Sunday, January 14, 2007

നിറം മങ്ങിയ ഓര്‍മ്മകള്‍: അടിയന്തിരാവസ്ഥ

ബൂലോഗത്തില്‍ പലയിടങ്ങളിലും, 1975ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയെപ്പറ്റി പരമാര്‍ശങ്ങളുണ്ടെങ്കിലും, ഭൂരിപക്ഷം മലയാളം ബ്ലോഗന്മാരും ബ്ലോഗിനികളും,
അക്കാലത്ത് ജനിച്ചിട്ടില്ലാതിരുന്നതിനാലും, അതിന്
നേരിട്ട് സാക്ഷി ആയിരുന്ന ഒരാളന്ന നിലയില്‍ ഒരു പോസ്റ്റ് ഇടണമെന്ന് തോന്നി:
അലഹബാദ് ഹൈക്കോടതി ഇന്ദിരഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി പുറപ്പെടുവിച്ച ഒരു വിധിയാണ് അടിയന്തിരാവസ്ഥ അടിച്ചേല്പിക്കാ‍ന്‍ കാരണമായത്.
പൌരാവകാശങ്ങള്‍ ഇല്ലാതാക്കിയെങ്കിലും, അടിയന്തിരാവസ്ഥ ക്കാലം ഒരു സംതൃപ്ത കാലമായി അവതരിപ്പിക്കുകയായിരുന്നു എല്ലാ മാദ്ധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ ചെയ്തത്.
അടിയന്തിരാവസ്ഥയെ അനുകൂലിക്കാതിരുന്ന എല്ലാ പത്രമാദ്ധ്യമങ്ങളുടെയും വായ് മൂടിക്കെട്ടി. മലയാള മനോരമയും മറ്റും, അടിയന്തിരാവസ്ഥയെ വാനോളം പുകഴ്ത്തിയപ്പോള്‍, ദേശഭിമാനി എതിര്‍ത്തുകൊണ്ടു മുഖപ്രസംഗം എഴുതി. സെന്‍സര്‍ ചെയ്യപ്പെട്ട തിനാല്‍ വെളിച്ചം കാണാന്‍ ആ മുഖപ്രസംഗത്തിനായില്ല. മുഖപ്രസംഗത്തിനു പകരം അത്രയും ഭാഗം കറുത്ത ബോര്‍ഡറിനുള്ളില്‍ ഒഴിച്ചിട്ടുകൊണ്ടാണ് പിറ്റെ ദിവസത്തെ പത്രം പുറത്തിറങ്ങിയത്. എന്നാ‍ല്‍ അതും സെന്‍സര്‍ ചെയ്യപ്പെട്ടു. മുഖപ്രസംഗം ഇല്ലാതെ അത്രയും സ്ഥലം blank ഇട്ട് പത്രം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ല എന്ന ഔദ്യോഗിക ഭീഷണി മറികടക്കാന്‍, “ഞങ്ങള്‍ അതു നിര്‍ത്തുന്നു“ എന്ന ഒറ്റവാചകം എഴുതിക്കൊണ്ട് മുഖപ്രസംഗങ്ങള്‍ ഒഴിവാക്കിയാണ് ദേശാഭിമാനി പിന്നീട്
എല്ലാ ദിവസവും പത്രം പുറത്തിറക്കിയത്. ടി വി യും കേബിളുമൊന്നും ഇല്ലാത്ത കാലമായിരുന്നതിനാല്‍ റേഡിയോഒരു നല്ല വിനോദോപാധിയും വാര്‍ത്താ മാദ്ധ്യമവുമായിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച 20 ഇന പരിപാടിയുടെ പ്രചാരണവും, അടിയന്തിരാവസ്ഥയുടെ ആവശ്യകതയും, ഗുണഗണങ്ങളുമായിരുന്നു അക്കാലങ്ങളില്‍ റേഡിയോവിലൂടെ മുഴങ്ങിയിരുന്നത്.

