ഇന്ന് ഞങ്ങള്‍ സുഹൃത്തുക്കളുടെ വീടുകളും, ചില ബന്ധു ഭവനങ്ങളും സന്ദര്‍ശിച്ചു. എല്ലാ വീടുകളിലും കൊടുക്കാനായി നേരത്തെ തന്നെ കേക്കുകള്‍ ഭാര്യ തന്നെ വാങ്ങിയിരുന്നു. തിരിച്ചു വരുമ്പോള്‍ കണക്കന് കടവു പാലത്തിന്റെ ടോള്‍ ഗേറ്റില്‍ പതിവില്ലാത്ത് തിരക്ക്. “ക്രിസ്സ്മസ്സ് ആയതുകൊണ്ടാ തെരക്ക് ”, അവള് അതിനു കാരണം കണ്ടെത്തി. ഞാന്‍ പുറത്തേക്കു നോക്കി. വരിവരിയായി കിടക്കുന്ന കാറുകള്ക്കടുത്ത് ചെന്ന് ഭിക്ഷ യാചിക്കുന്ന ഒരാള്‍. എനിക്ക് പിറകില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറ് ഉടമയോട് ഒരു കേക്കിനുള്ള പണം ഇരക്കുകയാണ്. “മരുന്നു വങ്ങാന്‍ കാശില്ലെന്നും, ഭക്ഷണമോ ചായയോ കുടിക്കാന്‍ കയ്യിലൊന്നുമില്ല എന്നുമൊക്കെ പറഞ്ഞ് പൈസ ചോദിക്കുന്നതു കേട്ടിട്ടണ്ട്. എന്നാല്‍ കേക്ക് വങ്ങാന്‍ പണം യാചിക്കുന്നത് കേള്‍ക്കുന്നത് ആദ്യമായിട്ടാ“ ഭാര്യയുടെ കമന്റ്. പിറകിലെ കാറില്‍ നിന്നും ഒന്നും കിട്ടിയില്ല എന്നു തൊന്നുന്നു, അയാള്‍ എനിക്കടുത്തേക്ക് ആടി ആടി യാണ് വന്നത്. മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്തം. എന്തങ്കിലും ചോദിക്കുന്നതിനുമുന്പേ ഞാന്‍ ഒരു പത്ത് രൂപാ നോട്ട് അയാളുടെ നേര്‍ക്ക് നീട്ടി. അയാള്‍ ആ നോട്ട് വാങ്ങിയില്ല. പകരം മനസ്സിനകത്തേക്ക് പൂണ്ടീറങ്ങുന്ന ഒരു നോട്ടം! എന്നിട്ട് ഒരു ചോദ്യവും: “എന്നെ മനസ്സിലായില്ല അല്ലേ?”അയാളുടെ നോട്ടവും, ചോദ്യവും എനിക്കിഷ്ടപ്പെട്ടില്ല. ഞാന്‍ രൂപ എന്റെ പോക്കറ്റില്‍ തന്നെ നിക്ഷേപിച്ചു. പിന്നീടൊന്നും ശബ്ദിക്കാതെ അയാള്‍ അടുത്ത വാഹനത്തെ ലക്ഷ്യമാക്കി നീങ്ങി. കാറിലിരുന്നുകൊണ്ടു ടോള്‍ തുക കൌണ്ടറിലേക്കു നീട്ടിയപ്പോള്‍ ഒരു ശബ്ദം: “ ഇതു മണിയല്ലേ?” ടിക്കറ്റിനു പകരം ഒരു ചോദ്യമാണു കൌണ്ടറില്‍ നിന്നും പുറത്ത് വന്നത്. പിറകെ ആ ശബ്ദത്തിന്റെ ഉടമയും. ഓര്‍മ്മക്കയത്തില്‍ മുങ്ങിത്തപ്പിയപ്പോള്‍ ആളെ പിടികിട്ടി. ചന്ദ്രന്! പ്രൈമറി ക്ലാസില്‍ ഒരുമിച്ച് പഠിച്ച ക്ലാസ് മേറ്റ്! അവന് കൌണ്ടറില്‍ റ്റിക്കറ്റ് കൊടുക്കുകയാണ്. “നീ ഇവിടെ?”
