Sunday, March 25, 2007

കൈമളിന്റെ കേരള സന്ദര്‍ശനം-1

ത്തവണത്തെ വരവ് ഒരു അഘോഷമാക്കണമെന്ന് കരുതി തന്നെ യാണു കൈമള്‍ ചേട്ടന്‍ നാട്ടിലെത്തിയത്. പഴയ കൂട്ടുകാരേയും, ഇ-മെയില്‍ സുഹൃത്തുക്കളെയും കാണുക, കുറെയൊക്കെ ചുറ്റിത്തിരിയുക എന്ന ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ ഒരു വാഹനം വാടകയ്ക്ക് എടുത്തു.

പൊട്ടിപ്പൊളിഞ്ഞ റോഡിലൂടുള്ള യാത്ര അത്രയ്ക്കു രസിച്ചില്ല. ഓരോഗട്ടറിലും വണ്ടി ചാടുമ്പോള്‍, മലയാളത്തിലും ആംഗലേയത്തിലുമുള്ള തെറികള്‍ അറിയാതെ ഉരുവിട്ട് വലതുവശം ചേര്‍ന്ന് യാത്ര തുടരുമ്പോഴാണു അതു സംഭവിച്ചത്: വൃത്തിയായി തുടച്ച് വച്ചിരുന്ന വിന്‍ഡ് സ്ക്രീനില്‍ അതിസാരം ബാധിച്ച ഏതോ ഒരു പറവ കാഷ്ടിച്ചിരിക്കുന്നു! മറ്റൊരവസരത്തിലായിരുന്നു എങ്കില്‍, ആ പക്ഷിയുടെ ചിത്രവും, അതിന്റെ കുടുംബ പശ്ചാത്തലവും ഒക്കെ എടുത്തിട്ടേ കൈമള്‍ അവിടന്ന് മാറുകയുള്ളു. വിന്‍ഡ് സ്ക്രീനിലെ വൃത്തികേട് മാറ്റാന്‍ കൈമള്‍ കാറിന്റെ വൈപ്പര്‍ പ്രവര്‍ത്തിപ്പിച്ചു. എന്നാല്‍ വൈപ്പര്‍ബ്ലേഡ് ഒരു പെയിന്റ് ബ്രഷു പോലെ കാറിന്റെ ചില്ലിനെ പക്ഷിക്കാഷ്ഠം കൊണ്ടു മോടി പിടിപ്പിച്ചു. മുന്നോട്ടുള്ള കാഴ്ച തടസ്സപ്പെട്ടതു കാരണം, ഇനി മുന്നൊട്ട് പോകണമേങ്കില്‍ വിന്ഡ് സ്ക്രീന്‍ കഴുകാതെ നിവര്‍ത്തി ഇല്ലെന്നായി. റോഡരുകില്‍ കണ്ട ഒരു കടയ്ക്കുമുന്നില്‍ തന്റെ തവേര കാര്‍ നിര്‍ത്തി അദ്ദേഹം പുറത്തിറങ്ങി. ഒരു ചെറുക്കന്‍ കടയില്‍നിന്നും കൈമളെ തറപ്പിച്ചു നോക്കി. മലയാളീസിന്റെ തുറിച്ച്നോട്ടം തന്നെ!
ടെയ്, മിനറല്‍ വാട്ടരില്ലെടെ ഇവടെ?” കൈമള്‍ ചോദിച്ചു.
പയ്യന്‍സ് മറുപടി യായി തിരിച്ചൊരു ചോദ്യം, “സാറേ, തണുത്തത് ഇല്ല. തണുവില്ലാത്തതു മതിയോ?”
ഏതേലൊന്നു എടുക്കട” കടയ്ക്കുള്ളില്‍ നിന്നും ഒരു കുപ്പിയെടുത്ത് പയ്യന്‍ കൈമളിനുനേര്‍ക്ക് നീട്ടി. ഒരു ലോക്കല്‍ ബ്രാന്റാണു അതെന്നു കൈമള്‍ ആകുപ്പിയിലെ ലേബലില്‍ നോക്കി മനസ്സിലാക്കി. ഈകോളി, ഹെപ്പറ്റിറ്റിസ് വൈറസ്സ് എന്നിവരൊക്കെ കുപ്പിക്കുള്ളില്‍ ഉണ്ടാവുമെന്നു കൈമളിനു തോന്നി. ഏതെങ്കിലും മള്‍ട്ടി നാഷണല്‍ കമ്പനിക്കാരുടെ കുടിവെള്ളം ഉണ്ടോ എന്നന്വേഷിച്ച അദ്ദേഹത്തോട് പയ്യന്‍ പറഞ്ഞു, “സാറെ, റോയല്‍ ചലഞ്ചിന്റെ ക്ലബ് സോഡ ഉണ്ട് മതിയോ?”
സോഡ. അതൊരു നല്ല പരിപാടിയാണെന്ന് കൈമള്‍ക്കു തോന്നി. കുപ്പി നന്നായി കുലുക്കി ഒരു സ്പ്രേ പോലെ ഉപയോഗിക്കാമെന്ന് കൈമള്‍ കണക്കു കൂട്ടി. എന്നാല്‍ കുപ്പി കയ്യില്‍ വാങ്ങി തുറക്കാന്‍ ശ്രമിച്ചപ്പോള്‍, അടപ്പു തുറന്നു വരുന്നില്ല! ഈ മല്ലൂസിന്റെ ഒരു കാര്യം- ഒരു കുപ്പി പോലും മര്യാദയ്ക്ക് തുറക്കാന്‍ പറ്റുന്ന വിധത്തില്‍ ഉണ്ടാക്കാന്‍ അറിയില്ല. കൈമള്‍ മനസ്സിലോര്‍ത്തു, എന്നിട്ട് പയ്യനോടു മൊഴിഞ്ഞു, “എട കുട്ടാ, ഇതൊന്നു തുറന്നു താ
പയ്യന്‍ അകത്തുനിന്നും ഒരു കത്തിയെടുത്ത് കുപ്പിയുടെ അടപ്പ് തുറക്കുമെന്നാണു കൈമള്‍ കരുതിയത്. എന്നാല്‍ അല്‍ഭുതം: കുപ്പി കയ്യില്‍ കിട്ടിയപാടെ പയ്യന്‍ കുപ്പിയുടെ അടപ്പ് തുറന്ന് കൈമളിനെ ഏല്‍പ്പിച്ചു. കൈവെള്ളയാല്‍ കുപ്പിയുടെ വായ് അടച്ച് നന്നായൊന്നു കുലുക്കി കുപ്പിയിലെ വെള്ളം കാറിന്റെ ചില്ലിലേക്ക് സ്പ്രേ ചെയ്തു. അതോടോപ്പം വൈപ്പറും പ്രവര്‍ത്തിപ്പിച്ചു. സംഗതി ക്ലീന്‍. ഒന്നു മുഖം കൂടി കഴുകാമെന്ന് വച്ച് നോക്കിയപ്പോള്‍ കുപ്പി കാ‍ലി.
ഏയ് പയ്യന്‍, ഒരു കുപ്പി കൂടി “, കൈമള്‍ ആവപ്പെട്ടു. കൈമളിന്റെ ക്ലീനിങ് സാകൂതം നോക്കി രസിക്കുകയായിരുന്നു പയ്യന്‍സ്. റോയല്‍ ചലഞ്ചിന്റെ ഒരു കുപ്പി സോഡ കൂടി പയ്യന്‍ കൈമള്‍ക്കു കൊടുത്തു.
തുറക്കണോ സാര്‍“, പയ്യന്റെ സ്വരത്തില്‍ ഒരു പരിഹാസച്ചുവയുണ്ടോ? കൈമളിനൊരു സംശയം. അങ്ങനെയങ്ങ് വിട്ടുകൊടുത്ത്കൂടാ. അവനു ഒരു നിമിഷം കൊണ്ടു തുറക്കാമെങ്കില്‍ തനിക്കും അതാവുമെന്നു കാണിച്ച് കൊടുക്കണം. അദ്ദേഹം കുപ്പി വാങ്ങി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ പയ്യന്‍സ് ഒരു ക്ലൂ കൊടുത്തു: “സ്സാറേ, വലത്തേക്കല്ലാ, ഇടത്തേക്ക് തിരിച്ചാ അടപ്പ് തുറക്കേണ്ടത്“. തനിക്കു പറ്റിയ അമളി അപ്പോഴാണു കൈമളിനു മനസ്സിലായത്. മുഖത്ത് വന്ന ചമ്മല്‍ അറിയിക്കാതെ ഒരു നൂറുരൂപ നോട്ട് എടുത്ത് പയ്യനു കൊടുത്തു. ബാക്കി വാങ്ങണോ എന്നു ഒരു നിമിഷം ആലോചിച്ചു. അഴുക്കും പൊടിയും നിറഞ്ഞ പഴകിയ നോട്ടുകളായിരിക്കും തിരിച്ചു തരിക എന്നും അത് കയ്യില്‍ എടുത്താല്‍ കൂടെ കിട്ടുന്ന രോഗാണുക്കളെപ്പറ്റിയും കയ്മള്‍ ചിന്തിച്ചു. അദ്ദേഹം കാറില്‍ കയറി എഞ്ചിന്‍ സ്റ്റാര്‍ട് ചെയ്തു. കടയ്ക്കകത്ത് നിന്നും പയ്യന്‍സ് വിളിച്ചു പറഞ്ഞു, “സാറെ ബാക്കി-“
ബാക്കി നീ കയ്യില്‍ വച്ചോ”, കൈമള്‍. രോഗാണുക്കള്‍ തനിക്കു വേണ്ട!പയ്യന്‍ കാറിനടുത്തേക്ക് ഓടി വന്നു. “സാറ് തെക്കോട്ടല്ലേ പോവുന്നത്?. ഇവിടുന്ന് ഒരു കിലൊ മീറ്റര്‍ പോയാല്‍ ബിദ്ധി മാന്ദ്യമുള്ളവരെ പരിശീലിപ്പിക്കുന്ന ഒരു സ്ഥാപനമുണ്ട്. സാറിനു ബാക്കി ആവശ്യമില്ല എങ്കില്‍ ഈ കാശ് അവര്‍ക്ക് സഭാവന ചെയ്യൂ. അവര്‍ക്ക് സന്തോഷമാവും“. അടഞ്ഞ് കൊണ്ടിരുന്ന കാര്‍ വിന്‍ഡൊയിലൂടെ ബാക്കി തുക കാറിലേക്കിട്ട് പയ്യന്‍ തിരിഞ്ഞു നടന്നു. ലവന്റെ ഒരു പൊങ്ങച്ചം! കാറ് നീങ്ങിത്തുടങ്ങിയപ്പോള്‍ കൈമള്‍ ആലോചിച്ചതു മലയാളീസിന്റെ പൊങ്ങച്ച മനോഭാവത്തെ പറ്റി ആയിരുന്നു. ഈ മലയാളീസിനെയെല്ലാം മന്ദ ബുദ്ധി വിദ്യാലയത്തില്‍ ചേര്‍ത്ത് പരിശീലനം കൊടുക്കേണ്ടതാണ് എന്ന് മനസ്സിലോര്‍ത്ത് കൈമള്‍ വണ്ടിയുടെ ഗിയര്‍ മാറ്റി.

