Monday, May 4, 2009

കാത്തിരുപ്പ്

ഇതെന്റെ പാര്‍ട്ട് ടൈം പഠനകാലത്തെ ഒരു അനുഭവമാണ്. വര്ഷം 30 കഴിഞ്ഞിട്ടും ആ ഓര്‍മ മനസ്സില്‍ പച്ച പിടിച്ചു നില്‍ക്കുന്നു.
അന്ന് തൃശൂര്‍ എഞ്ചിനീയറിങ്ങ് കോളേജിലെ സായഹ്ന ക്ലാസില്‍ പഠിച്ചിരുന്നവരില്‍ ഏറെയും, എറണാകുളത്തു നിന്നും ആലുവായില്‍ നിന്നുമൊക്കെ ഐലന്‍ഡ് എക്സ് പ്രസ്സില്‍ കയറിയാണ് കോളേജില്‍ എത്തുക. ഞങ്ങള്‍ ധാരാളം സുഹൃത്തുക്കള്‍ ഒരുമിച്ചായിരുന്നു യാത്ര. ആലുവായില്‍ നിന്നും കയറുന്ന ബഷീര്‍ എന്റെ അടുത്ത സുഹൃത്തായി മാറി. ബഷീര്‍ വിവാഹിതനായിരുന്നു. വിവാഹിതരായവര്ക്കു പറ്റുന്ന ഒന്നല്ല ഈ വയോജന വിദ്യാഭ്യാസം എന്നു ബഷീര്‍ പകുതി തമാശക്കും പകുതി കാര്യത്തിലും എന്ന മട്ടില്‍ പറയും. സായാഹ്ന പഠനം മൂലം കുടുംബ ബന്ധത്തിലുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ബഷീര്‍ പറയുന്നത് ക്ഷമയോടെ ഞാന്‍ കേള്‍ക്കും. മൂന്ന് മക്കളും ഒരു ഭാര്യയും അടങ്ങുന്ന കുടുംബം ആണ് ബഷീറിന്റേത്. പി. ഡബ്ലിയു. ഡി. യിലാണ് ബഷീറിനു ജോലി. രാവിലെ വീട്ടില്‍ നിന്നും ഓഫീസിലേക്ക്, വൈകീട്ട് അവിടെ നിന്നും ആലുവ റെയില്‍വേ സ്റ്റേഷനിലേക്ക്; ക്ലാസു കഴിഞ്ഞ് രാത്രി 11 മണിയോടെ ആലുവായില്‍ വണ്ടി ഇറങ്ങും. അവിടെ നിന്നും ബൈക്കില്‍ വീട്ടിലെത്തുമ്പോള്‍ സമയം 11.30 അല്ലെങ്കില്‍ 12 മണി ആകും. പാതിരാത്രിയില്‍ വീട്ടിലെത്തുമ്പോള്‍ ഉമ്മറത്ത് തന്നെയും കാത്ത് ഉറങ്ങാതിരിക്കുന്ന 10 ഉം, 8 ഉം, 3 ഉം വയസ്സു പ്രായമുള്ള കുഞ്ഞുങ്ങളെയും ഭാര്യയെയും കാണുമ്പോള്‍ ബഷീറിന്റെ ഉള്ളം പിടയും; എന്നാല്‍ അവരോടൊന്ന് സംസാരിക്കാന് പോലും അവസരം പറ്റാതെ ഭക്ഷണം കഴിച്ച് കിടക്കയിലേക്ക് ചായും; അതിരാവിലെ എഴുന്നേറ്റ് ഹോംവര്‍ക്കും, ഓഫീസില്‍ തീരാത്ത പണികളും വീട്ടില്‍ വച്ച് ചെയ്തിട്ട് വേണമല്ലോ പിറ്റേന്നത്തെ ദിനചര്യകള്‍ ആരംഭിക്കാന്‍. “ഈ പാര്‍ട്ട് ടൈം പഠനം വേണ്ടായിരുന്നു“ ചിലപ്പോഴൊക്കെ ബഷീര്‍ ഉറക്കെ ആത്മഗതം ചെയ്യൂം. ഇങ്ങനെ ദുഃഖങ്ങളൊക്കെ തുറന്നു പറയുമ്പോള്‍ ഞാന്‍ ബഷീറിനെ സമാശ്വസിപ്പിക്കും. ബഷീറിനെ കാത്തിരിക്കാന്‍ ആളുകളുണ്ടല്ലോ, അവിവാഹിതരായ ഞങ്ങളെ കാത്ത് ലോഡ്ജ് മുറികളില്‍ ഇരിക്കുന്നത് കൊതുകുകള് മാത്രമാണല്ലോ, എന്ന്.
