Sunday, November 2, 2008

ഹാം റേഡിയൊ ഗാലറി തുറന്നു


കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ ഹാം റേഡിയൊ ഗാലറി 20-10-2008 ന് ബഹുമാനപ്പെട്ട മന്ത്രി എം. എ. ബേബി ഉത്ഘാടനം ചെയ്തു. ആ അവസരത്തില്‍ എടുത്ത ഒരു ചിത്രമാണ് മുകളില്‍ കാണിച്ചിരിക്കുന്നത്. ചിത്രത്തില്‍ മുഖം വ്യക്തമായി കാണാത്ത വിധത്തില്‍ നില്‍ക്കുന്നത് ഞാന്‍.

Saturday, October 18, 2008

ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഹാം റേഡിയോ ഗാലറി ആരംഭിക്കുന്നു

തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ഒരു ഹാം റേഡിയോ ഗാലറി ഈ ‍ മാസം 20ന് (20-10-2008) തുടങ്ങുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ. എം ഏ ബേബിയാണ് ഇത് കേരളത്തിന് സമര്‍പ്പിക്കുന്നത്.
വയര്‍ലസ് സെറ്റുകള്‍ ഉപയോഗിച്ച് വ്യക്തികള്‍ തമ്മില്‍ വിനോദത്തിനു വേണ്ടി വിവര ( ശബ്ദം, ചിത്രങ്ങള്‍, മോഴ്സ് കോഡ്, ഡാറ്റ, മുതലായവ) വിനിമയം നടത്തുന്ന സംവിധാനം ഹാം റേഡിയോ അല്ലെങ്കില്‍ അമേച്വര്‍ റേഡിയോ എന്നു അറിയപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിഷയങ്ങളില്‍ താല്പര്യമുള്ളവര്‍ക്ക് അവരുടെ കഴിവുകള്‍ വികസിപ്പിക്കുവാന്‍ പറ്റിയ ഒരു വിനോദമാണ് ഹാം റേഡിയോ. എന്നാല്‍ ഒരു വിനോദോപാധി എന്നതിനുപരിയായി നിര്‍ണായകഘട്ടങ്ങളില്‍, മറ്റു സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് വിദൂരസ്ഥലങ്ങളുമായി ആശയവിനിമയം നടത്തുന്നതിനും ഹാം റേഡിയോ ഉപയോഗിക്കപ്പെടുന്നു. വിജ്ഞാന സമ്പാദനം, ആശയ വിനിമയത്തിനുള്ള കഴിവുകള്‍ നേടുക, സാങ്കേതികമായ കഴിവുകള്‍ പരീക്ഷണങ്ങളിലൂടെ നേടുക എന്നിവയൊക്കെ ഈ വിനോദത്തിന്റെ പ്രത്യേകതകളൊ ലഷ്യമോ ആണ്.
ആധുനികമായ പലതരത്തിലുമുള്ള സാകേതിക മുന്നേറ്റങ്ങളള്‍ക്കും കണ്ടു പിടുത്തങ്ങള്‍ക്കും ഹാം റേഡിയോ നല്‍കിയ സംഭാവനകള്‍ വളരെ വിലപ്പെട്ടതാണ്.
സാങ്കേതികമായ (പ്രത്യേകിച്ചും ഇലക്ട്രോണിക് കമ്യൂണിക്കേഷന്‍ രംഗത്ത്) കഴിവുകള്‍ നേടുക, രാജ്യത്തിനകത്തും പുറത്തും മറ്റു ഹാമുകളുമായി സൌഹൃദ ബന്ധം സ്ഥാപിക്കുക, റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചുള്ള പരീക്ഷണ ഗാവേഷണങ്ങള്‍ നടത്തുക, പരീക്ഷണ ഫലങ്ങള്‍ പരസ്പരം കൈ മാറുക, അത്യാവശ്യ ഘട്ടങ്ങളില്‍ (പ്രകൃതി ദുരന്തം പോലുള്ള സമയത്ത്) ടെലിഫോണ്‍ പോലുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ പരാജയപ്പെടുമ്പോള്‍ സര്‍ക്കാരിനെയും ജനങ്ങളെയും സഹായിക്കാനായി വാര്‍ത്താ വിനിമയ സൊംവിധാനങ്ങള്‍ പുനര്‍സ്ഥാപിക്കുക എന്നിവയൊക്കെ ഹാമുകളുടെ പ്രവര്‍ത്തനത്തില്‍ പെടും.
സ്വന്തമായി ഉണ്ടാക്കിയ വയര്‍ലസ് സെറ്റുകളോ വിപണിയില്‍ നിന്നും വാങ്ങുന്ന വയര്‍ലസ് സെറ്റുകളോ ഈ ഹോബിക്ക് ഉപയോഗിക്കാവുന്നതാണ്. മറ്റു ഹോബികളില്‍ നിന്നും വ്യത്യസ്തമായി ലൈസന്‍സ് ആവശ്യമുള്ള ഒരു വിനോദമാണിത്. വയര്‍ലസ് സെറ്റുകള്‍ ഉപയോഗിക്കുവാനായി സര്‍ക്കാരില്‍ നിന്നും ലൈസന്സ് കരസ്ഥമാക്കണം. ഒരു ചെറിയ എഴുത്തു പരീക്ഷയും മോഴ്സ് കോഡ് ഉപയോഗിച്ച് കമ്പിയില്ലാ കമ്പി സന്ദേശം അയക്കുന്നതിനുള്ള പ്രായോഗിക പരീക്ഷയും വിജയിച്ചാല്‍ ഹാം ലൈസന്‍സ് ലഭിക്കാനുള്ള അര്‍ഹത നേടും.
ഹാം റേഡിയോ സമൂഹത്തിനു ചെയ്യുന്ന സേവനങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ഇന്ത്യയില് 2004 ഡിസംബര്‍ 25-നു ഉണ്ടായ സുനാമി ദുരന്തത്തില്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍ വാര്‍ത്താവിനിമയ സംവിധാനം തകരാറിലായി ഒറ്റപ്പെട്ട സമയത്ത് ഹാമുകളുടെ സഹായത്താല്‍ ഹാം റേഡിയോ ട്രാന്‍സ്മിറ്ററുകള്‍ ഉപയോഗിച്ചായിരുന്നു വാര്‍ത്താ വിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനം ഉണ്ടായ സമയത്തും ഹാം റേഡിയോ ആയിരുന്നു മുഖ്യമായും വാര്‍ത്താ വിനിമയത്തിനായി ഉപയോഗിച്ചത്. ആന്ധ്രയില്‍ തുടരെ തുടരെ ഉണ്ടാവുന്ന ചുഴലിക്കൊടുംകാറ്റിനെ നേരിടാനായി അവിടത്തെ സര്‍ക്കാര്‍ സ്ഥിരമായി, ഹാം റേഡിയോ ഉപയോഗപ്പെടുത്തുന്നു.