ഒരു പ്രമുഖ കവി ( ഒ എന്‍ വി ആണെന്നു തോന്നുന്നു) യാല്‍ രചിക്കപ്പെട്ട “ഇരുപത് തിരിയിട്ട നിലവിളക്ക്“ എന്നു തുടങ്ങുന്ന ഒരു ഗാനം സ്ഥിരമായി കേള്‍ക്കാമായിരുന്നു. അടിയന്തിരാവസ്ഥ തുടങ്ങി, ഇരുപതിന പരിപാടികളുടെ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന തിനിടയില്‍, സ‍ഞ്ചയ് ഗാന്ധി തന്റെ വക ഒരു അഞ്ചിന പരിപാടി കൂടി പ്രഖ്യാപിച്ചു. അടിയന്തിരാവസ്ഥയെ തന്റെ കഥാപ്രസങ്ങത്തിലൂടെ പരിഹസിച്ചു എന്ന കാരണത്താല്‍ ജയിലിലടക്കപ്പെട്ട വി. സാംബശിവന്‍, അടിയന്തിരാവസ്ഥ പിന്‍ വലിച്ചതിനുശേഷം അവതരിപ്പിച്ച കഥാപ്രസംഗങ്ങളില്‍ പറഞ്ഞിരുന്ന ഒരു നര്‍മോക്തി, ഇങ്ങനെ:
“ അമ്മ ഇരുപതു തിരിയിട്ട നിലവിളക്ക് കത്തിച്ചു വച്ചപ്പോള്‍ മോനു സഹിച്ചില്ല, മോനും പറഞ്ഞു, കിടന്നു കത്തട്ടെ ഒരഞ്ചു തിരികൂടി എന്റെ വക!”
രസകരമായ മൊറ്റൊന്നു ഓര്‍മവരുന്നത് സുകുമാര്‍ അഴിക്കോടിന്റെ (പഴയ ഓര്‍മയില്‍നിന്നാണ് എഴുതുന്നതിനാല്‍, കൃത്യമാവണമെന്നില്ല) ഒരു പ്രതികരണമാണ്:
“യാഗം മുടക്കാനെത്തിയ രാക്ഷസന്മാര്‍ ”
എന്ന്, അടിയന്തിരാവസ്ഥയെ എതിര്‍ത്ത് SFI സമരത്തിനിറങ്ങിയപ്പോളാണ് അഴീക്കോട് ആ പ്രസ്ഥാവന ഇറക്കിയത്. അഴീക്കോട് മാത്രമല്ല, മറ്റേതെങ്കിലുമൊരു സാംസ്കാരിക നേതാവോ, സാ‍ഹിത്യകാരനോ, നേരിട്ട് അടിയന്തിരാവസ്ഥയെ എതിര്‍ത്തതില്ല. പില്‍ക്കാലത്ത് ഓ വി വിജയന്‍ പറയുകയുണ്ടായി, തന്റെ “ധര്‍മപുരാണം“ അടിയന്തിരാവസ്ഥയെ വിമര്‍ശിച്ചു രചിച്ചതാണ് എന്ന്. എന്നാല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം, പലരും, തങ്ങള്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരായിരുന്നു എന്നും, തങ്ങളുടെ വായ് മൂടി ക്കെട്ടിയിരിക്കുകയായിരുന്നു എന്നുമൊക്കെ ഘോഷിച്ചിരുന്നു.
പ്രതിപക്ഷ നേതാക്കളീല്‍ പലരും അന്ന് ജയിലില്‍ ആയി. മിക്കവര്‍ക്കും തരക്കേടില്ലാത്ത വിധത്തില്‍ മര്‍ദ്ദനം ഏറ്റു. അന്ന് പല കോണ്‍ഗ്രസ്സ് കാര്‍ക്കും, സിപിഐക്കാര്‍ക്കും തങ്ങള്‍ക്ക് ഒതുക്കണമെന്നു തോന്നുന്നവരെ പോലീസിനു ഒറ്റിക്കൊടൂക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. പോലീസു കണ്ടെത്തിയ ഒരു നൂതനവും കിരാതവുമായ പീഡ്ഡന മുറയായിരുന്നു, ഉരുട്ടല്‍. ജയറാം പടിക്കല്‍, പുലിക്കോടന്‍ നാരായണന്‍, ലക്ഷ്മണ തുടങ്ങിയ പോലീസുദ്യൊഗസ്ഥന്മാര്‍ക്കയിരുന്നു
മര്‍ദ്ദനമുറകളുടെ ആസൂത്രണം ചുമതല. അന്ന് എം എല്‍ ഏ ആയിരുന്ന വീ എസിനും, പിണറായി സഖാവിനും, കൊടിയേരി മുതലായവര്‍ക്കും ജയില്‍ വാസം അനുഭവിക്കെണ്ടിവന്നു. (അന്നു ലഭിച്ച കിരാതമായ പോലീസ് മര്‍ദ്ദനങ്ങള്‍ ഇപ്പോള്‍ സഖാക്കള്‍ ഓര്‍ക്കുന്നുണ്ടാവില്ല എന്നതു വ്യക്തമാണ്). താഴെക്കിടയിലുള്ള പല സി പി എം നേതാക്കളും ജയിലില്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായി. ഏറ്റവും ഉന്നതരായ നേതാക്കന്മാരെ ഒഴിവാക്കിക്കൊണ്ടാണു അറസ്റ്റും മര്‍ദ്ദനവും നടത്തിയിരുന്നത്. പക്ഷെ പുറത്ത് നിന്നിരുന്നവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല.