“ഓ. ഞാന്‍ ആണു ഈ ടോള്‍ പിരിവു ലേലത്തില്‍ പിടിച്ചേക്കണത്“. ഒരു നൊസ്റ്റാല്‍ജിയ വര്‍ക്ക് ഔട്ട് ചെയ്യാനുള്ള മൂഡിലല്ലാതിരുന്നു, ഞാന്‍. എന്റെ വിസിറ്റിങ്ങ് കാര്‍ഡ് അവനു നല്കി വിടവാങ്ങാന്‍ ശ്രമിക്കുമ്പോള്‍ ചന്ദ്രന് ചോദിച്ചു, “ മണിക്കയാളെ മനസ്സിലായില്ല അല്ലേ”; കേക്ക് വങ്ങാന്‍ പണം യാചിച്ച ആളെ ചൂണ്ടിക്കാട്ടിയാണ് ചോദ്യം. ഇല്ല എന്ന അര്‍ഥത്തില്‍ ഞാന്‍ തലകുലുക്കി. “ നമ്മുടെ പണ്ടത്തെ ജോജി കുര്യന് ആണ്ടാ അത്. അവനിപ്പോ ഇവിടടുത്തു തന്നെയാ താമസം. കുത്തിയതോട് പള്ളിയുടെ പിറകില്‍ അഞ്ചാമത്തെ വീട്ടില്‍”. ഞാനൊന്നു ഞെട്ടിയോ?. ഒരു UNMASKED INTERRUPT കിട്ടിയതുപോലെ എന്റെ മനസ്സു ഇരുപതു വര്‍ഷം പിന്നിലേക്കു ചാടി. പിറകില്‍ വാഹനങ്ങളുടെ കൂക്കിവിളി എന്നെ ഓര്‍മ്മയില്‍നിന്നുണര്‍ത്തി. ഞാന്‍ വണ്ടി മുന്നോട്ടെടുത്തു. വണ്ടി ഓടുന്നതിനെക്കാള്‍ വേഗത്തിലായിരുന്നു എന്റെ മനസ്സിന്റെ സഞ്ചാരം. ഇടുങ്ങിയ വഴിയിലൂടുള്ള അശ്രദ്ധ മായ കാറോട്ടം ഷീലയ്ക്കിഷ്ടപ്പെട്ടില്ല. അവള് അലപം കടുത്ത ശബ്ദത്തില്‍ നിര്‍ദ്ദേശിച്ചു: “വണ്ടി നിര്‍ത്ത്!“. എന്റെ മനസ്സ് വായിച്ചിട്ടെന്നതുപോലെ അവള് പറഞ്ഞു: “ ഇനി ഞാന്‍ ഓടിക്കാം”എനിക്കു പകരം ഡ്രയ്വിങ്ങ് സീറ്റില്‍ ഇരുന്ന് ആക്സിലറേറ്ററില്‍ കാല് അമര്ത്തിക്കൊണ്ടവള് ചോദിച്ചു. “എന്താ ഇത്ര ഗ്ലൂമി ആയത്?“. എന്തെങ്കിലും സംസാരിക്കനുള്ള മൂഡില്ലാത്തതിനാല്‍ ഞാനൊന്നും മിണ്ടിയില്ല. കുത്തിയതോട് പള്ളിയും കഴിഞ്ഞ് കാറ് കുറെ ക്കൂടെ മുന്നോട്ട് പോയപ്പോള്‍ റോഡരുകില്‍ ഒരു ബേക്കറി കണ്ടു. ഞാന്‍ ഷീലയോട് കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അവള് അല്ഭുതത്തോടെ ബ്രേക്കില്‍ കാലമര്‍ത്തി. “ വാ“, ഞാന്‍ ഒരാവേശത്തോടെ അവളെയും കൂട്ടി ബേക്കറിയില്‍ ചെന്നു. പലതരത്തിലുള്ള കേക്കുകള്‍. അതിലൊരെണ്ണം എന്നെ പ്രതീക്ഷിച്ചെന്നതുപോലെ അവിടെ ഇരിക്കുന്നു! വൃത്താകൃതിയില്‍ ഐസ് ചെയ്ത കേക്കിനു പുറത്ത് ഒരു കൊച്ചു കുട്ടി യുടെ ചിത്രം; സ്ക്കൂള് ബാഗും തോളിലേറ്റി. ഞാന്‍ ബേക്കറി ക്കടക്കാരനോടു “ഇതു പാക്ക് ചെയ്തോളൂ”. “സാര്‍, ഇത് എന്റെ മോനു വേണ്ടി ഉണ്ടാക്കിയ ജന്മ ദിന കേക്കാണ്. അവന് സുഖമില്ലാതെ ആശുപത്രിയിലാ. അതുകൊണ്ടാ ഞാന്‍ ഇതു വില്ക്കാമെന്നു വച്ചത് . ഇതില്‍ എന്തെങ്കിലും സന്ദേശമോമറ്റോ എഴുതണമെങ്കില്‍ ചെയ്തു തരാം” കട ഉടമ. ഞാന്‍ ചോദിച്ചു, ”ഒരു പൊട്ടിയ സ്ലേറ്റിന്റെ ചിത്രം ആലേഖനം ചെയ്യാമോ?”. തലചൊറിഞ്ഞുകൊണ്ടയാള് വിപരീതാര്ഥ്ത്തില് തലയാട്ടി. പണം കൊടുത്തു കേക്കു വാങ്ങി, ഭാര്യയുടെ കയ്യില്‍ നിന്നു കാറിന്റെ തക്കോലും വാങ്ങി ഞാന്‍ കാര്‍ തിരിച്ചു. “ മടങ്ങിപ്പോവുകയാണോ? അവളുടെ ചോദ്യം കേട്ടില്ല എന്നു നടിച്ച് ഞാന്‍ കറോടിച്ചു. കുത്തിയതോട് പള്ളിക്കുമുന്പില് കാറ് പാര്‍ക്കു ചെയ്തു. ഷീലയോട് കാറില്‍ തന്നെ ഇരിക്കാന്‍ പറഞ്ഞ് ക്കേക്കുമെടുത്തു പുറത്തിറങ്ങി. “ഞാനും വരുന്നു“ എന്ന് പറഞ്ഞ് അവളും എന്റെ കൂടെ വന്നു. ആധികം വീടുകള്‍ ഇല്ലാത്ത പ്രദേശമായിരുന്നു അതു. അഞ്ചാമത്തെ വീടു കണ്ടെത്താന്‍ ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. വാതിലുകളും ജനലുകളും അടച്ച ആ വീട്ടില്‍ ആരും താമസമുള്ള ലക്ഷണം കണ്ടില്ല. ഏതായാലും വാതിലില്‍ ഒന്നു മുട്ടിനോക്കാം എന്നു കരുതിയപ്പോഴേക്കും മുന്‍ വാതില്‍ തുറന്നു. “പപ്പ ഇവ്ടെ ഇല്ല” ഒരു പെണ്‍കുട്ടിയുടെ ശബ്ദം. ശബ്ദത്തിന്റെ ഉടമയെ കാണാന്‍ കഴിയുന്നതിനു മുന്‍പെ വാതിലടഞ്ഞു. വാതിലില്‍ വീണ്ടും തുറക്കാതിരുന്നപ്പോള്‍ ഷീല ഞാന്‍ ചെന്നു നോക്കാം എന്ന് പറഞ്ഞ് വീടിനു പിറകിലേക്കു ചെന്നു; ഞാന്‍ അസ്വസ്ഥനായി മുന്‍ വശത്തും നിന്നു. അല്പം കഴിഞ്ഞ് മുന്‍ വാതില്‍ തുറക്കപ്പെട്ടു. ഷീല യുടെ ശബ്ദം വീട്ടിനകത്തുനിന്നും കേട്ടു. “അകത്തെക്കു വരൂ”. ഞാന്‍ അകത്ത് കടന്നു. “ഇത് ജൊജി യുടെ മകള്‍ നീന“. ഏകദേശം 16 വയസ്സുള്ള മെലിഞ്ഞ പെണ്‍കുട്ടി. ‘വേറെ ആരും ഇല്ലേ? ഞാന്‍ ചോദിച്ചു” “പപ്പ പുറത്ത് പോയി“ പെണ്‍കുട്ടി പറഞ്ഞു. “അമ്മ?” എന്റെ ചോദ്യത്തിനുത്തരം കുറച്ച് നേരത്തെ നിശബ്ദതയും അതു കഴിഞ്ഞ് ഒരു ഏങ്ങലടിയും ആയിരുന്നു. ആ വീട്ടിനുള്ളില്‍ അധികസമയം കഴിയാന്‍ പ്രയാസം തൊന്നി. വല്ലാത്ത ശ്വാസം മുട്ടല്‍. ഷീലയെ വിളിച്ച് കേക്ക് ആ കുട്ടിക്കു കൊടുക്കണമെന്ന് പറഞ്ഞിട്ടു പുറത്തേക്കിറങ്ങി. വല്ലാത്ത ബുദ്ധിമുട്ട്- കാറില്‍ ഇന്‍ ഹേലര് ഇരിപ്പുണ്ട്. ഞാന്‍ കാറിനടുത്തേക്കു ചെന്നു. കാറു തുറന്നു ഇന്‍ ഹേലര് എടുത്ത് രണ്ട് സ്പ്രേ വായ്കകത്തേക്ക് അടിച്ചു. കാറ് സ്റ്റാര്‍ട്ട് ചെയ്ത് ഏസി പ്രവര്‍ത്തിപ്പിച്ചു. മയക്കം വരുന്നതു പോലെ.
ഡോറില്‍ ആരോ മുട്ടുന്നതുപോലെ തോന്നിയപ്പോഴാണു കണ്ണു തുറന്നത്. ഷീലയാണ്. ആവള് ആകെ അമ്പരന്നു നില്ക്കുന്നു. ഞാന്‍ കാറിന്റെ വാതില്‍ തുറന്നു. തളര്‍ന്നിരിക്കുന്ന എന്റെ നാഡി പിടിച്ച് നോക്കി. “പിന് സീറ്റില്‍ തന്നെ കിടന്നോളൂ, കാറ് ഞാന്‍ തന്നെ ഓടിക്കാം“.
വീട്ടിലെത്തി കാറില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഷീല പറഞ്ഞു, “സാരമില്ല. ബിപി അല്പം കൂടിയതാവും. കുട്ടന് ഒന്നു റങ്ങി എഴുന്നേല്ക്കുമ്പോള് എല്ലം ശരിയാകും” . സ്നേഹം കൂടുമ്പോഴാണു അവള് എന്നെ കുട്ടാ എന്നു വിളിക്കുന്നത്.
വലിയ ഒരു ലോറിയില്‍ വളരെ വലിയ ഒരു കേക്ക്; ലോറി ഓടിക്കുന്നത് ഞാന്‍. ഞാന്‍ പഠിച്ചിരുന്ന നാലാം ക്ലാസ്സിനുമുന്‍പില്‍ ലോറി നിര്‍ത്തി. ലോറി കണ്ട് കുട്ടികള്‍ ഓടിയെത്തി. ലോറിക്കുള്ളിലെ വലിയ കേക്ക് അവരെ അല്‍ഭുതപ്പെടുത്തി. “ ഈ കേക്ക് നിങ്ങള്‍ക്കാ” ഞാന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ജോജിയും, കിരണും ശ്രീജിത്തും, ജനാര്‍ദ്ധനനും, ചന്ദ്രനും ഓടി വന്നു. അവര്‍ ലോറിക്കടുത്ത് വന്ന് ഉള്ളിലേക്കു ഏന്തി വലിഞ്ഞു നോക്കി. “ ഇവന് നമ്മെ പറ്റിച്ചെടാ. അതു പിണ്ണാക്കു കൊണ്ടുണ്ടാക്കിയ പിണ്ണാക്കു കേക്കാടാ“ ജോജി വിളിച്ച് കൂവി. “ മണി കിണീ കേക്കെവിടെകേക്കിനുപകരം പിണ്ണാക്കോ”കാക്കേ കക്കേ കൂടെവിടേ,കൂട്ടിനകത്തൊരു കുഞ്ഞുണ്ടോ എന്ന പാടിന്റെ പാരടി “ മണി കിണീ കേക്കെവിടെ കേക്കിനുപകരം പിണ്ണാക്കോ” എന്ന് എല്ലാകുട്ടികളും എനിക്കു ചുറ്റും പാടി നൃത്തം വച്ചു.