ലോകത്തൊട്ടാകെ ലക്ഷക്കണക്കിനു ഹാമുകള്‍ ഉള്ളപ്പോള്‍ ഇന്ത്യയില് 25000 ഓളം ഹാമുകള്‍ മാത്രമേ ഉള്ളു. സാധരണക്കാരന്‍ മുതല്‍ ദേശീയ നേതാക്കള്‍ വരെ ഹാം റേഡിയോവില്‍ ആകൃഷ്ടരായി ഹാം ആയി ത്തീര്‍ന്നിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി അന്തരിച്ച ശ്രീ രാജീവ് ഗാന്ധി ലോകമെങ്ങും അറിയപ്പെടുന്ന ഒരു ഹാമായിരുന്നു. അതുപോലെ തന്നെ ജോര്‍ദാന്‍ രാജാ‍വ് ഹുസ്സയിനും ഒരു ഹാം ആയിരുന്നു. കൂലിപ്പണിക്കാര്‍ മുതല്‍ ബഹിരകാശ ശാസ്ത്രജ്ഞന്മാര്‍ വരെ ഉച്ചനീചത്വങ്ങളില്ലാതെ സമഭാവനയോടെ അണി നിരക്കുന്നത് ഈ ഹോബിയുടെ മാത്രം പ്രത്യേകതയാണ്. അന്തര്‍ ദേശീയ അംഗികാരം നേടിയ ഈ വിനോദത്തെ സാമൂഹിക നന്മയെ കരുതി പ്രോത്സാഹിപ്പിക്കാന്‍ മിക്കവാറും എല്ലാ രാഷ്ട്രങ്ങളും ശ്രമിക്കുന്നുണ്ട്. ഇന്ത്യയിലും അത്തരം സംരംഭങ്ങള്‍ കേന്ദ്ര ഗവഃ നടപ്പിലാക്കിയിട്ടുണ്ട്. നികുതി ഇല്ലാതെ ഹാം റേഡിയോ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് അതിലൊന്ന്. ആന്ധ്രയില്‍ പല എം എല്‍ എ മാരും എം പി മാരും അവരുടെ ഫണ്ട്കളില്‍ ഒരുഭാഗം ഹാം റേഡിയോ പരിപോഷിപ്പിക്കാനായി ചെലവിടുന്നുണ്ട്.
സി ബി എസ് ഇ സിലബസ്സില്‍ ഹാം റേഡിയോവും, ഡിസാസ്റ്റര്‍ മാനേജുമെന്റും പഠിക്കാനുള്ള വിഷയങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഹാം റേഡിയോ വിദ്ധ്യാര്‍ഥികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിനു വേണ്ടിയാണ്. രാജ്യത്തുള്ള പ്രധാന സാങ്കേതിക പഠന കേന്ദ്രങ്ങളിലും ഇപ്പോള്‍ ഹാം റേഡിയോ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരത ബഹിരാകാശ ഗവേഷണകേന്ദ്രവും ഈ അന്താരാഷ്ട്ര വിനോദത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ശ്ലാഘനീയമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഹാമുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഇന്‍ഡ്യയുടെ സ്വന്തം ഹാം റേഡിയോ ഉപഗ്രഹം ( ഹാം സാറ്റ്) ഐ. എസ് . ആര്‍. ഓ. മൂന്ന് വര്‍ഷം മുന്‍പു വിക്ഷേപിച്ചു. ബഹിരാകാശത്തില്‍ ഭ്രമണം ചെയ്തു കൊണ്ടിരിക്കുന്ന പ്രസ്തുത ഉപഗ്രഹത്തിന്റെ സഹായത്താല്‍ പരസ്പരം ബന്ധപ്പെടാന്‍ ഇന്‍ഡ്യയിലേയും മറ്റു രാജ്യങ്ങളി ലെയും ഹാമുകള്‍ക്ക് കഴിയുന്നു എന്നത് നമുക്ക് അഭിമാനിക്കാന്‍ വക ഉള്ള ഒരു കാര്യം തന്നെ ആണ്.
സമൂഹത്തിനും, വ്യക്തികള്‍ക്കും ഉപകാരപ്രദമായ ഈ ഹോബി പ്രചരിപ്പിക്കാനും, പരിപോഷിപ്പിക്കുവാനും കേരള സര്‍ക്കാര്‍ മുന്‍ കാലങ്ങളില്‍ ഒന്നും തന്നെ ചെയ്തിട്ടില്ല എന്നത് ഖേദകരമാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ എം. എ. ബേബി യുടെ പ്രത്യേക താല്പര്യപ്രകാരം ഐ എച് ആര്‍ ഡിയുടെ സഹായത്തോടെ തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ ആരംഭിക്കാന്‍ പോകുന്ന ഹാം റേഡിയോ ഗാലറി വളരെ പ്രശസനീയമായ ഒരു സംരംഭം ആണ്. പ്രവര്‍ത്തന സജ്ജമായ ഒരു ഹാം റേഡിയോ സ്റ്റേഷനും അനുബന്ധ ഉപകരണങ്ങളും ഹാം റേഡിയോയെപറ്റി വിശദീകരിക്കുന്ന സ്റ്റാളും ചേര്‍ന്ന ഒരു സംവിധാനമാണ് സയന്‍സ് ആന്റ് ടെക്നോളജി മ്യൂസിയത്തില്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രത്യേകം പരിശീലനം ലഭിച്ച വൊളന്റീയര്‍മാര്‍ ‍ഹാം റേഡിയൊ പ്രവര്‍ത്തനങ്ങള്‍ കാണികള്‍ക്ക് വിശദീകരിച്ചു കൊടുക്കും. ഇത് വിദ്യാര്‍ഥികളിലും, പൊതു ജനങ്ങളിലും ഹാം റേഡിയോയെ നെക്കുറിച്ചു നല്ല്ല അറിവു നല്‍കാനും, ഹാം റേഡിയോ എന്ന വിനോദത്തില്‍ പങ്കുചേരാനും സഹായകമാവും. ഐ. എച്. ആര്‍. ഡിക്ക് അതിന്റെ കീഴിലുള്ള എഞ്ചീനീയറിംഗ് കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാം റേഡിയോ പോലുള്ള ഉപകാരപ്രദമായ സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതികളുണ്ട്.

