Saturday, September 20, 2008

ഒരു സാങ്കേതിക നര്‍മ കഥ (അവസാന ഭാഗം)

സ്റ്റേഷനില്‍ എന്റെ പേരഴുതിയ ഒരു ബോര്‍ഡുമായി ഒരു പയ്യന്‍ നില്‍ക്കുന്നു. ട്രൈനില്‍ നിന്നിറങ്ങുന്ന യാത്രക്കാരില്‍ എന്നെ തിരയുകയാണവന്‍. ഞാന്‍ അവന്റെ അടുത്തെത്തി പിറകില്‍ നിന്നും തോളില്‍ മൃദുവായി തട്ടി വിളിച്ചു. ആ കുട്ടി തിരിഞ്ഞുനോക്കി. “ ഞാനാണ് താങ്കള്‍ തിരയുന്ന വ്യക്തി. “വിശ്വാസം വരാതെ അവനെന്നെ അടിമുടി സൂക്ഷിച്ച് നോക്കി.

“സാര്‍ ട്രൈനിനല്ലേ വന്നത്?


“ അതെ“


“ഞാന്‍ കണ്ടില്ല“. ഇതു പറഞ്ഞിട്ട് പാര്‍ക്ക് ചെയ്തിരുന്ന ഒരു കാറിലെക്ക് അവനന്നെ ആനയിച്ചു.


കൃത്യം 9 മണിക്ക് ഞങ്ങള്‍ കോളെജിലെത്തി. 9.30 നു ഞാന്‍ മത്സരാര്‍ഥികള്‍ കാത്തിരുന്ന ഹാ ളിലെത്തി. പതിനഞ്ചോളം ടീമുകള്‍, ഒരോ ടീമിലും 2 പേര്‍ വീതം. തത്സയ ഡിസൈന്‍ കോണ്ടെസ്റ്റ് ആണ്. ഡിസൈന്‍ പ്രശ്നമായി ഞാന്‍ ഇട്ട് കൊടുത്തത് ഇതായിരുന്നു:


“ 1.5 വോള്‍ട് സെല്ലില്‍ പ്രവര്‍ത്തിക്കുന്ന ഒരു എല്‍ ഇ ഡീ ടൊര്‍ച്ച് ലൈറ്റ് ന്റെ സര്‍ക്യൂട്ട് ഡിസൈന്‍ ചെയ്യുക. എല്‍ ഇ ഡി യുടെ കട്ട് ഇന്‍ വൊള്‍ട്ടേജ് 3 വോള്‍ട്ട്, കറന്റ് 50 മില്ലി ആമ്പിയര്‍.”


ചോദ്യം കൊടുത്തിട്ട് അധികം സമയം കഴിയുന്നതിനു മുന്‍പേ തന്നെ കുറെ മത്സരാര്‍ഥികള്‍ മുറിയില്‍ നിന്നും ഇറങ്ങിപ്പോയി. പുറത്തേക്ക് പോകുന്നതിനിടയില്‍ അവരില്‍ ചിലര്‍ എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ടായിരുന്നു.
ബാക്കിയുള്ളവര്‍ തങ്ങളുടെ ഡിസൈന്‍ മനസ്സില്‍ നിന്നും കടലാസ്സിലേക്ക് പകര്‍ത്താന്‍ ആരംഭിച്ചു. 3
മണിക്കൂര്‍ ആയിരുന്നു സമയ പരിധി. 1/2 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ ഒരുത്തന്‍ ഉത്തരക്കടലാസ് എന്നെ ഏല്‍പ്പിച്ചു. ആദ്യം കിട്ടിയ ആ ഉത്തരം നോക്കി ഞാന്‍ ആദ്യം കരഞ്ഞോ അതോ ചിരിച്ചോ എന്നോര്‍ക്കുന്നില്ല. മത്സരം കഴിഞ്ഞ് എല്ലാ ഉത്തരങ്ങളും പരിശോധിച്ചപ്പോള്‍ ഒന്നാം സമ്മാനം കൊടുക്കാന്‍ പറ്റിയ ഒരു ഡിസൈനും കാണാന്‍ കഴിഞ്ഞില്ല എങ്കിലും, ഒരു ഡിസി- ഡിസി കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ച് ഇത് ഡിസൈന്‍ ചെയ്യാമെന്ന് അനുമാനിച്ച കുട്ടിക്ക് സമ്മാനം നല്‍കണമെന്ന് ഞാന്‍ വിധി എഴുതി.


