന്നും പയ്യന്‍സ് വിളിച്ചു പറഞ്ഞു, “സാറെ ബാക്കി-“
ബാക്കി നീ കയ്യില്‍ വച്ചോ”, കൈമള്‍. രോഗാണുക്കള്‍ തനിക്കു വേണ്ട!പയ്യന്‍ കാറിനടുത്തേക്ക് ഓടി വന്നു. “സാറ് തെക്കോട്ടല്ലേ പോവുന്നത്?. ഇവിടുന്ന് ഒരു കിലൊ മീറ്റര്‍ പോയാല്‍ ബിദ്ധി മാന്ദ്യമുള്ളവരെ പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട്. സാറിനു ബാക്കി ആവശ്യമില്ല എങ്കില്‍ ഈ കാശ് അവര്‍ക്ക് സഭാവന ചെയ്യൂ. അവര്‍ക്ക് സന്തോഷമാവും“. അടഞ്ഞ് കൊണ്ടിരുന്ന കാര്‍ വിന്‍ഡൊയിലൂടെ ബാക്കി തുക കാറിലേക്കിട്ട് പയ്യന്‍ തിരിഞ്ഞു നടന്നു. ലവന്റെ ഒരു പൊങ്ങച്ചം! കാറ് നീങ്ങിത്തുടങ്ങിയപ്പോള്‍ കൈമള്‍ ആലോചിച്ചതു മലയാളീസിന്റെ പൊങ്ങച്ച മനോഭാവത്തെ പറ്റി ആയിരുന്നു. ഈ മലയാളീസിനെയെല്ലാം മന്ദ ബുദ്ധി വിദ്യാലയത്തില്‍ ചേര്‍ത്ത് പരിശീലനം കൊടുക്കേണ്ടതാണ് എന്ന് മനസ്സിലോര്‍ത്ത് കൈമള്‍ വണ്ടിയുടെ ഗിയര്‍ മാറ്റി.