Saturday, September 20, 2008

ഒരു സാങ്കേതിക നര്‍മ കഥ (അവസാന ഭാഗം)

സ്റ്റേഷനില്‍ എന്റെ പേരഴുതിയ ഒരു ബോര്‍ഡുമായി ഒരു പയ്യന്‍ നില്‍ക്കുന്നു. ട്രൈനില്‍ നിന്നിറങ്ങുന്ന യാത്രക്കാരില്‍ എന്നെ തിരയുകയാണവന്‍. ഞാന്‍ അവന്റെ അടുത്തെത്തി പിറകില്‍ നിന്നും തോളില്‍ മൃദുവായി തട്ടി വിളിച്ചു. ആ കുട്ടി തിരിഞ്ഞുനോക്കി. “ ഞാനാണ് താങ്കള്‍ തിരയുന്ന വ്യക്തി. “വിശ്വാസം വരാതെ അവനെന്നെ അടിമുടി സൂക്ഷിച്ച് നോക്കി.

“സാര്‍ ട്രൈനിനല്ലേ വന്നത്?


“ അതെ“


“ഞാന്‍ കണ്ടില്ല“. ഇതു പറഞ്ഞിട്ട് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലെക്ക് അവനന്നെ ആനയിച്ചു.


കൃത്യം 9 മണിക്ക് ഞങ്ങള്‍ കോളെജിലെത്തി. 9.30 നു ഞാന്‍ മത്സരാര്‍ഥികള്‍ കാത്തിരുന്ന ഹാ ളിലെത്തി. പതിനഞ്ചോളം ടീമുകള്‍, ഒരോ ടീമിലും 2 പേര്‍ വീതം. തത്സയ ഡിസൈന്‍ കോണ്ടെസ്റ്റ് ആണ്. ഡിസൈന്‍ പ്രശ്നമായി ഞാന്‍ ഇട്ട് കൊടുത്തത് ഇതായിരുന്നു:


“ 1.5 വോള്‍ട് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഒരു എല്‍ ഇ ഡീ ടൊര്‍ച്ച് ലൈറ്റ് ന്റെ സര്‍ക്യൂട്ട് ഡിസൈന്‍ ചെയ്യുക. എല്‍ ഇ ഡി യുടെ കട്ട് ഇന്‍ വൊള്‍ട്ടേജ് 3 വോള്‍ട്ട്, കറന്റ് 50 മില്ലി ആമ്പിയര്‍.”