35 comments:

മണി said...

ഇതാ ഒരു പോസ്റ്റ്. ഒരു നര്‍മ്മ ഭാവന (നടിയല്ല)എന്ന മട്ടിലാണ് ഇതെഴുതിയത്. മറ്റൊന്നും ധരിക്കരുത്.

സു | Su said...

ഹിഹിഹി. നല്ല സന്ദര്‍ശനം. ബാക്കിയുള്ള ഭാഗങ്ങളും പോന്നോട്ടെ.

Anonymous said...

ഇവിടെ ഒരു അടിക്കുള്ള വകുപ്പു കാണുന്നുണ്ടല്ലോ ;)

നിങ്ങളുടെ ഇക്കാസ് said...

മണി, കലക്കന്‍ പോസ്റ്റ്. (ധരിക്കാനുള്ളതൊക്കെ നേരത്തെ ധരിച്ചിട്ടാണ് വായിക്കാന്‍ കേറിയത്. അതുകൊണ്ട് പുതുതായി ഒന്നും ധരിച്ചില്ല)

ഇത്തിരിവെട്ടം|Ithiri said...

മണീ... നന്നായിരിക്കുന്നു.

ദില്‍ബാസുരന്‍ said...

എഴുത്ത് നന്നായിട്ടുണ്ട് മണീ.. ‘ഭാവന’ കൊള്ളാം.:-)

വിശ്വപ്രഭ viswaprabha said...

പ്രിയപ്പെട്ട മണീ,

നാം മലയാളികള്‍ക്ക് ഇപ്പോള്‍ ചുറ്റും കാണുന്നതൊക്കെ ഒരു തരം നര്‍മ്മഭാവനയാണ്!
പുറത്തുനിന്നു വരുന്നവന്‍ കാണിക്കുന്നതൊക്കെ വെറും പൊങ്ങച്ചവും.
കുപ്പി തുറക്കാന്‍ കൈമള്‍ ബുദ്ധിമുട്ടിയിട്ടുണ്ടെങ്കില്‍ ആ കുപ്പിക്ക് ചെറുതായെങ്കിലും എന്തൊക്കെയോ തകരാറുണ്ട്.

അങ്ങനത്തെ കൊച്ചുകൊച്ചുതകരാറുകളാണ് നമ്മുടെ കേരളത്തെ‍ ഈ ഭൂമിയിലെ സ്വര്‍ഗ്ഗമാക്കി മാറ്റിയത്!
ഹാവൂ... ഓരോ പ്രാവശ്യം അവിടെനിന്നും രക്ഷപ്പെടുമ്പോഴും എന്തൊരു ആശ്വാസമാണെന്ന് അനുഭവിച്ചറിയണം, മണീ, അനുഭവിച്ചറിയണം!

Physel said...

ഇല്ല വിശം...ആത്മാര്‍ത്ഥമായും പറ. അങ്ങിനെ തോന്നാറുണ്ടോ?

18 ആം വയസ്സിലെടുത്ത പാസ്പോര്‍ട്ടിലുള്ള എന്റെ ഫോട്ടോ കണ്ട് ഇത് വ്യാജപാസ്പോര്‍ട്ട് ആണെന്ന് പറഞ്ഞ് 6 മണിക്കൂറോളം തിരോന്തരം എയര്‍പ്പൊര്‍ട്ടില്‍ എന്നെ പിടിച്ചു വെച്ചിട്ടുണ്ട് (കൈക്കൂലി കൊടുത്ത് ഊരിപ്പോരാന്‍ കൂ‍ട്ടാക്കാത്തത് കൊണ്ട്)ഓട്ടോറിക്ഷ തട്ടി വീണ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയത് കൊണ്ട് ഒരു രാത്രിയും, കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ചോദിച്ച ആപ്പീസറെ തെറി പറഞ്ഞതിന് (കൈയ്യേറ്റം ചെയ്തു എന്ന് കേസ്)ഒരു മുഴുവന്‍ ദിവസവും പോലീസ് സ്റ്റേഷനില്‍ കിടന്നിട്ടുണ്ട് ഞാന്‍. (ഇതേ ഞാന്‍ തന്നെ വീടിനു നംബര്‍ പതിച്ചു കിട്ടുവാന്‍ കൈക്കൂലിയും കൊടുത്തിട്ടുണ്ട് - വൈദ്യുതി അത്യാവശ്യമായതിനാല്‍) ചൂടും വൃത്തികേടും ബസ്സിലിരിക്കുമ്പോള്‍ ഭാര്യയുടെ പിന്‍ഭാഗത്ത് ഉറക്കത്തിലെന്നപോലെ പിറകിലിരിക്കുന്നവന്‍ കാലുകൊണ്ട് ചിത്രരചന ചെയ്യുന്ന അഭ്യാസപാടവ സംസ്കാരവും ഒക്കെ അനുഭവിച്ചിട്ടുണ്ട്...എന്നാലും തിരിച്ചു വരുമ്പോള്‍ രക്ഷപ്പെട്ടു എന്നെനിക്കൊരിക്കലും തോന്നിയിട്ടില്ലല്ലോ വിശ്വം (ശരിക്കും ഉള്ളിന്റെയുള്ളില്‍ താങ്കള്‍ക്കും അതു തോന്നിക്കാണില്ല..അങ്ങിനെയായിരുന്നെങ്കില്‍ ഈ ബ്ലോഗ് തന്നെ താങ്കള്‍ എപ്പഴേ ഉപേക്ഷിച്ചേനെ!)

മണീ...കൈമള്‍ ചേട്ടന്റെ യാത്ര തേക്കടി വഴി ആലപ്പുഴയ്ക്കാണോ? (ഇതിനു വിശ്വത്തിന്റെ കമന്റ് ആദ്യഭാഗം കട്ട് പേസ്റ്റ്)

വിചാരം said...

മണി ... ആര്‍ക്കാണ് കൊട്ടിയത് എന്നു വ്യക്തം പക്ഷെ അയാള്‍ പറഞ്ഞത് ഒത്തിരി സത്യങ്ങളാണ് എന്നത് സത്യമല്ലേ

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: നല്ല ഭാവന.. (നടിയല്ല)

Satheesh :: സതീഷ് said...

രസിച്ചു വായിച്ചു !
ഫൈസല്‍ പറഞ്ഞതിനോട് തീര്‍ത്തും യോജിക്കുന്നു. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും, തിരിച്ചുപോരന്നേരം ഒരിക്കലും വിശ്വം പറഞ്ഞ ആ ആശ്വാസം എനിക്കനുഭവപ്പെട്ടിട്ടില്ല..സങ്കടം വളരെയേറെ അനുഭവപ്പെടാറുണ്ട് താനും..

::സിയ↔Ziya said...

കൊള്ളാട്ടോ...ഈ ആക്കത്സ് തന്നെ മല്ലൂസ്...ല്ലേ കുട്ടാ.. ചുമ്മാ പറഞ്ഞയാ..നര്‍മ്മ (നടിയല്ലാത്ത) ഫാവന പോരട്ടെ പോരട്ടെ

ദേവന്‍ said...

മണീ,
കഥ വായിച്ചു. ഈ കൈമള്‍ എന്തൊരു എമ്പോക്കി, നാട്ടില്‍ തെണ്ടി കൂമ്പുവാടിയപ്പോള്‍ ഗാനമേള ട്രൂപ്പില്‍ കര്‍ട്ടന്‍ പിടിക്കാരനായി അമേരിക്കയില്‍ പോയി മുങ്ങി പെട്രോള്‍ പമ്പില്‍ നിന്നിട്ടോ ബ്ലോക്ക്‌ വിസയില്‍ കഡപ്പകളോടൊപ്പം അറബി നാട്ടില്‍ പോയി റോഡ്‌ അടിച്ചു വാരിയിട്ടോ നാട്ടില്‍ തിരിച്ചു വന്ന് സര്‍വ്വം പുച്ഛിച്ച്‌ നടക്കുന്നവന്‍ എന്ന് എഴുതാന്‍ ആഞ്ഞതാ.

അപ്പോഴാണ്‌ ഇയാള്‍ എന്താ ഈ പറയുന്നതെന്ന് ആലോചിച്ചത്‌.
1. റോഡ്‌
അന്യായ റോഡ്‌ ടാക്സ്‌ നമ്മളോട്‌ പിരിക്കുന്നതല്ലേ, പോരാഞ്ഞിട്ട്‌ എതു ഗട്ടറില്‍ ടാറിട്ടാലും അവിടെല്ലാം ടോള്‍ ഗേറ്റ്‌ വച്ചും കാശുവാങ്ങുന്നില്ലേ, പുറം നാടു പോട്ട്‌, തമിഴ്നാട്‌, ആന്ധ ഒക്കെ പോലെ എങ്കിലും ഒന്നു ശരിയാക്കിയിട്ടാല്‍ സര്‍ക്കാരിനടക്കുന്ന പൈസക്ക്‌ ഫലമുണ്ടെന്ന് നമുക്കു തന്നെ തോന്നില്ലേ

2. ഈ-കോളി, ഹെപാറ്റിസിസ്‌
കൈമള്‍ നാലക്ഷരം നാടിനെക്കുറിച്ച്‌ വായിച്ചിട്ടുള്ള ആളു തന്നെ. ഉദാഹരണത്തിന്‌ കൊല്ലം ജില്ലക്കു മൊത്തം കുടിവെള്ളം നല്‍കുന്ന ശാസ്താം കോട്ട തടാകത്തില്‍ ഈ-കോളി -ഓ കള, ലാബിലെ ഹൈ ഫൈ ജാര്‍ഗണൊന്നും വേണ്ട, ഈ കുന്തം ഉള്ള അമേദ്ധ്യത്തിന്റെ അംശം- കുടിവെള്ളത്തിനു അനുവദനീയമായതിന്റെ അഞ്ഞൂറ്‌ ഇരട്ടിയാണ്‌.
നാളേം വെള്ളം കുടിക്കുന്നേടത്ത്‌ നാട്ടുകാര്‍ ലണ്ടനില്‍ പോകുകയും ഓട തുറന്നു വിടുകയും ചെയ്യും, അത്‌ അങ്ങനെ ആയിരമായി, പതിനായിരമായി. പോരാ പോരാ നാളില്‍ നാളില്‍ ദൂര ദൂരം
ഉയരട്ടെ..