Sunday, March 4, 2007

ക്വിസ്സ്

“അച്ചാ, വാ നമ്മള്‍ക്ക് കിസ്സ് നടത്താം. അച്ചന്‍ കിസ് മാസ്റ്ററ്‍, ഞാന്‍ ടീം എ. അനൂപ് ടീം ബി. അമ്മച്ചി ടീം സീ.” മാറ്റ് ലാബില്‍ ഒരു 9 ത് ഓര്‍ഡര്‍ പോളിനൊമിയല്‍ ഇക്വേഷനുമായി കള്ളനും പോലീസും കളിക്കുകയായിരുന്ന ഞാന്‍ മോളുടെ അടുത്തെത്തി. അവള്‍ക്ക് ദ്വേഷ്യം വന്നാലുള്ള അവസ്ഥ അറിയാമായിരുന്നതിനാല്‍ ഞാന്‍ സമ്മതിച്ചു: “ശരി“
പതിനാറു വയസ്സേ ആയിട്ടുള്ളു എങ്കിലും, ഒരഞ്ചു വയസ്സിന്റെ ബുദ്ധിയെങ്കിലും ഉണ്ടവള്‍ക്ക്. അതുകൊണ്ട് ക്വിസ്സ് മാസ്റ്റര്‍ ചോദിക്കെണ്ട ചോദ്യങ്ങള്‍ക്കും ആ നിലവാരം വേണമല്ലോ. ക്വിസ്സ് മാസ്റ്റര്‍ ആദ്യ ചോദ്യം ചോദിച്ചു: “ചോദ്യം ടീം ഏ യോടാണ്‍; നമ്മുടെ രാഷ്ട്ര പതി ആരാണ്?”
ഏപീദെ അദുള്‍ കലാം”- ടീം എ.
ടീം എ പറഞ്ഞ ഉത്തരം.........................ശരിയാണ്. ടീം എ ക്കു അഞ്ചു പോയിന്റ്” ക്വിസ്സ് മാസ്റ്റര്‍ .
ടീം എ യുടെ കയ്യടി.
“അടുത്ത ചോദ്യം ടീം ബി യോടാണ്. കേരളത്തില്‍ എത്ര ജില്ലകളുണ്ട്?“
ടീം ബി അല്ല, ടീം എ ഉത്രം പറയും” ടീം എ എതിര്‍ത്തു.
“എങ്കില്‍ ശരി, ടീം എ പറയൂ“
പതിനാല്, പതിനാ‍ലു ചില്ലകള്‍” മോള്‍ (ടീം എ) കയ്യടിച്ച് സ്വയം ആസ്വദിച്ച് പറഞ്ഞു.
“അടുത്ത ചോദ്യം: മഴ വന്നാല്‍ ഗ്രീഷ്മ എന്തു ചെയ്യും”; ക്വിസ്സ്മാസ്റ്റര്‍
നനയും” ടീം ബി ചാടിക്കയറി ഉത്തരം നല്‍കി.
അല്ല, ടീം ബി ക്ക് തെത്തിപ്പോയി, മഴ വന്നാല്‍, കുട വാങ്ങും, ജോണ്‍ച് കുട!” ടീം എ തിരുത്തി. ക്വിസ് ഇത്രയുമായപ്പോള്‍, മോള്‍ പറഞ്ഞു, “ഇനി ഞാന്‍ ക്വിസ്മാസ്റ്റര്‍, അച്ചന്‍ ടീം എ“.
മറ്റെല്ലാ ടീം അംഗങ്ങളും സമ്മതിച്ചു.
പുതിയ ക്വിസ്സ് മാസ്റ്ററുടെ ആദ്യത്തെ ചോദ്യം: “ മുട്ടയിടുന്ന ഒരു ജീവിയുടെ പേരു പറയുക”.
അനൂപ്” ടീം സി യുടെ ഉത്തരം റെഡി. കഴിഞ്ഞമാസം മോഡല്‍ പരീക്ഷയ്ക്കു പലതിലും വട്ടപ്പൂജ്യം കിട്ടിയ ടീം ബിയുടെ തല കുനിഞ്ഞു.
ടീം സി യുടെ ഉത്തരം തെത്തിപ്പോയി; കോഴി, കോഴിയാണു മുട്ടയിടുന്നത്. ടീം സിക്ക് പൂജ്യം പോയിന്റ്” ക്വിസ് മാസ്റ്റര്‍.
അടുത്ത ചോദ്യം; പാട്ട് പാടുന്ന ജീവി ഏതാണ്?” ക്വിസ് മാസ്റ്റര്‍
“ചീവീട്” ടീം എ.
അല്ല“ ക്വിസ് മാസ്റ്റര്‍.
മൈന” - ടീം സി“തെത്തിപ്പോയി“-വീണ്ടും ക്വിസ് മാസ്റ്റര്‍.
തവള“-ടീം ബി.
തെറ്റ്“-ക്വിസ് മാസ്റ്റര്‍. എല്ലാ ടീം അംഗങ്ങളും തോറ്റു.
“എങ്കില്‍ ക്വിസ് മാസ്റ്റര്‍ പറയൂ“ എല്ലാ ടീം അംഗങ്ങളും ഒരുമിച്ച് ആവശ്യപ്പെട്ടു. ക്വിസ് മാസ്റ്റര്‍ പറഞ്ഞ ശരിയുത്തരം ബ്ലോഗ്ഗ് വായനക്കാര്‍ക്കു ആര്‍ക്കെങ്കിലും അറിയാമോ? നിങ്ങളുടെ ഉത്തരങ്ങള്‍ അറിഞ്ഞ് കഴിഞ്ഞിട്ട് ക്വിസ് മാസ്റ്റര്‍ പറഞ്ഞ ശരിയുത്തരം അറിയിക്കാം.