ചോദ്യം കൊടുത്തിട്ട് അധികം സമയം കഴിയുന്നതിനു മുന്‍പേ തന്നെ കുറെ മത്സരാര്‍ഥികള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. പുറത്തേക്ക് പോകുന്നതിനിടയില്‍ അവരില്‍ ചിലര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ടായിരുന്നു.
ബാക്കിയുള്ളവര്‍ തങ്ങളുടെ ഡിസൈന്‍ മനസ്സില്‍ നിന്നും കടലാസ്സിലേക്ക് പകര്‍ത്താന്‍ ആരംഭിച്ചു. 3
മണിക്കൂര്‍ ആയിരുന്നു സമയ പരിധി. 1/2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരുത്തന്‍ ഉത്തരക്കടലാസ് എന്നെ ഏല്‍പ്പിച്ചു. ആദ്യം കിട്ടിയ ആ ഉത്തരം നോക്കി ഞാന്‍ ആദ്യം കരഞ്ഞോ അതോ ചിരിച്ചോ എന്നോര്‍ക്കുന്നില്ല. മത്സരം കഴിഞ്ഞ് എല്ലാ ഉത്തരങ്ങളും പരിശോധിച്ചപ്പോള്‍ ഒന്നാം സമ്മാനം കൊടുക്കാന്‍ പറ്റിയ ഒരു ഡിസൈനും കാണാന്‍ കഴിഞ്ഞില്ല എങ്കിലും, ഒരു ഡിസി- ഡിസി കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ച് ഇത് ഡിസൈന്‍ ചെയ്യാമെന്ന് അനുമാനിച്ച കുട്ടിക്ക് സമ്മാനം നല്‍കണമെന്ന് ഞാന്‍ വിധി എഴുതി.


നല്ല ശരീരസുഖമില്ലായിരുന്നത് കൊണ്ട് ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന സ്നേഹപൂര്‍ണമായ ക്ഷണം നിരസിച്ചു. അല്പ സമയം ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്ഡിന്റെ മുറിയില്‍ വിശ്രമിച്ചിട്ട് പോകാമെന്ന് കരുതി. എച്ച് ഓ ഡി യുടെ മുറിയില്‍ മൃണാളിനി യെക്കൂടാതെ വേറെയും സ്റ്റാഫ് അംഗങ്ങള്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ സ്വയം പരിചയപ്പെടുത്തിയിട്ട് പറഞ്ഞു, “സാര്‍ ഇത്രയും ലളിതമായ ഒരു ചോദ്യം ചോദിച്ച് കുട്ടികളെ അപമാനിച്ചു എന്നൊരു പരാതിയുണ്ട്. മിടുക്കന്മാരായ ചിലര്‍ കോണ്ടെസ്റ്റില്‍ പങ്കെടുക്കാതെ പിന്‍ മാറിയത് സാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. “


“ഞാന്‍ അത്രയ്ക്ക് സിംപിളായ പ്രശ്നമല്ലല്ലോ കുട്ടികള്‍ക്ക് കൊടുത്തത്. എന്താ അങ്ങനെ തോന്നാന്‍ കാരണം?“


“ ഒരു എല്‍ ഇ ഡി ക്ക് കൊടുക്കുന്ന series resistance കണക്കാക്കുന്നതേയ്, അത്രയ്ക്ക് വിഷമമുള്ള കാര്യമാണോ?” ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു സ്റ്റാഫ് അംഗത്തിന്റെ കമന്റ്. കൂടുതലൊന്നും സംസാരിക്കാനനും, വിശദീകരിക്കാനുമുള്ള മൂഡിലല്ലാതിരുന്നത്കൊണ്ട് ഞാന്‍ പറഞ്ഞു,
“ബാറ്ററി വോള്‍ട്ടെജാണ് പ്രശ്നം. അല്ലെങ്കില്‍ താങ്കള്‍ പരഞ്ഞതു പോലെ ലളിതമയേനെ.“


എന്റെ ഉത്തരം തൃപ്തികരമല്ല എന്ന് ചോദ്യം ചോദിച്ച ആളുടെ ചേഷ്ടകളില്‍ നിന്നും മനസ്സിലായി. ഞാന്‍ മൃണാളിനി ടീച്ചറുടെ മുഖ ഭാവം ശ്രദ്ധിച്ചു. നിസ്സഹായാവസ്ഥ മുഖത്ത് തെളിഞ്ഞുകാണാം. എന്നിട്ടും വിശദമായി സംസാരിക്കനുള്ള മൂഡ് എനിക്കില്ലായിരുന്നു.


തിരികെ പൊകാന്‍ കാറില്‍ കയറുമ്പോള്‍ സാര്‍ എന്ന വിളി കേട്ട് തിരിഞ്ഞുനോക്കി. മത്സര പരീക്ഷയില്‍ എന്നെ സഹായിച്ച അദ്ധ്യാപകനാണ്. അദ്ദേഹം പറഞ്ഞു, “ സാര്‍ ഈ കുട്ടികള്‍ക്ക് എന്തോ സംശയം സാറിനോട് ചോദിക്കാനുണ്ട്. അദ്ദേഹത്തോടോപ്പം നിന്നിരുന്ന കൂട്ടികളെ നോക്കി അദ്ദേഹം പറഞ്ഞു. ഉടനെ കുട്ടികളിലൊരുവന്‍ മുന്നോട്ട് വന്ന് ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി എന്റെ കയ്യിലേക്കു തന്നിട്ട് ചോദിച്ചു,“സാര്‍ ഇതേലെന്താണ് തെറ്റ് എന്നൊന്നു പറഞ്ഞുതരാമോ?, പ്ലീ..സ്“


