Sunday, January 14, 2007

നിറം മങ്ങിയ ഓര്‍മ്മകള്‍: അടിയന്തിരാവസ്ഥ

ബൂലോഗത്തില്‍ പലയിടങ്ങളിലും, 1975ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥയെപ്പറ്റി പരമാര്‍ശങ്ങളുണ്ടെങ്കിലും, ഭൂരിപക്ഷം മലയാളം ബ്ലോഗന്മാരും ബ്ലോഗിനികളും,
അക്കാലത്ത് ജനിച്ചിട്ടില്ലാതിരുന്നതിനാലും, അതിന്
നേരിട്ട് സാക്ഷി ആയിരുന്ന ഒരാളന്ന നിലയില്‍ ഒരു പോസ്റ്റ് ഇടണമെന്ന് തോന്നി:
അലഹബാദ് ഹൈക്കോടതി ഇന്ദിരഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കി പുറപ്പെടുവിച്ച ഒരു വിധിയാണ് അടിയന്തിരാവസ്ഥ അടിച്ചേല്പിക്കാ‍ന്‍ കാരണമായത്.
പൌരാവകാശങ്ങള്‍ ഇല്ലാതാക്കിയെങ്കിലും, അടിയന്തിരാവസ്ഥ ക്കാലം ഒരു സംതൃപ്ത കാലമായി അവതരിപ്പിക്കുകയായിരുന്നു എല്ലാ മാദ്ധ്യമങ്ങളിലൂടെയും സര്‍ക്കാര്‍ ചെയ്തത്.
അടിയന്തിരാവസ്ഥയെ അനുകൂലിക്കാതിരുന്ന എല്ലാ പത്രമാദ്ധ്യമങ്ങളുടെയും വായ് മൂടിക്കെട്ടി. മലയാള മനോരമയും മറ്റും, അടിയന്തിരാവസ്ഥയെ വാനോളം പുകഴ്ത്തിയപ്പോള്‍, ദേശഭിമാനി എതിര്‍ത്തുകൊണ്ടു മുഖപ്രസംഗം എഴുതി. സെന്‍സര്‍ ചെയ്യപ്പെട്ട തിനാല്‍ വെളിച്ചം കാണാന്‍ ആ മുഖപ്രസംഗത്തിനായില്ല. മുഖപ്രസംഗത്തിനു പകരം അത്രയും ഭാഗം കറുത്ത ബോര്‍ഡറിനുള്ളില്‍ ഒഴിച്ചിട്ടുകൊണ്ടാണ് പിറ്റെ ദിവസത്തെ പത്രം പുറത്തിറങ്ങിയത്. എന്നാ‍ല്‍ അതും സെന്‍സര്‍ ചെയ്യപ്പെട്ടു. മുഖപ്രസംഗം ഇല്ലാതെ അത്രയും സ്ഥലം blank ഇട്ട് പത്രം പ്രസിദ്ധീകരിക്കാന്‍ അനുവദിക്കില്ല എന്ന ഔദ്യോഗിക ഭീഷണി മറികടക്കാന്‍, “ഞങ്ങള്‍ അതു നിര്‍ത്തുന്നു“ എന്ന ഒറ്റവാചകം എഴുതിക്കൊണ്ട് മുഖപ്രസംഗങ്ങള്‍ ഒഴിവാക്കിയാണ് ദേശാഭിമാനി പിന്നീട്
എല്ലാ ദിവസവും പത്രം പുറത്തിറക്കിയത്. ടി വി യും കേബിളുമൊന്നും ഇല്ലാത്ത കാലമായിരുന്നതിനാല്‍ റേഡിയോഒരു നല്ല വിനോദോപാധിയും വാര്‍ത്താ മാദ്ധ്യമവുമായിരുന്നു. ഇന്ദിരാഗാന്ധി പ്രഖ്യാപിച്ച 20 ഇന പരിപാടിയുടെ പ്രചാരണവും, അടിയന്തിരാവസ്ഥയുടെ ആവശ്യകതയും, ഗുണഗണങ്ങളുമായിരുന്നു അക്കാലങ്ങളില്‍ റേഡിയോവിലൂടെ മുഴങ്ങിയിരുന്നത്.

ഒരു പ്രമുഖ കവി ( ഒ എന്‍ വി ആണെന്നു തോന്നുന്നു) യാല്‍ രചിക്കപ്പെട്ട “ഇരുപത് തിരിയിട്ട നിലവിളക്ക്“ എന്നു തുടങ്ങുന്ന ഒരു ഗാനം സ്ഥിരമായി കേള്‍ക്കാമായിരുന്നു. അടിയന്തിരാവസ്ഥ തുടങ്ങി, ഇരുപതിന പരിപാടികളുടെ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന തിനിടയില്‍, സ‍ഞ്ചയ് ഗാന്ധി തന്റെ വക ഒരു അഞ്ചിന പരിപാടി കൂടി പ്രഖ്യാപിച്ചു. അടിയന്തിരാവസ്ഥയെ തന്റെ കഥാപ്രസങ്ങത്തിലൂടെ പരിഹസിച്ചു എന്ന കാരണത്താല്‍ ജയിലിലടക്കപ്പെട്ട വി. സാംബശിവന്‍, അടിയന്തിരാവസ്ഥ പിന്‍ വലിച്ചതിനുശേഷം അവതരിപ്പിച്ച കഥാപ്രസംഗങ്ങളില്‍ പറഞ്ഞിരുന്ന ഒരു നര്‍മോക്തി, ഇങ്ങനെ:
“ അമ്മ ഇരുപതു തിരിയിട്ട നിലവിളക്ക് കത്തിച്ചു വച്ചപ്പോള്‍ മോനു സഹിച്ചില്ല, മോനും പറഞ്ഞു, കിടന്നു കത്തട്ടെ ഒരഞ്ചു തിരികൂടി എന്റെ വക!”
രസകരമായ മൊറ്റൊന്നു ഓര്‍മവരുന്നത് സുകുമാര്‍ അഴിക്കോടിന്റെ (പഴയ ഓര്‍മയില്‍നിന്നാണ് എഴുതുന്നതിനാല്‍, കൃത്യമാവണമെന്നില്ല) ഒരു പ്രതികരണമാണ്:
“യാഗം മുടക്കാനെത്തിയ രാക്ഷസന്മാര്‍ ”
എന്ന്, അടിയന്തിരാവസ്ഥയെ എതിര്‍ത്ത് SFI സമരത്തിനിറങ്ങിയപ്പോളാണ് അഴീക്കോട് ആ പ്രസ്ഥാവന ഇറക്കിയത്. അഴീക്കോട് മാത്രമല്ല, മറ്റേതെങ്കിലുമൊരു സാംസ്കാരിക നേതാവോ, സാ‍ഹിത്യകാരനോ, നേരിട്ട് അടിയന്തിരാവസ്ഥയെ എതിര്‍ത്തതില്ല. പില്‍ക്കാലത്ത് ഓ വി വിജയന്‍ പറയുകയുണ്ടായി, തന്റെ “ധര്‍മപുരാണം“ അടിയന്തിരാവസ്ഥയെ വിമര്‍ശിച്ചു രചിച്ചതാണ് എന്ന്. എന്നാല്‍ അടിയന്തിരാവസ്ഥയ്ക്ക് ശേഷം, പലരും, തങ്ങള്‍ അടിയന്തിരാവസ്ഥയ്ക്ക് എതിരായിരുന്നു എന്നും, തങ്ങളുടെ വായ് മൂടി ക്കെട്ടിയിരിക്കുകയായിരുന്നു എന്നുമൊക്കെ ഘോഷിച്ചിരുന്നു.
പ്രതിപക്ഷ നേതാക്കളീല്‍ പലരും അന്ന് ജയിലില്‍ ആയി. മിക്കവര്‍ക്കും തരക്കേടില്ലാത്ത വിധത്തില്‍ മര്‍ദ്ദനം ഏറ്റു. അന്ന് പല കോണ്‍ഗ്രസ്സ് കാര്‍ക്കും, സിപിഐക്കാര്‍ക്കും തങ്ങള്‍ക്ക് ഒതുക്കണമെന്നു തോന്നുന്നവരെ പോലീസിനു ഒറ്റിക്കൊടൂക്കുന്ന പരിപാടിയും ഉണ്ടായിരുന്നു. പോലീസു കണ്ടെത്തിയ ഒരു നൂതനവും കിരാതവുമായ പീഡ്ഡന മുറയായിരുന്നു, ഉരുട്ടല്‍. ജയറാം പടിക്കല്‍, പുലിക്കോടന്‍ നാരായണന്‍, ലക്ഷ്മണ തുടങ്ങിയ പോലീസുദ്യൊഗസ്ഥന്മാര്‍ക്കയിരുന്നു
മര്‍ദ്ദനമുറകളുടെ ആസൂത്രണം ചുമതല. അന്ന് എം എല്‍ ഏ ആയിരുന്ന വീ എസിനും, പിണറായി സഖാവിനും, കൊടിയേരി മുതലായവര്‍ക്കും ജയില്‍ വാസം അനുഭവിക്കെണ്ടിവന്നു. (അന്നു ലഭിച്ച കിരാതമായ പോലീസ് മര്‍ദ്ദനങ്ങള്‍ ഇപ്പോള്‍ സഖാക്കള്‍ ഓര്‍ക്കുന്നുണ്ടാവില്ല എന്നതു വ്യക്തമാണ്). താഴെക്കിടയിലുള്ള പല സി പി എം നേതാക്കളും ജയിലില്‍ ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയായി. ഏറ്റവും ഉന്നതരായ നേതാക്കന്മാരെ ഒഴിവാക്കിക്കൊണ്ടാണു അറസ്റ്റും മര്‍ദ്ദനവും നടത്തിയിരുന്നത്. പക്ഷെ പുറത്ത് നിന്നിരുന്നവര്‍ക്കും പ്രവര്‍ത്തിക്കാന്‍ കഴിയുമായിരുന്നില്ല.