ഒരു രാത്രി ക്ലാസു കട്ട് ചെയ്തെങ്കിലും അല്പം നേരത്തെ വീട്ടിലെത്തി വീട്ടുകാരെ അത്ഭുതപ്പെടുത്താനും അങ്ങനെ അവരെ സന്തോഷിപ്പിക്കാനും ഞാന്‍ ബഷീറിനെ ഉപദേശിച്ചു.

അങ്ങനെ ബഷീര്‍ ഒരു ദിവസത്തെ- അല്ല രാത്രിയിലെ രണ്ടാം പാദത്തിലെ ക്ലാസ് കട്ട് ചെയ്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു. ബഷീര്‍ കയറിയ തീവണ്ടി ആലുവായില്‍ കൃത്യം 9.30 നുതന്നെ എത്തി. അതിനു ശേഷമുള്ള കാര്യങ്ങള്‍ ബഷീര്‍ പറഞ്ഞതിങ്ങനെയാണ്:
ആലുവാ ടൌണില്‍ നിന്നും നാലു കിലോമീറ്റര്‍ അകലമേയുള്ളു ബഷീറിന്റെ വീട്ടിലേക്ക്. സ്റ്റേഷനില്‍ നിന്നും ബൈക്കില്‍, പുറപ്പേട്ടാല്‍ പത്ത് മിനിറ്റിനകം വീട്ടിലെത്താം. ആലുവാ പെരുമ്പവൂര്‍ റൂട്ടില്‍നിന്ന് ഇടത്തേക്കുള്ള ഇടവഴിയിലൂടെ ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വീടായി. ബഷീര്‍ ഇടവഴിയിലേക്ക് ബൈക്ക് തിരിച്ച് അധികം മുന്നോട്ട് പോവുന്നതിനു മുന്പേ എന്തോ ഒന്ന് വഴിക്ക് കുറുകെ ചാടി. ഒരു മിന്നായം പോലെ മാത്രമേ ബഷീറിന് ആ വസ്തുവിനെ കാണാന് കഴിഞ്ഞുള്ളു. ബഷീര്‍ വണ്ടി ബ്രേക്കിട്ടു നിര്‍ത്തി ചുറ്റും നോക്കി. ബൈക്ക് നിന്നതോടെ അതിന്റെ എഞ്ചിനും നിലച്ചു. ഹെഡ് ലൈറ്റും കെട്ടു. കടുത്ത ഇരുട്ട്. ബഷീര്‍ എത്ര ശ്രമിച്ചിട്ടും ബൈക്ക് സ്റ്റാര്‍ട്ടായില്ല. അതോടെ വണ്ടി തള്ളി മുന്നോട്ട് പോവുകയേ മാര്‍ഗമുള്ളു എന്നായി. ബഷീര്‍ തന്റെ ഹെല്‍മറ്റ് അഴിച്ച് ഹാന്‍ഡില്‍ ബാറില്‍ തൂക്കി. ഹെല്‍മറ്റ് തലയില്‍ നിന്നും മാറ്റിയപ്പോള്‍, പാലപ്പൂവിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി. കൂരിരുട്ടുമൂലം കണ്ണ് കാണാതെ എതിരെ ആരെങ്കിലും വന്ന് കൂട്ടിമുട്ടാതിരിക്കാന്‍ ഒരു മൂളിപാട്ടും പാടി ബഷീര്‍ വണ്ടി തള്ളി ക്ഷീണിതനായി വീട്ടു പടിക്കലെത്തി. വണ്ടി സ്റ്റാന്‍ഡില്‍ വച്ചിട്ട് തുരുമ്പിച്ച ഗേറ്റ് ശക്തിയായി തള്ളി. കര്‍ണ്ണ കഠോരമായ ശബ്ദത്തോടോപ്പം തുറന്നു വരേണ്ടിയിരുന്ന ഗേറ്റ് നിശബ്ദമായി തുറന്നത് ബഷീറിനെ അതിശയപ്പെടുത്തി. എന്നാല് അതിനെക്കാള്‍ അല്‍ഭുതപ്പെട്ടത് വീട്ടു വളപ്പില്‍ തന്റെ വീടു തന്നെ കാണാന് കഴിയുന്നില്ല എന്ന് മനസ്സിലാക്കിയപ്പോഴാണ്!. പിന്നെയാണ് വാസ്തവം മനസ്സിലായത്. വൈദ്യുത വെളിച്ചത്തില്‍ കുളിച്ചു നില്ക്കുമായിരുന്ന വീട് ഇപ്പോള്‍ ആകെ ഇരുട്ടില്‍ ആണ്! തപ്പി ത്തടഞ്ഞു വീടിന്റെ വരാന്തയില്‍ കയറി. എന്നാല്‍ എന്നും തന്റെ വരവ് പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഭാര്യയും മക്കളുമില്ല. വീടാകെ ഉറങ്ങി കിടക്കുന്നതുപോലെ. കറന്റു പോയതായിരിക്കുമോ? ബഷീര്‍ സംശയിച്ചു. വാതിലുകളും ജനലുകളും അടഞ്ഞാണു കിടക്കുന്നതെന്നു തപ്പി നോക്കി മനസ്സിലാക്കി. ഒരു തരി വെട്ടവും ഒരിടത്തുമില്ല. ബഷീര്‍ കതകില്‍ തട്ടി വിളിച്ചു നോക്കി. പ്രതികരണമില്ല. അകത്ത് ഫാന്‍ കറങ്ങുന്ന ശബ്ദം മാത്രം കേള്‍ക്കാം.