ഹെപാറ്റിസിസ്‌ വൈറസിനെ വളര്‍ത്തി പൊതുജനസമക്ഷം ഏല്‍പ്പിക്കുന്നതില്‍ കോട്ടയം മെഡിക്കല്‍ കോളേജ്‌ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്‌. ഈ ആശുപത്രി ബയോ വേസ്റ്റ്‌ വഴിയും അഴുക്കൊഴുക്കിയും ഭൂഗര്‍ഭ ജലം വരെ മഞ്ഞപ്പിത്താണുവിനെ വിട്ടതിന്റെ ഫലമായി അവിടെ മരിച്ച മെഡിക്കല്‍ സ്റ്റുഡന്റ്‌ എത്ര, രോഗികള്‍ എത്ര, കോട്ടയം നിവാസികള്‍ എത്ര എന്നൊക്കെ കൈമള്‍ നോക്കിക്കോളും, നമുക്ക്‌ രാവിലെ പത്രത്തില്‍ അന്നന്നു വരുന്ന പീഡനക്കഥയും കൂട്ടക്കൊലയും വായിച്ച്‌ രസിക്കാം, വൈകിട്ട്‌ സീരിയലോ കള്ളോ എന്താന്നു വച്ചാല്‍ നുണഞ്ഞ്‌ മയങ്ങാം.

ഒരേ കസേരയില്‍ ഇരിക്കുന്നവര്‍ കുറച്ചു വര്‍ഷം കൊണ്ട്‌ വ്യവസ്ഥയുടെ ശരിയും തെറ്റും കാണാതാകുമെന്നതിനാല്‍ ജോബ്‌ റൊട്ടേഷന്‍ നടത്താറില്ലേ കമ്പനികള്‍, അതുപോലെ പുത്തന്‍ ദേശിസായിപ്പും ഹോളണ്ടില്‍ പോകാന്‍ പൈസയില്ലാത്തതുകൊണ്ട്‌ ആലപ്പുഴക്കു വന്ന എച്ചി സായിപ്പും ഈ റൊട്ടേഷന്‍ ജോലിക്കാരെ പോലെ ഓരോന്നു പൊക്കിക്കോണ്ട്‌ വരും. എന്റെ സെക്ഷനില്‍ ആനയുണ്ട്‌, ഇവിടെ ചേനയേ ഉള്ളെടാ എന്ന രീതി തോന്നും, എന്നാലും അതില്‍ നിന്നും പഠിക്കാം, നമള്‍ എന്നും കണ്ട്‌ ശ്രദ്ധിക്കാതെ പോയത്‌.

അങ്ങനെ ഓരോന്നു കേട്ട്‌ ആക്ഷേപം തോന്നുമ്പോഴെങ്കിലും ആ കടക്കാരന്‍ പയ്യന്‍ രാത്രി ആ വഴി പോകുന്ന വാനില്‍ നിന്നും എടുത്തെറിയുന്ന ഇറച്ചി വെട്ടു വേസ്റ്റ്‌ തനിക്കു പ്രശ്നമാണെന്നു മനസ്സിലാക്കും. മണല്‍ വാരിയാല്‍ പിന്നെ ബോട്ടിംഗ്‌
നടത്താനല്ല കൌപീനം കഴുകാന്‍ പോലും ഒരു പുഴയില്ലാതെ വരുമെന്ന് മനസ്സിലാക്കും. അങ്ങനെ മനസ്സിലാക്കേണ്ട കാര്യങ്ങള്‍ അക്കമിട്ടെഴുതിയാല്‍ ഒരു പോസ്റ്റില്‍ തീരില്ലല്ലോ.

പലരും നാടുമായുള്ള ബന്ധത്തെക്കുറിച്ച്‌ എഴുതി കണ്ടു. ഇത്രയും ബന്ധമുള്ള നാടിനെ നമുക്ക്‌ നന്നാക്കാന്‍ എന്തു ചെയ്യാമെന്നും കൂടെ ആലോചിക്കൂ.

കുടിയനായ ഭര്‍ത്താവിനോട്‌ ഭാര്യക്കുള്ളതുപോലെ ഒരു വിഷമവും, വേദനയും, നിരാശയും കലര്‍ന്ന സ്നേഹമാണ്‌ നാടിനോടെനിക്ക്‌. ഇങ്ങേരിതെന്നു നന്നാകും, എന്റെ കൂടെ ഒരു വൈകുന്നേരം സംസാരിച്ചിരിക്കും, ഞാന്‍ ചട്ടിയും കലവുമെറിഞ്ഞ്‌ പാഴാംഗം പറയുന്ന അവസ്ഥ ഇല്ലാതാക്കും.. ഒരു പിടിയുമില്ല. എങ്കിലും അങ്ങേര്‍ ഒന്നു കാലിടറി വീണാല്‍ ഈ ബാറ്റര്‍ ചെയ്യപ്പെട്ട പെമ്പ്രന്നോരു നിലവിളിക്കും...

അപ്പു said...

Enjoyed

kaithamullu - കൈതമുള്ള് said...

മണി മണി പോലെയാ മണി എഴുതിയ കാര്യങ്ങള്‍!
കൈമള്‍ കേരളമാകെ ഒന്ന് കറങ്ങട്ടെ, പെട്ടെന്ന് തിരിച്ച് വിളിക്കണ്ടാ ട്ടോ!

Ralminov റാല്‍മിനോവ് said...

നാലാളറിയുന്നവരെ "ഞോണ്ടി"യാലല്ലേ ഞമ്മട ബ്ലോഗിലും ആളു് കേറൂ ! കഷ്ടം.

നര്‍മ്മഭാവന അവനവന്റെ നേരെ പ്രയോഗിച്ചുനോക്കൂ. ഫലമുണ്ടാകും.

മണി said...

പ്രിയ സുഹൃത്തുക്കളെ,
ആസ്വദിച്ചും, വിമര്‍ശിച്ചും എഴുതിയ അഭിപ്രായങ്ങള്‍ക്കു നന്ദി. മനസ്സിന്റെ പിരി മുറുക്കം കുറക്കാന്‍ അല്പമൊക്കെ നര്‍മ്മമാകാമെന്നാണു എനിക്കു തോന്നുന്നത്. നമ്മള്‍ നമ്മുടെ വളരെ അടുത്ത കൂട്ടുകാരെപ്പോലും കളിയാക്കാറില്ലേ? ആ കളിയാക്കല്‍ മിക്കപ്പോഴും കളിയാക്കുന്നവരും കളിയാക്കപ്പെടുന്നവരും ആസ്വദിക്കുകയും ചെയ്യുമെന്നാണ് എന്റെ അനുഭവത്തില്‍ എനിക്കു മനസ്സിലായത്. കാര്‍ട്ടൂണിസ്റ്റ് ശങ്കറും ജവഹര്‍ലാല്‍ നെഹ്രുവും തമ്മിലുണ്ടായിരുന്ന ബന്ധം ഓര്‍ക്കുക. കളിയാക്കുമ്പോള്‍ അല്പം ചിന്തിക്കാനും അതു കാരണമാകുന്നുവെങ്കില്‍ പരിഹാസത്തിനു മൂര്‍ച്ചയും അസാദ്യതയും കൂടും. സുചിത്തിന്റെ കാര്‍ടൂണുകള്‍ ബ്ലോഗില്‍ വളരെ അധികം ആസ്വദിക്കപ്പെടുന്നത് അതുകൊണ്ടാണ്.
ഒരാള്‍ മറ്റൊരാളെക്കുറിച്ച് ഒരു പരിഹാസമോ തമാശയോ പൊട്ടിക്കുമ്പോള്‍, അതു തനിക്കും തിരിച്ച് കിട്ടുമെന്ന ബോധത്തോടെ തന്നെയാണ് ഈ പോസ്റ്റ് ഇട്ടത്. ഇതെഴുതുന്ന ആളെ കളിയാക്കി മറ്റൂള്ളവര്‍ ചിരിക്കുകയോ സന്തോഷിക്കുകയോ ചെയ്താല്‍ അതില്‍ വിഷമിക്കുകയില്ല ഞാന്‍; മറിച്ച് എനിക്കെന്തങ്കിലും തിരുത്താനുള്ളത് അതില്‍ നിന്നും ലഭിക്കുകയാണെങ്കില്‍ സംതൃപ്തിയും തോന്നും.
ശരിയാണ് റല്‍മിനോവ്, വിചാരം, ഞാനൊന്നു ഞോണ്ടിയത് തന്നെയാണ്. പക്ഷെ അതെന്റെ ബ്ലോഗില്‍ ആളെ കൂട്ടാനുള്ള നുറുങ്ങ് വേലയൊന്നുമല്ല. എന്റെ കഥാ പാത്രമായ കൈമള്‍ വളരെ കഴിവുകളുള്ള വ്യക്തി; അദ്ദേഹം എഴുതുന്നതും ചിന്തിക്കുന്നതുമായ നല്ല കാര്യങ്ങള്‍ അദ്ദേഹത്തിന്റെ അപക്വമായ ശൈലിയും, അസഹിഷ്ണുതയും, മറ്റു പലതും മൂലം പാഴായിപ്പോകരുതല്ലോ എന്നു കരുതി, അത്രയേ ഉള്ളു. പിന്നെ എന്റെ ബ്ലോഗില്‍ (ആരുടെ ബ്ലോഗിലും) ആളെ ക്കൂട്ടാന്‍ നല്ല ഒരു വഴി വേറെ ഉണ്ട്- വര്‍ഗീയത- ഒരു വാചകം എഴുതിയാല്‍ മതി, ബ്ലോഗ് നിറയും.

വിശ്വപ്രഭേ, താങ്കളും, ഞാനും മറ്റു ഒട്ടനവധി മലയാളം ബ്ലോഗര്‍ മാരും മലയാളിയെയും, മലയാള ഭാഷയെയും, മലയാള നാടിനെയും സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. പിന്നെ നമുടെ കുപ്പിക്കാര്യം- ആ കുപ്പിക്കു തകരാറുണ്ടെന്ന് ഞാനും സമ്മതിക്കുന്നു. പക്ഷെ ആ കുപ്പി യുടെ അടപ്പ് “ഇടത്തേക്കു“ തിരിക്കണമെന്നതാണതിന്റെ തകരാറ്!! പിന്നെ സ്വന്തം നാടിനെ തള്ളിപ്പറയേണ്ടിയിരുന്നോ എന്ന് ഒന്നാലോച്ച് നോക്കൂ. “കഴുതകളും തെണ്ടികളും“ (മറ്റൊരു ബ്ലൊഗരുടെ വാക്കുകള്‍ കടമെടുത്തതാണ്) ആയ മലയാളികള്‍ സഹോദരന്മാര്‍ തന്നെ അല്ലേ? അവരില്‍ അവശേഷിക്കുന്ന ആത്മ വിശ്വാസംകൂടി തല്ലിക്കെടുത്തണോ?

