Wednesday, April 15, 2009

കൃഷ്ണനുണ്ണിയും മണ്ടന്‍ മണിയും

24 വര്‍ഷം മുന്‍പ് ഞാന്‍ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനടുത്ത് ഒരു ലോഡ്ജില്‍ താമസിച്ച് പാര്‍ട്ട് ടൈം പഠനം നടത്തുന്ന കാലം. പരീക്ഷക്കാലമായതിനാല്‍ അവുധിയെടുത്ത് മുറിയില്‍ സഹമുറിയനായ സണ്ണിയുമൊത്ത് പഠിക്കുന്ന ഒരു ദിവസം ആരോ വാതിലില്‍ മുട്ടി. വാതില്‍ തുറന്നപ്പോള്‍ ഞങ്ങള്‍ കണ്ടത് അവശതയോടെ നില്‍ക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്. അവന്റെ കണ്ണ് നിറഞ്ഞിരുന്നു, ഒരു ഒറ്റ മുണ്ടും, വൃത്തിയുള്ളതെങ്കിലും കീറിയ ഷര്‍ട്ടുമാണ് വേഷം. ഷര്‍ട്ടിനുള്ളില്‍ ഒരു പൂണൂല്‍ തെളിഞ്ഞുകാണാം. ഞങ്ങളെന്തങ്കിലും പറയുന്നതിനു മുന്‍പേ അവന്‍ ഒരു തുണ്ട് കടലാസ് എന്റെ നേര്‍ക്ക് നീട്ടിയിട്ട്, കൃഷ്ണനുണ്ണി എന്നാണ് പേരെന്നും, എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണവന്റെ അമ്മ എന്നും വിലകൂടിയ ഒരു മരുന്ന് വാങ്ങിക്കാന്‍ പണം തികയില്ല എന്നും ഇനി പതിനെട്ടു രൂപ എണ്‍പത്തഞ്ചു പൈസ കൂടി വേണം മരുന്ന് വാങ്ങാന്‍ എന്നും മറ്റും അവന്‍ ഗദ് ഗദത്തിനിടെ പറഞ്ഞൊപ്പിച്ചു. അവന് വേണ്ട പണം കൊടുക്കാമെന്നു കരുതി പേഴ്സ് തുറക്കാന്‍ തുടങ്ങിയ എന്നെ സണ്ണി തടഞ്ഞു. എന്നിട്ട് ആ പയ്യനോട് പറഞ്ഞു, “മരുന്ന് ഞങ്ങള്‍ വാങ്ങി ത്തരാം . നിന്റെ കയ്യിലുള്ള കാശെടുക്ക്”
അവന്‍ മടികൂടാതെ അവന്റെ കയ്യിലുള്ള പണവും മരുന്നിന്റെ കുറിപ്പും സണ്ണിയെ ഏല്‍പ്പിച്ചു.

അര കിലോമീറ്റര്‍ ദൂരത്തുള്ള മെഡിക്കല്‍ സ്റ്റോര്‍ ലക്ഷ്യമാക്കി നടക്കുമ്പോള്‍ സണ്ണിയോട് സ്വകാര്യമായി ചോദിച്ചു, “നാളെ പരീക്ഷ ഉള്ളതല്ലേ, മരുന്നിനുള്ള പണം കൊടുത്ത് ഈ പയ്യനെ വിട്ടാല്‍ പോരെ?“
സണ്ണിയുടെ മറുപടി ഒരു ചെറു ചിരിമാത്രം.
മെഡിക്കല്‍ സ്റ്റോറിന്റെ മുന്നില്‍ എത്തിയ സമയം, അതുവരെ നിശബ്ദനായിരുന്ന കൃഷ്ണനുണ്ണി ആകെ പരിഭ്രാന്തനായി. അവന്‍ സണ്ണിയോട് അപേക്ഷിച്ചു, “ ചേട്ടാ എനിക്കു മരുന്ന് വേണ്ടാ, ഞാന്‍ വെറുതെ പറഞ്ഞതാ അമ്മ ചികിത്സയിലാനെന്ന്. എന്റെ കാശ് തിരികെ താ, ഞാന്‍ പോയേക്കാം” സണ്ണി അപ്പോഴേക്കും അവന്റെ കയ്യ് കടന്നു പിടിച്ചു. അവന്‍ യാചിച്ചു, “എന്നെ വിട് ഞാന്‍ പോട്ടെ“
“നീ എന്തിനാടാ കളവ് പറഞ്ഞേ“ സണ്ണി ചൂടായി. അവന്‍ വിക്കി വിക്കി പറഞ്ഞു, “വിശന്നിട്ടാ ചേട്ടാ“. സണ്ണി അവന്റെ കയ്യ് പിടിച്ച് വലിച്ച് നടക്കെടാ എന്നും പറഞ്ഞ് വേഗത്തില്‍ നടന്നു. സണ്ണി, എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ ലഷ്യമാക്കി യാണ് നടക്കുന്നതെന്നു ഞാന്‍ കരുതി. എന്നാല്‍ ആ പോക്ക് പോലീസ് സ്റ്റേഷന്റെ എതിര്‍ വശത്തുള്ള ഒരു ഹോട്ടലില്‍ ചെന്ന് അവസാനിച്ചു. “നിനക്ക് വിശക്കുന്നുണ്ടെങ്കില്‍ അതു പറഞ്ഞാല്‍ പോരെ. ഇതാ ഇവിടുന്ന് വയറ് നിറച്ചു കഴിച്ചോ”