“കുട്ടാ കുട്ടാ“ എന്ന വിളി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. “വല്ല സ്വപ്നവും കണ്ടോ?” ആകാംഷയോടെ ഷീല ആരാഞ്ഞു. ഞാന്‍ കണ്ട സ്വപ്നത്തെ പ്പറ്റി അവളോട് പറഞ്ഞു. “ഇനി ഉറങ്ങേണ്ട. നേരം വെളുക്കാറായി. നാളെ ഓഫീസിലും പോകണ്ടല്ലോ. ഞാന്‍ ഒരു ലമണ്‍ ടീ ഒണ്ടാക്കി ത്തരാം.“മധുരവും പുളിയുമുള്ള ചായ ഊതിക്കുടിച്ച്കൊണ്ടിരിക്കുന്ന സമയം ഷീല അടുത്ത് വന്നു. “ കുട്ടനെ എന്തോ വിഷമിപ്പിക്കുന്നുണ്ട്. ആരോടെങ്കിലും പറഞ്ഞാല്‍ ആശ്വാസം കിട്ടില്ലേ. എന്നോട് പറ”.
ഭൂത കാലത്തിന്റെ ചവറ്റുകുട്ടയില്‍ നിന്നു ഒരു എട്ട് വയസ്സുകാരന്റെ മനസ്സു കണ്ടെടുത്ത് എന്റെ ഭാര്യയുടെ മുന്നില്‍ തുറന്നു:
മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന കാലം. ക്രിസ് മസ്സ് പരീക്ഷ കഴ്യുന്ന്തിന്റെ തലെ ദിവസം: ജോജി പറഞ്ഞു “ന്റെ വീട്ടില്‍ ക്രിസ് മസ് കേക്കുണ്ടാക്കും. ഞാന്‍ എല്ലാവര്ക്കും കേക്കു കൊണ്ടുവന്നു തരാം. എന്നാ മണിക്കു കൊടുക്കൂല്ല”.
“അതെന്താ?” ജനാര്‍ദ്ദനനാണോ അതു ചൊദിച്ചത് എന്നോര്‍മ്മ യില്ല.
“അതേയ്, അവന് പരീക്ഷ നടക്കുമ്പോള്‍ എനിക്കവന്റെ സ്ലേറ്റ് കാണിക്കാന്‍ പറഞ്ഞിട്ട് കാണിച്ച് തന്നില്ല.”
“ആര്‍ക്കും സ്ലേറ്റു കണിച്ച് കൊടുക്കരുതെന്ന് സാര്‍ പറഞ്ഞിരുന്നില്ലേ. അതാ ഞാന്‍ കാണിക്കാതിരുന്നേ” ഞാന്‍ എന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന അഭിപ്രായക്കാരാണ് എല്ലാവരും. അവര്‍ ഒന്നടങ്കം ജോജിയുടെ ഭാഗത്ത് അണി നിരന്നു. അതു വരെ ക്കഴിച്ചിട്ടില്ലാത്ത കേക്ക് എന്ന സാധനം രുചിച്ച് നോക്കാന്‍ പറ്റില്ലല്ലൊ എന്ന ദുഃഖവും, ഒറ്റപ്പെടലിന്റെ വേദനയും മനസ്സില്‍ നിറഞ്ഞപ്പോള്‍ ഞാന്‍ വീമ്പിളക്കി “ആര്‍ക്ക് വേണം നിന്റെ കേക്ക്. എന്റെ വീട്ടിലും ഉണ്ടാക്കും നല്ല അസ്സല് കേക്ക്“. അപ്പോള്‍ ജോജി വെല്ലു വിളിച്ചു ”എങ്കി നീ കേക്കു ക്ലാസ്സില്‍ കൊണ്ട് വന്ന് എല്ലാവരെയും കാണിക്ക്. അപ്പ ഞങ്ങളു വിശ്വസിക്കാം”
ക്ലാസ്സ് കഴിഞ്ഞു വീട്ടിലെത്തി, വരാന്തയില്‍ ഇരുന്ന് കയറു പിരിക്കുന്ന അമ്മയോട് കല്പിച്ചു: ”നാളെ എനിക്ക് കേക്ക് ഒണ്ടാക്കി തരണം”
“കേക്കോ. അതെന്താടാ സാധനം?” അമ്മ ആരാഞ്ഞു.
“ക്രിസ്ത് മസ് കേക്ക്”. ഞാന്‍ ഒന്നു കൂടി വ്യക്തമാക്കി.
“ അതു പള്ളീ പ്പോണോര്ക്കല്ലേ. നീ ഹിന്ദുവല്ലേ. ഹിന്ദുക്കള്‍ കേക്കുണ്ടാക്കൂല്ല“. അമ്മ ഒഴിഞ്ഞ് മാറാനുള്ള പുറപ്പാടിലാണെന്നു എനിക്ക് മനസ്സിലായി. ഞാന്‍ “നിക്ക് കേക്കു വേണം, കേക്കു വേണം“ എന്നു പറഞ്ഞ് കരയാന്‍ തുടങ്ങി.
“പോകുന്നുണ്ടോ എന്റടുത്ത്ന്നു” അമ്മ എന്നെ തള്ളി മാറ്റി ചകിരി നാരില്‍ നിന്നും കയറുണ്ടാക്കുന്ന പണി തുടര്‍ന്നു.“നിക്ക് കേക്കു വേണം, കേക്കുവേണം“ എന്ന പല്ലവിയോടുകൂടി അലറിക്കരച്ചിലും ചേര്‍ത്ത് അന്തരീക്ഷം ശബ്ദ മുഖരിതമാക്കി. അമ്മ ശ്രദ്ധിക്കുന്നില്ല എന്നു മനസ്സിലാക്കി അമ്മയുടെ ചകരിക്കൂന മിറ്റത്തേക്കു ഏറിഞ്ഞു. അമ്മയ്ക്കു ദ്വേഷ്യം വന്നു. അടുത്ത് തന്നെ വച്ചിരുന്ന ചൂലിലെ ഈര്‍ക്കലികള്‍ ഊരിയെടുത്ത് അമ്മ ദ്വേഷ്യം തീരുവോളം എന്നെ തല്ലി. കാലില്‍, കവിളില്‍, കയ്യില്‍, നെഞ്ചില്‍, പുറത്ത്. അടി കൊണ്ടിടത്തെല്ലാം തിണര്‍ത്ത പാടുകള്‍. എന്റെ കരച്ചില് ഏങ്ങലടികളായി നേര്‍ത്ത് നേര്‍ത്ത് വന്നു. കരഞ്ഞ് കരഞ്ഞ് ഞാന്‍ ഉറങ്ങിപ്പോയി.