പലരും, പോലീസ് കസ്റ്റഡിയിലാവുകയും പിന്നീട് കാണാതാവുകയും ചെയ്തു. രാജനും
വര്‍ക്കല വിജയനുമെല്ലാം അക്കൂട്ടത്തില്‍ പെടും. ഇക്കാര്യങ്ങളൊന്നും പൊതു ജനം അറിഞ്ഞിരുന്നില്ല. കേരളീയരെ അടിയന്തരാവസ്ഥക്കു അനുകൂലമായി ചിന്തിക്കാന്‍ പ്രേരിപ്പിച്ച സംഗതി, “അടിയന്തിരാവസ്ഥ ജന നന്മയ്ക്ക് “ എന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ ജനം
ഒന്നാകെ മയങ്ങിയതാവാം. കേരളീയന്റെ ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവും, വായനാശീലവുമെല്ലാം ഇന്ദിരാ സര്‍ക്കാര്‍ നന്നായി മുതെലെടുത്തു. മാധ്യമ പ്രചാരണങ്ങളിലൂടെ കേരളീയരെ കയ്യിലെടുത്തുവെങ്കിലും, അക്ഷരാഭ്യാസം കുറഞ്ഞ, വായനാശീലം അത്രയ്ക്കൊന്നുമില്ലാത്ത വടക്കെ ഇന്‍ഡ്യന്‍ ഗ്രാമീണരെ വശത്താക്കന്‍ അവര്‍ക്കു കഴിഞ്ഞില്ല. അന്നു നടന്ന അതിക്രമങ്ങള്‍- നിര്‍ബ്ബന്ധ വന്ധ്യംകരണവും, “ചേരി” നിര്‍മാര്‍ജ്ജനവുമെല്ലാം വാമൊഴിയായി നാടെങ്ങും പരന്നു. അടിയന്തിരാവസ്ഥ യുടെ അന്ത്യ ഘട്ടത്തില്‍ നടത്തപ്പെട്ട തെരഞ്ഞെടുപ്പില്‍ അതി ദയനീയമായി, ഇന്ദിരാ സര്‍ക്കാര്‍ പരജയപ്പെട്ടെങ്കിലും, കേരളത്തില്‍ കോണ്‍ഗ്രസ്സ് തകര്‍പ്പന്‍ വിജയം കൈ വരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പു വിജയം അഘോഷിക്കാന്‍ കൊണ്‍ഗ്രസ്സിനും, കേന്ദ്രത്തില്‍ കോണ്‍ഗ്രസ്സ് തോറ്റതിലും അടിയന്തിരാവസ്ഥ പിന്‍ വലിക്കപ്പെട്ടതിലും മതിമറന്നു ആഹ്ലാദിക്കാന്‍ അന്നു കേരളത്തില്‍ ഇടതു പക്ഷത്തിനും ആയില്ല. തെരഞ്ഞെടുപ്പില്‍ ഇന്ദിരഗാന്ധി തോറ്റതിനുശെഷം കേരളത്തിലും, വലിയ രാഷ്ട്രീയ ചലനങ്ങളുണ്ടായി. ആധര്‍ശധീരനായി അറിയപ്പേടുന്ന ആന്റണി സാര്‍, ഇന്ദിരഗാന്ധി യുടെ പിറകില്‍ പാറ പോലെ ഉറച്ചു നില്‍ക്കുമെന്ന് പ്രഖ്യാപിച്ച് രണ്ട് ദിവസത്തിനകം തന്നെ നിലപാടു മാറ്റി. പക്ഷെ കരുണാകരന്‍ ഇന്ദിരാഗാന്ധിക്ക് എന്നും തുണയായി നിന്നു. ഓര്‍ക്കുമ്പോള്‍ തമാശതൊന്നുന്ന മറ്റൊരു കാര്യം മലയാള മനോരമയുടെ മലക്കം മറിച്ചിലാണ്. തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുന്നതിനു തൊട്ട്മുന്‍പു വരെ തേനോലുന്ന ഭാഷയില്‍ അടിയന്തിരാവസ്ഥയെയും, കാ‍രണക്കാരിയെയും വാനോളം പുകഴ്ത്തിയ മനൊരമ
രണ്ട് ദി വസത്തിനുള്ളില്‍തന്നെ നിലപാടു മാറ്റി. തലേന്നു വരെ ഇന്ദിരാജി എന്നു വിശേഷിക്കപ്പെട്ട ആള്‍ പിറ്റേന്ന് “ആ സ്ത്രീ“ ആ‍യി മാറി!!

അവിടന്നങ്ങോട്ട് ഒരു മത്സരം തന്നെ, പത്രങ്ങള്‍ തമ്മില്‍, അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങള്‍ വായനക്കാരെ ആരാണു ഏറ്റവുമധികം അറിയിക്കുന്നത് എന്ന കാര്യത്തില്‍!
പ്രഖ്യാപിച്ചു 19 മാസങ്ങള്‍ക്ക് ശേഷം ( 1977) ആടിയന്തിരാവസ്ഥ പിന്‍ വലിക്കപ്പെട്ടു.

30 comments:

ഗ്രീഷ്മയുടെ ലോകം said...

അടിയന്തിരാവസ്ഥയെപ്പറ്റി ഇതാ ഒരു പോസ്റ്റ്: അന്ന് ജനിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടീ.

mumsy-മുംസി said...

ഞാന്‍ അറിയാനാഗ്രഹിച്ചിരുന്ന കുറെ കാര്യങ്ങളായിരുന്നു താങ്കള്‍ പറഞ്ഞുതന്നത്. നന്ദി.

Anonymous said...