പലരും, പോലീസ് കസ്റ്റഡിയിലാവുകയും പിന്നീട് കാണാതാവുകയും ചെയ്തു. രാജനും
വര്‍ക്കല വിജയനുമെല്ലാം അക്കൂട്ടത്തില്‍ പെടും. ഇക്കാര്യങ്ങളൊന്നും പൊതു ജനം അറിഞ്ഞിരുന്നില്ല. കേരളീയരെ അടിയന്തരാവസ്ഥക്കു അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ച സംഗതി, “അടിയന്തിരാവസ്ഥ ജന നന്മയ്ക്ക് “ എന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ ജനം
ഒന്നാകെ മയങ്ങിയതാവാം. കേരളീയന്റെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും, വായനാശീലവുമെല്ലാം ഇന്ദിരാ സര്‍ക്കാര്‍ നന്നായി മുതെലെടുത്തു. മാധ്യമ പ്രചാരണങ്ങളിലൂടെ കേരളീയരെ കയ്യിലെടുത്തുവെങ്കിലും, അക്ഷരാഭ്യാസം കുറഞ്ഞ, വായനാശീലം അത്രയ്ക്കൊന്നുമില്ലാത്ത വടക്കെ ഇന്‍ഡ്യന്‍ ഗ്രാമീണരെ വശത്താക്കന്‍ അവര്‍ക്കു കഴിഞ്ഞില്ല. അന്നു നടന്ന അതിക്രമങ്ങള്‍- നിര്‍ബ്ബന്ധ വന്ധ്യംകരണവും, “ചേരി” നിര്‍മാര്‍ജ്ജനവുമെല്ലാം വാമൊഴിയായി നാടെങ്ങും പരന്നു. അടിയന്തിരാവസ്ഥ യുടെ അന്ത്യ ഘട്ടത്തില്‍ നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ അതി ദയനീയമായി, ഇന്ദിരാ സര്‍ക്കാര്‍ പരജയപ്പെട്ടെങ്കിലും, കേരളത്തില്‍ കോണ്‍ഗ്രസ്സ് തകര്‍പ്പന്‍ വിജയം കൈ വരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പു വിജയം അഘോഷിക്കാന്‍ കൊണ്‍ഗ്രസ്സിനും, കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് തോറ്റതിലും അടിയന്തിരാവസ്ഥ പിന്‍ വലിക്കപ്പെട്ടതിലും മതിമറന്നു ആഹ്ലാദിക്കാന്‍ അന്നു കേരളത്തില്‍ ഇടതു പക്ഷത്തിനും ആയില്ല. തെരഞ്ഞെടുപ്പില്‍ ഇന്ദിരഗാന്ധി തോറ്റതിനുശെഷം കേരളത്തിലും, വലിയ രാഷ്ട്രീയ ചലനങ്ങളുണ്ടായി. ആധര്‍ശധീരനായി അറിയപ്പേടുന്ന ആന്റണി സാര്‍, ഇന്ദിരഗാന്ധി യുടെ പിറകില്‍ പാറ പോലെ ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം തന്നെ നിലപാടു മാറ്റി. പക്ഷെ കരുണാകരന്‍ ഇന്ദിരാഗാന്ധിക്ക് എന്നും തുണയായി നിന്നു. ഓര്‍ക്കുമ്പോള്‍ തമാശതൊന്നുന്ന മറ്റൊരു കാര്യം മലയാള മനോരമയുടെ മലക്കം മറിച്ചിലാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിനു തൊട്ട്മുന്‍പു വരെ തേനോലുന്ന ഭാഷയില്‍ അടിയന്തിരാവസ്ഥയെയും, കാ‍രണക്കാരിയെയും വാനോളം പുകഴ്ത്തിയ മനൊരമ
രണ്ട് ദി വസത്തിനുള്ളില്‍തന്നെ നിലപാടു മാറ്റി. തലേന്നു വരെ ഇന്ദിരാജി എന്നു വിശേഷിക്കപ്പെട്ട ആള്‍ പിറ്റേന്ന് “ആ സ്ത്രീ“ ആ‍യി മാറി!!