Saturday, March 3, 2007

യഹൂ മോഷണം. My protest against plagiarisation of Yahoo India

Yahoo! India plagiarised contents from couple of blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology! When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible. I am protesting against this and joining hundreds of bloggers in this march against blatant corporate plagiarism.
യാഹൂ ഇന്ത്യയുടെ മലയാളം പോര്ട്ടലില്, മലയാളം ബ്ലോഗുകളില് നിന്ന് കുറിപ്പുകള് മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള് നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്, ഇത്രയും നാളായിട്ട് അവര് തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ കൂട്ടായ്മയോട് അവര് മാപ്പ് പറയേണ്ടത് ആവശ്യമാണ്. മാപ്പ് പറയാന് ആവശ്യപ്പെട്ടപ്പോള്, യാഹൂക്കാര്, അവര്ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില് നിന്ന് ഒഴിയാന് ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള് വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില് ആണ്. വെബ് ദുനിയയുടെ സൈറ്റില് അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്, അതിന്റെ ഉത്തരവാദികള് എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു. യാഹൂ എന്ന വന്കിട കുത്തക സാമ്രാജ്യത്തിന്റെ ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില് ഞാനും പങ്കുചേരുന്നു. യാഹൂ മാപ്പ് പറയുക.

Sunday, January 14, 2007

നിറം മങ്ങിയ ഓര്‍മ്മകള്‍: അടിയന്തിരാവസ്ഥ

ബൂലോഗത്തില്‍ പലയിടങ്ങളിലും, 1975ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയെപ്പറ്റി പരമാര്‍ശങ്ങളുണ്ടെങ്കിലും, ഭൂരിപക്ഷം മലയാളം ബ്ലോഗന്മാരും ബ്ലോഗിനികളും,
അക്കാലത്ത് ജനിച്ചിട്ടില്ലാതിരുന്നതിനാലും, അതിന്
നേരിട്ട് സാക്ഷി ആയിരുന്ന ഒരാളന്ന നിലയില്‍ ഒരു പോസ്റ്റ് ഇടണമെന്ന് തോന്നി:
അലഹബാദ് ഹൈക്കോടതി ഇന്ദിരഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി പുറപ്പെടുവിച്ച ഒരു വിധിയാണ് അടിയന്തിരാവസ്ഥ അടിച്ചേല്പിക്കാ‍ന്‍ കാരണമായത്.
പൌരാവകാശങ്ങള്‍ ഇല്ലാതാക്കിയെങ്കിലും, അടിയന്തിരാവസ്ഥ ക്കാലം ഒരു സംതൃപ്ത കാലമായി അവതരിപ്പിക്കുകയായിരുന്നു എല്ലാ മാദ്ധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ ചെയ്തത്.
അടിയന്തിരാവസ്ഥയെ അനുകൂലിക്കാതിരുന്ന എല്ലാ പത്രമാദ്ധ്യമങ്ങളുടെയും വായ് മൂടിക്കെട്ടി. മലയാള മനോരമയും മറ്റും, അടിയന്തിരാവസ്ഥയെ വാനോളം പുകഴ്ത്തിയപ്പോള്‍, ദേശഭിമാനി എതിര്‍ത്തുകൊണ്ടു മുഖപ്രസംഗം എഴുതി. സെന്‍സര്‍ ചെയ്യപ്പെട്ട തിനാല്‍ വെളിച്ചം കാണാന്‍ ആ മുഖപ്രസംഗത്തിനായില്ല. മുഖപ്രസംഗത്തിനു പകരം അത്രയും ഭാഗം കറുത്ത ബോര്‍ഡറിനുള്ളില്‍ ഒഴിച്ചിട്ടുകൊണ്ടാണ് പിറ്റെ ദിവസത്തെ പത്രം പുറത്തിറങ്ങിയത്. എന്നാ‍ല്‍ അതും സെന്‍സര്‍ ചെയ്യപ്പെട്ടു. മുഖപ്രസംഗം ഇല്ലാതെ അത്രയും സ്ഥലം blank ഇട്ട് പത്രം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ല എന്ന ഔദ്യോഗിക ഭീഷണി മറികടക്കാന്‍, “ഞങ്ങള്‍ അതു നിര്‍ത്തുന്നു“ എന്ന ഒറ്റവാചകം എഴുതിക്കൊണ്ട് മുഖപ്രസംഗങ്ങള്‍ ഒഴിവാക്കിയാണ് ദേശാഭിമാനി പിന്നീട്
എല്ലാ ദിവസവും പത്രം പുറത്തിറക്കിയത്. ടി വി യും കേബിളുമൊന്നും ഇല്ലാത്ത കാലമായിരുന്നതിനാല്‍ റേഡിയോഒരു നല്ല വിനോദോപാധിയും വാര്‍ത്താ മാദ്ധ്യമവുമായിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച 20 ഇന പരിപാടിയുടെ പ്രചാരണവും, അടിയന്തിരാവസ്ഥയുടെ ആവശ്യകതയും, ഗുണഗണങ്ങളുമായിരുന്നു അക്കാലങ്ങളില്‍ റേഡിയോവിലൂടെ മുഴങ്ങിയിരുന്നത്.

