Tuesday, January 2, 2007

ദേശസ്നേഹം

ദേശ സ്നേഹം

ബൂലോഗക്ലബില്‍ നടക്കുന്ന സദ്ദാം വധ വുമായിബന്ധപെട്ട ചര്‍ച്ചയില്‍ പരമര്‍ശിക്കപ്പെട്ട വിഷയമാണ് “ദേശസ്നേഹം“. കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് സിംഗപ്പൂര്‍ സന്ദര്‍ശിക്കാന്‍ ഇതെഴുതുന്ന ആള്‍ക്ക് ഒരു അവസരം ലഭിച്ചു. ഒരു ദിവസം വൈകീട്ട് Little India എന്നറിയപ്പെടുന്ന ഒരു പ്രദേശത്തു നിന്നും Slim lim ലെക്കുള്ള വഴി അന്വേഷിച്ച് നടക്കുകയായിരുന്നു. അപ്പോഴാണ് ഞാന്‍ എന്റെ മുന്നില്‍ വന്നു പെട്ട ഇന്‍ഡ്യന്‍ വംശജന്‍ എന്നു തോന്നിക്കുന്ന ഒരാളെ കണ്ടത്. അദ്ദേഹത്തിന്റെ അടുത്ത് ചെന്നു എനിക്കു പോകേണ്ട സ്ഥലത്തേക്കുള്ള വഴി ചോദിച്ചു. ഇംഗ്ലീഷിലാണ് ഞാന്‍ സംസാരിച്ചത്. എന്റെ ചോദ്യം കേട്ട് അദ്ദേഹം എന്നെ ഒന്ന് ചുഴിഞ്ഞ് നോക്കി.
എന്നിട്ട് ഇംഗ്ലീഷില്‍ ഒരു മറു ചോദ്യം “ നീ ഇന്‍ഡ്യക്കാരനല്ലേ” ഞാന്‍ അതേ എന്നുത്തരം പറഞ്ഞു. പെട്ടെന്നു ആ മനുഷ്യന്റെ മുഖഭാവം ആകെ മാറി വികാരാധീനനായി. പിന്നെ സംസാരിച്ചത് മുഴുവനും ഹിന്ദിയിലായിരുന്നു. അയാള്‍ പറഞ്ഞതിന്റെ പൊരുള്‍ ഇതായിരുന്നു:
“ നീ ഒരു ഇന്‍ഡ്യക്കാരനല്ലെ?
പിന്നെ എന്തിനാ എന്നോട് ആംഗലേയത്തില്‍ സംസാരിച്ചത്?
നിനക്ക് ദേശസ്നേഹം എന്ന ഒന്നില്ലേ?“അപ്രതീക്ഷിതമായ ആ പ്രതികരണം പ്രതീക്ഷിക്കാത്തതായിരുന്നു. എനിക്ക് പെട്ടെന്ന് ഒരു മറുപടി പറയാന്‍ കഴിഞ്ഞില്ല.
“ ഒരു ഇന്‍ഡ്യക്കാരനായിട്ടും, മറ്റൊരിന്‍ഡ്യക്കാരനായെ എന്നോട് രാഷ്ട്ര ഭാഷ സംസാരിക്കത്ത നിനക്ക് ഞാന്‍ വഴി പറഞ്ഞ് തരുന്ന പ്രശ്നമേയില്ല” എന്നും പറഞ്ഞ് അയാള്‍ “അഭിമാന പൂരിതമായ അന്തരംഗവുമായി“ നടന്നു നീങ്ങി.

അന്നു എന്റെ മന്‍സ്സില്‍ തോന്നിയ വികാരം ഒരിക്കല്‍ കൂടി തോന്നിയത് ബൂലോഗത്തിലെ പോസ്റ്റുകള്‍ വായിച്ചപ്പോളാണ്.