ഫൈസല്‍, സന്തോഷ്, നിങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. ഫൈസലിനുണ്ടായത് പോലെ അല്ലെങ്കില്‍ അതിനേക്കാള്‍ ഏറെ തിക്താനുഭവങ്ങള്‍ എനിക്കും നമ്മുടെ നാടും നാട്ടാരും സമ്മാനിച്ചിട്ടുണ്ട്. എങ്കിലും, ഞാന്‍ നാടിനെ ഇഷടപ്പെടുന്നു- എല്ലാ കുറവുകളോടും കൂടെ; എന്റെ മകളെ സ്നേഹിക്കുന്നതു പോലെ!
ദേവന്‍, നാടിനെപ്പറ്റിയുള്ള താങ്കളുടെ വ്യഥ മനസ്സിലാവുന്നു. ഈ സ്ഥിതി മാറാന്‍ എന്തു ചെയ്യണം? പരസ്പരം പഴി ചാരിയിട്ട് കാര്യമുണ്ടോ? കുടിയനായ ഭര്‍ത്താ‍വിനെ നന്നാക്കാന്‍ അയാള്‍ക്ക് കള്ള് കൊടുക്കുന്ന കടക്കാരനെ ഭള്ള് പറഞ്ഞിട്ടോ, വീട്ട് പാത്രങ്ങള്‍ ഉടച്ചിട്ടോ മക്കളെ തല്ലി ക്കരയിച്ചിട്ടോ കാര്യമുണ്ടോ?- അതൊരുതരം releasing mechanism മാത്രമല്ലേ?

എന്റെ പോസ്റ്റ് ആസ്വദിച്ച മറ്റെല്ലാവര്‍ക്കും നന്ദി. സു, ഇപ്രാവശ്യവും- ഫസ്റ്റ് പ്രൈസ് അടിച്ചിരിക്കുന്നു. ബ്ലൊഗിലെ (എന്റെയും) ആരോഗ്യ സ്ഥിതി നോക്കി കൈമളിന്റെ അടുത്ത പരാക്രമങ്ങള്‍ എഴുതാന്‍ ശ്രമിക്കാം.
സ്നേഹത്തോടെ
ക്ണീം ക്ണിം.

Ambi said...

കൊട്ടല്‍ മനസ്സിലായി , ആരായാലും ഒരുവനെ അവന്‍ സദുദ്ദേശത്തോടെ പറഞ്ഞ ചില കാര്യങ്ങളെടുത്ത് ഞോണ്ടുന്നത് അത്ര നല്ലതൊന്നുമല്ല..പിന്നെ ആളേ നന്നാക്കാനാണേങ്കില്‍ കൈമള്‍ക്കൊരു മെയിലയച്ച് നന്നാക്കാന്‍ ശ്രമിച്ചാല്‍ പോരേ..ഒരു മാതിരി ഊരി വേണ്ടല്ലോ..

പിന്നെ തമാശയ്ക്ക് ഒരു ഡയലോഗ് പറഞ്ഞോട്ടേ..ഞാന്‍ പറഞ്ഞതല്ല പണ്ട് ലാല്‍ ഏതോ സിനിമയില്‍ പറഞ്ഞതാ..

“ ആദ്യം അവനവന്‍ നന്നാകാന്‍ നോക്ക് പിന്നെ സ്വയം നന്നാക്കിയാല്‍ മതി“

(തമാശയാണേ.അപ്പപ്പിന്നെ അമ്പാലുണ്ടല്ലൊ)

പിന്നെ നാട്ടിന്റെ കാര്യം..ഇപ്പം ഞാനൊരു മറുനാടന്‍ വാസിയാണ്..ഈയിടെ മുംബയീ വഴിയാരുന്നു വരവും പോക്കും ...ഒരു പത്തു ദിവസത്തേന്..

വിമാനത്താവളത്തില്‍ അവിടവിടേ ചില പോസ്റ്ററുകള്‍ പതിച്ചു വച്ചിരിയ്ക്കുന്നത് കണ്ടു “incredible india" ന്ന്..ശരിയ്ക്കും..തെകച്ചു കിട്ടി വന്നപ്പൊഴും പോയപ്പോഴും..

“incredible india" തന്നണ്ണ..:)

ടോണീ ബ്ലയറ് എനിയ്ക്ക് എഴിതിത്തന്നിട്ടൊന്നുമില്ല എക്കാലവും ഇവിടേ ശമ്പളം തന്നോളാമെന്ന്..തിരിച്ച് വരേണ്ടി വരും. (ഇവിടേക്കെടന്ന് ചത്തു പോയില്ലേല്‍..) എന്നാലും ഇവിടൊക്കെ കുറച്ചൊക്കെ ചിലത് കണ്ടപ്പോഴും കേട്ടപ്പോഴും കൈമളേത്തന്നെ മനസ്സില്‍ വന്നു.“ഡേ ലാ കൈമളങ്കിള്‍ പറഞ്ഞത് ശരി തന്നെഡേ “ എന്നു തന്നെ തോന്നി.

പണ്ട് പണ്ട് സീ ഡാക്കിനെ “തെണ്ടികള്‍“ എന്ന്‍ ഒരു ബ്ലോഗ്ഗര്‍ വിളിച്ചപ്പോള്‍ ( ബൂലോക ക്ലബ്ബില്‍ വച്ച് ) എനിയ്ക്ക് ഇതുപോലങ്ങ് രോഷം കൊണ്ടു..അതങ്ങനങ്ങ് പോയി..പിന്നൊരുവട്ടം സീ ഡാക്കിന്റെ സൈറ്റില്‍ പോകാനുള്ള മഹാഭാഗ്യം കിട്ടി..“അതൊരു ഭഗ്യം തന്നീരുന്ന്“ സംശമുണ്ടേങ്കില്‍ ഒന്ന് പോയിനോക്ക്..ചില സോഫ്റ്റ്വയറുകളൊക്കെയുണ്ട് ഒന്ന് പരീക്ഷിയ്ക്ക്..തെണ്ടി എന്നല്ല വിളിയ്ക്കുക..വേറേ വല്ലതും വിളിച്ചു പോകും.

ഗുരു നിത്യ പണ്ടേവിടെയോ എഴുതിയിരുന്നത് വായിച്ചതോര്‍ക്കുന്നു..വികസനം എന്നത് സാമ്പത്തികമേയല്ല..അതൊരുതരം മനോഭാവമാണെന്ന്..

“ദയനിയം തന്നെ ചെട്ട..ആ മനോഭവം ഇല്ലത്തത് കൊണ്ടണ് നമക്ക് ഇങ്ങനക്കെ പരസ്പരം തെറി പറഞ്ഞ് ഇരിക്കന്‍ തോനണത്..കെട്ട..”

മണിയണ്ണാ വെഷമം തോന്നണൊണ്ട് കേട്ടാ.

ശേരി .....

കരീം മാഷ്‌ said...

കൈപ്പള്ളി അങ്കിളിന്റെ പോസ്റ്റിലിടേണ്ട കമണ്ടു ഇവിടെയാണു ശരിക്കും ഇടേണ്ടിയിരുന്നത് എന്നു എല്ലാര്‍ക്കും അറിയാം. ഇവിടെയിട്ടു ഇതിനു റേറ്റിംഗു കൂട്ടണ്ടാ എന്നു കരുതി മനപ്പൂര്‍വ്വം അവിടെയിട്ടതാണ്‌. അവിടെ അദ്ദേഹത്തിന്റെ പേരെങ്കിലും വ്യക്തമാക്കിയല്ലോ.അതു കൊണ്ടാവും.
പക്ഷെ ഇപ്പോള്‍ പലരുടെയും കമണ്ടിലൂടെ കൈമളെന്ന പേരു ആരെകൊള്ളിച്ചാണ് എഴുതിയതെന്നു എല്ലാര്‍ക്കും മനസ്സിലായ സ്ഥിതിക്കു ഞാന്‍ അവിടെയിട്ട കമണ്ടും ഇങ്ങോട്ടു മാറ്റുന്നു. പാവം അങ്കിള്‍ തെറ്റിദ്ധരിച്ചു കാണും.

ഈ മെറ്റാ-ബ്ലോഗിംഗു നമുക്കു ഒന്നും തരുന്നില്ല വെറും ശത്രുതയല്ലാതെ!
കൈപ്പള്ളിയെക്കുറിച്ചു പൂര്‍ണ്ണമായി അറിഞ്ഞിരുന്നങ്കില്‍ (ആ നിശ്ചയ ദാര്‍ഢ്യത്തിന്റെ പകുതിയെങ്കിലും ഉണ്ടായിരുന്നങ്കില്‍) ഇപ്പോള്‍ ഒറ്റയും തെറ്റയുമായി വിമര്‍ശിക്കുന്ന പുതുമഴയില്‍ കിളിര്‍ത്ത തകരകള്‍ ഇങ്ങനെ എഴുതില്ല.
ഇത്ര ചെറുപ്രായത്തില്‍ തന്നെ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച ആളാണ്‌ കൈപ്പള്ളി ( പഴയ പോസ്റ്റുകളും കമണ്ടുകളും വായിക്കാത്ത പുതിയ ബ്ലോഗര്‍മാരാണ്‌ ഇത്തരം അബദ്ധങ്ങളില്‍ ചെന്നു ചാടുന്നത്‌)

നാം ഓരോരുത്തരും ഈ കീ ബോര്‍ഡിലെഴുതുന്ന ഒരോ അക്ഷരങ്ങളും നിങ്ങള്‍ക്കു എളുപ്പത്തില്‍ സാധ്യമാക്കിതന്ന ഒരു പാടു പേരുടെ കഠിനാദ്ധ്വാനവും സന്മനസ്സും കാണാതെ അവരെ ചളിവാരിയെറിയുന്നതു ഗുരു നിന്ദയില്‍ കുറഞ്ഞൊന്നുമല്ല.
മലയാളിയെ കുറിച്ചു കൈപ്പളി വിമര്‍ശിക്കുമ്പോള്‍ അതിനെ ആത്മഗതമായിട്ടു വായിക്കാനറിയാത്തതാണ്‌ പലരുടേയും പ്രശ്നം.താനും കൂടി ഉള്‍പെട്ട മലയാളി സമൂഹത്തെ വിമര്‍ശിക്കുമ്പോള്‍ അയാള്‍ ദൂരെ മാറി നില്‍ക്കുന്നില്ല. പറയാനുള്ളത്‌ സമൂഹത്തിന്റെ ലേബലിനെ പറയുന്നു. പക്ഷെ നമുക്കാണു കുഴപ്പം നമ്മില്‍ പലരും അദ്ദേഹത്തെ ഒഴിച്ചു നിര്‍ത്തി മലയാളിയുടെ മൊത്തക്കുത്തക സ്വയം ഏറ്റെടുക്കുന്നു.
കൈപ്പള്ളിയുടെ വരികളെ വായിക്കന്‍ ഒരു അഭ്യാസം ശീലിക്കേണ്ടതുണ്ട്‌. അതു സ്വായത്തമാക്കിയവര്‍ക്കു കൈപ്പള്ളിസൂകതങ്ങള്‍ ഒരു ചാട്ടുളി പോലെയോ തീവ്രമായ ലേസര്‍ രശ്മി പോലെയോ അനുഭവപ്പെടും.
പിന്നെ അദ്ദേഹത്തിന്റെ അക്ഷരത്തെറ്റിന്റെ കാര്യം പല്ലരും പലപ്പോഴായി വിശദീകരിച്ച സ്ഥിതിക്കു കൈപ്പള്ളിയുടെ മുന്‍ പോസ്റ്റുകള്‍ വായിച്ചു നോക്കൂ എന്നു മാത്രമേ പറയാനുള്ളൂ.
പുതിയ ബ്ലോഗര്‍മാര്‍ക്കറിയാത്ത പല പ്രതിഭകളുടേയും ശ്രമഫലമാണ്‌ നമ്മുടെ ഈ സൗകര്യങ്ങള്‍.
വൃത്തത്തിലെഴുതാനും തെറ്റുതിരുത്താനും സഹായിക്കുന്ന ഒരു സോഫ്റ്റ്‌വേരിന്റെ കണ്ടുപിടുത്തം അക്ഷരാര്‍ത്ഥത്തില്‍ മലയാള കവിതാ രംഗത്തു ഒരു നവോഥാനം സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല.നമിക്കുകയാണാ മനസ്സുകളെ!
മലയാള ഭാഷാ നിഘണ്ഡു യൂണികോഡിലാക്കുന്ന കാര്യം കൊച്ചിമീറ്റില്‍ തുടങ്ങി വെച്ചിട്ടുണ്ട്‌. അതു പൂര്‍ത്തിയായാല്‍ നമ്മുടെ പലകാര്യങ്ങളും നൊടിയിടകൊണ്ടു സാധ്യമാകും.
ഇതിലോക്കെ ഭാഗവാക്കാവുക എന്നതായിരിക്കും ക്ഷണികമായ ഈ ജന്മത്തില്‍ നമുക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റം ചെറിയ കാര്യം.നമ്മുടെ നാമത്തോടു ചേര്‍ത്തു മലയാള ഭാഷ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതും ഒരു ഫിനിക്സ്‌ പക്ഷിയായി ചിറകുവിരിച്ചു ആകാശവിതാനത്തില്‍ ഉയരുന്നതും നമുക്കു കാണാം.