ആ പ്ലീസ് ശബ്ദത്തിനൊരപാകത എനിക്കു തോന്നാതിരുന്നില്ല. എന്നാലും ഞാന്‍ ആ കടലാസ് വാങ്ങി നോക്കി. മത്സരത്തില്‍ കിട്ടിയ ആദ്യ ഉത്തരക്കടലാസിന്റെ കോപ്പി! “ഇത് മുഴുവനും തെറ്റാണ്. കുട്ടിയുടെ ഉത്തരത്തില്‍ മൈനസ് 30 ഓംസ് എന്നു കാണുന്നു. എന്താ ഈ
മൈനസ് 30“. അങ്ങനെ ഒരു റെസിസ്റ്റന്‍സ് ഉണ്ടോ?”“സാറിനാണ് തെറ്റിയത് . ഞാന്‍ ‘-‘ എന്നെഴുതിയത് സാര്‍ മൈനസ് എന്ന് തെറ്റിദ്ധരിച്ചതാണ്. നെഗറ്റീവ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.“

“ അതായത് 30 ഓംസ് ഉള്ള നെഗറ്റീവ് റെസിസ്റ്റര്‍ എന്നാണോ താന്‍ ഉദ്ദേശിച്ചത്? ഈ പറയുന്നത് ഒരു മണ്ടത്തരമാണല്ലോ.” ഞാന്‍ ചിരിച്ച് പോയി.എന്റെ കമന്റും ചിരിയും അവനിഷ്ടപ്പെട്ടില്ല. ആ കുട്ടിയുടെ ഭാവം ആകെ മാറി. മുഖം ചുവന്നു. അവന്‍ അല്പം ഉച്ചത്തില്‍ തന്നെ ചോദിച്ചു.

“നെഗറ്റീവ് റെസിസ്റ്റന്‍സ് എന്ന ഒന്നില്ലന്നോ?. സാര്‍ ഒരൊറ്റ ചോദ്യം, ഒരൊറ്റ ഉത്തരം പറഞ്ഞാട്ടെ: നെഗറ്റീവ് റെസിസ്റ്റന്‍സ് എന്ന സംഭവം ഉണ്ടോ ഇല്ലയോ?“ അദ്ധ്യാപകരും കുറെ കുട്ടികളും ആകാംഷയോടെ ഉത്തരം പ്രതീക്ഷിച്ച് എന്റെ മുഖത്തേക്ക് ഉറ്റു നോക്കുകയാണ്. ഞാന്‍ പറയാന്‍ തുടങ്ങി.

“ നെഗറ്റീവ് റെസിസ്റ്റന്‍സ് എന്ന ഒരു പ്രതിഭാസം ഉണ്ട്. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന--“ എനിക്കത് മുഴുമിപ്പിക്കുവാന്‍ കഴിഞ്ഞില്ല. അത് മുഴുമിപ്പിക്കാന്‍ ആ കുട്ടികള്‍ സമ്മതിച്ചില്ല എന്നതാണ് വാസ്തവം. അവര്‍ ആര്‍ത്ത് വിളിച്ചുകൊണ്ട് എന്നെ വാദപ്രതിവാദത്തില്‍ “തോല്പിച്ച“ കുട്ടിയെ പൊക്കിയെടുത്ത് അമ്മാനമാടി. ആ ബഹളത്തിനിടയില്‍, എനിക്ക് പോകാനുള്ള കാര്‍ വന്നു. ഞാനതില്‍ കയറുന്നതിനിടയ്ക്ക് മൃണാളിനി ടീച്ചര്‍ എന്നോട് മന്ത്രിച്ചു. “സാര്‍, ഈ കോളേജിലെ ഏറ്റവും മിടുക്കനാണാ കുട്ടി. ഇതുവരെ ഉള്ള പരീക്ഷകളില്‍ 85 ശതമാനം മാര്‍ക്കുണ്ട്. മാത്തമാറ്റിക്സില്‍ 100ല്‍ നൂറും ആ കുട്ടിക്കാ. ഈ വര്‍ഷത്തെ റാങ്കും ആ കുട്ടിക്കാവനാണ് സാദ്ധ്യത.“

ഒരു മിടു മിടുക്കന്‍ കുട്ടിയോട് പരാജയപ്പെട്ടതില്‍ വലിയ വിഷമമൊന്നും തോന്നേണ്ടതില്ല എന്ന അര്‍ഥത്തിലാണ് ടീച്ചര്‍ അങ്ങനെ പറഞ്ഞതെന്നു തോന്നി.


ഏതായാലും വീണ്ടും രണ്ടുദിവസം കൂടി ഐ സി യു വില്‍ കിടക്കാനും ഡൊക്ടറുടെ ശകാരം കേള്‍ക്കാനും യോഗം ഉണ്ടായി.
.......അവസാനിച്ചു.