ആ പയ്യന്‍ വാരി വലിച്ച് തിന്നുന്നതിനിടയില്‍ ഞാന്‍ സണ്ണിയോട് രഹസ്യമായിചോദിച്ചു, ഇവന്‍ കളവു പറയുകയാണെന്ന് സണ്ണി എങ്ങെനെ മനസ്സിലാക്കി?
സണ്ണി എന്നെ ഒരു നോട്ടം നോക്കി, സഹതാപത്തോടെയുള്ള ഒരു നോട്ടം! എന്നിട്ടൊരു ചോദ്യം: “എറണാകുളം ജനറല്‍ ആശുപത്രിയില്‍ നിന്നു നോര്‍ത്തിലേക്ക് എന്ത് ദൂരം കാണും?
“ഒരു രണ്ട് മൂന്ന് കി മി“ - ഞാന്‍ .
“അപ്പോള്‍ ആശുപത്രിക്കടുത്തുള്ള ആരെയെങ്കിലും സമീപിച്ച് സഹായം ചോദിക്കാതെ ഇത്ര ദൂരം താണ്ടിവന്ന് നമ്മളെ ത്തന്നെ കാണണമായിരുന്നുവോ?, അതോ നിന്നെപോലെ ഉദാര മനസ്കര്‍ എറണാകുളം നഗരത്തില്‍ വേറെ ഇല്ല എന്നാണോ?“ എനിക്കുത്തരം മുട്ടി.