ഒരു പ്രമുഖ കവി ( ഒ എന്‍ വി ആണെന്നു തോന്നുന്നു) യാല്‍ രചിക്കപ്പെട്ട “ഇരുപത് തിരിയിട്ട നിലവിളക്ക്“ എന്നു തുടങ്ങുന്ന ഒരു ഗാനം സ്ഥിരമായി കേള്‍ക്കാമായിരുന്നു. അടിയന്തിരാവസ്ഥ തുടങ്ങി, ഇരുപതിന പരിപാടികളുടെ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന തിനിടയില്‍, സ‍ഞ്ചയ് ഗാന്ധി തന്റെ വക ഒരു അഞ്ചിന പരിപാടി കൂടി പ്രഖ്യാപിച്ചു. അടിയന്തിരാവസ്ഥയെ തന്റെ കഥാപ്രസങ്ങത്തിലൂടെ പരിഹസിച്ചു എന്ന കാരണത്താല്‍ ജയിലിലടക്കപ്പെട്ട വി. സാംബശിവന്‍, അടിയന്തിരാവസ്ഥ പിന്‍ വലിച്ചതിനുശേഷം അവതരിപ്പിച്ച കഥാപ്രസംഗങ്ങളില്‍ പറഞ്ഞിരുന്ന ഒരു നര്‍മോക്തി, ഇങ്ങനെ:
“ അമ്മ ഇരുപതു തിരിയിട്ട നിലവിളക്ക് കത്തിച്ചു വച്ചപ്പോള്‍ മോനു സഹിച്ചില്ല, മോനും പറഞ്ഞു, കിടന്നു കത്തട്ടെ ഒരഞ്ചു തിരികൂടി എന്റെ വക!”
രസകരമായ മൊറ്റൊന്നു ഓര്‍മവരുന്നത് സുകുമാര്‍ അഴിക്കോടിന്റെ (പഴയ ഓര്‍മയില്‍നിന്നാണ് എഴുതുന്നതിനാല്‍, കൃത്യമാവണമെന്നില്ല) ഒരു പ്രതികരണമാണ്:
“യാഗം മുടക്കാനെത്തിയ രാക്ഷസന്മാര്‍ ”
എന്ന്, അടിയന്തിരാവസ്ഥയെ എതിര്‍ത്ത് SFI സമരത്തിനിറങ്ങിയപ്പോളാണ് അഴീക്കോട് ആ പ്രസ്ഥാവന ഇറക്കിയത്. അഴീക്കോട് മാത്രമല്ല, മറ്റേതെങ്കിലുമൊരു സാംസ്കാരിക നേതാവോ, സാ‍ഹിത്യകാരനോ, നേരിട്ട് അടിയന്തിരാവസ്ഥയെ എതിര്‍ത്തതില്ല. പില്‍ക്കാലത്ത് ഓ വി വിജയന്‍ പറയുകയുണ്ടായി, തന്റെ “ധര്‍മപുരാണം“ അടിയന്തിരാവസ്ഥയെ വിമര്‍ശിച്ചു രചിച്ചതാണ് എന്ന്. എന്നാല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം, പലരും, തങ്ങള്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരായിരുന്നു എന്നും, തങ്ങളുടെ വായ് മൂടി ക്കെട്ടിയിരിക്കുകയായിരുന്നു എന്നുമൊക്കെ ഘോഷിച്ചിരുന്നു.
പ്രതിപക്ഷ നേതാക്കളീല്‍ പലരും അന്ന് ജയിലില്‍ ആയി. മിക്കവര്‍ക്കും തരക്കേടില്ലാത്ത വിധത്തില്‍ മര്‍ദ്ദനം ഏറ്റു. അന്ന് പല കോണ്‍ഗ്രസ്സ് കാര്‍ക്കും, സിപിഐക്കാര്‍ക്കും തങ്ങള്‍ക്ക് ഒതുക്കണമെന്നു തോന്നുന്നവരെ പോലീസിനു ഒറ്റിക്കൊടൂക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. പോലീസു കണ്ടെത്തിയ ഒരു നൂതനവും കിരാതവുമായ പീഡ്ഡന മുറയായിരുന്നു, ഉരുട്ടല്‍. ജയറാം പടിക്കല്‍, പുലിക്കോടന്‍ നാരായണന്‍, ലക്ഷ്മണ തുടങ്ങിയ പോലീസുദ്യൊഗസ്ഥന്മാര്‍ക്കയിരുന്നു
മര്‍ദ്ദനമുറകളുടെ ആസൂത്രണം ചുമതല. അന്ന് എം എല്‍ ഏ ആയിരുന്ന വീ എസിനും, പിണറായി സഖാവിനും, കൊടിയേരി മുതലായവര്‍ക്കും ജയില്‍ വാസം അനുഭവിക്കെണ്ടിവന്നു. (അന്നു ലഭിച്ച കിരാതമായ പോലീസ് മര്‍ദ്ദനങ്ങള്‍ ഇപ്പോള്‍ സഖാക്കള്‍ ഓര്‍ക്കുന്നുണ്ടാവില്ല എന്നതു വ്യക്തമാണ്). താഴെക്കിടയിലുള്ള പല സി പി എം നേതാക്കളും ജയിലില്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായി. ഏറ്റവും ഉന്നതരായ നേതാക്കന്മാരെ ഒഴിവാക്കിക്കൊണ്ടാണു അറസ്റ്റും മര്‍ദ്ദനവും നടത്തിയിരുന്നത്. പക്ഷെ പുറത്ത് നിന്നിരുന്നവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല.