1975 ജനുവരി 2ന് സമസ്തിപ്പൂര്‍ റെയില്‍‌വേ സ്റ്റേഷനില്‍ വെച്ച് അന്നത്തെ റെയില്‍‌വേ മന്ത്രി L.N. മിശ്രയെ ബോംബുവെച്ചുകൊന്നു പകുതിവെന്ത സോഷ്യലിസവും കൊണ്ടു നടന്ന കുറേ ജനാധിപത്യവാദികള്‍. അതിലൊരുത്തന്‍, തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഒരു കണ്ണിലുണ്ണി, പില്‍ക്കാലത്ത് കേന്ദ്രമന്ത്രിയും പ്രതിരോധനും ശവപ്പെട്ടിക്കച്ചവടക്കാരനും ഒക്കെയായി.)

അവിടെനിന്നായിരുന്നു എല്ലാത്തിന്റേയും തുടക്കം.
ഏപ്രില്‍ 15ന് ജയപ്രകാശ്‌ജീയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്കൊരു മാര്‍ച്ച് നടന്നു. ജനാധിപത്യം എന്ന പേരില്‍ എന്തുമാവാമെന്ന ധിക്കാരങ്ങളായിരുന്നു പിന്നെ രണ്ടു മാസത്തേക്ക് ഇന്ത്യ മുഴുവന്‍.

ഇന്ദിര ആയിടയ്ക്ക് കാര്യങ്ങളെല്ലാം പ്രോ-ആക്ടീവ് ആയി ചെയ്തുവരുന്നുണ്ടായിരുന്നു. ബാങ്കുദേശസാല്‍ക്കരണം, ഇന്‍ഷൂറന്‍സ്സ്‌ നയം, പാകിസ്ഥാന്‍ യുദ്ധം, ബംഗ്ലാദേശ്‌/മുക്തിബാഹിനി നടപടികള്‍, പോക്രാന്‍ അണുപരീക്ഷണം, ആര്യഭട്ട ഉപഗ്രഹവിക്ഷേപണം ഇതെല്ലാം അതുവരെ ഒരിക്കലുമുണ്ടാവാതിരുന്ന പരിവേഷമാണ് ഇന്ത്യയ്ക്കു മൊത്തത്തിലും ഇന്ദിരയുടെ ഭരണകൂടത്തിന് പ്രത്യേകമായും നേടിക്കൊടുത്തത്. ഒരുപക്ഷേ റഷ്യയുടെ കൂടെ നിന്ന് തങ്ങള്‍ക്കെതിരെ നില്‍ക്കാന്‍ തക്ക ബലം പ്രാപിക്കുമോ ഈ നവരാഷ്ട്രം എന്ന് അമേരിക്കക്കുപോലും ആദ്യം തോന്നിയത് ആയിടയ്ക്കാണ്.


അലഹാബാദ് കോടതിയുടെ വിധി വന്നത് അതിനിടയ്ക്കാണ്. അപ്പീല്‍ പോകുവാനുള്ള സമയം പോലും കൊടുക്കാതെ മര്‍ക്കടമുഷ്ടി എന്നു പേരു കേട്ട രാജ്‌ നാരായണനും ജോര്‍ജ്ജ് ഫെര്‍ണാണ്ടസ്സും മറ്റു മഹാനേതാക്കളും അന്നേവരേക്കും കണ്ടിട്ടില്ലാത്ത വിധമുള്ള യുദ്ധസന്നാഹങ്ങള്‍ക്കിറങ്ങി.

ജൂണ്‍ 26ന് ‘ഇന്ത്യാ രോഖോ’ എന്ന നിര്‍ബന്ധ-സമ്പൂര്‍ണ്ണബന്ദ് അടിച്ചേല്‍പ്പിക്കുവാനിരിക്കുകയായിരുന്നു ഇന്ത്യ കണ്ട ഏറ്റവും വലിയ ആ പിന്തിരിപ്പന്മാര്‍. അതിനോടൊപ്പം ഭീകരമായ പല നശീകരണപ്രവര്‍ത്തനങ്ങളും അവരുടെ പദ്ധതിയിലുണ്ടായിരുന്നു. ഇന്നും ആര്‍ക്കുമറിയില്ല അന്നത്തെ ഭീകരപദ്ധതികള്‍ക്ക് വേറെ ഏതൊക്കെ ശക്തികളുടെ ഒത്താശകളുണ്ടാകുമായിരുന്നെന്ന്.


അതിന്റെ തലേ രാത്രിയാണ് ഇന്ദിരാഗാന്ധിയ്ക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടി വന്നത്. ആ കാളരാത്രിയെക്കുറിച്ച് ഡെല്‍ഹിയുടെ ഇടനാഴികളില്‍ അക്കാലത്ത് ജീവിച്ചിരുന്ന പല പത്രപ്രവര്‍ത്തകരും പിന്നെ, വളരെക്കാലത്തിനുശേഷം, തുറന്നെഴുതിയിട്ടുമുണ്ട്.


മണി എത്ര സാധാരണക്കാരനായിരുന്നു എന്നറിയില്ല. പക്ഷേ കേരളത്തിലെ സാധാരണ ജനം അടിയന്തിരാവസ്ഥയിലാണ് ആദ്യമായി ഗവണ്മെന്റ് എന്നാല്‍ ഭരിക്കാന്‍ വേണ്ടിയുള്ള, ശക്തിയുള്ള ഒരു സാധനമാണെന്നും ഗവണ്മെന്റ് ജോലിക്കാര്‍ക്കും സ്വല്‍പ്പം ഉത്തരവാദിത്തമൊക്കെയാവാമെന്നും ഒക്കെ കണ്ടുമനസ്സിലാക്കിയത്.

ദൌര്‍ഭാഗ്യകരങ്ങളായിരുന്ന കായെണ്ണ രാജന്‍ സംഭവവും സ്നേഹലതാ കേസും മറ്റും വെച്ച് പില്‍ക്കാലത്ത് സ്വന്തം സീറ്റില്‍ അമര്‍ന്നിരുന്നവന്മാര്‍ അപ്പോള്‍ വാലുംചുരുട്ടി വിപ്ലവവും അട്ടിമറിയും അട്ടത്തുവെച്ചു നടക്കുകയായിരുന്നു.
പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നൊക്കെ കുറേ വാക്കുകളായിരുന്നു അക്കാലം വരെ നമ്മുടെ കമ്പോളനിലവാരം നിയന്ത്രിച്ചിരുന്നത്.

പിള്ളേര്‍ സ്കൂളില്‍ പോയാല്‍ കണ്ട ബസ്സിനും പുരയ്ക്കും കല്ലെടുത്തെറിയാതെ നാലക്ഷരം പഠിക്കുകതന്നെ ചെയ്യും എന്നു തന്തയ്ക്കും തള്ളയ്ക്കും ഉറപ്പുള്ള കാലവുമായിരുന്നു അത്.

വില്ലേജോഫീസിലും റേഷന്‍ കടയിലും ചെന്ന് മാന്യമായി ഒരു കൈക്കൂലിയും സ്വജനസ്വാധീനവും ഇല്ലാതെ ഏതു മൂന്നാംക്ലാസ് പൌരനും സ്വന്തം ആവശ്യം നിറവേറ്റാനാവുമായിരുന്ന അത്തരമൊരു കാലം അതിനുമുന്‍പും പിന്‍പും വന്നിട്ടില്ല.

സ്വന്തം നിയന്ത്രണത്തില്‍ നിന്നും പിടിവിട്ടുപോകുന്നു അടിയന്തിരാവസ്ഥയുടെ കടിഞ്ഞാണ്‍ എന്നു ബോദ്ധ്യം വന്ന ഇന്ദിര സ്വമേധയാ തന്നെയാണ് പിന്നീട് അടിയന്തിരാവസ്ഥ പിരിച്ചുവിട്ടതും തോല്‍ക്കുമെന്നുറപ്പുണ്ടായിട്ടും പുതിയ ഇലക്ഷന്‍ പ്രഖ്യാപിച്ചതും. പിന്നീടു വന്ന, അധികാരക്കൊതി എന്ന ഒരൊറ്റ പൊതുതത്വം മാത്രം കൈമുതലായുണ്ടായിരുന്ന, ജനതാപാര്‍ട്ടി എന്ന വെച്ചുകെട്ടി സംഘടന ഇന്ത്യയെ 20 കൊല്ലമെങ്കിലും വീണ്ടും പിന്നോക്കം നടത്തിച്ചു!