മുഖത്ത് നനവു തോന്നിയപ്പോള്‍ കണ്ണ് തുറന്നു. അമ്മ! അമ്മയുടെ കവിളിലൂടെ ഒലിച്ചിറങ്ങുന്ന നീര് ചാലുകള്‍. അമ്മ കരയുകയാണ്. ഞാന്‍ അമ്മയെ കെട്ടിപ്പിടിച്ചു. “ മോനു നാളെ അമ്മ കേക്കുണ്ടാക്കി ത്തരാം. ഒറങ്ങിക്കോ” ഞാന്‍ ശാന്തമായി ഉറങ്ങി.
പിറ്റേന്നു നേരത്തെ ഉണര്‍ന്നു. ഞാന്‍ അടുക്കളയില്‍ ചെന്നു അമ്മ അടുപ്പില്‍ എന്തോ ചെയ്യുകയാണു. “മോനുണര്‍ന്നോ?
“ അമ്മ കേക്കെവിടേ?“ അമ്മ ഒരു കടലാസ് പൊതി എന്റെ കയ്യില്‍ തന്നു. ഞാന്‍ അതു തുറന്നു. കേക്ക് ഞാന്‍ ആദ്യമായി കാണുകയാണ്. അല്പം എടുത്തു രുചിച്ച് നോക്കി. ഒരു മധുരമൊക്കെയുണ്ട്. കേക്ക് ഞാന്‍ പൊതിഞ്ഞു തന്നെ വച്ചു. “നീ കഴിക്കുന്നില്ലേ”
“ഞാന്‍ പിന്നെ തിന്നോളാം“സ്ക്കൂളില്‍ വേഗം എത്താനുള്ള അവേശത്തിലായിരുന്നു, ഞാന്‍. ക്ലാസ്സില്‍ എത്തുമ്പോള്‍ ചന്ദ്രനും ബ്രൂണനും ക്ലാസ്സിലുണ്ട്. ഞാന്‍ അവരുടെ അടുത്ത് ചെന്നു പൊതിയഴിച്ചു അല്പെമെടുത്ത് രണ്ട്പേര്‍ക്കും കൊടുത്തിട്ട് പറഞ്ഞു: “ഇതാ എന്റെ വീട്ടിലുണ്ടാക്കിയ കേക്ക്”. ബ്രൂണന്‍ പൊതിയില്‍ നിന്നു കുറച്ച് എടുത്തതിനുശേഷം ചന്ദ്രന്റെ നേര്‍ക്ക് പൊതി നീട്ടി. ഈ സമയം, ഒരു കൈ ആ പൊതി തട്ടിപ്പറിച്ചു! ജോജി യാണ്. അടിച്ചു മാറ്റിയ പൊതി തുറന്നു അവന് കേക്ക് വായിലിട്ടു രുചിച്ചു നോക്കി. എന്നിട്ട് ഒരു വിജയീ ഭാവത്തോടെ ഒരു പ്രസ്താവന“ ഇത് കേക്കല്ല “.
ഞാന്‍ വിട്ടുകൊടുത്തില്ല, ബ്രൂണനും. ഞങ്ങള്‍ ഒരുമിച്ചു പറഞ്ഞു:” ഇതാണുനല്ല കേക്ക്”.
അപ്പോള്‍ ജോജി ഒരു ചോദ്യം, എന്നോട് “ നിന്റെ വീട്ടില്‍ ഓവനുണ്ടോ?”
ഓവനോ? അവന് ആരെടാ എന്ന മട്ടില്‍ ഒരു നില്പു നില്ക്കനേ എനിക്കു പറ്റിയുള്ളു. ജോജി വിജയിപ്പോലെ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു കൊണ്ട് പ്രഘ്യാപിച്ചു “ ഓവന് ഇല്ലാതെ കേക്കുണ്ടാക്കാന്‍ പറ്റില്ല. എന്റെ വീട്ടില്‍ മാത്രമേ ഓവന് ഒള്ളു”. അപ്രതീക്ഷിതമായ് ഒരു അടികിട്ടിയതു പോലെ; എനിക്കു ഒന്നും മിണ്ടാന്‍ പറ്റിയില്ല. ജോജി അവസാനിപ്പിക്കാനുള്ള ഭാവം ഇല്ലായിരുന്നു അവന് വീണ്ടും പറഞ്ഞു; “ ഇതേയ്, ഇതു വെറും പിണ്ണാക്കാണു, പിണ്ണാക്കു കേക്ക്”ഇതു പറഞ്ഞിട്ട് ഒരു പാട്ടും:
“ മണി കിണീ കേക്കെവിടെ
കേക്കിനുപകരം പിണ്ണാക്കോ”
കുറേ കുട്ടികള്‍ അവന്റെ കൂടി ആ വരികള്‍ ആവര്‍ത്തിക്കാന്‍ തുടങ്ങി. ഞാന്‍ ജോജിയുടെ കയ്യില്‍ നിന്നു എന്റെ പൊതി വാങ്ങിച്ചെടുക്കാന്‍ ശ്രമിച്ചു. ആ ശ്രമത്തിനൊടുവില്‍ പൊതിയഴിഞ്ഞ് അതിലുള്ളാതെല്ലാം ക്ലാസ് മുറിയില്‍ വീണു. ക്ലാസ്സില്‍ ബഹളം കെട്ടിട്ടാവണം, കുട്ടികളുടെ പേടിസ്വപ്നമായ വിശ്വം മാഷ് തന്റെ ചൂരല്‍ വടിയുമായി ക്ലാസ്സില്‍ പ്രത്യക്ഷപ്പെട്ടത്.