ദേശസ്നേഹം പ്രകടമാക്കുന്ന എത്രയെത്ര പോസ്റ്റുകളാണ് ദിവസവും! വിദേശത്ത് പോയി കഷ്ടപ്പെട്ട് കുറെ പണം സമ്പാദിച്ചതിനുശേഷം ദേശ സ്നേഹത്തിന്റെ ഉള്‍വിളിയാല്‍ സ്വദേശത്ത് ചേക്കേറാന്‍ ശ്രമിക്കുന്ന മലയാളി കുടുംബം. ഭാരതീയരായ ( കുറച്ചുകൂടി കൂടുതല്‍ ദേശഭക്തിയുള്ളവര്‍ക്കു കേരളീയര്‍ എന്നും ആവാം) സ്വദേശികള്‍‍, രാഷ്ട്രീയക്കാരുടെയും തല്പരകക്ഷികളുടേയും മറ്റും മാസ്മരിക വലയത്തില്‍ പെട്ട് ഹര്‍ത്താലും ബന്ദും നടത്തി നാട് മുടിപ്പിക്കുന്നതില്‍ കരളുരുകുന്ന വിദേശ മലയാളികള്‍ ( നാടനും ഉണ്ടെന്നു തോന്നുന്നു)
ബാഗ്ദാദില്‍ മഴ പെയ്താല്‍ ഇവിടെ കുടപിടിക്കേണ്ട, കാരണം, പെയ്യേണ്ട മഴ പെയ്തു കഴിഞ്ഞില്ലേ എന്നു ആശ്വസിക്കുന്ന വിശ്വ പൌരന്മാര്‍.
“മറ്റു രാഷ്ട്ര പൌരന്മാരുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിക്കാന്‍ ഒന്നുമില്ല എന്ന് എപ്പോഴും ആവര്‍ത്തിച്ച് നീ ഒന്നും അത്ര അഹങ്കരിക്കണ്ട എന്നോര്‍മിപ്പിക്കുന്ന ചില സൂപ്പര്‍ പൌരന്മാര്‍.
വയ്യ ഗാന്ധീ, വയ്യ! ( അങ്ങ്, ഉപ്പു സത്യാഗ്രഹവും, സഹന സമരവും, നിരാഹാര സത്യാഗ്രഹവുമൊക്കെ നടത്തിയ കാലത്തു ഇന്റര്‍നെറ്റ് ഇല്ലാതിരുന്നതു ഭാരതാംബയുടെ മഹഭാഗ്യം).


“ഭാരതമെന്ന പേര്‍ കേട്ടാലഭിമാന പൂരിതമാകണം അന്തരംഗം,

കേരളമെന്നു കേട്ടലോ തിളക്കണം ചോര നമുക്കു ഞരമ്പുകളില്‍“

എന്ന് പാടിയവന്‍ ആരയാലും അവനെ......

7 comments:

ഉമേഷ്::Umesh said...

മണീ,

ഹിന്ദി മാതൃഭാഷയായ ആളുകളില്‍ നിന്നു് ഈ ചോദ്യം ഞാനും കേട്ടിട്ടുണ്ടു്. എന്റെ മറുപടി “ഇംഗ്ലീഷ് തരുന്ന അടിമത്തത്തിനേക്കാള്‍ എനിക്കു വെറുപ്പു്ഹിന്ദി തരുന്ന അടിമത്തം ആണു്” എന്നതായിരുന്നു.

“ഇംഗ്ലീഷില്‍ സംസാരിക്കാന്‍ മടിയാണെങ്കില്‍ ഭാരതീയപൈതൃകത്തിന്റെ പ്രതീകമായ സംസ്കൃതത്തില്‍ വേണമെങ്കില്‍ സംസാരിക്കാം” എന്നും ഞാന്‍ പറഞ്ഞിരുന്നു, സംസ്കൃതത്തില്‍ സംസാരിക്കാന്‍ എനിക്കു കഴിയില്ലെങ്കിലും.

സ്വാതന്ത്ര്യസമരക്കാലത്തു ഹിന്ദി രാഷ്ട്രഭാഷയായിരുന്നു. അതിനു ശേഷം ഉത്തരേന്ത്യക്കാരനു നമ്മുടെ മേല്‍ കുതിര കയറാനുള്ള ഉപാധിയും.

ഇനിയും കേള്‍ക്കാം, ദേശസ്നേഹത്തിന്റെ മറ്റു പല മുഖങ്ങളും:

“നീ ക്രിക്കറ്റ് കാണില്ലേ? ക്രിക്കറ്റ് കാണാത്തവന്‍ ഇന്ത്യക്കാരനാണോ?”

“ഹോളി ആഘോഷത്തിനു പോകുന്നില്ലേ? ചായം പൂശി ഡാന്‍‌സുണ്ടു്. നീ ഒരു ഇന്ത്യക്കാരനാണോ?”

“മലയാളവും ഇംഗ്ലീഷുമേ ടീവിയിലുള്ളോ? ഹിന്ദിയില്ലെ? നിന്റെ ദേശസ്നേഹമില്ലായ്മയോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു...”

ഭാരതത്തിനു വെളിയില്‍ വെച്ചു ഹിന്ദിയില്‍ സംസാരിക്കുന്നവരോടു ഞാന്‍ മലയാളത്തില്‍ മറുപടി പറയും. “ന്നിനക്കറിയാവുന്ന ഭാഷയില്‍ നീ സംസാരിച്ചാല്‍ എനിക്കറിയാവുന്ന ഭാഷയില്‍ ഞാനും സംസാരിക്കും” എന്നു പറഞ്ഞു്. ബോംബെയില്‍ വെച്ചു ഓഫീസില്‍ മറാട്ടിയില്‍ സംസാരിച്ച ഒരുത്തനോടും ഞാനിതു ചെയ്തിട്ടുണ്ടു്. ഇംഗ്ലീഷിലോ ഹിന്ദിയിലോ പറഞ്ഞില്ലെങ്കില്‍ ഞാന്‍ മലയാളത്തില്‍ പറയും എന്നു്.