Reshma said...

ഒരു സാദാവയനക്കാരിയുടെ സ്വാതന്ത്ര്യം/ദുസ്വാതത്ര്യം എടുത്ത് പറയട്ടേ, തീരെ രസിച്ചില്ല.

കൈപ്പള്ളി said...

മണി:
തങ്കളുടെ ഈ പോസ്റ്റ് എനിക്കിഷ്ടപ്പെട്ടു. ഇതു sarcastic അയി പറയുന്നതല്ല കേട്ടോ.

"മറ്റൊരവസരത്തിലായിരുന്നു എങ്കില്‍, ആ പക്ഷിയുടെ ചിത്രവും, അതിന്റെ കുടുംബ പശ്ചാത്തലവും ഒക്കെ എടുത്തിട്ടേ കൈമള്‍ അവിടന്ന് മാറുകയുള്ളു."


ഞാന്‍ അതു വായിച്ച് ഒരുപാടു ചിരിച്ചു.

വ്യക്തിഹത്യ നടത്താതെ എന്റെ കരിക്കേച്ചര്‍ ഇത്ര നന്നായി ആരും ചെയ്തിട്ടില്ല.
പിന്നെ ചില തിരുത്തലുകള്‍:

“ടെയ്, മിനറല്‍ വാട്ടരില്ലെടെ ഇവടെ?” ഞാന്‍ ഇങ്ങനയല്ല ചോദിക്കാറു.
"ടെയ് ചെല്ല. ഒണ്ടാടെ മിനറല്‍ വാട്ടര്‍?" ഇങ്ങനെയാണു്.
“ഏതേലൊന്നു എടുക്കട” ഇങ്ങനെയല്ല, " ഒവാ എന്തരെങ്കിലും എടു്" ഇങ്ങനെയാണു.
“ഏയ് പയ്യന്‍, ഒരു കുപ്പി കൂടി “ ഇങ്ങനെയല്ല. "ചെല്ല ഒരണ്ണം കൂടി എടപ്പി, ഇത് തീന്നെടെ (കഴിഞ്ഞു എന്നര്ത്ഥം)"

കഥപാത്രത്തിന്റെ ശൈലി പകര്‍ത്തി exagerate ചെയ്യുമ്പോഴാണു് satire വിജയിക്കുന്നത്.
നമ്മള്‍ തമ്മില്‍ നേരിട്ട് പരിചയപ്പെടാത്തതിന്റെ പോരായ്മകള്‍ കൊണ്ടു മാത്രമാണു് എന്റെ സംസാര ശൈലി താങ്കള്‍ക്ക് പകര്‍ത്താന്‍ കഴിയാതെ പോയത്. കണിയാപുരത്തു അധികം ജീവിച്ചിട്ടിലെങ്കിലും, ഒരു പച്ചയായ (not the colour !) കണിയാപുരത്തുകാരനാണു് ഞാന്‍. അല്ലെങ്കില്‍ ആകാന്‍ ശ്രമിക്കുന്നവന്‍. :)

ഇവിടെ വ്യക്തിബന്ധങ്ങള്‍ അനാവശ്യമണു്. ബന്ധങ്ങള്‍ വിമര്‍ശനത്തെ തടയും. അരു് എന്തൊക്കെ പറഞ്ഞാലും കാര്യമാക്കണ്ട.

നല്ല എഴുത്താണു് തന്റെത്. ഇനിയും ഇതു തുടരണം. :)

ആവനാഴി said...

മണീ,

നല്ല സറ്റയര്‍. എനിക്കിഷ്ടപ്പെട്ടു.

കമന്റുകള്‍ വായിച്ചതില്‍നിന്നു ചിലര്‍ക്ക് ഇതിഷ്ടപ്പെട്ടിട്ടില്ല എന്നു തോന്നി.

ഇതു കൈപ്പള്ളിയെ കളിയാക്കുന്നതായി മന:പൂര്‍വം ചമച്ചതാണു എന്ന തെറ്റിദ്ധാരണയല്ലേ അവര്‍ക്കങ്ങനെയൊരു വികാരം ഉളവാകാന്‍ കാരണമായിത്തീര്‍ന്നത് എന്നു സംശയിക്കുന്നു.

എന്നാല്‍ അങ്ങിനെയല്ല എന്നാണു എന്റെ അഭിപ്രായം.

ഇതൊരൊന്നാന്തരം സറ്റയറാണു.

കൈമളങ്ങനെ കസറട്ട്.

എന്തരപ്പീ?

വിചാരം said...

മണീ.. കൈപ്പള്ളി എന്നെ തോല്‍‍പ്പിച്ചത് പോലെ നിന്നേയും അമ്പേ തറപറ്റിച്ചല്ലോടാ .. അതാണ് കൈപ്പള്ളി .. കരീം മാഷ് പറഞ്ഞത് പോലെ ആദ്യം കൈപ്പള്ളി ആരാണ് എങ്ങനെ അദ്ദേഹം ഇങ്ങനെയായി .. അദ്ദേഹം ഈ ബൂലോകത്തിന് എന്തെല്ലാം ചെയ്തു . ... എന്തെല്ലാം ചെയ്യാന്‍ കഴിയുന്നൊരാളാണ് എന്നെല്ലാം അറിഞ്ഞാല്‍ ഇങ്ങനെയൊരൂ പോസ്റ്റേ ഉണ്ടാവില്ല, കൈപ്പള്ളി എന്ന മനുഷ്യനോട് വെറുപ്പുള്ളവര്‍ ആദ്യം അദ്ദേഹത്തെ കുറിച്ചറിയാന്‍ ശ്രമിക്കുക എന്നിട്ടാവാം അദ്ദേഹത്തെ കുറിച്ചെന്തും എഴുതാന്‍ ..പണ്ട് ഞാന്‍ അദ്ദേഹത്തിന്‍റെ മുഖ്യ ശത്രുവായിരുന്നു (അതിന് പോലും ഞാന്‍ യോഗ്യനല്ലാന്ന് ഞാന്‍ തിരിച്ചറിഞ്ഞതിനാല്‍ ഞാന്‍ നിശ്ബദനാണ്) ഇന്നദ്ദേഹത്തിന്‍റെ ആരാധകനും (ഇതദ്ദേഹം എതിര്‍ത്തേക്കാം ഇതെന്‍റെ സ്വാതന്ത്രം ഞാന്‍ ആരെ ഇഷ്ടപ്പെടണം ആരാധിക്കണമെന്നത്) ആദ്യമാദ്യം ആര്‍ക്കും അദ്ദേഹത്തിനെ വരികളും ശൈലികളൂം ഒരു ഈര്‍ഷ്യ ഉണ്ടാക്കിയേക്കും പക്ഷെ .............

മണി said...

സുഹൃത്തുക്കളെ,
സുഹൃത്തുക്കളേ എന്നു വിളിക്കുന്നതു ആത്മാര്‍ഥമായിത്തന്നെ ആണ്. ഈ ബൂലോഗത്ത് എനിക്ക് ആരോടും ശത്രുതയില്ല.
അംബി,
കൊട്ടലല്ല, ഞോണ്ടല്‍ അഥവാ തോണ്ടല്‍- അതായത് വേദനിപ്പിക്കാതെ ഓര്‍മ്മിപ്പിക്കല്‍- എന്ന് എന്റെ വിവക്ഷ. അദ്ദേഹം പറഞ്ഞത് സദുദ്ദേശത്തോടെ അല്ല എന്ന് ഞാന്‍ ഒരിക്കലും ആലോചിച്ചിട്ട് പോലുമില്ല. പക്ഷെ ആ സദുദ്ദേശം മനസ്സില്‍ തറക്കാന്‍ (ആരാധകരുടെ മാത്രമല്ല വിമര്‍ശകരുടെയും) ഇനിയും ചിലത് ചെയ്യേണ്ടതുണ്ട് എന്ന ഒരു സദുദ്ദേശം എന്റെ മനസ്സിലുമുള്ളതുകോണ്ട് എഴുതി എന്നു മാത്രം. പിന്നെ അദ്ദേഹത്തിനു നേരിട്ട് എഴുതാതിരുന്നത് സമയമായില്ല എന്നതു കൊണ്ടാണ്. ഒരിക്കല്‍ സപ്ത വര്‍ണ്ണങ്ങളോട് ഞാന്‍സൂചിപ്പിച്ചിരുന്നു, ഇക്കാര്യം.
സിനിമയിലെ ലാല്‍ ഡയലോഗ് ഇപ്പൊഴും ഓര്‍മയുണ്ടല്ലെ? നല്ലത്. എനിക്കതിന്റെ ആവശ്യം വരാതിരുന്നതിനാല്‍ ഞാനതെപ്പൊഴേ വിട്ടു! താങ്കളുടെ കമന്റിന്റെ ബാക്കി ഭാഗം മറുപടിക്കര്‍ഹമല്ലാത്തതിനാല്‍ വെറുതെ വിടുന്നു.