“എന്തെട ബഹളം” സാര്‍ അക്രോശിച്ചു. ആരും ഒന്നും മിണ്ടിയില്ല. സാര്‍ ചൂരല്‍ വടികൊണ്ട് മേശപ്പുറത്ത് രണ്ട് അടി അടിച്ചു. ഏല്ലാവരും നിശ്ശബ്ദരായി ബഞ്ചില്‍ ഇരിക്കാനുള്ള കമാന്റ് ആണെന്ന് എല്ലവര്‍ക്കും അറിയാമായിരുന്നതിനാല്‍ എല്ലവരും ഇരുന്നു. അപ്പോളാണു നിലത്ത് തൂളിക്കിടന്ന എന്റെ കേക്കിന് തരികള്‍ സാറിന്റെ ദൃഷ്ടിയില് പെട്ടത്.
“ആരാടാ ഇതു ക്ലാസ്സില്‍ കോണ്ടുവന്നത്?“. ജോജി ചാടി എഴുന്നേറ്റ് എന്റെ പേര് പറയുന്നതിനുമുന്പ് ഞാന്‍ സ്വയം എഴുന്നേറ്റ് നിന്നു. സാര്‍ അടുത്ത് വന്നു പറ്ഞ്ഞു
“കൈ നീട്ട്”
ഞാന്‍ കൈ നീട്ടി. ഠപ്പ്, ഠപ്പ്, ഠപ്പ് എന്ന് മൂന്ന് പ്രാവശ്യം ശബ്ദം.
“ ഇതെല്ലാം എടുത്ത് കളഞ്ഞിട്ട് സ്റ്റാഫ് റൂമില്‍ വാ, ബാക്കി പിന്നെ” എന്നും പറഞ്ഞ് സാര്‍ പുറത്തു പോയി.
ചൂരല്‍ അടിയേറ്റ് വിങ്ങുന്ന കൈകള്‍ കൊണ്ടു താഴെ വീണിരുന്നതെല്ലാം ഞാന്‍ വാരിയെടുത്ത് കളയുമ്പോള്‍ മനസ്സില്‍ ഒരു കടുത്ത തീരുമാനം എടുത്തു. ജോജിയാണ് എല്ലാറ്റിനും കാരണം, അവനോട് പ്രതികാരം ചെയ്യണം.
ക്ലാസ്സിലെ സഹചാരിയും അയല്‍ക്കാരനുമായ രവി ആണ് അതിനൊരു വഴി പറഞ്ഞു തന്നത്.
“അവനെ നമുക്കു നശിപ്പിക്കണം. അതിനു മച്ചാട്ട് ഭഗവതി യൊട് പ്രാര്‍ത്ഥിച്ചാല്‍ മതി“.
സ്കൂളിനടുത്തുള്ള ഒരു ചെറിയ അമ്പലത്തിലാണ് മച്ചാട്ടു ഭഗവതി കുടികൊള്ളുന്നത് . നാളെ അവിടെ പ്രാര്‍ത്ഥിക്കാന്‍ കൂടെ വരാമെന്നു അവനേറ്റു. എന്നിട്ടും എന്റെ സങ്കടം തീര്‍ന്നില്ല. കേക്ക് എന്നും പറഞ്ഞ് അമ്മ എന്താണു എനിക്കു തന്നയച്ചത് എന്നെനിക്കു അറിയണമല്ലോ. വൈകീട്ടു ക്ലാസ് അവസാനിപ്പിക്കുന്നതിനുള്ള ബെല്ല് കേട്ട ഉടനെ വീട്ടിലെക്കു ഓടി. അമ്മ പതിവുപോലെ ചകിരി പിരിച്ചു ഉമ്മറത്ത് തന്നെ ഇരിപ്പുണ്ട്. എനിക്കു ദ്വേഷ്യം സഹിക്കാനായില്ല. പുസ്തകങ്ങള്‍ അകത്തേക്കും, അമ്മയുടെ ചകിരിക്കെട്ട് പുറത്തേക്കും വലിച്ചെറിഞ്ഞു. അമ്മ ഒന്നും പ്രതികരിക്കാഞ്ഞതിനാല്‍ എന്റെ ദ്വേഷ്യം ഇരട്ടിച്ചു. ഞാന്‍ അമ്മയുടെ മുഖം മാന്തിപ്പറിച്ചു. രാത്രി. അമ്മ വന്ന് കഞ്ഞി കുടിക്കാന്‍ വന്ന് വിളിച്ചു.
“നിക്ക് വേണ്ട നിങ്ങടെ കോതമ്പ് കഞ്ഞി”
ഞാന്‍ ഇടഞ്ഞു തന്നെ നിന്നു. അമ്മയുടെ ശബ്ദം ഇടറി “മോനെ”, അമ്മ വിളിച്ചു. ഹൃദയാന്തരാളത്തില്‍ നിന്നുള്ള ആ വിളി! മാതൃശബ്ദത്തിന്റെ മാസ്മരികതയില്‍ ഞാനും എന്റെ സങ്കടങ്ങളും അലിഞ്ഞലിഞ്ഞ് ഇല്ലാതായി. അമ്മ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. അമ്മയുടെയും എന്റെയും കണ്ണ്നീര് ഒരൊറ്റ ചാലായി താഴേക്ക് ഒഴുകി. ഞാന്‍ മുഖം കഴുകി വിശപ്പു തോന്നിയില്ലെങ്കിലും കഞ്ഞി കുടിച്ചു. വീട്ടിനകത്ത് ചിതറിക്കിടന്ന പുസ്തകങ്ങളും പൊട്ടിപ്പോയ സ്ലേറ്റ് കഷണങ്ങളും അമ്മ എടുത്തൊതുക്കി വച്ചിട്ട് എനിക്ക് പായ വിരിച്ചു. “മോന് കിടന്നോ” എന്ന് പറഞ്ഞിട്ട് വരാന്തയില്‍ മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തില്‍ കയര്‍ പിരിക്കാന്‍ തുടങ്ങി. എനിക്കും ഉറക്കം വന്നില്ല. ഞാന്‍ എഴുന്നേറ്റ് അമ്മയുടെ അടുത്ത് ചെന്നിരുന്നു. “അമ്മേ“, ഞാന്‍ വിളിച്ചു; “അമ്മ എങ്ങനെയാ ഓവന് ഇല്ലാതെ കേക്ക് ഉണ്ടാക്ക്യേ?”