ഗവേഷകന്‍ said...

ഹിന്ദി അറിയാത്തവനോട് ഉത്തരേന്ത്യന്‍സ് കാണിക്കുന്ന വെറുപ്പു കണ്ടാല്‍ ആ ഒരു ഭാഷയേ ഇന്ത്യയിലുള്ളൂ എന്നു തോന്നും. ഉത്തരേന്ത്യയിലെ മിക്ക ഓഫീസര്‍മാരും ഹിന്ദി സംസാരിക്കാത്തവനോട് അറിയാത്തവനോട് ഹിന്ദിയില്‍ മാത്രമേ സംസാരിക്കാറുള്ളൂ. അറിയുമായിരുന്നിട്ടും ഇംഗ്ലീഷ് പറയാന്‍ തീരെ കൂട്ടാക്കാതിരുന്ന ഹിന്ദിക്കാരനോട് മലയാളത്തില്‍ത്തന്നെ സംസാരിച്ചപ്പോള്‍ മനസ്സിലാകാന്‍ തുടങ്ങിയ അനുഭവവും ഉണ്ട്.

Anonymous said...

ഇംഗ്ലീഷ് തരുന്ന അടിമത്തത്തിനേക്കാള്‍ എനിക്കു വെറുപ്പു്ഹിന്ദി തരുന്ന അടിമത്തം ആണു്”

“ഇംഗ്ലീഷില്‍ സംസാരിക്കാന്‍ മടിയാണെങ്കില്‍ ഭാരതീയപൈതൃകത്തിന്റെ പ്രതീകമായ സംസ്കൃതത്തില്‍ വേണമെങ്കില്‍ സംസാരിക്കാം” എന്നും ഞാന്‍ പറഞ്ഞിരുന്നു, സംസ്കൃതത്തില്‍ സംസാരിക്കാന്‍ എനിക്കു കഴിയില്ലെങ്കിലും.

സ്വാതന്ത്ര്യസമരക്കാലത്തു ഹിന്ദി രാഷ്ട്രഭാഷയായിരുന്നു. അതിനു ശേഷം ഉത്തരേന്ത്യക്കാരനു നമ്മുടെ മേല്‍ കുതിര കയറാനുള്ള ഉപാധിയും.

“മലയാളവും ഇംഗ്ലീഷുമേ ടീവിയിലുള്ളോ? ഹിന്ദിയില്ലെ? നിന്റെ ദേശസ്നേഹമില്ലായ്മയോര്‍ത്തു ഞാന്‍ ലജ്ജിക്കുന്നു...”

“ന്നിനക്കറിയാവുന്ന ഭാഷയില്‍ നീ സംസാരിച്ചാല്‍ എനിക്കറിയാവുന്ന ഭാഷയില്‍ ഞാനും സംസാരിക്കും”

i dont have malayalam font---i also agree with you after Malayalam i admit English......

I always think about how Hindi will of national language , in India only 30% people are speaking Hindi ...........its the result of freedom movement at that time the north Indian mainly Hindi speaking people are majority in that’s group

Inji Pennu said...