77 മാര്‍ച്ച് 19ന് നടന്ന തെരഞ്ഞെടുപ്പില്‍ കേരളം അടിയന്തിരാവസ്ഥക്കു കൊടുത്ത സമ്മാനം: 20 ലോക്‌സഭാ സീറ്റും 111 നിയമസഭാസീറ്റും! ജനങ്ങള്‍ക്ക് നേരിട്ട് അനുഭവവേദ്യമായിരുന്ന ഒരു ഭരണത്തിന്റെ പ്രതിഫലം എന്നല്ലാതെ എന്തുപറയണം?

സ്റ്റാലിന്റേയും കാസ്റ്റ്രോയുടേയും ജനാധിപത്യരീതികളെ വീരാരാധന നടത്തുന്ന അക്കാലത്തെ മഞ്ഞപ്പത്രങ്ങള്‍ കറുത്ത മഷി വാരിക്കോരിയൊഴിച്ച് സ്വന്തം നഗ്നത മറച്ചുവെച്ചിരുന്നെങ്കില്‍ അത്രത്തോളം ജനങ്ങള്‍ക്കും സമാധാനം മാത്രമേ തോന്നിയിരുന്നുള്ളൂ.


രാജന്‍ കേസ് തുടങ്ങിയ (അരുതാകാമായിരുന്ന) ഒറ്റപ്പെട്ട ചില പിടിവള്ളികളിലാണ് കേരളത്തിലെ ബുദ്ധിജീവിക്കൂറ്റന്മാര്‍ ഇപ്പോഴും അടിയന്തിരാവസ്ഥക്കെതിരെ മുക്രയിടുന്നത്.

ഒരുപാട് വളച്ചൊടിക്കപ്പെട്ട ഒരു ചരിത്രമാണ് മക്കളേ അടിയന്തിരാവസ്ഥയുടേത്. ഇത്ര കൊല്ലം കഴിഞ്ഞിട്ടും ആ ചരിത്രത്തിന്റെ മറുപിള്ളയും ചുമലിലേറ്റി നമ്മേയും നമ്മുടെ മക്കളേയും ചാവുവോളം നടത്തിക്കുക എന്നതാണ് നമ്മുടെ നാട്ടിലെ സൈദ്ധാന്തികപ്രമാണിമാര്‍ ചെയ്യുന്ന ഏറ്റവും വലിയ വിനോദം.

വിഷ്ണു പ്രസാദ് said...

അവ്യക്തതകള്‍ ഉണ്ടെങ്കിലും ഈ നല്ല ശ്രമം ഉപകാരപ്രദമായി.ഇതിനെ ക്കുറിച്ച് നെറ്റില്‍ നിന്ന് കിട്ടാവുന്ന ലിങ്കുകള്‍ കൂടി ചേര്‍ക്കാമായിരുന്നു.

sandoz said...

അടിയന്തരാവസ്ഥാ കാലത്ത്‌ മാത്രുഭൂമി പത്രത്തിന്റെ നിലപാട്‌ എന്തായിരുന്നു എന്നറിയാന്‍ താല്‍പര്യം ഉണ്ട്‌.

Unknown said...

‘മാതൃഭൂമി‘യുടെ നിലപാടെന്തായിരുന്നു എന്ന്‌ എനിക്കും വലിയപിടിയില്ല.
നേരേ മറിച്ച്‌ അടിയന്തരാവസ്ഥക്കാലത്ത്‌ കേരളത്തില്‍ ജയില്‍‌വാസമനുഭവിക്കേണ്ടിവന്ന ഏകപത്രാധിപര്‍ ‘ജന്മഭൂമി‘യുടേതായിരുന്നു എന്നു പറയപ്പെടുന്നു. അവരുടെ അന്നത്തെ നിലപാടുകളെന്തെല്ലാമായിരുന്നു എന്ന്‌ ഈയിടെ ഒരു പുസ്തകത്തില്‍ കണ്ടിരുന്നു. ഓര്‍മ്മയില്ല. അതു വീണ്ടും കയ്യിലെത്തിയാല്‍ ഒരു ചെറുകുറിപ്പെഴുതാം.

qw_er_ty

Achoos said...

അടിയന്തരാവസ്ഥയെക്കുറിച്ചുള്ള ഈ ലേഖനം ഏറെ നന്നായി. അനോണിയുടെ കമന്റു സത്യത്തില്‍ എനിക്കൊരു പുതിയ അറിവാണു. നന്ദി.

myexperimentsandme said...

മണിയുടെ ലേഖനം പൂര്‍ണ്ണമല്ല എന്നൊരു തോന്നലുണ്ടെങ്കിലും ഒരു ചെറിയ ചിത്രം കിട്ടാന്‍ ഉപകരിച്ചു.

അടിയന്തിരാവസ്ഥയ്ക്ക് അനോണി പറഞ്ഞ വശത്തെപ്പറ്റി ആദ്യമായി കേള്‍ക്കുന്നു. ഏതായിരുന്നു കൂടുതല്‍ തെറ്റ്/ശരി എന്ന് ഇപ്പോള്‍ സംശയം. ഇതിനെപ്പറ്റി കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ദേവന്‍ said...

അടിച്ചല്ലേ പിടിച്ചല്ലേ അടിക്കുത്തില്‍ തൊഴിച്ചല്ലേ
കടുക്ക ഞാന്‍ കുടിച്ചേക്കാം അമ്മച്ചീ
എന്ന് പരിഹസിച്ച ഡോ. അയ്യപ്പ പണിക്കരെയും ഉള്‍പ്പെടുത്താമായിരുന്നു മണിയുടെ ലേഖനത്തില്‍.

അനോണി,
ഞാന്‍ വരമ്പില്‍ പിച്ച വച്ചു കളിക്കുകയായിരുന്നു അക്കാലം. ഉടുതുണി നിര്‍ബ്ബന്ധമുള്ള പ്രായം പോലും ആയിട്ടില്ലെങ്കിലും ഞാന്‍ എഴുത്തും വായനയും പഠിച്ചിരുന്നു. വയലില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെയും മറ്റു സാധാരണക്കാരില്‍ സാധാരണക്കാരെയും പത്രം വായിച്ചു കേള്‍പ്പിക്കുക എന്ന കൊച്ചു ജോലി അഞ്ചാറു വയസ്സു വരെ ഞാന്‍ ചെയ്തു പോന്നിരുന്നു. എനിക്കു മനസ്സിലാവാത്ത കാര്യങ്ങള്‍ ദേശാഭിമാനിയില്‍ അപ്പുക്കുട്ടന്‍ വള്ളിക്കുന്നും ചിന്തയില്‍ അനിയനും എഴുതി വച്ചിരിക്കുന്നത് കൊഞ്ചി കൊഞ്ചി ഞാന്‍ ഉറക്കെ വായിക്കുമ്പോള്‍ പാടത്തു നിന്നും തിളക്കുന്ന രക്തത്തോടെ കൊച്ചിഞ്ഞ് വേലത്താനും വെളുത്തകുഞ്ഞും കുട്ടിവേലത്താട്ടിയും പുല്ലിക്കുറുമ്പയും അവര്‍ണ്ണര്‍ക്കു മേല്‍ നടന്ന നിര്‍ബന്ധിത വന്ധ്യംകരണത്തോടും ഗോയങ്കയെ ജയിലിലിട്ട് മാദ്ധ്യമത്തിന്റെ വായ അടക്കാന്‍ ശ്രമിച്ചതിനോടും മിസാ കോഫേപോസ എന്നീ ഭീകരശിക്ഷാ നിയമങ്ങളോടും പ്രതിഷേധിക്കുന്നത് എന്റെ മനസ്സില്‍ ബാക്കിയായ സാധാരണക്കാരന്റെ അടിയന്തിരാവസ്ഥയോടുള്ള വികാരം.