നല്ല ശരീരസുഖമില്ലായിരുന്നത് കൊണ്ട് ഭക്ഷണം കഴിച്ചിട്ട് പോകാമെന്ന സ്നേഹപൂര്‍ണമായ ക്ഷണം നിരസിച്ചു. അല്പ സമയം ഡിപ്പാര്‍ട്ട്മെന്റ് ഹെഡ്ഡിന്റെ മുറിയില്‍ വിശ്രമിച്ചിട്ട് പോകാമെന്ന് കരുതി. എച്ച് ഓ ഡി യുടെ മുറിയില്‍ മൃണാളിനി യെക്കൂടാതെ വേറെയും സ്റ്റാഫ് അംഗങ്ങള്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ സ്വയം പരിചയപ്പെടുത്തിയിട്ട് പറഞ്ഞു, “സാര്‍ ഇത്രയും ലളിതമായ ഒരു ചോദ്യം ചോദിച്ച് കുട്ടികളെ അപമാനിച്ചു എന്നൊരു പരാതിയുണ്ട്. മിടുക്കന്മാരായ ചിലര്‍ കോണ്ടെസ്റ്റില്‍ പങ്കെടുക്കാതെ പിന്‍ മാറിയത് സാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. “


“ഞാന്‍ അത്രയ്ക്ക് സിംപിളായ പ്രശ്നമല്ലല്ലോ കുട്ടികള്‍ക്ക് കൊടുത്തത്. എന്താ അങ്ങനെ തോന്നാന്‍ കാരണം?“


“ ഒരു എല്‍ ഇ ഡി ക്ക് കൊടുക്കുന്ന series resistance കണക്കാക്കുന്നതേയ്, അത്രയ്ക്ക് വിഷമമുള്ള കാര്യമാണോ?” ഏറ്റവും പ്രായം കുറഞ്ഞ മറ്റൊരു സ്റ്റാഫ് അംഗത്തിന്റെ കമന്റ്. കൂടുതലൊന്നും സംസാരിക്കാനനും, വിശദീകരിക്കാനുമുള്ള മൂഡിലല്ലാതിരുന്നത്കൊണ്ട് ഞാന്‍ പറഞ്ഞു,
“ബാറ്ററി വോള്‍ട്ടെജാണ് പ്രശ്നം. അല്ലെങ്കില്‍ താങ്കള്‍ പരഞ്ഞതു പോലെ ലളിതമയേനെ.“


എന്റെ ഉത്തരം തൃപ്തികരമല്ല എന്ന് ചോദ്യം ചോദിച്ച ആളുടെ ചേഷ്ടകളില്‍ നിന്നും മനസ്സിലായി. ഞാന്‍ മൃണാളിനി ടീച്ചറുടെ മുഖ ഭാവം ശ്രദ്ധിച്ചു. നിസ്സഹായാവസ്ഥ മുഖത്ത് തെളിഞ്ഞുകാണാം. എന്നിട്ടും വിശദമായി സംസാരിക്കനുള്ള മൂഡ് എനിക്കില്ലായിരുന്നു.


തിരികെ പൊകാന്‍ കാറില്‍ കയറുമ്പോള്‍ സാര്‍ എന്ന വിളി കേട്ട് തിരിഞ്ഞുനോക്കി. മത്സര പരീക്ഷയില്‍ എന്നെ സഹായിച്ച അദ്ധ്യാപകനാണ്. അദ്ദേഹം പറഞ്ഞു, “ സാര്‍ ഈ കുട്ടികള്‍ക്ക് എന്തോ സംശയം സാറിനോട് ചോദിക്കാനുണ്ട്. അദ്ദേഹത്തോടോപ്പം നിന്നിരുന്ന കൂട്ടികളെ നോക്കി അദ്ദേഹം പറഞ്ഞു. ഉടനെ കുട്ടികളിലൊരുവന്‍ മുന്നോട്ട് വന്ന് ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി എന്റെ കയ്യിലേക്കു തന്നിട്ട് ചോദിച്ചു,“സാര്‍ ഇതേലെന്താണ് തെറ്റ് എന്നൊന്നു പറഞ്ഞുതരാമോ?, പ്ലീ..സ്“