മണി മാഷേ,
ഹഹഹ..എനിക്കീ പോസ്റ്റ് ഭയങ്കരമായി ഇഷ്ടപ്പെട്ടു.ഹഹ! ഇതേപോലെ ഒരിക്കല്‍ സിംഗപ്പൂരില്‍ വെച്ച് ഒരു ബസ്സും ചാരി നില്‍ക്കുന്ന മലയാളി എന്ന് സുനിശ്ചയമായി തോന്നിയ ഒരാളോട് കയറി മലയാളത്തില്‍ “ഈ ബസ് പോകുമോ ചേട്ടാ” എന്ന് ചോദിച്ചു. അയാള്‍ എന്നെ വട്ടാ‍ണൊ എന്ന അര്‍ത്ഥത്തില്‍ നോക്കി. പിന്നെ ചോദിച്ചു പിടിച്ച് വര്‍ത്തമാനം പറഞ്ഞ് വന്നപ്പോഴാണ് അറിയുന്നത്. അയാള്‍ മൂന്നാം തലമുറക്കാരനാണ്. അയാളുടെ ഗ്രാന്‍ഫാദര്‍ ഏതോ ‘കരളാ‘ എന്ന ഇന്ത്യന്‍ സ്ഥലത്ത് നിന്നാണ് വന്നത്. പക്ഷെ അമ്മയും അമ്മൂമ്മയും ഒക്കെ മലേഷ്യക്കാരു. അയാള്‍ അഭിമാനത്തോടെ ഞാന്‍ സിംഗപ്പൂരിയന്‍ ആണെന്നും സിംഗപ്പൂര്‍ ആര്‍മിയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും ഇന്ത്യാക്കര്‍ അയാളെ ഇന്ത്യക്കാരന്‍ എന്ന്ന് തെറ്റിദ്ധരിക്കുന്നതില്‍ അയാള്‍ അതിയായ വിഷമവും ഉണ്ടെന്ന് പറഞ്ഞു. അയാളുറ്റെ വിഷമം, മൂന്ന് തലമുറ ആയിട്ടും അയാളുടെ ഇന്ത്യന്‍ ലുക്കസ് ഇനിയും പോയിട്ടില്ലായെന്നാണ്.
ഇതെല്ലാം കേട്ടിട്ട് ചമ്മിയ ചമ്മലില്‍ വന്ന മഞ്ഞ വെളിച്ചം ഒരു സിറ്റി മുഴുവന്‍ പ്രകാശം പരത്തിയേനെ...പക്ഷെ ആ മനുഷ്യനെ പിടിച്ചോണ്ട് കോട്ടയത്ത് ബസ് സ്റ്റാന്റില്‍ നിറുത്തിയാല്‍ അയാള്‍ക്ക് ‘കരളാ’ എന്ന സ്ഥലത്തേക്കുറിച്ച് കേട്ട് കേള്‍വിയേയുള്ളൂ എന്ന് ഒരിക്കലും വിചാരിക്കില്ല.

ഗ്രീഷ്മയുടെ ലോകം said...

സുഹ്രുത്തുക്കളെ,
ഈ പോസ്റ്റ് വായിച്ചതിനും അഭിപ്രായം പങ്കു വച്ചതിന്നും നന്ദി.ഞാന്‍ ഇതെഴുതിയതിനൊരു മറുവശവും ഉണ്ട്. 2004ല്‍ ബോസ്റ്റണില്‍ ഒരു മെക്സിക്കന്‍ റെസ്റ്റോറന്റില്‍ വച്ച് ചെറുപ്പക്കാരനെ പരിചയപ്പെട്ടു. പരിചയപ്പെടാനുള്ള കാരണം ആ പയ്യന്‍ അണിഞ്ഞിരുന്ന ഒരു ടീ ഷര്‍ട് ആയിരുന്നു. ആ ടീ ഷര്‍ടില്‍ “I am an Indian, I love India" എന്നു ആലേഖനം ചെയ്തിരുന്നു. കണ്ടാല്‍ സായിപ്പിനെപ്പോലെ തോന്നുമെങ്കിലും (മുടി നല്ല കറുത്തതാണെന്നത് ഒഴിച്ചാല്‍), താനൊരു ഇന്ഡ്യന്നാണെന്നു ആ പയ്യന്‍ പറഞ്ഞു. തന്റെ മുത്തഛന്റെ അഛന്‍ ഹൈദരാബാദില്‍ നിന്നും വന്ന് അമേരിക്കയില്‍ സ്ഥിര താമസമാക്കിയതാണെന്നും, തനിക്കു ഇന്‍ഡ്യ സന്ദര്‍ശ്ശിക്കാന്‍ ആഗ്രഹമുണ്ടെന്നും അവന്‍ എന്നോട് പറഞ്ഞു.

evuraan said...

“ഇംഗ്ലീഷ് തരുന്ന അടിമത്തത്തിനേക്കാള്‍ എനിക്കു വെറുപ്പു്ഹിന്ദി തരുന്ന അടിമത്തം ആണു്”


ഉഗ്രന്, അത്യുഗ്രന്..!

വൈകാരിക സമഭാവത്തിനു ഇതാ ഒരു വിര്റ്റ്വല് സെയിം പിച്ച്..!

നിര്‍മ്മല said...

ഇംഗ്ലീഷ് എനിക്ക് അടിമത്തമല്ല സ്വാന്ത്ര്യമാണു തരുന്നത്. ലോകത്തിലേക്കുള്ള ജനാലയാണ് ഇംഗ്ലീഷ് എന്നു നെഹ്രു പറഞ്ഞത് വളരെ ശരിയാണ്.

“I am an Indian, I love India"
അത്തരം ഒരു ടീ-ഷര്‍ട്ടു തപ്പി നടന്നിട്ട് കിട്ടിയില്ലല്ലൊ!! ഇന്ത്യന്‍ ടീമിന്റെ ക്രിക്കറ്റ് ജേഴ്സി തന്നെ പാകമുള്ളതു കിട്ടാന്‍ ബുദ്ധിമുട്ടായിരുന്നു.