Friday, September 19, 2008

ഒരു സാങ്കേതിക നര്‍മ കഥ ( ഒന്നാം ഭാഗം)

മൂന്ന് വര്‍ഷം മുന്‍പ് ഒരുദിവസം, കുളിമുറിയില്‍ ഞാന്‍ ബോധം കെട്ട് വീണതിനാല്‍ ഐ സി യു വിലെ തടവില്‍ കിടക്കുന്ന സമയത്താണ് മൃണാളിനി ടീച്ചര്‍ മൊബൈലില്‍ വിളിക്കുന്നത്. ‍ എന്റെ ഒരു സുഹൃത്തിന്റെ സഹോദരിയാണ് അസി: പ്രൊഫസര്‍ ആയ മൃണാളിനി. അവര്‍ക്കെന്നില്‍ നിന്നും ഒരു സഹായം വേണം: അവരുടെ കോളേജില്‍ ഒരു ടെക്ക്നിക്കല്‍ ഫെസ്റ്റ് നടക്കുന്നു. ആ പരിപാടിയിലെ ആവേശകരമായ ഒരു മത്സരമായ ഡിസൈന്‍ എഞ്ചിനീയര്‍ കോണ്ടെസ്റ്റ് വിലയിരുത്താന്‍ ഒരു ജഡ്ജിയെ വേണം. വരാമെന്നേറ്റ പ്രമുഖന്‍ കാലുമാറി. ഇനിയിപ്പോ പുതിയൊരാളെ കണ്ടു പിടിക്കാന്‍ സമയമൊന്നുമില്ല, ഞാന്‍ ജഡ്ജിയായി ചെല്ലണം; അതാണവരുടെ ആവശ്യം.
“ യ്യോ ഞാനോ?. എനിക്കതിനുള്ള യോഗ്യത ഒന്നുമില്ലല്ലോ”
“ സാര്‍ പറ്റില്ലെന്ന് പറയരുത്. സാര്‍ നല്ലൊരു ടെക്നിക്ഷ്യനാണെന്ന് എനിക്കറിയാം. സാറിനെന്നെ സഹായിക്കാന്‍ കഴിയുമെന്നെനിക്കുറപ്പുണ്ട്.”
വിശ്വം മുഴുവനും പ്രഭ ചൊരിയുന്നവരും, തറവാടിത്വം ഉള്ളവരുമെല്ലാം പഠിച്ച കൊളെജാണ്, സൂക്ഷിച്ചിടപെടേണ്ടിയിരിക്കുന്നു. ഞാനൊന്നറച്ചു നിന്നു. എങ്കിലും അവരുടെ നിരന്തരമുള്ള നിര്‍ബന്ധത്താല്‍ സമ്മതം മൂളെണ്ടിവന്നു.
“ എന്നാണ് പരിപാടി?”
“നാളെ രാവിലെ 9 മണി“
ഉത്തരം കേട്ടപ്പോള്‍ ഞാനൊന്നമ്പരന്നു. ഞാന്‍ പറഞ്ഞു, “ടീച്ചറേ, ഞാനിവിടെ സുഖമില്ലാതെ ഐ സി യു വില്‍ കിടക്കുകയാ, എനിക്കെങ്ങനെ നാളെ വരാന്‍ കഴിയും?“
ഒഴിഞ്ഞുമാറുകയാണെന്ന് തെറ്റിദ്ധരിച്ച് ടീച്ചര്‍ പരിഭവവും സങ്കടവും നിസ്സഹായാവസ്ഥയും ദ്വേഷ്യവുമെല്ലാം കലര്‍ന്ന സ്വരത്തില്‍ എന്നോടെന്തൊക്കെയോ പുലമ്പി. ആ പരിദേവനത്തില്‍ അവരുടെ അപ്പോഴത്തെ അവസ്ഥ എനിക്കു മനസ്സിലായി. തീര്‍ച്ചയായും വരാം എന്ന് ഞാന്‍ സമ്മതിച്ചു. അന്നു വൈകുന്നേരം തന്നെ ആശുപത്രിയില്‍ നിന്നും വിടുതല്‍ വാങ്ങി വീട്ടിലെത്തി.
പിറ്റേന്ന് രാവിലത്തെ പാസഞ്ചര്‍ ട്രൈയിനില്‍ തൃശൂര്‍ സ്റ്റേഷനില്‍ ഇറങ്ങി.
.......തുടരും.....

Wednesday, September 17, 2008

ഒരു സര്‍ക്യൂട്ടില്‍ ഇന്‍ റഷ് കറന്റ് ഉണ്ടോ എന്ന് അറിയാനുള്ള വിദ്യ

എന്താണ് ഇന്‍ റഷ് കറന്റ്?:
ഒരു വൈദ്യുത സര്‍ക്യൂട്ടിലെക്ക് പെട്ടെന്ന് വൈദ്യുതി കടത്തിവിടുന്ന നിമിഷം തന്നെ ആ സര്‍ക്യൂട്ട് സാധാരണ രീതിയില്‍ എടുക്കുന്ന കറന്റ് (steady state current) നെക്കാള്‍ വളരെ ക്കൂടിയ ആമ്പിയര്‍ ( പത്ത് പതിനഞ്ചിരട്ടി) വലിക്കാന്‍ സാദ്ധ്യത ഉണ്ട്. ഈ കൂടിയ കറന്റ് വളരെ കുറച്ച് സമയത്തേക്കു മാത്രമാണ് (ഏതാനും മില്ലി സെക്കന്റുകള്‍ മുതല്‍ ഏതാനും സെക്കന്റുകള്‍) നില നില്‍ക്കുന്നതെങ്കിലും, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ അതിനു വളരെ പ്രാധാന്യമുണ്ട്. ഇത്തരത്തില്‍ ഒരു ഉപകരണം സ്വിച്ച് ഓണാക്കുന്ന നിമിഷം എടുക്കുന്ന കൂടിയ കറന്റിനെ ഇന്‍ റഷ് കറന്റ് എന്ന് എന്നു പറയുന്നു. ഇന്‍ റഷ് കറന്റ് ഏറ്റവും കുറഞ്ഞിരിക്കുന്നതാണ് നല്ലതെങ്കിലും (അതു കുറക്കാന്‍ മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും) ഇന്‍ റഷ് കുറക്കുന്നത് വളരെ പ്രയാസകരയ സംഗതിയാണ്.