മറ്റു പല കാര്യങ്ങളും സകാര്യ ഓര്‍മ്മകളായി കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നതിനാല്‍ ബ്ലോഗ്ഗിലെഴുതാനാവുന്നില്ല

ദേവന്‍ said...

അല്ലപ്പാ, സാധാരണക്കാരുടെ അഭിപ്രായം എന്നത് മാത്രമേ ആദ്യം കണ്ണില്‍ പെട്ടുള്ളു. എല്‍ എന്‍ മിശ്രയെ ആരു കൊന്നു എന്നത് ഇപ്പോഴാ ശ്രദ്ധിച്ചത്.

ഇതുവരെ ഉള്ള എല്ലാ അന്വേഷണവും അനുസരിച്ച് ആനന്ദമാര്‍ഗ്ഗികള്‍ അല്ലേ അദ്ദേഹത്തെ വധിച്ചത്? അവരും സോഷ്യലിസ്റ്റ് ആയോ, എന്നുമുതല്‍?

ഇന്ദിരയുടെ തെരെഞ്നെടുപ്പ് കോടതി റദ്ദാക്കിയതിനുമപ്പുറം അടിയന്തിരമായ എന്തോ അവസ്ഥ ഇന്ത്യയില്‍ ഉണ്ടായെന്നോ? ജനാധിപത്യം ധിക്കാരമെന്നോ? 1969 ല്‍ നടന്ന ബാങ്ക് ദേശസാല്‍ക്കരണം അടിയന്തിരാവസ്ഥയുടെ ഫലമെന്നോ?
1974 ല്‍ നടന്ന പൊഖ്രാന്‍ പരീക്ഷണം അടിയന്തിരാവസ്ഥക്കാലത്തെന്നോ? എന്താ ഈ പറയുന്നത് എന്റെ അനോണി മാഷേ? അടിയന്തിരാവസ്ഥക്കാലശേഷം സ്വന്തം മണ്ഡലത്തില്‍ തോറ്റ ഇന്ദിരക്ക് പൊതുജന പിന്തുണ ഉണ്ടായിരുന്നെന്നോ?

myexperimentsandme said...

ഇന്ദിര കാര്യങ്ങളൊക്കെ നല്ല രീതിയില്‍ നടത്തിക്കൊണ്ടു വരികയായിരുന്നു എന്നാണ് അനോണി ഉദ്ദേശിച്ചതെന്ന് തോന്നുന്നു-അതെല്ലാം നടന്നത് അടിയന്തിരാവസ്ഥക്കാലത്താണ് എന്നല്ല എന്ന് തോന്നുന്നു.

അനോണിയുടെ “ആയിടയ്ക്കും” “അതിനിടയ്ക്കും” ആണ് കണ്‍ഫ്യൂഷന്‍ ഉണ്ടാക്കുന്നതെന്ന് തോന്നുന്നു.

ഇതുവരെ കേട്ടതനുസരിച്ച് സംഭവിക്കാന്‍ പാടില്ലാത്ത ഒരു കാര്യമായിരുന്നു അടിയന്തിരാവസ്ഥ എന്നാണ് ഞാന്‍ മനസ്സിലാക്കിയത്.

Anonymous said...

അടിയന്തിരാവസ്ഥയെക്കുറിച്ചുള്ള പോസ്റ്റ് നന്നായി.അതേക്കുറിച്ച് കേട്ടറിവ് മാത്രമുള്ളവര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായല്ലോ,അത്രയും നല്ലത്.

അഴീക്കോടിന്റെ പ്രസംഗം അടിയന്തിരാവസ്ഥാ കാലത്തായിരുന്നില്ല,അതിനു ശേഷം ഒരു സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയിലായിരുന്നു. കരുണാകരനെതിരെ കരിങ്കൊടിയുമായി പോയ കുട്ടിസ്സഖാക്കളെയാണ് രാക്ഷസരാക്കിയത്.

പ്രധാനപ്പെട്ട കാര്യം അടിയന്തിരാവസ്ഥാക്കാലത്ത് എസ്.എഫ്.ഐ നിര്‍ജ്ജീവമായിരുന്നു. അക്കാലത്ത് എസ്.എഫ്.ഐയില്‍ പ്രവര്‍ത്തിച്ച ഒരാള്‍ എന്ന നിലയില്‍ എനിക്കത് ഉറപ്പിച്ചു പറയാന്‍ കഴിയും.

ഇടതുപക്ഷത്തിന്റെ പരാജയം കേരളം തിരിച്ചറിഞ്ഞത് അടിയന്തിരാവസ്ഥയോടെയാണ്. അതിനാല്‍ അടിയന്തിരാവസ്ഥാനന്തരകാലത്ത് സി.പി.ഐ-എം.എല്‍ നോട് കേരളീയര്‍ക്കിടയില്‍ ആഭിമുഖ്യം വളര്‍ന്നിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്. മഠത്തില്‍ മത്തായി എന്ന പ്രാദേശിക പലിശക്കാരനെ വധിച്ചതിനെത്തുടര്‍ന്ന് ഈ അനുഭാവം നഷ്ടപ്പെട്ടുവെന്നതും പ്രസക്തമാണ്.

അനോനി പലകാലങ്ങളില്‍ നടന്ന കാര്യങ്ങള്‍ ചേര്‍ത്തു പറഞ്ഞ് ഇന്ദിരയെ മഹത്വവല്ക്കരിക്കാന്‍ ശ്രമിക്കുകയാണ്.

ജനാധിപത്യ-പൌരാവകാശങ്ങള്‍ നിഷേധിക്കുന്നതിനെ നീതീകരിക്കാന്‍ എന്നും ആളുണ്ട് എന്നത് ഖേദകരം തന്നെ.

Unknown said...

പോസ്റ്റ് നന്നായി. അടിയന്തിരാവസ്ഥയെ കുറിച്ച് കേട്ട് കേള്‍വി മാത്രമേയുള്ളൂ. അനോണി പറഞ്ഞതും വായിച്ചു. കുറച്ച് ട്രെയിന്‍ സമയത്തോടുന്നതും സര്‍ക്കാര്‍ മെഷിനറി കാര്യക്ഷമമായി പ്രവര്‍ത്തിയ്ക്കുന്നതുമാണോ അതോ വ്യക്തിസ്വാതന്ത്ര്യമാണോ നല്ലത് എന്ന് ചോദിച്ചാല്‍ എനിയ്ക്ക് സ്വാതന്ത്ര്യം മതി. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതിന് ഇന്ദിരയെ ഞാന്‍ കുറ്റം പറയില്ല എങ്കിലും അത് കൈകാര്യം ചെയ്ത രീതി നിരുത്തരവാദപരമായി തോന്നി. “?(ഞാന്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ വെച്ച് അഭിപ്രായം പറഞ്ഞതാണ്).

Unknown said...

അടിയന്തിരാവസ്ഥക്കാലത്ത് പ്രൈമറി സ്കൂളില്‍ പഠിക്കുകയായിരുന്നതിനാല്‍ കൂടുതലും പിന്നീടുള്ള കേട്ടറിവുമാത്രമാണുള്ളത്. എന്തായാലും അനാമി പറഞ്ഞ രീതിലുള്ള ധാരണയുണ്ടാക്കാന്‍ ആ അറിവുകള്‍ക്കാവില്ല. തികഞ്ഞ ഇന്ദിരാഭക്തന്‍മാര്‍ മാത്രമാണ് അനാമിയോട് യോജിക്കുക.