കരിം മാഷ്, ഒരാളോട് പറയെണ്ട കാര്യം അയാളോട് നേരിട്ട്പറയാതെ മറ്റൊരൊളോട് പറയുന്നത് ഒരു നല്ല കാര്യമൊന്നുമല്ല, ന്യായീകരണമെന്തായാലും. താങ്കള്‍ അതു തിരുത്തിയത് നന്നായി. പാവം അങ്കിളിനും സമാധാനമായിക്കാണും; നന്ദി. താങ്കള്‍ എഴുതിയതും, ഇതേ അര്‍ഥത്തില്‍ മറ്റുള്ളവര്‍ എഴുതിയതും വായിക്കുമ്പോള്‍ എനിക്കു തോന്നുന്നത്, ഈ ചുരുങ്ങിയ കാലയളവില്‍ ഞാന്‍ കൈപ്പള്ളിയെ മനസ്സിലാക്കിയത്രപോലും, നിങ്ങളാരും മനസ്സിലാക്കിയിട്ടില്ലല്ലോ എന്നാണ്- കൈപ്പള്ളിക്കും അങ്ങനെ തോന്നിക്കാണുമെന്ന് ഞാന്‍ കരുതുന്നു. ഒരാള്‍ക്കു പറ്റിപ്പോവുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കാതിരിക്കുന്നത് (ഉപകാരസ്മരണയാല്‍) നിങ്ങള്‍ക്കുപകാരം ചെയ്ത വ്യക്തിയോട് ചെയ്യുന്ന അപരാധമാണ്.
നിങ്ങള്‍ക്കെല്ലാമുള്ള ഭയഭക്തി ബഹുമാനങ്ങള്‍ ഞാന്‍ മനസ്സിലാക്കുന്നു. “ആദരിക്കേണ്ടത് ആസനം കൊണ്ടല്ല“ എന്ന ഗുരു വചനം ഞാന്‍ ഓര്‍ക്കുന്നു.

രേക്ഷ്മ (എനിക്കൊരു മകളുണ്ട്, ഗ്രീഷ്മ), യുടെ അഭിപ്രായം രേഷ്മ എഴുതിയ കമന്റിന്റെ തൊട്ട്മുകളിലെ കമന്റിനെക്കുറിച്ചാണെന്നു കരുതട്ടെ!(തമാശ, തമാശ!!)

കൈപ്പള്ളീ, കഥാകാരന്റെ മുന്നില്‍ കഥാപാത്രമെത്തുന്ന ധന്യ മുഹൂര്‍ത്തം! പ്രതീക്ഷിച്ചിരുന്നെങ്കിലും ഇത്ര വേഗമെന്ന അത്ഭുതമാണ് തോന്നിയത്. pOst താങ്കള്‍ക്ക് ഇഷടപ്പെട്ടു എന്നറിയുന്നതില്‍ പരം സന്തോഷം എനിക്കില്ല. കാരിക്കേച്ചര്‍ രസിക്കണമെങ്കില്‍ അല്പമൊരു DISTORTION കൂടി വേണമല്ലോ അല്ലെങ്കില്‍ അത് ഒരു ഓട്ടോ ഫോക്കസ് ക്യാമറയിലെടുത്ത സാദാ ചിത്രം എന്നു വിലയിരുത്തെപ്പെടും.മാത്രവുമല്ല, എന്റെ തിരുവന്തോരം ബാ‍ഷ അത്ര സംപുഷ്ടവുമല്ല.
തങ്കളുടെ ഈ പോസ്റ്റ് എനിക്ക് അടുത്ത പോസ്റ്റിനുള്ള പ്രചോദനം നല്‍കുന്നു. ഞാന്‍ ഉദ്ദേശിക്കാത്ത അര്‍ഥങ്ങള്‍ കല്പിച്ച് മറ്റു ബ്ലോഗ്ഗേഴ്സ് താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.

ആവനാഴി,You said it! ( വിശ്വ പ്രഭ പോലും തെറ്റിദ്ധരിച്ചപ്പോഴും)

വിചാരമെ,
ഇതെന്താ, ക്രിക്കറ്റു മത്സരമോ അതൊ വടം വലി മത്സരമോ, വിജയിക്കാനും, തോല്‍ക്കാനും? താങ്കള്‍ അദ്ദേഹത്തോട് മത്സരിച്ചതോ തോറ്റതോ എന്റെ വിഷയം ഇതുവരെ ആയിട്ടില്ല. മാത്രവുമല്ല സമാസമക്കാരുമായി വേണ്ടേ മത്സരിക്കാന്‍?
കൈപ്പള്ളി അദ്ദേഹത്തിന്റെ മേഖലകളില്‍ അത്യുന്നതനും അതിമാനുഷനുമായിരിക്കാം ( അതുകൊണ്ടാണ് എന്റെ വിഷയം ആയതും) എന്നാല്‍ ഞാന്‍ വ്യാപരിക്കുന്ന രംഗത്തെ ഒരു പ്രതിഭയാണ് ഞാനെന്ന ആത്മ വിശ്വാസവും അഹംഭാവവും എനിക്കുമുണ്ടെന്ന് കൂട്ടിക്കോളൂ. പക്ഷെ ഇക്കാര്യം ഒരു മത്സരത്തിന് കാരണമാവുന്നതെങ്ങനെ?

ആവനാഴി said...

ഇതു മണിയോടും ഒപ്പം മറ്റു അനുവാചകരോടു മാണു.

ഇവിടെ നാം കാണുന്നത് രണ്ടു പാത്രങ്ങളെയാണു. കൈപ്പള്ളി എന്ന ഒറിജിനല്‍ പാത്രം അഥവാ വ്യക്തി. കൈമള്‍ എന്ന പാത്രമാകട്ടെ ഈ കൈപ്പള്ളിയുടെ അള്‍ടര്‍ ഈഗൊ അഥവാ അപരന്‍ ആകുന്നു.

ഈ രണ്ടു പേരുടെയും ലക്ഷ്യം ഒന്നു തന്നെയാണു. രണ്ടുപേരും ശ്രമിക്കുന്നത് കേരളമെന്ന ദൈവരാജ്യത്തില്‍ നടമാടുന്ന കൊള്ളരുതായ്മകളേയും ഉത്ത്തരവാദമില്ലായ്മ്കളേയും വൃത്തികേടുകളേയും എടുത്തു കാണിക്കുക , അങ്ങനെ ഒരു നല്ല ആറ്റിറ്റ്യുഡ് അവിടെ ജനങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരിലും വളര്‍ത്താന്‍ ശ്രമിക്കുക ഇതൊക്കെയാണു.

എന്നാല്‍ ഒറിജിനല്‍ കൈപ്പള്ളിയും അയാളുടെ കൈമളെന്ന അപരനും സ്വീകരിക്കുന്ന സങ്കേതങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നു മാത്രം; അതായത് അപരന്‍ ആക്ക്ഷേപഹാസ്യമെന്ന സങ്കേതമുള്‍ക്കൊള്ളുന്നു.അങ്ങനെ തന്നെ വേണം താനും.

കൈപ്പള്ളിയുടെ ചെയ്തികളും നിരീക്ഷണങ്ങളും തന്നെയാണു അപരനും “അതിഭാവുകത്വത്തോടെ” അവലംബിക്കുന്നത്, അല്ലാതെ നേരെ മറിച്ചല്ല എന്നതിനാല്‍ കൈപ്പള്ളിയുടെ കേരളദര്‍ശനങ്ങള്‍ എന്ന പംക്തി നിന്നുപോയാല്‍ പിന്നെ “കൈമളിന്റെ കേരളദര്‍ശനമെന്ന” അപരന്റെ പംക്തിക്കു മുന്നോട്ടു പോകാന്‍‍ പറ്റാതെ വരും.

ഞാന്‍ പറഞ്ഞുവരുന്നതെന്തെന്നാല്‍ രണ്ടു പേരും, അതായത് കൈപ്പള്ളിയും അള്‍‍ട്ടര്‍ ഈഗോ ആയ കൈമളും സമാന്തര രേഖകളില്‍ അനുസ്യൂതമായി സഞ്ചരിക്കട്ടെ .

എനിക്കു ഇവിടെ ചില എളിയ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കനുണ്ട്. ഇതാ:

1. ആദ്യമായി മണി കൈപ്പള്ളിയെപ്പറ്റി പഠിക്കണം. ഒരു കാര്‍ട്ടൂണീസ്റ്റ് വരയിലൂടെ ചെയ്യുന്നതെന്തോ അതു തന്നെയാണു ഒരു ഹാസസാഹിത്യകാരന്‍ തന്റെ എഴുത്തുകളിലൂടെ സാധിക്കുന്നത്. കാറ്ടൂണിസ്റ്റ് തന്റെ സബ്ജക്റ്റിന്റെ പ്രോമിനന്റ് ആയ ഫീച്ചറുകള്‍ എന്താണെന്നു മനസ്സിലാക്കുന്നു. ആ ഫീച്ചറുകള്‍ ശാരീരികമാകാം, അല്ലെങ്കില്‍ സബ്ജക്റ്റിന്റെ മാനറിസങ്ങളാകാം. എന്നിട്ടു ആ പ്രൊമിനന്റ് ഫീറ്ററുകളെ ഊതിവിര്‍പ്പിച്ച് ( എക്സാജറേറ്റു ചെയ്തു) കാണിക്കുന്നു. അപ്പോഴത് ഉത്തമ കാര്‍ട്ടൂണാകുന്നു.

അതുകൊണ്ട് മണി ആദ്യമായി സബ്ജക്റ്റുമായി ബന്ധപ്പെടണം.എന്നിട്ട് സബ്ജക്റ്റിനെ (കൈപ്പള്ളിയുടെ)ശൈലി, മാനറിസംസ് ഇവയെല്ലാം മനസ്സിലാക്കണം. എന്നിട്ടവയെ കൈപ്പള്ളിയുടെ അള്‍ട്ടര്‍ ഈഗോയിലേക്കു ഊതിവീര്‍പ്പിച്ച് സന്നിവേശിപ്പിക്കണം. അപ്പോള്‍ താങ്കളുടേത് ഒരു ഉത്തമ സൃഷ്ടിയാകും.

എന്റെ അറിവില്‍ കൈപ്പള്ളിക്ക് ഷാര്‍ജയില്‍ കൊള്ളാവുന്ന ഒരു വാഹനമുണ്ട്.

നല്ല റോഡ്. നല്ല വാഹനം. അപ്പോള്‍ കൈപ്പള്ളിക്ക് കാര്‍ റേസിനുള്ള കമ്പം ഉണ്ടാകാന്‍ സാധ്യതയുണ്ട്.(ഉണ്ടോ എന്നു സബ്ജക്റ്റുമായി ബന്ധപ്പെട്ടു മനസ്സിലാക്കണം). ഉണ്ടെന്നു കരുതുക.

ഇനി അതിനെ ഊതി വീര്‍പ്പിച്ച് അള്‍ട്ടര്‍ ഈഗോയിലേക്കു സന്നിവേശിപ്പിക്കുന്നത് എങ്ങിനെ എന്നു നോക്കാം.

കൈമളിനു നല്ലൊരു സ്കോര്‍പ്പിയോ. തേക്കടിയിലേക്കു വച്ചു പിടിക്കുകയാണു. റോഡു നിറയെ കുഴികള്‍. അപ്പോള്‍ മുന്‍‌പിലായി ഒരു കാളവണ്ടി പോകുന്നു. അതിനെ ഓവര്‍ടേക്കു ചെയ്യണമെന്നു കൈമള്‍ക്കു തോന്നി. ഗിയര്‍, നാലില്‍ നിന്നു അഞ്ചിലേക്കും പിന്നെ ആറിലേക്കും മാറ്റുന്നു.
സ്കോര്‍പ്പിയോ കുഴികളില്‍ ചാടിച്ചാടിയാണു പോക്ക്. ഓട്ടം സ്മൂത്തല്ല. ഉടന്‍ കൈമള്‍ പിറുപിറുക്കുന്നു:“എന്തരിത്? പാതാളക്കരണ്ടിയാ?”