പലരും, പോലീസ് കസ്റ്റഡിയിലാവുകയും പിന്നീട് കാണാതാവുകയും ചെയ്തു. രാജനും
വര്‍ക്കല വിജയനുമെല്ലാം അക്കൂട്ടത്തില്‍ പെടും. ഇക്കാര്യങ്ങളൊന്നും പൊതു ജനം അറിഞ്ഞിരുന്നില്ല. കേരളീയരെ അടിയന്തരാവസ്ഥക്കു അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ച സംഗതി, “അടിയന്തിരാവസ്ഥ ജന നന്മയ്ക്ക് “ എന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ ജനം
ഒന്നാകെ മയങ്ങിയതാവാം. കേരളീയന്റെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും, വായനാശീലവുമെല്ലാം ഇന്ദിരാ സര്‍ക്കാര്‍ നന്നായി മുതെലെടുത്തു. മാധ്യമ പ്രചാരണങ്ങളിലൂടെ കേരളീയരെ കയ്യിലെടുത്തുവെങ്കിലും, അക്ഷരാഭ്യാസം കുറഞ്ഞ, വായനാശീലം അത്രയ്ക്കൊന്നുമില്ലാത്ത വടക്കെ ഇന്‍ഡ്യന്‍ ഗ്രാമീണരെ വശത്താക്കന്‍ അവര്‍ക്കു കഴിഞ്ഞില്ല. അന്നു നടന്ന അതിക്രമങ്ങള്‍- നിര്‍ബ്ബന്ധ വന്ധ്യംകരണവും, “ചേരി” നിര്‍മാര്‍ജ്ജനവുമെല്ലാം വാമൊഴിയായി നാടെങ്ങും പരന്നു. അടിയന്തിരാവസ്ഥ യുടെ അന്ത്യ ഘട്ടത്തില്‍ നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ അതി ദയനീയമായി, ഇന്ദിരാ സര്‍ക്കാര്‍ പരജയപ്പെട്ടെങ്കിലും, കേരളത്തില്‍ കോണ്‍ഗ്രസ്സ് തകര്‍പ്പന്‍ വിജയം കൈ വരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പു വിജയം അഘോഷിക്കാന്‍ കൊണ്‍ഗ്രസ്സിനും, കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് തോറ്റതിലും അടിയന്തിരാവസ്ഥ പിന്‍ വലിക്കപ്പെട്ടതിലും മതിമറന്നു ആഹ്ലാദിക്കാന്‍ അന്നു കേരളത്തില്‍ ഇടതു പക്ഷത്തിനും ആയില്ല. തെരഞ്ഞെടുപ്പില്‍ ഇന്ദിരഗാന്ധി തോറ്റതിനുശെഷം കേരളത്തിലും, വലിയ രാഷ്ട്രീയ ചലനങ്ങളുണ്ടായി. ആധര്‍ശധീരനായി അറിയപ്പേടുന്ന ആന്റണി സാര്‍, ഇന്ദിരഗാന്ധി യുടെ പിറകില്‍ പാറ പോലെ ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം തന്നെ നിലപാടു മാറ്റി. പക്ഷെ കരുണാകരന്‍ ഇന്ദിരാഗാന്ധിക്ക് എന്നും തുണയായി നിന്നു. ഓര്‍ക്കുമ്പോള്‍ തമാശതൊന്നുന്ന മറ്റൊരു കാര്യം മലയാള മനോരമയുടെ മലക്കം മറിച്ചിലാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിനു തൊട്ട്മുന്‍പു വരെ തേനോലുന്ന ഭാഷയില്‍ അടിയന്തിരാവസ്ഥയെയും, കാ‍രണക്കാരിയെയും വാനോളം പുകഴ്ത്തിയ മനൊരമ
രണ്ട് ദി വസത്തിനുള്ളില്‍തന്നെ നിലപാടു മാറ്റി. തലേന്നു വരെ ഇന്ദിരാജി എന്നു വിശേഷിക്കപ്പെട്ട ആള്‍ പിറ്റേന്ന് “ആ സ്ത്രീ“ ആ‍യി മാറി!!