Viswaprabha said...

പരീക്ഷണം

ഗ്രീഷ്മയുടെ ലോകം said...

സുഹൃത്തുക്കളെ,
എന്റെ പോസ്റ്റ് വായിച്ചതിനും, അഭിപ്രായം എഴുതിയതിനും നന്ദി.
വസ്തുനിഷ്ടമായ ഒരു ലേഖനം എന്ന നിലയിലല്ല, ഈ പോസ്റ്റിട്ടത്. മറ്റൊരു ബ്ലോഗിലെ പരമാര്‍ശത്തിന് ബദല്‍ എന്ന നിലയ്ക്കാണ് ഇതെഴുതിയത്. പലര്‍ക്കും ഇഷ്ടപ്പെട്ടു എന്നതില്‍ സന്തോഷവും, പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിനു നന്ദിയും അറിയിക്കുന്നു.
sandoz, അടിയന്തിരാവസ്ഥ്ക്കാലത്ത് മാതൃഭൂമിയും മനോരമയുടെ നിലപാടു തന്നെ ആയിരുന്നു. “20 തിരിയിട്ട നിലവിളക്കിലെ“ വരികള്‍ മുഴുവനും മാതൃഭൂമിയില്‍ അച്ചടിച്ചു വന്നത് ഞാന്‍ ഓര്‍ക്കുന്നു.
അടിയന്തിരാവസ്ഥയെയും ഇന്ദിരാഗന്ധിയെയും കുറ്റപ്പെടുത്തി ആദ്യമായി ഒരു ലേഖനം പ്രസിദ്ധപ്പെടുത്തിയത് ഒരു ഇംഗ്ലീഷു പത്രത്തിലാണ്. അടിയന്തിരാവസ്ഥ പിന്‍വലിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് പ്രശസ്ത പത്രപ്രവര്‍ത്തകനായ കുല്‍ദീപ് നയ്യാര്‍ എഴുതിയ ആ ലേഖനം പിന്നീട് ( കോണ്‍ഗ്രസ്സിന്റെ തോല്‍വിക്കു ശേഷം) മൊഴിമാറ്റം നടത്തി മലയാള പത്രങ്ങളിലും അച്ചടിച്ചു വന്നു. “ ആ അമ്മയുടെയും, മകന്റേയും ഭരണം ഇതാ അവസാനിക്കുകുയായി” എന്ന മുന്‍ വിധിയോടെ യാണ് ആലേഖനം ഉപസംഹരിക്കുന്നത്.
കുല്‍ദീപ് നയ്യാറിന്റെ ലേഖനമടങ്ങിയ ഇംഗ്ലീഷ് പത്രം വായിക്കാന്‍ തന്ന സുഹൃത്തിനോട് ഞാനും, അന്നു പറഞ്ഞു, “ അവിശ്വസനീയം“ എന്ന്.
അനോണിയുടെ അഭിപ്രായങ്ങള്‍ക്കു മറുപടി എഴുതുന്നില്ല. ( അഥവാ എഴുതുകയാണെങ്കില്‍ കുറെ ഏറെ എഴുതേണ്ടിയും വരും; അതിനു സമയവുമില്ല). കോണ്‍ഗ്രസ്സും, ഇന്ദിരാഗാന്ധിയുടെ ഉപജാപകവൃന്ദം പോലും, തെറ്റുകള്‍ ഏറ്റുപറഞ്ഞ സ്ഥിതിക്കു, ഇത്തരത്തില്‍ ഒരു സ്തുതി പടെണ്ടിയിരുന്നില്ല എന്നു മാത്രം പറയട്ടെ. അനോണി കുല്‍ദീപ് നയ്യാറിന്റെ ലേഖനം തപ്പിപ്പിടിചു വായിക്കുന്നത് നല്ലതാണ്.
പ്രതികരിച്ച എല്ലവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.
-മണി.

P Das said...

നല്ല പോസ്റ്റ്.. അനോണി പറഞ്ഞത് “ഗവണ്മെന്റ് എന്നാല്‍ ഭരിക്കാന്‍ വേണ്ടിയുള്ള, ശക്തിയുള്ള ഒരു സാധനമാണെന്നും ഗവണ്മെന്റ് ജോലിക്കാര്‍ക്കും സ്വല്‍പ്പം ഉത്തരവാദിത്തമൊക്കെയാവാമെന്നും ഒക്കെ കണ്ടുമനസ്സിലാക്കിയത്.”
വേറൊരാളും (കൈപ്പത്തിയുടെ ആളല്ല) എന്നോട് പറഞ്ഞിട്ടുണ്ട്.

വേണു venu said...

ഇതൊരു നോവുന്ന,അന്നു ജീവിച്ച എല്ലാ ഇന്ഡ്യാക്കാരനേയും തലകുനിക്കാനോര്‍മ്മിപ്പിക്കുന്ന ഒരു കുറിപ്പാണു്. മറവിയുടെ മഹഗ്ഗര്‍ത്തങ്ങളില്‍‍ നിന്നു് വെറുതേ ഞാനും ഓര്‍ക്കുന്നു. അന്നു് തനിനിറം എന്നൊരു പോക്രി പത്രം ഉണ്ടായിരുന്നു. മന്ത്രി എന്നൊരു മഹാതോന്നിവാസി അതില്‍‍ കാര്‍ടൂണ്‍ വരയ്ക്കുമായിരുന്നു. ആ തോന്നിവാസി അടിയന്തിരാവസ്ഥയുടെ സെന്‍സറിങ്ങിനെതിരേ തന്‍റെ കാറ്ടൂണ്‍ കോളം ശുന്യമായിട്ടു് അതിനടിയില്‍ അടിയന്തിരാവസ്ഥ എന്നെഴുതി നിര്‍ത്തി.
പോക്രിപത്രം എന്നും തോന്നി വാസിയായ കാര്‍ടൂനിസ്റ്റെന്നും വിളിച്ചു് ഞാനെന്‍റെ ഭാവുകങ്ങള്‍‍ ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.
എന്‍റെ ഓര്‍മ്മകള്‍ ശരിയാണോ?.മണിയുടെ ഓര്‍മ്മകളെയും ലേഖനം എഴുതിയ രീതിയേയും അനുമോദിക്കുന്നു.

K.V Manikantan said...

അനോണി ‘അനോണി‘യായി കമന്റിട്ടതില്‍ നിന്നും അദ്ദേഹത്തിന് (അദ്ദേഹത്തിന്റെ സ്ത്രീലിംഗം എന്താ ഉമേഷ്ജീ?) എഴുതിയതിലെ ജാള്യതയല്ലേ മനസിലാക്കേണ്ടത്?

എന്താണ് അനോണിസാര്‍ ജനാധിപത്യം?

അന്ന് 20-ല്‍ 20ഉം കോണ്‍ഗ്രസ്സിന് കിട്ടയതോര്‍ത്ത് അന്ന് 3 വയസ്സുണ്ടായിരുന്ന ഞാന്‍ ലജ്ജിക്കുന്നു.

അന്നത്തെ വോട്ടര്‍ മാരെ നപുംസകങ്ങള്‍ എന്ന് വിളിക്കാന്‍ തോന്നുന്നു. (നപുംസകങ്ങളേ എന്നെ തല്ലരുതേ!)

മണി, പോസ്റ്റ് അവസരോചിതം!
-സങ്കുചിതന്‍

Tedy Kanjirathinkal said...

ഒരു ഓട്ടോ ഓടിച്ചോട്ടേ.. പ്ലീസ്...
സങ്കൂ, ദ ആന്‍സര്‍ റ്റു യോര്‍ ക്വസ്റ്റ്യന്‍ ഇസ്:
1. അനോണിത (അച്ചടി ഭാഷ)
2. അനോണിച്ചി (ലോക്കല്‍ ഭാഷ)
3. അനോണിയമ്മ (ബഹുമാനം)
4. അനോണിക്കുട്ടി (വാത്സല്യം)
5. അന്‍സ് (കൂള്‍)

മണീ, അയ്യോ പ്ലീസ്.. തല്ലല്ല് :-)

Inji Pennu said...