ബഷീറിനൊരു ബുദ്ധി തോന്നി. ബഷീര്‍ മെയിന്‍ സ്വിച്ച് ഓഫ് ആക്കി. ഫാനിന്റെ ശബ്ദം കുറഞ്ഞുവന്നു തീരെ
ഇല്ലാതായി. പിന്നെ താക്കോല്‍ പഴുതില്‍ ചെവി വച്ച് അകത്തുനിന്ന് ശബ്ദം വല്ലതും വരുന്നോ എന്ന് ശ്രദ്ധിച്ചു. കൂര്‍ക്കം വലി പോലെ എന്തോ ഒരു ശബ്ദം അകത്തു നിന്നും കേട്ടതായി ബഷീറിനു തോന്നി. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായനായിപ്പോയ ബഷീര്‍ വരാന്തയിലെ ചാരു കസേരയില്‍ തളര്‍ന്നിരുന്നു. വീട്ടിലെത്തിയതു മുതലുള്ള അസാധാരണങ്ങളായ സംഭവങ്ങള്‍ ബഷീര്‍ മനസ്സില്‍ റീ വൈന്ഡ് ചെയ്തു. ഗേറ്റ് ശബ്ദമുണ്ടാക്കാതെ തുറന്നത്, വണ്ടി സ്റ്റാര്‍ട്ടാകാത്തത്, പാലപ്പൂമണം; ബഷീറിനെ വല്ലാത്തൊരു വിമ്മിഷ്ടം പിടിക്കൂടി..

വ്യാകുല ചിന്തകളില്‍ മുഴുകി വരാന്തയില്‍ ഇട്ടിരുന്ന ചാരുകസേരയില്‍ കിടന്നു ബഷീര്‍ ഒന്നു മയങ്ങിപ്പോയി.
മണിയടി പോലുള്ള ഏതോ ഒരു ശബ്ദം കേട്ട് ബഷീര്‍ മയക്കത്തില്‍ നിന്നുണര്‍ന്നു. വീട്ടിനകത്തു നിന്നാണ് ആ ശബ്ദം കേള്‍ക്കുന്നത്. വീട്ടിലെ ക്ലോക്കിന്റെ അലാറമാണതെന്ന് അല്പം കഴിഞ്ഞാണ് ബഷീറിനു മനസ്സിലായത്. ബഷീര്‍ ചെവി വട്ടം പിടിച്ചു. അലാറം നിന്നു. പിന്നെ ആരൊ തട്ടിപ്പിടഞ്ഞ് എഴുന്നേല്ക്കുന്ന ശബ്ദത്തോടൊപ്പം വീട്ടിനകത്തും പുറത്തുമുള്ള ബള്‍ബുകളെല്ലാം തളിഞ്ഞു. പിറകെ തന്റെ ഭാര്യയുടെ ശബ്ദം ഇങ്ങനെ കേട്ടു: “മോളെ, അയിഷ, മോനേ ഷുക്കൂറെ, കുട്ടാ, ദേ വാപ്പച്ചി വരാന്‍ സമയമായി, ഉറക്കം മതി, എണീക്ക്” എന്ന്.
വാതില്‍ തുറന്ന് കണ്ണും തിരുമ്മി പുറത്തേക്കു വന്ന ബഷീറിന്റെ ഭാര്യ, ബഷീറിനെ കണ്ട് അത്ഭുതപ്പെട്ടു “ഓ നിങ്ങള് നേരത്തെ എത്തിയോ? നമ്മുടെ ഗേറ്റിന് ഞാന് എണ്ണ ഇട്ടായിരുന്നു. അല്ലെങ്കി, ഗേറ്റ് തുറക്കുമ്പോള്‍ തന്നെ അറിഞ്ഞേനെ”
ഭാര്യയുടെ കാത്തിരിപ്പിന്റെ രഹസ്യം മന്‍സ്സിലായ ബഷീറിന്റെ മനനസ്സിലെ കുറ്റ ബോധം ഇതോടെ ഇല്ലാതായി.