Sunday, April 4, 2010

തൊടുപുഴയിലെ ചോദ്യക്കടലാസ്ഒന്നാമത്തെ ചോദ്യം: ഇത് ഈഴവരെയും കൃസ്ത്യാനികളെയും നിന്ദിക്കാൻ വേണ്ടി മനഃപ്പൂർവം ഉണ്ടാക്കിയതാണ്. എന്താ നായർക്കും മുസ്ലിമിനും മാത്രമേ നോവലെഴുതാൻ പാടൂ?

രണ്ടാമത്തെ ചോദ്യം കേരള ചലച്ചിത്ര സമൂഹത്തിന്റെ മനഃസ്സക്ഷിയെയാണു കുത്തി നോവിച്ചിരിക്കുനത്. “അമ്മ“ യെ ആദരിക്കാൻ അറിയാത്തവന്റെയൊക്കെ ഒരു ചോദ്യം!!

മൂന്നാമത്തെ ചോദ്യം ബുദ്ധ മത വിശ്വാസികളെ അപഹസിക്കാനല്ലേ?
ബുദ്ധനു പണ്ട് ബോധം ഉണ്ടായിരുന്നില്ല എന്ന ദ്വയാർഥം എത്ര സമർഥമായാണ് ചോദ്യ കർത്താവ് ഈ ചോദ്യത്തിൽ ഒളിച്ചു വച്ചിരിക്കുന്നത്?

നാലാമത്തെ ചോദ്യം രാജ്യത്ത് അരാജകവാദം ഉളവാക്കാനും സാധാരണക്കാരുടെ മനസ്സിൽ ഭയം നിലനിർത്താനും വേണ്ടിയാണെന്ന് നിസ്സംശയം പറയാൻ പറ്റും.

അഞ്ചാമത്തെ ചോദ്യം ഉമ്മഞ്ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും ഒരു കൊട്ടു കൊടുത്തതാണ്. ആ മന്ദ ബുദ്ധികൾക്കോ അനുയായികൾക്കോ അത് മനസ്സിലായിട്ടില്ല എന്നു മാത്രം!

ഇനി ആറാമത്തെ ചോദ്യം, പുതുക്കിയ ശമ്പള നിരക്കിലെ അതൃപ്തി ചൂണ്ടിക്കാണിച്ച് അധ്യാപകരെ സർക്കാരിനെതിരെ പ്രവർത്തിക്കാനുള്ള ആഹ്വാനം തന്നെ അല്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഏഴാമത്തെ ചോദ്യം പൊതു മരമാത്ത് വകുപ്പിനെതിരെയും, ബഹുമാനപ്പെട്ട മന്ത്രി പാലൊളി അഹമ്മദ് കുട്ടിയെ അവഹേളിക്കാനുള്ളതാണ്, അതു മാത്രമാണ് ഉദ്ദേശം.

എട്ടാമത്തെ ചോദ്യം ചോദ്യകാരന്റെ മനസ്സിലെ വക്ര ബുദ്ധിയാണ് നമുക്ക് വെളിവാക്കി തരുന്നത്. റിസർവോയറുകളിൽ വെള്ളം കുറവായതിനാൽ പവർ കട്ട് ഏർപ്പെടുത്തേണ്ട അവസരത്തിൽ കെ എസ് ഇ ബി യെ സംശയത്തിന്റെ നിഴലിൽ നിർത്താൻ വേണ്ടിയാണ് ഈ കത്തുന്ന വേനലിലും ഒരാഴ്ച്ചയായി പെയ്യുന്ന മഴയെപറ്റി ചോദ്യം ചോദിച്ചിരിക്കുന്നത്.

ഒമ്പതാമത്തെ ചോദ്യം മാത്രമാണ് മതവുമായി ബന്ധപ്പെടാത്ത ഒരേഒരു ചോദ്യം

പത്താമത്തെ ചോദ്യം പിണറായിയെ പിണക്കാനുള്ള ഗൂഡോദ്ദേശമാണു വെളിവാക്കുന്നത്. മാർക്സിസ്റ്റ് പ്രസിദ്ധീകരണമായ “ ചിന്ത“ യിൽ കാണപ്പെടുന്നു എന്ന് ചിലർ കരുതുകയും മറ്റുള്ളവർ കരുതാതിരിക്കുകയും ചെയ്യുന്ന വിഭാഗീയത മനസ്സിൽ കണ്ടുകൊണ്ടാണ് ഈ ചോദ്യമെന്ന ഒളിയമ്പ് പാർട്ടി സെക്രട്ടറിക്കെതിരെ എയ്തിരിക്കുന്നത്. എന്നാൽ വിജയേട്ടൻ സമർഥമായി നിശബ്ദത പാലിക്കുകയാണ് ചെയ്തത്.

രസകരമായ ഒരു കാര്യം വിവാദം ഉണ്ടാക്കിയതെന്നു പറയപ്പെടുന്ന പതിനൊന്നാമത്തെ ചോദ്യമാണ്. യധാർഥത്തിൽ മുസ്ലീങ്ങളല്ല, ഈ ചോദ്യത്തിന്റെ ഇരകൾ, നേരെ മറിച്ച് ചോൻ എന്നു, തീയനെന്നും ഈഴവനെന്നുമൊക്കെ അറിയപ്പെടുന്ന ജാതി വിഭാഗത്തെയാണ് (“പടച്ചോൻ“ പട നയിച്ച ചോൻ, ചേകവൻ എന്നും അർഥമുണ്ട്. കൊക്കിനു വച്ച വെടി ചക്കിനു കൊണ്ടു എന്ന് പറഞ്ഞ പോലായി കാര്യങ്ങൾ!

ഇനി ബാക്കിയുള്ള ചോദ്യങ്ങൾ അശ്ലീലവും അനാശ്യാസവും ആയ ചോദ്യങ്ങളായതിനാൽ അതെ പറ്റി എഴുതാൻ പോലും ഈ ബ്ലോഗർക്കാവുന്നില്ല.

ഇത്രയ്ക്ക് ആഭാസനും, വഷളനുമായ ഒരു അദ്ധ്യാപകനെ സഹിക്കാൻ ആ കൊളേജിലെ വിദ്യാർഥികൾ എന്ത് അപരാധമാണ് ചെയ്തത്? തൊടുപുഴ ന്യു മാൻസ് കൊളേജ് അങ്കണത്തിലെ നാഗരാജ പുഷ്പ വൃക്ഷത്തെ സാക്ഷിയാക്കി നമുക്ക് ക്ഷമിക്കാം.


ഇത്തരം ചോദ്യാഭ്യാസങ്ങൾ ഒഴിവാക്കാൻ ഒരു നിർദേശം: പി എസ് സി, യൂണിവേഴ്സിറ്റി മുതലായ സ്ഥാപനങ്ങൾ പരീക്ഷ നടത്തുന്നതിനു ഒരാഴ്ച്ച മുൻപേ ചോദ്യങ്ങൾ പത്രങ്ങളിൽ പ്രസിദ്ധപ്പെടൂത്തേണ്ടതും, പൊതു ജനങ്ങളിൽ നിന്നും പരാതികളൊന്നും ഇല്ലാ എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഉപയോഗിക്കാനും പാടുള്ളു.