ആ പ്ലീസ് ശബ്ദത്തിനൊരപാകത എനിക്കു തോന്നാതിരുന്നില്ല. എന്നാലും ഞാന്‍ ആ കടലാസ് വാങ്ങി നോക്കി. മത്സരത്തില്‍ കിട്ടിയ ആദ്യ ഉത്തരക്കടലാസിന്റെ കോപ്പി! “ഇത് മുഴുവനും തെറ്റാണ്. കുട്ടിയുടെ ഉത്തരത്തില്‍ മൈനസ് 30 ഓംസ് എന്നു കാണുന്നു. എന്താ ഈ
മൈനസ് 30“. അങ്ങനെ ഒരു റെസിസ്റ്റന്‍സ് ഉണ്ടോ?”“സാറിനാണ് തെറ്റിയത് . ഞാന്‍ ‘-‘ എന്നെഴുതിയത് സാര്‍ മൈനസ് എന്ന് തെറ്റിദ്ധരിച്ചതാണ്. നെഗറ്റീവ് എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്.“

“ അതായത് 30 ഓംസ് ഉള്ള നെഗറ്റീവ് റെസിസ്റ്റര്‍ എന്നാണോ താന്‍ ഉദ്ദേശിച്ചത്? ഈ പറയുന്നത് ഒരു മണ്ടത്തരമാണല്ലോ.” ഞാന്‍ ചിരിച്ച് പോയി.എന്റെ കമന്റും ചിരിയും അവനിഷ്ടപ്പെട്ടില്ല. ആ കുട്ടിയുടെ ഭാവം ആകെ മാറി. മുഖം ചുവന്നു. അവന്‍ അല്പം ഉച്ചത്തില്‍ തന്നെ ചോദിച്ചു.

“നെഗറ്റീവ് റെസിസ്റ്റന്‍സ് എന്ന ഒന്നില്ലന്നോ?. സാര്‍ ഒരൊറ്റ ചോദ്യം, ഒരൊറ്റ ഉത്തരം പറഞ്ഞാട്ടെ: നെഗറ്റീവ് റെസിസ്റ്റന്‍സ് എന്ന സംഭവം ഉണ്ടോ ഇല്ലയോ?“ അദ്ധ്യാപകരും കുറെ കുട്ടികളും ആകാംഷയോടെ ഉത്തരം പ്രതീക്ഷിച്ച് എന്റെ മുഖത്തേക്ക് ഉറ്റു നോക്കുകയാണ്. ഞാന്‍ പറയാന്‍ തുടങ്ങി.

“ നെഗറ്റീവ് റെസിസ്റ്റന്‍സ് എന്ന ഒരു പ്രതിഭാസം ഉണ്ട്. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്ന--“ എനിക്കത് മുഴുമിപ്പിക്കുവാന്‍ കഴിഞ്ഞില്ല. അത് മുഴുമിപ്പിക്കാന്‍ ആ കുട്ടികള്‍ സമ്മതിച്ചില്ല എന്നതാണ് വാസ്തവം. അവര്‍ ആര്‍ത്ത് വിളിച്ചുകൊണ്ട് എന്നെ വാദപ്രതിവാദത്തില്‍ “തോല്പിച്ച“ കുട്ടിയെ പൊക്കിയെടുത്ത് അമ്മാനമാടി. ആ ബഹളത്തിനിടയില്‍, എനിക്ക് പോകാനുള്ള കാര്‍ വന്നു. ഞാനതില്‍ കയറുന്നതിനിടയ്ക്ക് മൃണാളിനി ടീച്ചര്‍ എന്നോട് മന്ത്രിച്ചു. “സാര്‍, ഈ കോളേജിലെ ഏറ്റവും മിടുക്കനാണാ കുട്ടി. ഇതുവരെ ഉള്ള പരീക്ഷകളില്‍ 85 ശതമാനം മാര്‍ക്കുണ്ട്. മാത്തമാറ്റിക്സില്‍ 100ല്‍ നൂറും ആ കുട്ടിക്കാ. ഈ വര്‍ഷത്തെ റാങ്കും ആ കുട്ടിക്കാവനാണ് സാദ്ധ്യത.“

ഒരു മിടു മിടുക്കന്‍ കുട്ടിയോട് പരാജയപ്പെട്ടതില്‍ വലിയ വിഷമമൊന്നും തോന്നേണ്ടതില്ല എന്ന അര്‍ഥത്തിലാണ് ടീച്ചര്‍ അങ്ങനെ പറഞ്ഞതെന്നു തോന്നി.