ഇലക്ട്രിക്ക് ലാമ്പില്‍ ഇന്‍ റഷ് കറന്റ് ഉണ്ടാവുമോ?
സാധാരണ, വീടുകളില്‍ ഉപയോഗിക്കുന്ന മിക്കതരം ലാമ്പുകള്‍ക്കും ഇന്‍ റഷ് കറന്റ് ഉണ്ട്. എന്നാല്‍ അത് ഉപയോഗിക്കുന്നവര്‍ക്ക് ബാധിക്കാത്ത തരത്തില്‍ കുറവോ അല്ലെങ്കില്‍ അതിന്റെ സമയധൈര്‍ഘ്യം കുറവോ ആയിരിക്കും. എന്നാല്‍ ups, Inverter മുതലായ ഉപകരണങ്ങളെ അത് ബാധിക്കാന്‍ സാധ്യത ഉണ്ട്. ഒരു ലോഡ്, സ്വിച്ച് ചെയ്യുന്ന നിമിഷം Inverter ട്രിപ്പ് ആകുന്നതിന് ഇന്‍ റഷ് കറന്റ് കാരണമാവാം.


ഇന്‍ റഷ് കറന്റ് ഉണ്ടോ എന്ന് അറിയാനുള്ള പരീക്ഷണം
ഇന്‍ റഷ് കറന്റ് എത്രയാണെന്ന് അറിയാന്‍ പല മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ ഇതല്പം പ്രയാസമുള്ള കാര്യമാണ്. ഇന്‍ റഷ് കറന്റ് ന്റെ സമയ ധൈര്‍ഘ്യം കുറവാണെന്നതാണ് അതു അളക്കുന്നതിന്റെ പ്രധാന കടമ്പ. ഒരു peak reading ammeter ഉപയോഗിച്ചോ, ഒരു ഡിജിറ്റല്‍ സ്റ്റോറേജ് ഓസിലോസ്കോപ്പ് ഉപയോഗിച്ചോ ഇത് അളക്കാവുന്നതാണ്. എന്നാല്‍ ഒരു സാധാരണ ടെക്നിഷന് ഇത്തരം ഉപകരണങ്ങള്‍ അപ്രാപ്യമാണ്. ഇന്‍ റഷ് കറന്റ് ഉണ്ടോ എന്ന് അറിയാനുള്ള ഒരു ചെറിയ പരീക്ഷണ സംവിധാനം താഴെ വിവരിക്കുന്നു:
ചിത്രത്തില്‍ കാണുന്നത് അത്തരം ഒന്നിന്റെ സര്‍ക്യൂട്ട് ഡയഗ്രം ആണ്.