അവിടന്നങ്ങോട്ട് ഒരു മത്സരം തന്നെ, പത്രങ്ങള്‍ തമ്മില്‍, അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങള്‍ വായനക്കാരെ ആരാണു ഏറ്റവുമധികം അറിയിക്കുന്നത് എന്ന കാര്യത്തില്‍!
പ്രഖ്യാപിച്ചു 19 മാസങ്ങള്‍ക്ക് ശേഷം ( 1977) ആടിയന്തിരാവസ്ഥ പിന്‍ വലിക്കപ്പെട്ടു.

Tuesday, January 2, 2007

ദേശസ്നേഹം

ദേശ സ്നേഹം

ബൂലോഗക്ലബില്‍ നടക്കുന്ന സദ്ദാം വധ വുമായിബന്ധപെട്ട ചര്‍ച്ചയില്‍ പരമര്‍ശിക്കപ്പെട്ട വിഷയമാണ് “ദേശസ്നേഹം“. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് സിംഗപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതെഴുതുന്ന ആള്‍ക്ക് ഒരു അവസരം ലഭിച്ചു. ഒരു ദിവസം വൈകീട്ട് Little India എന്നറിയപ്പെടുന്ന ഒരു പ്രദേശത്തു നിന്നും Slim lim ലെക്കുള്ള വഴി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ എന്റെ മുന്നില്‍ വന്നു പെട്ട ഇന്‍ഡ്യന്‍ വംശജന്‍ എന്നു തോന്നിക്കുന്ന ഒരാളെ കണ്ടത്. അദ്ദേഹത്തിന്റെ അടുത്ത് ചെന്നു എനിക്കു പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു. ഇംഗ്ലീഷിലാണ് ഞാന്‍ സംസാരിച്ചത്. എന്റെ ചോദ്യം കേട്ട് അദ്ദേഹം എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കി.
എന്നിട്ട് ഇംഗ്ലീഷില്‍ ഒരു മറു ചോദ്യം “ നീ ഇന്‍ഡ്യക്കാരനല്ലേ” ഞാന്‍ അതേ എന്നുത്തരം പറഞ്ഞു. പെട്ടെന്നു ആ മനുഷ്യന്റെ മുഖഭാവം ആകെ മാറി വികാരാധീനനായി. പിന്നെ സംസാരിച്ചത് മുഴുവനും ഹിന്ദിയിലായിരുന്നു. അയാള്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നു:
“ നീ ഒരു ഇന്‍ഡ്യക്കാരനല്ലെ?
പിന്നെ എന്തിനാ എന്നോട് ആംഗലേയത്തില്‍ സംസാരിച്ചത്?
നിനക്ക് ദേശസ്നേഹം എന്ന ഒന്നില്ലേ?“അപ്രതീക്ഷിതമായ ആ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു. എനിക്ക് പെട്ടെന്ന് ഒരു മറുപടി പറയാന്‍ കഴിഞ്ഞില്ല.
“ ഒരു ഇന്‍ഡ്യക്കാരനായിട്ടും, മറ്റൊരിന്‍ഡ്യക്കാരനായെ എന്നോട് രാഷ്ട്ര ഭാഷ സംസാരിക്കത്ത നിനക്ക് ഞാന്‍ വഴി പറഞ്ഞ് തരുന്ന പ്രശ്നമേയില്ല” എന്നും പറഞ്ഞ് അയാള്‍ “അഭിമാന പൂരിതമായ അന്തരംഗവുമായി“ നടന്നു നീങ്ങി.