“അതോ, നമ്മുടെ അമ്മിണിക്കു മേടിച്ച പിണ്ണാക്കും, കുറച്ച് ശര്‍ക്കരയും ഉരലില്‍ ഇട്ട് ഇടിച്ചെടുത്തതാ.”
“ഇനി ബക്കിയുണ്ടോ” ഞാന്‍ ചോദിച്ചു“. അമ്മ അടുക്കളയില്‍ ചെന്ന് ഒരു പാത്രത്തില്‍ അമ്മയുണ്ടാക്കിയ “കേക്ക്” എടുത്തുകൊണ്ടുവന്നു. ഞാന്‍ ആ “കേക്ക്” മുഴുവനും തിന്നു. ഏത്ര രുചി!!പഴയ കഥ പറഞ്ഞിത്രയുമായപ്പോള് ഭാര്യ ഒരു ചോദ്യം “ നാളത്തെ പ്രധാന ഡിഷ് ആയി നമുക്കും ഈ പലഹാരം ഉണ്ടാക്കണം. അതു തിന്നാന്‍ എനിക്കും കൊതിയുണ്ട്.”
“എന്നിട്ട്.. കഥ മുഴുവനുമായില്ലല്ലോ. ബാക്കി കൂടി പറ”
ഞാന്‍ ഭഗവതിയോട് പ്രര്ഥിച്ചിട്ടാണോ എന്നറിയില്ല, കൃസ് മസ് അവധി കഴിഞ്ഞിട്ടും ജോജി ക്ലാസ്സില്‍ വന്നില്ല. അവനോടുള്ള ദ്വേഷ്യം അപ്പോഴേക്കും കെട്ടടങ്ങിയിരുന്നു. അവനെ കാണാതായപ്പോള്‍ ഒരു വിഷമം. സ്കൂളിനടുത്ത് തന്നെ ആയിരുന്നു അവന്റെ വീട്. അവിടം വരെ ഒന്നു പോയി നോക്കാന്‍ ഞാന്‍ തീരുമാനിച്ചു. അടുത്ത് വെള്ളിയാഴ്ച ഉച്ചക്ക് ഇന്റര്‍വല്‍ സമയത്തു ഞാനും രവിയുംകൂടി ജോജിയുടെ വീട്ട് പരിസരത്ത് എത്തി. ഒരു വലിയ ബംഗ്ലാവ്. പക്ഷെ പൂട്ടിക്കിടക്കുന്നു. ഞങ്ങള്‍ അവിടെത്തന്നെ ചുറ്റിപ്പറ്റി നില്ക്കുന്നതു കണ്ട് അടുത്ത വീട്ടിലെ ഒരമ്മൂമ്മ ചോദിച്ചു “ മക്കള്‍ ജോജിയെ ക്കാണാന്‍ വന്നതാണോ?. അവരു നാട്ടിലെക്ക് പോയി“.
പിന്നീട് ഞങ്ങളറിഞ്ഞു, ഏതോ കാരണത്താല്‍ അവന്റെ അപ്പനെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടു (ഞങ്ങള്‍ കുട്ടികള്‍ക്കു മനസ്സിലാവാത്ത ഏതോ കാരണത്തലാണത്രേ) എന്നും, അവന്റെ അപ്പനും അമ്മയും തമ്മില്‍ എപ്പോഴും വഴക്കായെന്നും, അവര്‍ ഈ നാടുവിട്ട് എവിടെയോ പോയി എന്നും.എന്നിക്ക് വലിയ കുറ്റബോധം തോന്നി. ഞാന്‍ പ്രര്ത്ഥിച്ചതുകൊണ്ടല്ല ഇതൊക്കെ സംഭവിച്ചത് എന്ന് സ്വയം വിശ്വസിക്കാന്‍ ശ്രമിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം ജോജിയെ ആ നിലയില്‍ കണ്ടപ്പോള്‍, ആ പഴയ കുറ്റബോധം എനിക്ക് താങ്ങാനായില്ല. കഥ പറഞ്ഞു കഴിഞ്ഞപ്പോള്‍ ഷീല മുരടനക്കി “മധുരമായ പ്രതികാരമായിരുന്നല്ലേ ആ കേക്ക് സമ്മാനിച്ചതിലൂടെ-“
ബാക്കി പറയാന്‍ സമ്മതിക്കാതെ ഞാന്‍ അവളുടെ വായ് പൊത്തി.