ഹഹഹഹ...റ്റെഡിക്കുട്ട്യേ...ആ അന്‍സ് എനിക്കങ്ങിഷ്ടപ്പെട്ടു..ഹഹഹ..ചിരി നിറുത്താന്‍ ഇനി എന്താണാവൊ ചെയ്യാ‍? മണിചേട്ടന്‍ സോറിയുണ്ട്, എന്റെ കുറ്റമല്ല ആ റ്റെഡിക്കുട്ടിയുടേതാ :)

ഓര്‍മ്മകള്‍ വായിക്കാന്‍ നല്ല രസം. അന്നൊക്കെ ആ കാ‍ലത്തൊക്കെ ജീവിച്ചിരുന്നെങ്കില്‍ എന്ന് വിചാരിക്കുന്നു....അടിയന്തരാവസ്ഥ വന്നത് നന്നായീന്നേ ഞാന്‍ പറയൂ, അപ്പോഴാണല്ലൊ, ഈ ജനാധിപത്യം എന്താന്ന് പലര്‍ക്കും മനസ്സിലായത്.

evuraan said...

ചരിത്രത്തിലെ എപിക്‍ സ്കെയിലിലുള്ള മിക്ക പ്രമാദ സംഭവങ്ങളും വീണ്ടും വീണ്ടും അപഗ്രഥിക്കുമ്പോള്‍ ആരെങ്ങോട്ടു പിടിച്ചാലും ചായുന്ന മരമാണെന്നു തോന്നുക ഒരു പക്ഷെ സ്വാഭാവികമാവും.

അടിയന്തിരാവസ്ഥയെ കുറിച്ച് വായിച്ച അറിവു മാത്രമേയുള്ളൂ. രാജന്‍ കൊലക്കേസു് അതിന്റെ ബാക്കിഭാഗമാണല്ലോ?

സാംബശിവന്‍ അടിയന്തിരാവസ്ഥയുടെ സമയത്തു് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു എന്നതാണു് ഈ ലേഖനത്തില്‍ നിന്നും പുതിയ ഒരറിവു കിട്ടിയത്.

ഗ്രീഷ്മയുടെ ലോകം said...

ചക്കര,
തീര്‍ച്ചയായും, ഗവണ്മെന്റ് ഭരിക്കാനുള്ള “സാധനം“ തന്നെയാണ്. പക്ഷെ എന്താണു ഈ ഭരണം എന്ന കാര്യത്തിലാണു സംശയം. ഒരു ഏകാധിപതിക്ക് വളരെ നന്നായ് ഭരിക്കാന്‍ കഴിയും, അടിയന്തിരാവസ്ഥക്കാലം പോലെ.
പിന്നെ സര്‍ക്കാര്‍ ജീവനക്കാരുടെ ഉത്തരവാദിത്വം; അന്ന് കാര്യങ്ങളെല്ലാം “മുറ“പോലെ നടന്നിരുന്നു എന്ന വാദം സമ്മതിച്ചാല്‍ തന്നെ അതു ഉത്തര‍വാദിത്വം കൊണ്ടായിരുന്നില്ല, മറിച്ച് ഭയം മൂലമായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കാനുള്ളതോ അതൊ സ്വയം ഏറ്റെടുക്കേണ്ടതോ?

വേണു,
ചിലപ്പോഴെല്ലാം മഞ്ഞപ്പത്രത്തിന്റെ നിലവാരത്തിലെത്തിയിട്ടുണ്ടെങ്കിലും, തനിനിറം പലപ്പോഴും, ജനോപകാരപ്രദമായ (പത്ര ലോകത്തിലെ സവര്‍ണര്‍ തമസ്കരിക്കുന്ന) പല വാര്‍ത്തകളും സംഭവങ്ങളും പൊതുസമക്ഷം അവതരിപ്പിച്ചിട്ടുണ്ട്.
പ്രതിഭാധനനും, തന്റേടിയുമായിരുന്നു കാര്‍ട്ടൂണിസ്റ്റ് മന്ത്രി. അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ പലപ്പോഴും, സഭ്യതയുടെ അതിര്‍ വരമ്പുകള്‍ ( സദാചാരപ്രേമികള്‍ വച്ചതാവാം, ഈ വരമ്പുകള്‍) ലംഘിച്ചിരുന്നുവെങ്കിലും, കുറിക്കുകൊള്ളുന്ന അദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളെ ഞാനിന്നും ആരാധിക്കുന്നു. വളരെയേറെ ദിവസങ്ങള്‍ നീണ്ടു നിന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു പണിമുടക്കു സമരം ഓര്‍മ്മ വരുന്നു. 80 ശതമാനത്തില്‍ അധികം ജീവനക്കാ‍രും സമരത്തില്‍ പങ്കെടുത്തു. സമരം പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍ കണ്ട ഒരുമാര്‍ഗ്ഗം ഒരോ ദിവസവും, കൂടുതല്‍ കൂടുതല്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരായി എന്ന വാര്‍ത്ത കൊടുക്കുക എന്നാതായിരുന്നു. ഓരോദിവസവും പത്തും പതിനഞ്ചും ശതമാനം പേര്‍ കൂടുതലായി ഹാജരായതായ കണക്കു കൂട്ടി ശതമാനക്കണക്കു 100ല്‍ അധികമായിട്ടൂം സര്‍ക്കാര്‍ ജിഹ്വകള്‍ കൂടുതല്‍ പേര്‍ ഹാജരാകുന്ന വാര്‍ത്തകള്‍ വീണ്ടും പുറത്തു വിട്ടുകൊണ്ടിരുന്നു. അപ്പോളാണു തനി നിറത്തില്‍ ഒരു കാര്‍ട്ടൂണ്‍, മന്ത്രിയുടെ വക: ആളൊഴിഞ്ഞ ഒരു സര്‍ക്കാര്‍ ഓഫീസ്; ഒരു കസേരയില്‍ മാത്രം ഒരു ഓഫീസര്‍. അയാളുടെ മടിയില്‍ ഒരു പ്രത്യേക പോസ്സില്‍ ഒരു ഓഫീസ് ജീവനക്കാരി ഇരിക്കുന്നു.
ജനലിലൂടെ ഒളിഞ്ഞു നോക്കി ഈക്കാഴ്ച്ച കാണുന്ന ഒരു പത്രപ്രവര്‍ത്തകന്‍ വിശദീകരിക്കുന്നു “ എത്ര ശതമാനം, കേറി എന്നറിയാന്‍ വന്നതാ”
ഇരുതല മൂര്‍ച്ചയുള്ള ആ കാര്‍ട്ടൂണ്‍ പ്രസിദ്ധപ്പെടുത്തിയതിനു പിറ്റേന്നു മുതല്‍ ശതമാനക്കണക്ക് ഗവണ്മെന്റ് നിര്‍ത്തി!!

റ്റെഡിച്ചായാ,
ഓടോ വളരെ ഇഷ്ടപ്പെട്ടു. ( അച്ചായനെ ക്കണ്ടിട്ട് അച്ചായനെന്നു വിളിക്കാനുള്ള പ്രായം ഉണ്ടെന്നു തോന്നുന്നില്ല) inji പ്പെണ്ണിനെപ്പോലെ ചിരിച്ചെങ്കിലും, പുഞ്ചിരിച്ചു എന്നേ റിപ്പോറ്ട്ട് ചെയ്യുന്നുള്ളു.

vimathan said...