അവിടന്നങ്ങോട്ട് ഒരു മത്സരം തന്നെ, പത്രങ്ങള്‍ തമ്മില്‍, അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങള്‍ വായനക്കാരെ ആരാണു ഏറ്റവുമധികം അറിയിക്കുന്നത് എന്ന കാര്യത്തില്‍!
പ്രഖ്യാപിച്ചു 19 മാസങ്ങള്‍ക്ക് ശേഷം ( 1977) ആടിയന്തിരാവസ്ഥ പിന്‍ വലിക്കപ്പെട്ടു.

Tuesday, January 2, 2007

ദേശസ്നേഹം

ദേശ സ്നേഹം

ബൂലോഗക്ലബില്‍ നടക്കുന്ന സദ്ദാം വധ വുമായിബന്ധപെട്ട ചര്‍ച്ചയില്‍ പരമര്‍ശിക്കപ്പെട്ട വിഷയമാണ് “ദേശസ്നേഹം“. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് സിംഗപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതെഴുതുന്ന ആള്‍ക്ക് ഒരു അവസരം ലഭിച്ചു. ഒരു ദിവസം വൈകീട്ട് Little India എന്നറിയപ്പെടുന്ന ഒരു പ്രദേശത്തു നിന്നും Slim lim ലെക്കുള്ള വഴി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ എന്റെ മുന്നില്‍ വന്നു പെട്ട ഇന്‍ഡ്യന്‍ വംശജന്‍ എന്നു തോന്നിക്കുന്ന ഒരാളെ കണ്ടത്. അദ്ദേഹത്തിന്റെ അടുത്ത് ചെന്നു എനിക്കു പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു. ഇംഗ്ലീഷിലാണ് ഞാന്‍ സംസാരിച്ചത്. എന്റെ ചോദ്യം കേട്ട് അദ്ദേഹം എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കി.
എന്നിട്ട് ഇംഗ്ലീഷില്‍ ഒരു മറു ചോദ്യം “ നീ ഇന്‍ഡ്യക്കാരനല്ലേ” ഞാന്‍ അതേ എന്നുത്തരം പറഞ്ഞു. പെട്ടെന്നു ആ മനുഷ്യന്റെ മുഖഭാവം ആകെ മാറി വികാരാധീനനായി. പിന്നെ സംസാരിച്ചത് മുഴുവനും ഹിന്ദിയിലായിരുന്നു. അയാള്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നു:
“ നീ ഒരു ഇന്‍ഡ്യക്കാരനല്ലെ?
പിന്നെ എന്തിനാ എന്നോട് ആംഗലേയത്തില്‍ സംസാരിച്ചത്?
നിനക്ക് ദേശസ്നേഹം എന്ന ഒന്നില്ലേ?“അപ്രതീക്ഷിതമായ ആ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു. എനിക്ക് പെട്ടെന്ന് ഒരു മറുപടി പറയാന്‍ കഴിഞ്ഞില്ല.
“ ഒരു ഇന്‍ഡ്യക്കാരനായിട്ടും, മറ്റൊരിന്‍ഡ്യക്കാരനായെ എന്നോട് രാഷ്ട്ര ഭാഷ സംസാരിക്കത്ത നിനക്ക് ഞാന്‍ വഴി പറഞ്ഞ് തരുന്ന പ്രശ്നമേയില്ല” എന്നും പറഞ്ഞ് അയാള്‍ “അഭിമാന പൂരിതമായ അന്തരംഗവുമായി“ നടന്നു നീങ്ങി.