ഭക്ഷണത്തിനു ശേഷം ആ പയ്യന്റെ പണം സണ്ണി തിരികെ കൊടുത്തു. എന്നിട്ട് അവനോട് യാത്ര പറയുന്ന സമയം, അവന്‍ എന്തോ പ്രതീക്ഷിച്ച് സണ്ണിയെ നോക്കുന്നതുപോലെ തോന്നി. “ എന്താടാ“, ഞാന്‍ ചോദിച്ചു.
“ചേട്ടാ, ആ മരുന്നിന്റെ കുറിപ്പടി തിരിച്ച് തന്നില്ല..”
സണ്ണി അവനെ ഒന്നു നോക്കി, ദഹിപ്പിക്കുന്ന നോട്ടം. എന്നിട്ട് പോക്കറ്റില്‍ നിന്നും ആ കടലാസെടുത്ത് അവന്റെ മുന്‍പില്‍ വച്ച് പിച്ചി ക്കീറി. എന്നിട്ട് അവനോടാക്രോശിച്ചു, “ഓടെടാ” എന്ന്. അവന്‍ ഓടി.
********************************************
ഈ സംഭവത്തിനു ശേഷം രണ്ടാഴ്ച കഴിഞ്ഞുകാണും, തൃശൂര്‍ക്ക് പോകാന്‍ ബസ് സ്റ്റേഷനിലേക്ക് നടക്കുമ്പോള്‍ എതിരെ വന്ന ഒരാള്‍ എന്നെ വിളിച്ച്നിര്‍ത്തി: “ചേട്ടാ, എന്നെ ഒന്നു സഹായിക്കണം. ഞാന്‍ തിരുവനന്തപുരത്തു പോയിട്ട് വരികയാ. എറണാകുളത്ത് വച്ച് എന്റെ ബാഗും പണവുമെല്ലാം നഷ്ടപ്പെട്ടു. എനിക്ക് കൊഴിക്കോടെത്തണം. രണ്ട് ദിവസമായി ഞാന്‍ സ്റ്റേഷന്‍ പരിസരത്ത് അലയുകയാണ്. എനിക്ക് കോഴിക്കോടെത്താനുള്ള പണം കടം തരാമോ”
സാധാരണയായി കയ്യില്‍ പൈസ വച്ചുകൊണ്ട് “ഇല്ല“ എന്ന് പറയാന്‍ മനസ്സു വരില്ല എങ്കിലും എന്നില്‍ “സണ്ണി എഫക്റ്റ്“ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നതു കൊണ്ട് പണം കൊടുക്കുന്നതിനുമുന്‍പ് ഇവന്‍ കളവു പറയുകയല്ല എന്നു ഉറപ്പിക്കേണ്ടിയിരിക്കുന്നു.
ഞാന്‍ അയാളെ ആപാദ ചൂ- അല്ലെങ്കില്‍ വേണ്ട, അടിമുടി ഒന്ന് വീക്ഷിച്ചു: എണ്ണക്കറുപ്പിന്റെ നിറം, എന്നെക്കാള്‍ ആരോഗ്യവാന്‍ , രണ്ട് ദിവസം അലഞ്ഞ് നടന്ന് ലക്ഷണമൊന്നും ഇല്ല, പോരാത്തതിന് ക്ലീന്‍ ഷേവ് ചെയ്ത മുഖവും. സംഭവം പറ്റിക്കലാണെന്ന് എനിക്കു മനസ്സിലായി, ആള്‍ കൊഴിക്കോട് കാരനല്ലായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.(കോഴിക്കോടും കണ്ണൂരും നല്ല മനുഷ്യര്‍ മാത്രമേയുള്ളു എന്നതാണ് എന്റെ അനുഭവം).
ഏതയാലും ഞാന്‍ അയാള്‍ക്ക് കോഴിക്കോടേക്ക് ഒരു റ്റിക്കറ്റ് എടുത്തു കൊടുക്കാമെന്ന് സമ്മതിച്ചു. തൃശൂര്‍ വരെ ഞാനും ബസ്സിലുണ്ടാവുമെന്ന് പറഞ്ഞിട്ടും ടിയാന് കുലുക്കമില്ല. അങ്ങനെ ഞങ്ങള്‍ ഒരു കോഴിക്കോടെക്കുള്ള കെ എസ് ആര്‍ ടി സി ബസ്സില്‍ കയറിപ്പറ്റി. എന്റെ വലതു വശത്ത് തന്നെ അയാളെ ഇരുത്തി. എനിക്കൊരു തൃശൂര്‍ ടിക്കറ്റും അയാള്‍ക്കൊരു കോഴിക്കോട് ടിക്കറ്റും എടുത്ത് ബാക്കി പണം പേഴ്സില്‍ തിരുകി പാന്റിന്റെ പോക്കറ്റില്‍ ഇട്ടു. അന്നും ഇന്നും എനിക്കൊരു പ്രത്യേക സ്വഭാവമുണ്ട്, ബസ്സില്‍ കയറിയാല്‍ ഉടനെ ഉറക്കം വരും; സീറ്റ് കിട്ടിയാലും ഇല്ലെങ്കിലും. ഇപ്രാവശ്യവും അതു തന്നെ സംഭവിച്ചു. വണ്ടി തൃശൂര്‍ സ്റ്റാന്റില്‍ നിന്നും പുറപ്പെടാറായപ്പോഴാണ് ഞാന്‍ ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. ചാടി ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ സഹയാത്രികനെ കണ്ടില്ല. ഇറങ്ങാനുള്ള തത്രപ്പാടില്‍ മറ്റൊന്നും ചിന്തിക്കാതെ, ഓടിത്തുടങ്ങിയ ബസ്സില്‍ നിന്നും ഞാന്‍ ചാടി ഇറങ്ങി. ഒരു ഓട്ടോ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പാന്റ്സിന്റെ പിന്‍ പോക്കറ്റില്‍ പെഴ്സ് തപ്പി. അത്ഭുതം! പെഴ്സുമില്ല , പേഴ്സിട്ടിരുന്ന പോക്കറ്റുമില്ല! അതാരോ സുന്ദരമായി മുറിച്ചെടുത്തിരിക്കുന്നു!! വേറൊരത്ഭുതം കൂടി കണ്ടു, ഞാന്‍ കൈ കാണിച്ചിട്ട് നിര്‍ത്താതെ ഓടിച്ചു പോയ ഓട്ടോയുടെ അകത്ത് എന്റെ സഹ സഞ്ചാരിയിരിക്കുന്നു!
ഞാനൊരു മണ്ടനാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കപ്പെട്ടു.

1 comment:

ഗ്രീഷ്മയുടെ ലോകം said...

എനിക്കു പറ്റിയ അമളി!