ഏതായാലും വീണ്ടും രണ്ടുദിവസം കൂടി ഐ സി യു വില്‍ കിടക്കാനും ഡൊക്ടറുടെ ശകാരം കേള്‍ക്കാനും യോഗം ഉണ്ടായി.
.......അവസാനിച്ചു.

4 comments:

മണി said...

ഇതാ, കഥയുടെ അവാസാന ഭാഗം
സ്നേഹത്തോടെ
മണി

നിരക്ഷരന്‍ said...

തികച്ചും സാങ്കേതിക കഥയായതുകൊണ്ട് നര്‍മ്മ അത്ര ആസ്വദിക്കാന്‍ പറ്റിയില്ല. തുറന്ന് പറഞ്ഞതില്‍ വിഷമം തോന്നരുത്.

ഇനിയും എഴുതൂ...
ആശംസകള്‍.

കടവന്‍ said...

അത് മുഴുമിപ്പിക്കാന്‍ ആ കുട്ടികള്‍ സമ്മതിച്ചില്ല എന്നതാണ് വാസ്തവം. അവര്‍ ആര്‍ത്ത് വിളിച്ചുകൊണ്ട് എന്നെ വാദപ്രതിവാദത്തില്‍ “തോല്പിച്ച“ കുട്ടിയെ പൊക്കിയെടുത്ത് അമ്മാനമാടി."കേരളിയരുടെ ഒരു പ്രശ്നമാണിതെന്ന് തോന്നുന്നു..ആ എന്ന് കേള്ക്കുമ്പൊളെക്കും ആനയെന്ന് ഒരു കൂട്ടരും, ആടെന്ന് മറ്റൊരുകൂട്ടരും പറയും എന്നിട്ട്തമ്മിതല്ലാകും , പ്രാക്റ്റിക്കല്‍ എക്സ്പിരിയന്സില്ലാത്ത ടീച്ചര്മാര്‍ ക്ലാസെടുക്കുംപോഴുള്ള പ്രശ്നവും ഇതിലുണ്ട്.. വര്ക്ക് ചെയ്യാന്‍ മിനിമമെത്രവോള്ട് വേണമെന്നവര്ക്കുമറിയില്ല...അതു കൊണ്ട്തന്നെയാണല്ലൊ ഇതൊരു നിസ്സാരപ്രശ്നമെന്ന് റ്റീച്ചറും പറഞ്ഞത്.

മണി said...

നിരക്ഷരന്,
എന്റെ കഥ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും വളരെ നന്ദി. താങ്കളക്ക് ആസ്വദിക്കാന്‍ കഴിഞ്ഞില്ല എന്ന പ്രതികരണം എന്റെ എഴുത്തിന്റെ തകരാറായി ഞാന്‍ കാണുന്നു. ഭാവിയില്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.
കടവന്‍,
വോള്‍ട്ടേജിന്റെ പ്രശ്നം മാത്രമല്ല, “നെഗറ്റീവ് റെസിസ്റ്റന്‍സ്“ എന്ന ഒരു കാര്യം കൂടി അതിലുണ്ട്. നെഗറ്റീവ് “-“ നെ പറ്റി ഒരു ‍ കുട്ടിയുടെ ബ്ലൊഗില്‍ പണ്ടു നടന്ന ഒരു ചര്‍ച്ച കൂടി ചേര്‍ത്ത് വായിച്ചാല്‍ കുറച്ചുകൂടി അസ്വാദ്യകരമായേനെ.
ഈ പോസ്റ്റ് വായിച്ച എല്ലാവര്‍ക്കും നന്ദി.