അന്നു എന്റെ മന്‍സ്സില്‍ തോന്നിയ വികാരം ഒരിക്കല്‍ കൂടി തോന്നിയത് ബൂലോഗത്തിലെ പോസ്റ്റുകള്‍ വായിച്ചപ്പോളാണ്.

ദേശസ്നേഹം പ്രകടമാക്കുന്ന എത്രയെത്ര പോസ്റ്റുകളാണ് ദിവസവും! വിദേശത്ത് പോയി കഷ്ടപ്പെട്ട് കുറെ പണം സമ്പാദിച്ചതിനുശേഷം ദേശ സ്നേഹത്തിന്റെ ഉള്‍വിളിയാല്‍ സ്വദേശത്ത് ചേക്കേറാന്‍ ശ്രമിക്കുന്ന മലയാളി കുടുംബം. ഭാരതീയരായ ( കുറച്ചുകൂടി കൂടുതല്‍ ദേശഭക്തിയുള്ളവര്‍ക്കു കേരളീയര്‍ എന്നും ആവാം) സ്വദേശികള്‍‍, രാഷ്ട്രീയക്കാരുടെയും തല്പരകക്ഷികളുടേയും മറ്റും മാസ്മരിക വലയത്തില്‍ പെട്ട് ഹര്‍ത്താലും ബന്ദും നടത്തി നാട് മുടിപ്പിക്കുന്നതില്‍ കരളുരുകുന്ന വിദേശ മലയാളികള്‍ ( നാടനും ഉണ്ടെന്നു തോന്നുന്നു)
ബാഗ്ദാദില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കേണ്ട, കാരണം, പെയ്യേണ്ട മഴ പെയ്തു കഴിഞ്ഞില്ലേ എന്നു ആശ്വസിക്കുന്ന വിശ്വ പൌരന്മാര്‍.
“മറ്റു രാഷ്ട്ര പൌരന്മാരുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ ഒന്നുമില്ല എന്ന് എപ്പോഴും ആവര്‍ത്തിച്ച് നീ ഒന്നും അത്ര അഹങ്കരിക്കണ്ട എന്നോര്‍മിപ്പിക്കുന്ന ചില സൂപ്പര്‍ പൌരന്മാര്‍.
വയ്യ ഗാന്ധീ, വയ്യ! ( അങ്ങ്, ഉപ്പു സത്യാഗ്രഹവും, സഹന സമരവും, നിരാഹാര സത്യാഗ്രഹവുമൊക്കെ നടത്തിയ കാലത്തു ഇന്റര്‍നെറ്റ് ഇല്ലാതിരുന്നതു ഭാരതാംബയുടെ മഹഭാഗ്യം).


“ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം,

കേരളമെന്നു കേട്ടലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍“

എന്ന് പാടിയവന്‍ ആരയാലും അവനെ......