“അല്ല, എനിക്കവനോട് പകരം വീട്ടണമെന്ന് ഒരു ആഗ്രഹവുമില്ല, മറിച്ച് അവനെ കണ്ടപ്പോള്‍ പരിചയം നടി ക്കാതിരുന്നതിലും അവന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാന്‍ ശ്രമിക്കാതിരുന്നതിനാലും, എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയാതിരുന്നതിലുമാണു വിഷമം”. മൌനം ഞങ്ങള്‍ക്കിടയില്‍ കുറച്ച് നേരം കാത്ത് നിന്നുകാണും. അവസാനം ഷീല പറഞ്ഞു , “വളരെ ബുഃദ്ധിമുട്ടിലാണ് ജോജിയും കുടുംബവും കഴിയുന്നത്. കഴിഞ്ഞ കൊല്ലം അവന്റെ ഭാര്യ മരിച്ചു. ആര്‍ക്കും ഭേദമാക്കാന്‍ കഴിയാത്ത അവരുടെ അസുഖം അവശേഷിച്ച സ്വത്തുക്കള്‍ അന്യാധീനമാക്കി. അതിനുമുന്‍പ് തന്നെ മദ്യ പാനം അയാളെ കീഴ്പ്പെടുത്തി. നമ്മള് കണ്ട ആ പതിനാറുകാരി പെണ്കുട്ടിയാ ചുരിദാറും മറ്റും തയ് ച് ജീവിതം ഉന്തി നീക്കുന്നത്. എംബ്രോയിഡറി പണിയും ആകുട്ടിക്ക് നന്നായി അറിയാം.“ അല്പമൊന്നു നിര്‍ത്തിയിട്ട് ഷീല തുടര്‍ന്നു “ നമുക്കാക്കുട്ടിക്ക് ഒരു തയ്യല്‍ മെഷീന് വാങ്ങിക്കൊടുത്താലോ.” പ്രായോഗിക ബുദ്ധി എന്നേക്കാള്‍ വളരെ കൂടുതലുള്ള ഷീലയുടെ വാക്കുകള്‍ എനിക്ക് പുതിയൊരു ഉന്മേഷവും സമധാനയും തന്നു”. "നാമുക്ക് കുറച്ചു രൂപയും കൊടുത്താലൊ?” ഞാന്‍ ചോദിച്ചു.
“ബുദ്ദൂസെ, ഞാന്‍ അതു ഇന്നലെത്തന്നെ ചെയ്തല്ലോ” അവള്.
ഞാന്‍ മറ്റെന്ത് ചെയ്യാന്‍, ക്രിസ് മസ് നക്ഷത്രങ്ങളെ സാക്ഷികളാക്കി കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കാനല്ലാതെ.
Subscribe to:
Post Comments (Atom)
8 comments:
ഒരുകഥ എഴുതി പോസ്റ്റ് ചെയ്യുന്നു, ക്രിസ് മസ് ദിനത്തില്‍ വായിക്കാന്‍ വേണ്ടി.
മാഷെ കണ്ണുകള്‍ ഈറനണിഞ്ഞു..
മാഷിന്റെ പ്രാര്‍ത്ഥനയല്ല ജോജിയുടെ വിധിയാ അത്..
വളരെ നല്ലൊരു ക്രിസ്തുമസ് സമ്മാനം..
ഒരു കഷ്ണം കേക്ക് കഴിച്ച പോലെ..
നല്ലൊരു സമ്മാനം
കഥ നന്നായി
പ്രിയപ്പെട്ട പ്രയാസി, പ്രിയ ഉണ്ണിക്രിഷ്ണന്‍,
കഥ ഇഷ്ടപ്പെട്ടന്നറിഞ്ഞതില്‍ സന്തോഷം
വീണ്ടും സനദറ്ശിക്കുമല്ലോ,
സ്നേഹ പൂറ്വം,
മണി
സാര്‍,
സഞ്ചരിക്കുന്ന ഒരു ഇലക്ട്രോണിക്സ് വിജ്ഞാനകോശമായേ അങ്ങയെ ഇതുവരെ കണ്ടിട്ടുള്ളൂ...
ഇതു വളരെ പുതുമയാര്‍ന്ന ഒരു മുഖമാണ്..
ഇനിയും എഴുതണം എന്നപേക്ഷിക്കുന്നു.
വളരെ വൈകിയാണ് ഈ പോസ്റ്റ് വായിച്ചത്. പക്ഷേ വായിയ്ക്കാതെ പോയിരുന്നെങ്കില്‍ ഒരു വലിയ നഷ്ടമാകുമായിരുന്നു.
കണ്ണു നിറഞ്ഞു പോയി, മാഷേ. പ്രയാസി പറഞ്ഞതു പോലെ ജോജിയുടെ വിധി തന്നെ ആയിരിയ്ക്കും അത് എന്നു കരുതി സമാധാനിയ്ക്കാം.
എങ്കിലും ഇപ്പോള്‍ അവരുടെ അവസ്ഥ മെച്ചപ്പെട്ടോ എന്നറിയാന്‍ ഒരു കൌതുകം...
[വായനക്കാരില്‍ നിന്ന് ഈ പോസ്റ്റ് അര്‍ഹിയ്ക്കുന്ന പരിഗണന ഇതിനു കിട്ടിയിട്ടില്ല എന്നു തോന്നുന്നു]
ശ്രീ തന്ന ലിങ്കില്‍ നിന്നാണ് ഇവിടെ എത്തിയത്. വളരെ നല്ല അവതരണം മനസ്സില്‍ തട്ടുന്ന കഥ. അഭിനന്ദനങ്ങള്‍.
മാഷെ..
ശ്രീ പറഞ്ഞതുപോലെ ഇതുവായിക്കാതിരുന്നെങ്കില് ഒരു നഷ്ടമായേനെ..
ജീവിതം എതെ വിചിത്രം..!
കരുണ നിറഞ്ഞ മാഷിനും ചേച്ചിക്കും നന്മകള് നേരുന്നു.
ഈ പോസ്റ്റില്‍ പറയുന്ന സ്ഥലങ്ങളെല്ലാം എന്റെ വീടിന്റെടുത്താണട്ടോ..
Post a Comment