അന്നു എന്റെ മന്‍സ്സില്‍ തോന്നിയ വികാരം ഒരിക്കല്‍ കൂടി തോന്നിയത് ബൂലോഗത്തിലെ പോസ്റ്റുകള്‍ വായിച്ചപ്പോളാണ്.

ദേശസ്നേഹം പ്രകടമാക്കുന്ന എത്രയെത്ര പോസ്റ്റുകളാണ് ദിവസവും! വിദേശത്ത് പോയി കഷ്ടപ്പെട്ട് കുറെ പണം സമ്പാദിച്ചതിനുശേഷം ദേശ സ്നേഹത്തിന്റെ ഉള്‍വിളിയാല്‍ സ്വദേശത്ത് ചേക്കേറാന്‍ ശ്രമിക്കുന്ന മലയാളി കുടുംബം. ഭാരതീയരായ ( കുറച്ചുകൂടി കൂടുതല്‍ ദേശഭക്തിയുള്ളവര്‍ക്കു കേരളീയര്‍ എന്നും ആവാം) സ്വദേശികള്‍‍, രാഷ്ട്രീയക്കാരുടെയും തല്പരകക്ഷികളുടേയും മറ്റും മാസ്മരിക വലയത്തില്‍ പെട്ട് ഹര്‍ത്താലും ബന്ദും നടത്തി നാട് മുടിപ്പിക്കുന്നതില്‍ കരളുരുകുന്ന വിദേശ മലയാളികള്‍ ( നാടനും ഉണ്ടെന്നു തോന്നുന്നു)
ബാഗ്ദാദില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കേണ്ട, കാരണം, പെയ്യേണ്ട മഴ പെയ്തു കഴിഞ്ഞില്ലേ എന്നു ആശ്വസിക്കുന്ന വിശ്വ പൌരന്മാര്‍.
“മറ്റു രാഷ്ട്ര പൌരന്മാരുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ ഒന്നുമില്ല എന്ന് എപ്പോഴും ആവര്‍ത്തിച്ച് നീ ഒന്നും അത്ര അഹങ്കരിക്കണ്ട എന്നോര്‍മിപ്പിക്കുന്ന ചില സൂപ്പര്‍ പൌരന്മാര്‍.
വയ്യ ഗാന്ധീ, വയ്യ! ( അങ്ങ്, ഉപ്പു സത്യാഗ്രഹവും, സഹന സമരവും, നിരാഹാര സത്യാഗ്രഹവുമൊക്കെ നടത്തിയ കാലത്തു ഇന്റര്‍നെറ്റ് ഇല്ലാതിരുന്നതു ഭാരതാംബയുടെ മഹഭാഗ്യം).


“ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം,

കേരളമെന്നു കേട്ടലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍“

എന്ന് പാടിയവന്‍ ആരയാലും അവനെ......