Thursday, December 23, 2010

യൂണിവേഴ്സിറ്റിയില്‍ സംഭവിച്ചത്



അശ്ലീലതയ്ക്കോ ലൈംഗികതയ്ക്കോ എതിരായ സംഭവം എന്നരീതിയിലും, മഹത്തായ ഒരു കലാസൃഷ്ടിയെ വികലമാക്കിയ യൂണിവേഴ്സിറ്റി അധികൃതര്‍ എന്ന രീതിയിലൊക്കെ വാര്‍ത്തകള്‍ വന്നു കഴിഞ്ഞു, എന്നാല്‍ യാധാര്‍ഥ്യം മറ്റെന്തൊക്കെയോ ആണെന്ന് കരുതാന്‍ ന്യായമുണ്ട്. ഗൂഗിള്‍ മാപ്പില്‍ കാണുന്നതുപോലെ അധികം ആരുടേയും നോട്ടം കിട്ടാത്ത, (അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് മതില്‍കെട്ടിനുള്ളില്‍ കയറിച്ചെല്ലുമ്പോള്‍ ഇടത്) വശത്തയാണ് സഗരകന്യക കിടക്കുന്നത്. ചിത്രത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് കാണുക. അവിടെ മൈലാഞ്ചി ച്ചെടികളാല്‍ തീര്‍ത്ത മറ്റൊരു നഗ്ന സ്ത്രീ രൂപവും, ആന, മയില്‍, വള്ളം, ഇരിപ്പിടം മുതലായ ഒട്ടേറെ രൂപങ്ങളും ഉണ്ട്. ഇതല്ലാം വര്‍ഷങ്ങളായിതന്നെ അവിടെ ഉള്ളതാണ്. മാത്രവുമല്ല, ഇത്തരം കലാ രൂപങ്ങള്‍ ഉണ്ടാക്കാന്‍ വര്‍ഷങ്ങളുടെ കാലയളവു വേണ്ടിവരികയും ചെയ്യും. എന്നാല്‍ അന്നൊന്നും തോന്നാത്ത വികാരം ഇപ്പോള്‍ എങ്ങനെ ഉണ്ടായി? വനിതാ സംഘടനകളുടെ പരാതിയ്ന്മേലാണത്രെ നടപടി എടുക്കാന്‍ രജിസ്ട്രാര്‍ തീരുമാനിച്ചത്. അദ്ദേഹം ആദ്യം ശ്രമിച്ചത് ചെടിച്ചട്ടികളില്‍ വളര്‍ന്നു നില്‍ക്കുന്ന ചെടികള്‍ കൊണ്ടുവന്ന് വച്ച് സാഗര കന്യകയെ മറയ്ക്കാനാണ്. എന്നാല്‍ പ്രതിക്ഷേധകര്‍ തൃപ്തരായിരുന്നില്ല. അശ്ലീലത്തിനെതിരെ പ്രതിക്ഷേധിക്കുന്നവരുടെ ലക്ഷ്യം മറ്റെന്തോ ആയിരുന്നു എന്ന് കരുതേണ്ടി വരും . മാത്രവുമല്ല,ഇത്തരം സസ്യശില്പങ്ങളേ ദിവസവും ചെത്തി മിനുക്കിയില്ല എങ്കില്‍, ദിവസങ്ങള്‍ക്കുള്ളില്‍തന്നെ ഇലയും ശിഖരങ്ങളും വളര്‍ന്ന് രൂപം തന്നെ മാറിപ്പോവുകയും ചെയ്യുമായിരുന്നു. അതായത് തോട്ടക്കാരനോട് ഇനിമുതല്‍ സാഗരകന്യകയെ തൊട്ടുപോകരുത് എന്ന ഒരു നിര്‍ദ്ദേശം കൊണ്ട് തീര്‍ക്കാവുന്ന പ്രശ്നം മാത്രം.
അപ്പോള്‍ ചെടി വെട്ടി വൃത്തിയാ(കേടാ)ക്കാന്‍ രജിസ്ട്രാര്‍ നിര്‍ബ്ബന്ധിതനായതല്ലേ എന്ന് തൊന്നാവുന്നതാണ്. ഇനി വെട്ടിക്കളയാന്‍ നിര്‍ദ്ദേശിച്ചാല്‍ തന്നെ അത് മാധ്യമങ്ങളെ വിളിച്ചറിയിച്ചിട്ട് പരസ്യമാക്കുന്നതിലുമില്ലേ ഒരു ദുരൂഹത?
അതിനുശേഷമുള്ള പി വി സി കമ്മറ്റി റിപ്പോര്‍ട്ടാണതിലും വിശേഷം. സ്വയം വളരാന്‍ അനുവദിച്ചാല്‍ ഇല്ലാതാവുന്ന സ്ത്രീ രൂപ സസ്യ ശില്പങ്ങളെ മുഴുവനായും വെട്ടിക്കളയണമത്രെ!
അതിനെക്കാള്‍ വിചിത്രമാണ് സദാചാരക്കാരുടെ നിലപാട്. വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നിയന്ത്രിച്ചിരിക്കുന്ന യൂണി വേഴ്സിറ്റി ഓഫീസ് വളപ്പില്‍ ഉള്ള നഗ്ന ശില്പങ്ങള്‍ വിദ്യാര്‍ഥിനീ വിദ്യാര്‍ഥികളുടെ സദാചാരബോധം ഇല്ലാതാക്കും പോലും.