മണീ, ഇപ്പോഴാണ് ഈ പോസ്റ്റ് വായിച്ചത്. ഓര്‍മ്മപ്പെടുത്തലുകള്‍ക്ക് നന്ദി. നമ്മുടെ ജനാധിപത്യം ഫാസിസത്തിലേക്ക് വഴിമാറാന്‍ എത്ര എളുപ്പമാണെന്ന് ഇന്ത്യക്കാര്‍ക്ക് മനസ്സിലായ സന്ദര്‍ഭമായിരുന്നു അത്. രാഷ്ട്രീയബൊധമില്ല എന്ന് മലയാളികള്‍ പറയുന്ന വടക്കെ ഇന്ത്യന്‍ സംസ്ഥാനങളിലെ ജനങള്‍ അതിനെ പ്രതിരോധിച്ചപ്പോള്‍ ഇവിടെ മലയാളി മധ്യവര്‍ഗ്ഗങളും അവരുടെ സാംസ്കാരികനായകന്മാരും “മുട്ടുകുത്താന്‍ പറഞ്ഞപ്പോള്‍ നിലത്തു വീണ് ഇഴയുക” എന്ന നിലപാടിലായിരുന്നു. അടിയന്തിരാവസ്ഥക്കു ശേഷവും
നെഹ്രുകുടുംബവും, അവരുടെ പിണിയാളുകളും അതിനെ പൂര്‍ണ്ണമായി തള്ളിപ്പറയാന്‍ തയ്യാറായില്ല എന്നും ഓര്‍ക്കേണ്ടതാണ്. പില്‍ക്കാലത്ത്, ഫാസിസം , ഫാസിസ്റ്റ് ഭീഷണി, എന്നൊക്കെ, കോണ്‍ഗ്രസ്സുകാരും, സോണിയാഗാന്ധിയും പറഞ്ഞു തുടങിയപ്പോള്‍ ഓ. വി. വിജയന്‍ പറഞ്ഞത്, ഇന്ത്യയിലെ യഥാര്‍ത്ഥ ഫാസിസ്റ്റ് ഭീഷണി സോണിയ എന്ന വിധവയുടെ വെള്ള വസ്ത്രത്തില്‍ മറഞ്ഞിരിക്കുന്നു എന്നാണ്.

വിനയന്‍ said...

ശ്രീ മണി
താങ്കള്‍ക്ക് ഒരായിരം നന്ദി.സ്വാതന്ത്യ ബോധമുള്‍ല ആരും ഉള്‍ക്കിടിലത്തോടെ ഓര്‍മിക്കുന്ന ദിനരാത്രങ്ങള്‍ ഇന്യും വരാതിരിക്കട്ടെ.ഇനിയും ഇന്ദിരമാരും സഞ്ചയ്മാരും വരാതിരിക്കട്ടെ.

പിന്നെ അനോണീ തലയില്‍ മുണ്ടിട്ട് നടന്നോളൂ.

Pramod.KM said...

ഈ പോസ്റ്റ് ഇന്നാണ്‍ വായിച്ചത്.
അടിയന്തിരാവസ്ഥയെ കുറിച്ചുള്ള പോസ്റ്റില്‍ കമന്റിടാതെ പോകുന്നതെങ്ങനെ!
നന്ദി,ലേഖനത്തിന്‍.

Abduljaleel (A J Farooqi) said...

അടിയന്തിരാവസ്ഥയെപ്പറ്റി ഇതാ ഒരു പോസ്റ്റ്: അന്ന് ജനിച്ചിട്ടില്ലാത്തവര്‍ക്ക് വേണ്ടീ.
യ യ...

Anonymous said...

സ്റ്റാലിന്റേയും കാസ്റ്റ്രോയുടേയും ജനാധിപത്യരീതികളെ വീരാരാധന നടത്തുന്ന അക്കാലത്തെ മഞ്ഞപ്പത്രങ്ങള്‍ കറുത്ത മഷി വാരിക്കോരിയൊഴിച്ച് സ്വന്തം നഗ്നത മറച്ചുവെച്ചിരുന്നെങ്കില്‍ അത്രത്തോളം ജനങ്ങള്‍ക്കും സമാധാനം മാത്രമേ തോന്നിയിരുന്നുള്ളൂ.


രാജന്‍ കേസ് തുടങ്ങിയ (അരുതാകാമായിരുന്ന) ഒറ്റപ്പെട്ട ചില പിടിവള്ളികളിലാണ് കേരളത്തിലെ ബുദ്ധിജീവിക്കൂറ്റന്മാര്‍ ഇപ്പോഴും അടിയന്തിരാവസ്ഥക്കെതിരെ മുക്രയിടുന്നത്.

ഒരുപാട് വളച്ചൊടിക്കപ്പെട്ട ഒരു ചരിത്രമാണ് മക്കളേ അടിയന്തിരാവസ്ഥയുടേത്. ഇത്ര കൊല്ലം കഴിഞ്ഞിട്ടും ആ ചരിത്രത്തിന്റെ മറുപിള്ളയും ചുമലിലേറ്റി നമ്മേയും നമ്മുടെ മക്കളേയും ചാവുവോളം നടത്തിക്കുക എന്നതാണ് നമ്മുടെ നാട്ടിലെ സൈദ്ധാന്തികപ്രമാണിമാര്‍ ചെയ്യുന്ന ഏറ്റവും വലിയ വിനോദം.

Anonymous said...

പാര്‍ട്ടി ഗ്രാമങ്ങളില്‍ അടിമകളെ പോലെ കഴിയുന്നതില്‍ പരാതിയൊന്നുമില്ല പല ചേട്ടന്മാര്‍ക്കും ,അടിച്ച്ചമര്ത്തല്‍ ഒന്നും ഒരു വിഷയമേയല്ല,വാര്‍ഷിക ഗുണ്ടാപ്പണം പാര്‍ട്ടിക്കുവേണ്ടി അടക്കുന്നവര്‍ക്ക് പഞ്ചായത്തില്‍ വിട്ടുകരമാടക്കാന്‍ ബുദ്ധിമുട്ടാണ് ..
ദേശാഭിമാനി നിര്‍ബന്ധിച് ഇടുവിക്കുന്നതില്‍ ഐ അമേധ്യ തീനികള്‍ യാതോരുറെട്ടും കാണുന്നില്ല ..അടിയന്തരാവസ്ഥയെ പോലിപ്പിച്ചെഴുതുന്ന ഇവര്‍ക്ക് കംബോഡിയയിലെ പോല്‍ പോര്‍ത്റ്റ് ഭരണമോ ക്യുബയിലെ അടിച്ച്ചമര്ത്തല്‍ ഒന്നും ഒരു വിഷയമേയല്ല..

Anonymous said...

പാര്‍ട്ടി ഗ്രാമങ്ങളില്‍ അടിമകളെ പോലെ കഴിയുന്നതില്‍ പരാതിയൊന്നുമില്ല പല ചേട്ടന്മാര്‍ക്കും ,അടിച്ച്ചമര്ത്തല്‍ ഒന്നും ഒരു വിഷയമേയല്ല,വാര്‍ഷിക ഗുണ്ടാപ്പണം പാര്‍ട്ടിക്കുവേണ്ടി അടക്കുന്നവര്‍ക്ക് പഞ്ചായത്തില്‍ വിട്ടുകരമാടക്കാന്‍ ബുദ്ധിമുട്ടാണ് ..
ദേശാഭിമാനി നിര്‍ബന്ധിച് ഇടുവിക്കുന്നതില്‍ ഐ അമേധ്യ തീനികള്‍ യാതോരുറെട്ടും കാണുന്നില്ല ..അടിയന്തരാവസ്ഥയെ പോലിപ്പിച്ചെഴുതുന്ന ഇവര്‍ക്ക് കംബോഡിയയിലെ പോല്‍ പോര്‍ത്റ്റ് ഭരണമോ ക്യുബയിലെ അടിച്ച്ചമര്ത്തല്‍ ഒന്നും ഒരു വിഷയമേയല്ല..