കൈമളിന്റെ മനോഗതം മനസിലാക്കി കാളവണ്ടിക്കാരനും ഗിയറു മാറ്റുന്നു. ചാട്ടയാണു ഗിയര്‍. അയാള്‍ ഗിയര്‍ ആറില്‍ നിന്നു ഏഴിലേക്കു മാറ്റി. എത്ര ശ്രമിച്ചിട്ടും സ്കോര്‍പ്പിയോക്കു കാള വണ്ടിയെ മറികടക്കാന്‍ കഴിയുന്നില്ല.

അങ്ങിനെ രണ്ടു പേരും റേസുചെയ്തുകൊണ്ടിരിക്കേ കേരളത്തിന്റ്റെ ദേശീയപക്ഷിയായ കാക്ക വൈറസു പിടിച്ചു ചത്ത ചെമ്മീന്‍ തിന്നു വയറിളക്കം പിടിച്ച് ആകാശമാര്‍ഗ്ഗേ പറന്നു പോകുന്നു. പോക്കില്‍ കാക്ക കാഷ്ടിക്കുന്നു. കാഷ്ഠം കുഴഞ്ഞു മറിഞ്ഞു ഒരു മല പോലെ സ്കോര്‍പ്പിയോയുടെ വിന്‍ഡ് സ്ക്രീനില്‍ പതിച്ചു കൈമളിന്റെ വിഷന്‍ കെടുത്തുന്നു. കാറു നിര്‍ത്തി മിനറല്‍ വാട്ടര്‍ കൊണ്ടു കഴുകാന്‍ നേരമില്ല. കാള വണ്ടിയെ മറികടക്കണം. ഉടനെ കഴുത്തുനീട്ടി തല പുറത്തേക്കിട്ട് കൈമള്‍ ആക്സിലറേറ്ററില്‍ ചവിട്ടി വിടുന്നു.

പയ്യെപ്പയ്യെ കാറിനും കാളവണ്ടിക്കും ടോപോളജിക്കല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ സംഭവിച്ചു കാളവണ്ടി വെള്ളക്കുതിരകളെ പൂട്ടിയ രഥമായി മാറുന്നു. കാളവണ്ടിക്കാരന്‍ ഇന്ദ്രനും. കാറാകട്ടേ പുഷ്പകവിമാനമായി പരിണാമം സംഭവിക്കുന്നു; കൈമള്‍ രാവണനായും.

പിന്നെ ആകാശമാര്‍ഗ്ഗമാണു റേസിംഗ്. ഇതു കണ്ടു ദേവകളും ഋഷിമാരും അന്തം വിട്ടു നോക്കി നില്‍ക്കുന്നു.

അവസാനം വീണ്ടും പൂര്‍വസ്ഥിതിയെ പ്രാപിച്ചു കാളവണ്ടി ഒരു വളവിലെത്തുമ്പോള്‍ സ്കോര്‍പ്പിയോ സമര്‍ഥമായി അതിനെ ഓവര്‍ടെക്കു ചെയ്യുന്നു.

കൈമള്‍ ഫ്യൂവല്‍ ഗേജില്‍ നോക്കി. പെട്രോളടിക്കണം. വഴിവക്കില്‍ കണ്ട പെട്രോള്‍ സ്റ്റേഷനില്‍ കയറി ലിറ്ററിനു 49 രൂപ പ്രകാരം കൊടുത്ത് ഫുള്ളടിക്കുന്നു.

പിന്നെ സ്റ്റാര്‍ട്ടാക്കിയപ്പോള്‍ വണ്ടി ഒന്നു ചുമച്ചു. കുറച്ചു കറുത്ത പുകയും വന്നു. സംഗതി സ്റ്റാര്‍ട്ടാകുന്നില്ല. കൈമള്‍ ടങ്കില്‍ വിരലിട്ടു മണത്തു നോക്കുന്നു. മായം. പകുതിയിലധികം മണ്ണെണ്ണ......

പിന്നെ കൈപ്പള്ളി വലിയൊരു പാറ ചൂമലില്‍ താങ്ങി നില്‍ക്കുന്ന രംഗമുണ്ട്.( കൈപ്പള്ളിയുടേ ഫൊട്ടോകള്‍ സന്ദര്‍ശിക്കുക) അതും കൈമളിലേക്കു ആവേശിപ്പിക്കാവുന്നതാണു.

കൈപ്പള്ളിയും കൈമളും അവരുടെ കേരളയാത്രകള്‍ തുടരട്ടെയെന്നു ആശിക്കുന്നു.

കൈപ്പള്ളീ, എനിക്കു തപ്പു പറ്റിയെങ്കില്‍ ക്ഷമി.കാപ്പാത്തുങ്കോ.

മാഫ് കീജിയേ.

മണീ താങ്കളുടെ ബ്ലോഗ്ഗില്‍ കയറി ഇത്രയും പറഞ്ഞതില്‍ പ്ലീസ് ഫൊര്‍ഗിവ് മി.

വിചാരം said...

മണിചേട്ടന് ...
കുടുംബസമേതം ആത്മഹത്യചെയ്തവരുടെ പോക്കറ്റില്‍ നിന്ന് ലഭിച്ചൊരു കുറിപ്പ് ... ജീവിതം പരാജയപ്പെട്ടതിനാല്‍ ഞങ്ങള്‍ പോകുന്നു .. താങ്കള്‍ ചോദിച്ചത് പോലെ ജീവിതമെന്താ വടം‍വലി മത്സരമോ ക്രിക്കറ്റ് മത്സരമോ ??? ഒരു പ്രവര്‍ത്തിയില്‍നിന്ന് മുന്നിലെത്താനുള്ള പ്രവണതയാണ് മത്സരം എന്നാണ് ഞാന്‍ ഗ്രഹിച്ചുവെച്ചിരിക്കുന്നത് അതെന്തുമാവാം അതിന് സ്ഥായിയായ ഒരു വിവക്ഷ പറയാനാവില്ല,
മനുഷ്യന്‍റെ ഈഗോയാണ് പരാജയം സമ്മതിക്കാതിരിക്കല്‍ തോറ്റാലും (ചെയ്തപ്രവര്‍ത്തിയില്‍ പിന്നില്ലായാല്‍) സാങ്കേതികത്വത്തില്‍ തൂങ്ങി വീണിടത്ത് കിടന്നുരുളുന്നവരുടെ കൂട്ടത്തിലല്ല മണിചേട്ടനെന്ന് ആശിക്കുന്നു, മണി, വിചാരം, കൈപ്പള്ളി എന്നിവരെല്ലാം 100% ശരിയെന്ന് പറയാന്‍ അവര്‍ക്കുതന്നെ ആവില്ല എന്നുകരുതി അവര്‍ എല്ലാം കണ്ട് പഞ്ചപുഛമടക്കി ജീവിക്കണമെന്നാണോ ? കൈപ്പള്ളിയെ വിമര്‍ശിക്കുന്നത് തെറ്റല്ലാന്ന് കൈപ്പള്ളി തന്നെ പറയുന്നു അവിടെ കൈപ്പള്ളി വിജയിക്കുകയും പ്രസ്തുത ലേഖകന്‍ പരാജയപ്പെടുകയും ചെയ്യുന്നു .. ഇനി അഥവാ കൈപ്പള്ളി ഇവിടെ പ്രകോപിതനായെങ്കില്‍ കൈപ്പള്ളി പരാജയപ്പെടുകയും ലേഖകന്‍ വിജയിക്കുകയും ചെയ്യും ഇതാണ് ഞാനാദ്യത്തെ കമന്‍റില്‍ മണി പരാജയപ്പെട്ടു എന്ന് വിലയിരുത്തിയത് അല്ലാതെ ഒരു കായിക മത്സരം പോലെഒന്നല്ല ഞാന്‍ ഉദ്ദേശിച്ചത്
ലാല്‍ സലാം

അങ്കിള്‍. said...

പ്രീയ മണീ,
'കളിയാക്കുന്നവരും കളിയാക്കപ്പേടുന്നവരും ആസ്വദിക്കുകയും ചെയ്യുമെന്നാണ്‌ എന്റെ അനുഭവത്തില്‍ മനസ്സിലായത്‌'ഃ
എന്റെയും അനുഭവം ഇതായിരുന്നു. പക്ഷേ തെറ്റിപ്പോയി മണി. 'കൈപ്പള്ളി ടൈപ്പക്ഷരം മാറ്റണം' എന്ന്‌ യാതൊരു ദുര്‍ചിന്തയും ഇല്ലാതെ ഒരു പോസ്റ്റ്‌ ഞാനിട്ടിരുന്നു. അവിടെ നടന്ന പുകില്‍ താങ്കളറിഞ്ഞോ.

Sul | സുല്‍ said...

മണീ, നന്നായിരിക്കുന്നു.

"ഇവിടെ വ്യക്തിബന്ധങ്ങള്‍ അനാവശ്യമണു്. ബന്ധങ്ങള്‍ വിമര്‍ശനത്തെ തടയും. അരു് എന്തൊക്കെ പറഞ്ഞാലും കാര്യമാക്കണ്ട. "

കൈപള്ളി പറഞ്ഞതു തന്നെയാണ് ശരി. അല്ലെങ്കില്‍ വിമര്‍ശനം, കാര്‍ട്ടൂണുകള്‍, കാരിക്കേച്ചറുകള്‍... അവസാനം കുഞ്ചന്‍ നമ്പ്യാരു വരെ എന്നേ പെട്ടീം കെടക്കെം എടുത്ത് കാശിക്കു പോകേണ്ടി വന്നേനെ.

-സുല്‍

ചിത്രകാരന്‍::chithrakaran said...

മണീ,
നന്നായിരിക്കുന്നു. ഇങ്ങനെതന്നെയാണ്‌ എഴുതേണ്ടതും. സന്ദര്‍ഭത്തോട്‌ സാദൃശ്യം തോന്നി തന്നെ ക്കുറിച്ചുള്ള വിമര്‍ശനമാണെന്നു മനസ്സിലാക്കി നല്ല വാക്കുകളില്‍ പക്വതയോടെ പ്രതികരിച്ച കൈപ്പള്ളിയും അഭിനന്ദനമര്‍ഹിക്കുന്നു.
എന്റെ ഒരു പ്രിയ സുഹൃത്ത്‌ കേരളത്തില്‍ നിന്നും എത്രയും പെട്ടെന്ന് തിരിച്ചുപോകുന്നതില്‍ ആശ്വാസം കണ്ടതില്‍ സസ്നേഹം വിയോജിപ്പ്‌ അറിയിക്കട്ടെ.
നമ്മുടെ നാട്‌ ചീഞ്ഞു നാറിയാല്‍ പോലും നമ്മുടെതാണ്‌. സ്വന്തം അഛനമ്മമാര്‍ക്ക്‌ അസുഖം വന്നാല്‍ തള്ളിപ്പറയാനാകില്ലല്ലോ.അമ്മനാടിന്റെ വൃണങ്ങളെ ശുചിയാക്കി നാടിനെ ശുശ്രൂഷിക്കാന്‍ തിരക്കുപിടിച്ച്‌ ഒരാഴ്ച്ച്ത്തെ നടുകാണാന്‍ വരുന്ന മക്കള്‍ക്ക്‌ കഴിയില്ലെന്നത്‌ സത്യം. പക്ഷേ ആ കടം ബാക്കി നില്‍ക്കുന്നു. പണം കൊണ്ട്‌ തീര്‍ക്കാനാകാത്ത കടം...!!!