ഇതില്‍ L1 എന്നത് നമുക്കറിയേണ്ട load ( ബള്‍ബ്, ടി വി, മിക്സി, തുടങ്ങിയവ) നെ സൂചിപ്പിക്കുന്നു. SW എന്ന സ്വിച്ച് ഉപയോഗിച്ച് ഉപകരണത്തിലേക്ക് വൈദ്യുതി കടത്തിവിട്ടാല്‍ ഒഴുകുന്ന കറന്റ് മൂലം R1 എന്ന റസിസ്റ്ററില്‍ ഒരു വോള്‍ട്ടേജ് രൂപപ്പെടുന്നു. ഈ AC വോള്‍ട്ടേജ് 4 ഡയോഡുകള്‍ ( D1, D2, D3 &D4) ചേര്‍ന്നുള്ള bridge rectifier ന്റെ പ്രവര്‍ത്തനത്താല്‍ DC ആക്കി മാറ്റുകയും ഒരു എല്‍ ഇ ഡി (വെളുത്ത നിറത്തില്‍ പ്രകാശിക്കുന്നത് ) യിലേക്ക് കൊടുക്കുകയും ചെയ്യുന്നു. എല്‍ ഇ ഡി യിലൂടെയുള്ള കറന്റ് നിയന്ത്രിച്ച് നിര്‍ത്താനാണ് R2 (15 ഓംസ്) എന്ന റെസിസ്റ്റര്‍ ഉപയോഗിക്കുന്നത്. R1ല്‍ 5 വോള്‍ട് രൂപപ്പെടുകയാണെങ്കില്‍ മത്രമേ എല്‍ ഇ ഡി forward biased ആവുകയും പ്രകാശിക്കുകയും ചെയ്യൂ. R1 ന്റെ മൂല്യത്തിലാണ് കളി മുഴുവനും. അതിന്റെ മുല്യം നിശ്ചയിക്കാന്‍ എത്ര വാട്ട്സ് ലോഡിന്റെ ഇന്‍ റഷ് ആണ് അളക്കേണ്ടതെന്ന് അറിയണം. ഒരു 40 വാട്ട് ബള്‍ബിന്റെ ഇന്‍ റഷ് കറന്റ് ആണ് അറിയേണ്ടതെന്നിരിക്കട്ടെ. ആ ബള്‍ബിന്റെ സാധാരണഗതിയിലുള്ള കറന്റ് (40/ 230 ) ആമ്പിയര്‍ ആയിരിക്കും. അതയത് 174 മില്ലി ആമ്പിയര്‍. നമുക്കതിന്റെ 3 ഇരട്ടിയായ 522 മില്ലി ആമ്പിയര്‍ ഒഴുകിയാല്‍ മാത്രം 5 വോള്‍ട് R1ല്‍ കിട്ടത്തക്ക വിധം R1ന്റെ മൂല്യം എടുക്കാം, ഏകദേശം 10 ഓംസ്. ഇനി ഈ സര്‍ക്യൂട്ട് വയര്‍ ചെയ്ത് ആദ്യം ലോഡ് കൊടുക്കാതെ സ്വിച്ച് ഓണ്‍ ചെയ്താല്‍ എല്‍ ഇ ഡി പ്രകാശിക്കില്ല. സ്വിച്ച് ഓഫ് ചെയ്തതിനു ശേഷം ലോഡ് പിടിപ്പിക്കുക. ഇനി സ്വിച്ച് ഓണ്‍ ചെയ്താല്‍, ഉപകരണം പ്രവേര്‍ത്തിക്കും. എന്നാല്‍ സ്വിച്ച് ഓണ്‍ ചെയ്ത നിമിഷത്തില്‍ എല്‍ ഇ ഡി ഒന്ന് മിന്നുകയാണെങ്കില്‍, സാധാരണ എടുക്കുന്ന കറന്റിന്റെ 3 ഇരട്ടിയില്‍ ല്‍ കൂടുതല്‍ എടുത്തു എന്നും, അതായത് ഇന്‍ റഷ് കറന്റ് ഉണ്ട് എന്നും മനസ്സിലാക്കാം. R1 എന്നത് ഒരു പൊട്ടന്‍ഷ്യോ മീറ്റര്‍ (variable resistor) ആണെങ്കില്‍, ഇന്‍ റഷ് കറന്റിനെ നമുക്ക് അളക്കാനും ഉപയോഗിക്കാം.

ഒരു പ്രാവശ്യം ഓണ്‍ ചെയ്താല്‍ കുറച്ച് സമയം കഴിഞ്ഞ് ഓഫ് ചെയ്തതിനു ശേഷം അല്‍പം ഇടവേളക്ക്ശേഷം ഈ പരീക്ഷണം ആവര്‍ത്തിക്കവുന്നതാണ്.

Bill of materials

D1 , D2, D3, D4 1n 4007 4Nos.

LED Whitle LED 1No

R1 Sensing Resistor (വിവരണം നോക്കുക)

R2 LeD current limiting Resistor 15 ohms

L1 Device under test

SW ON/ OFF switch

Saturday, June 14, 2008

മികവിന്റെ കേന്ദ്രങ്ങള്‍

ബിസിനസ്സ് ദിനപ്പത്രമായ ഹിന്ദുസ്ഥാന്‍ ടൈംസ് ന്റെ mintഎന്ന വെബ് സൈറ്റ് (http://www.livemint.com) പ്രസിദ്ധീകരിച്ച, ഇന്ത്യയിലെ മുന്‍ നിരയിലുള്ള സര്‍ക്കാര്‍ എഞ്ചിനീയറിങ്ങ് കോളേജ് കളുടെ ലിസ്റ്റില്‍ NIT കോഴിക്കോട് , തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് , മൊഡെല്‍ എഞ്ചിനീയറിംഗ് കോളേജ് എന്നീ എഞ്ചിനീയറിംഗ് കോളേജ് കള്‍ പെട്ടിട്ടുണ്ട്. എന്നാല്‍ മുന്‍ നിരയിലുള്ള സ്വകാര്യ കോളേജ് കളുടെ ലിസ്റ്റില്‍ കേരളത്തില്‍ നിന്നും ഒരൊറ്റ സ്വകാര്യ കോളേജ് പോലും ഇല്ല. mnit ഉം , വാള്‍സ്ട്രീറ്റ് journel ഉം ചേര്‍ന്ന് നടത്തിയ റാങ്കിങ് ഫലമാണ് വെബ് സൈറ്റ് പ്രസിദ്ധപ്പെടുത്തിയത്‌. കുടുതല്‍ വിവരങ്ങള്‍ക്ക്: http://www.livemint.com/Articles/keywords.aspx?kw=Best%20Indian%20colleges .

മികവിന്റെ കേന്ദ്രങ്ങള്‍ ആകാന്‍ കേരളത്തിലെ സ്വകാര്യ കോളേജ് കള്‍ക്ക് ഇനിയും കാത്തിരിക്കേണ്ടി വരും, സര്‍ക്കാര്‍ കോളേജ് കള്‍ അവരുടെ നിലവാരം തകര്‍ക്കുന്നതുവരെ.