കുതിരവട്ടന്‍ said...

ഈ പരിവാര വൃന്ദങ്ങളെക്കൊണ്ടു തോറ്റു. 'കൈ' എന്ന് കേട്ടാല്‍ അവിടെ എത്തിക്കോളും, കൈപ്പള്ളി അതാണു ഇതാണു എന്നൊക്കെപ്പറഞ്ഞ്‌.മിനിമം, പോസ്റ്റെങ്കിലും വായിച്ചു കമന്റിട്‌. കൈപ്പള്ളീ, ദയവു ചെയ്ത്‌ ഒന്ന് ഉപദേശിക്കൂ ഈ പുലികളെ, നന്നാവുന്നെങ്കില്‍ നന്നായിക്കോട്ടെ.

ജ്യോതിര്‍മയി said...

ചിത്രകാരന്‍ ജീയുടെ കമന്റും കൂടി ചേര്‍ത്തുവായിക്കുമ്പോള്‍, ഈ പോസ്റ്റിന്റെ തന്നെ കേമത്തം കൂടിയപോലെ. പോസ്റ്റിനും കമന്റുകള്‍ക്കും ...എല്ലാവര്‍ക്കും, ഈ വായനക്കാരിയുടെ നന്ദി!
നല്ലൊരു ഫീലിങ്.

കുതിരവട്ടന്‍ said...

പറയാന്‍ മറന്നു പോയി. നല്ല ആക്ഷേപഹാസ്യം. ഇനിയും ഇത്തരം ഒന്നാന്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു. പരിവാരങ്ങളെക്കൊണ്ടു നടക്കാത്തവരെക്കുറിച്ചെഴുതിയാല്‍ ഓഫ്‌ കമന്റുകള്‍ വരുന്നത്‌ കുറക്കാം.

ആവനാഴി said...

ചിത്രകാരന്റെ കമന്റാബ്ണു ഇതെഴ്യ്താന്‍ പ്രേരിപ്പിച്ചത്.

“നമ്മുടെ നാട്‌ ചീഞ്ഞു നാറിയാല്‍ പോലും നമ്മുടെതാണ്‌. സ്വന്തം അഛനമ്മമാര്‍ക്ക്‌ അസുഖം വന്നാല്‍ തള്ളിപ്പറയാനാകില്ലല്ലോ.”

നാട് ചീഞ്ഞു നാറാന്‍ തുടങ്ങിയത് ഇന്നോ ഇന്നലേയുമൊന്നുമല്ല. നാട് നാറിപ്പുഴുക്കാതെ വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും. അതിനു വേണ്ടുന്ന കാര്യങ്ങള്‍ ചെയ്യുന്നില്ല എന്നാണീവിടേ പറയുന്നത്.

പിന്നെ നാട്ടിലെ വൃത്തികേടുകളെക്കുറിച്ച് പറയുമ്പോള്‍ സ്വന്തം അഛനമ്മമാര്‍ക്ക് അസുഖം വന്നാല്‍ തള്ളിപ്പറയാന്‍ പുറ്റുമോ എന്നു പറഞ്ഞു കുറെ ഇമോഷണലായതുകൊണ്ടു വിശേഷമില്ല. അസുഖം വന്നാല്‍ അവരെ ചികിത്സിച്ചു സുഖപ്പെടുത്താനാണു ശ്രമിക്കേണ്ടത്. അതിനു ആദ്യം അസുഖമുണ്ട് എന്നു സ്ഥിരീകരിക്കപ്പെടണം. ഒരു ഡോക്റ്ററുടെ പരിശോധനയിലൂടെ അസുഖമെന്താണെന്നു മനസ്സിലാക്കാം. പിന്നീട് അതിനു വേണ്ട ചികിത്സ ചെയ്യണം.

ഏതെല്ലാം തരത്തിലാണു നമ്മുടെ നാട്ടില്‍ വൃത്തികേടുകള്‍! ചീഞ്ഞളിഞ്ഞ ഓടകള്‍, പൊട്ടിപ്പൊളിഞ്ഞ സ്മാരകങ്ങള്‍, ചുമരെഴുത്തുകള്‍, പുല്ലും തൊട്ടാവാടിയും വളര്‍ന്നു നില്‍ക്കുന്ന റോഡുവക്കുകള്‍....

ഇവിടെ കൈപ്പള്ളി കേരളത്തിന്റെ അസുഖമെന്താണെന്നു തന്റെ യാത്രാവിവരണത്തിലൂടെ കണ്ടു പിടിച്ചു നമ്മുടെ മുമ്പില്‍ അവതരിപ്പിക്കുന്നുണ്ട്. ഡയഗണോസിസ്
കഴിഞ്ഞു. ഇനി വേണ്ടത് ചികിത്സയാണു.

എന്തിനീ വൃത്തികേടുകള്‍ സഹിച്ചു ജീവിക്കണം. കേരളീയരുടെ ചിന്താഗതികളില്‍ സമഗ്രമായ ഒരു മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

എന്നിട്ട് വിളീക്കാം അതിനെ “ദൈവത്തിന്റെ നാടെന്നു”. അതുവരെ അതു ചെകുത്താന്റെ കോട്ടയാണു.

Anonymous said...

പുല്ലും തൊട്ടാവാടിയും വളര്‍ന്നു നില്‍ക്കുന്ന റോഡുവക്കുകള്‍....

Toooo Badddd


"That is the beauty of my land ". I think avanzahi born right in the middile of buckingham palace

മണി said...

സുഹൃത്തുക്കളെ,
എല്ലാവര്‍ക്കും ഈ സുദിനത്തിന്റെ പേരില്‍ ആശംസകള്‍!

ആവനാഴി,
വിശദമായ കമന്റിനു നന്ദി. അമ്പുകളും പൂക്കളും മാത്രമല്ലല്ലോ ആവനാഴിയില്‍. എന്റെ പോസ്റ്റിനെക്കാള്‍ നല്ല ഒരു കമന്റ്, നന്ദി ഗുരോ നന്ദി. അഭിപ്രായങ്ങള്‍ വിലമതിക്കുന്നു. ഇനിയും നന്നാവാന്‍ ഞാന്‍ ശ്രമിക്കാം.

വിചാരം,
താങ്കള്‍ എന്താണു വിവക്ഷിച്ചതെന്ന് എനിക്കു ഇപ്പോള്‍ മനസ്സിലാ‍യി. പരാജയം,വിജയം എന്നിവ പരസ്പര വിപരീതങ്ങളാണെന്നും, വിജയിച്ചില്ലെങ്കില്‍ അതു പരാജയമാണെന്നും, താങ്കള്‍ വിശ്വസിക്കുന്നു. താങ്കള്‍ കരുതുന്ന തരത്തിലുള്ള ഒരു മത്സരമൊന്നും ഇവിടെ നടന്നിട്ടില്ല. winning, success എന്നീ വാക്കുകളില്‍ ആണു തര്‍ക്കം എന്നു തോന്നുന്നു. successfull ആയ ഒരു പോസ്റ്റ് ആണു എന്റെത് എന്നു ഞാന്‍ വിശ്വസിക്കുന്നു. താങ്കള്‍ അങ്ങനെ വിശ്വസിക്കണമെന്നുമില്ല. ആരെയും
തോല്‍പ്പിക്കാതെ win ചെയ്യാന്‍ കഴിയില്ല. എന്നാല്‍ ആരെയും പരാജയപ്പെടുത്താതെ എല്ലാവര്‍ക്കും വിജയിക്കാന്‍ ( succeed) കഴിഞ്ഞേക്കും.
കൈപ്പള്ളിയെ തോല്പിക്കാന്‍ ഞാന്‍ ശ്രമിച്ചതായി താങ്കള്‍ക്കു തോന്നിയതാവാം
ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇടാന്‍ താങ്കള്‍ക്ക് പ്രേരകമായത്. കൈപ്പള്ളിയെ
പരാജയപ്പെടുത്തണമെന്നും അതുവഴി വിജയിക്കണമെന്നും എനിക്കു
മോഹമുണ്ടായിരുന്നു എന്നുമുള്ള വിചാരത്തിന്റെ വിചാരം തെറ്റാണെന്ന് ഒരിക്കല്‍ കൂ‍ടി പറയുന്നു. പിന്നെ അദ്ദേഹത്തിന്റെ മാറ്റു കുറക്കാന്‍ ആരാധകര്‍ തന്നെ ശ്രമിച്ചതില്‍ അലോസരം അദ്ദേഹത്തിന് ഉണ്ടെന്ന് ഗന്ധര്‍വലോകത്തിലെ അദ്ദേഹത്തിന്റെ പോസ്റ്റ് വായിച്ചാല്‍ മനസ്സിലാവും.

അങ്കിളെ,
അതു ഞാന്‍ വായിച്ചിരുന്നു. താങ്കള്‍ അതില്‍ ബേജാറാവേണ്ട കാര്യമില്ല. അതു താങ്കളെ ഉദ്ദേശിച്ചല്ല എന്നു വ്യക്തമായില്ലേ. പണ്ട് നാട്ടിലെ ഒരു പ്രമാണി സ്വന്തം മകനെ സ്ക്കൂളില്‍ ചേര്‍ക്കുമ്പോള്‍ സ്ക്കൂള്‍ വാദ്ധ്യാരോട് പറഞ്ഞത്: “ സാറെ ഇവന്‍
എന്തങ്കിലും കുസൃതിയോ മറ്റോ ഒപ്പിക്കുകയാണെങ്കില്‍, അവനെ അടിക്കരുത്,
പകരം അവന്റെ അടുത്തിരിക്കുന്ന മറ്റാരെയെങ്കിലും അടിച്ചാ‍ല്‍ മതി. അവന്‍ അതു കണ്ട് നന്നായിക്കോളും“, എന്ന്.

നന്ദി, സുല്‍, ചിത്രകാരന്‍, കുതിരവട്ടന്‍, ജ്യോതിര്‍മയി. സമയം കിട്ടിയാല്‍ അടുത്ത രണ്ടു പോസ്റ്റുകള്‍ കൂടി ഈ വിഷയത്തില്‍ നിങ്ങള്‍ക്കു പ്രതീക്ഷിക്കാം.