Saturday, August 29, 2009

ചെറായിയിലെ പാമ്പുകള്‍

ഈ ബ്ലോഗ് പോസ്റ്റിന് ചെറായിയിലെ പാമ്പുകള്‍ എന്ന് പേരിട്ടത് കൂടുതല്‍ ശ്രദ്ധ കിട്ടാനായിട്ടാണ്. ശരിക്കും വൈപ്പിന്‍ കരയിലെ പാമ്പുകള്‍ എന്നാണ് വേണ്ടിയിരുന്നത്:

ഞാന്‍ ജനിച്ചതും വളര്‍ന്നതും വൈപ്പിന്‍ കരയിലെ നായരമ്പലം എന്ന സ്ഥലത്താണ്. അക്കാലത്ത് എല്ലാവര്‍ക്കും പരിചിതമായ പാമ്പുകള്‍ ഇവയെല്ലാം ആയിരുന്നു:

1. നീര്‍ക്കോലി. പത്തു മുപ്പതു വര്‍ഷം മുന്‍പ് നാട്ടിലെല്ലായിടത്തും വലിയ കുളങ്ങള്‍ കാണുമായിരുന്നു. കുളത്തില്‍ ചുരുങ്ങിയത് ഒരു നീര്‍ക്കോലിയുമെങ്കിലും കാണും. കുളങ്ങള്‍ നിന്തിക്കുളിക്കാനും, കുടിവെള്ളം എടുക്കാനും ഉപയോഗിച്ചിരുന്നു. വേനലറുതിയില്‍ പല കുളങ്ങളും വറ്റും. അപ്പോള്‍ ശുദ്ധ ജലത്തിനായി ആളുകള്‍ നെട്ടോട്ടം ഓടും. ഏതുകാലത്തും നല്ല വെള്ളം കിട്ടുന്ന കുളങ്ങള്‍ ചില നായര്‍ വീട്ടുവളപ്പിലും, സാമ്പത്തികമായി ഉയര്‍ന്ന ഈഴവരുടെ വീട്ടു വളപ്പിലും മാത്രമേ ഉണ്ടാവുകയുള്ളു. നായര്‍ കുളത്തില്‍ നിന്നും പുലയന്മാര്‍ക്ക് വെള്ളം കിട്ടുന്ന പ്രശ്നമില്ല. ഈഴവര്‍ കുടിവെള്ളത്തിന് ചെന്നാല്‍, അവര്‍ക്ക് വെള്ളം ആ വീട്ടിലെ സ്ത്രീകള്‍ തന്നെ കോരിക്കൊടുക്കും. ഈഴവര്‍ സ്വയം കോരിയാല്‍ നായര്‍ കുളങ്ങള്‍ അയിത്തമായിപ്പോവും! എന്നാല്‍ പുലയന്മാര്‍ വെള്ളത്തിനായി ഈഴവ കുളങ്ങള്‍ അന്വേഷിച്ച് പോവും. അവിടെയും, ഈഴവ കുളങ്ങളുടെ ശുദ്ധം പോവാതിരിക്കാനായി ഈഴവ സ്ത്രീകള്‍ തന്നെ വെള്ളം കോരി പുലയക്കുടങ്ങളില്‍ നിറച്ചു കൊടുക്കും. പലപ്പോഴും, വെള്ളം കോരിത്തളരുന്ന നായരീഴവ മങ്കമാര്‍ ആവശ്യക്കാര്‍ക്ക് കുടിവെള്ളം നിക്ഷേധിക്കുകയും പതിവായിരുന്നു. എന്നാല്‍ നീര്‍ക്കോലികള്‍ക്ക് എല്ലാത്തരം കുളങ്ങളിലും വിഹരിക്കാന്‍ കഴിഞ്ഞിരുന്നു. വിഷപ്പല്ലുണ്ടെങ്കിലും, വിഷമില്ലാത്തവയാണ് ഇവയെന്ന്എനിക്ക് അനുഭവവും ഉണ്ട്.

2. ചേര. നീര്‍ക്കോലിയെക്കാള്‍ വലിപ്പവും വീറും വാശിയുമൊക്കെ ഉള്ള ചേരയും നാട്ടില്‍ ഉണ്ടായിരുന്നു. മഞ്ഞ നിറമുള്ള മഞ്ഞ ചേരയെയും സാധാരണ കാണാറുണ്ട്. വിഷമില്ലാത്തതു കൊണ്ട് ഭയക്കാനില്ല എങ്കിലും, ഇതിനെ എവിടെ കണ്ടാലും കൊല്ലാന്‍ ആളുകള്‍ തയ്യറാവും.

3. കടല്‍ പാമ്പ്. കടലിലാണ് വാസമെങ്കിലും, ഇടയ്ക്ക് കടല്‍തീരത്തും കാണപ്പെടുന്ന ഉഗ്ര വിഷമുള്ളവനാണിവന്‍ . ഇതിനെ നാട്ടില്‍ തുണിപ്പാമ്പ് എന്നും പറഞ്ഞ് കേള്‍ക്കാറുണ്ട്. കടല്‍ത്തീരത്തെ പൂഴി മണലില്‍ ഈ പാമ്പ് ചുരുണ്ട് കൂടിക്കിടക്കുന്നത് കണ്ടാല്‍ ഒരു പഴം തുണിക്കഷണം കിടക്കുകയാണെന്നേ തോന്നൂ. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് വലയില്‍ല്‍ കുടുങ്ങി കടല്‍ പാമ്പിനെ കിട്ടാറുണ്ട്. അവര്‍ അതിനെ വാലില്‍ തൂക്കി എടുത്ത് കടലിലേക്ക് തന്നെ എറിയും.

4. കുട്ട പ്പാമ്പ്. ഈ പോസ്റ്റ് എഴുതാനുള്ള പ്രചോദനം കുട്ടപ്പാമ്പ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന പാമ്പിനെ പറ്റി ഓര്‍ത്തതുകൊണ്ടാണ്. പണ്ട് നാട്ടിലെ പൊക്കാളി പാടങ്ങളിലും, സകല തോടുകളിലും ധാരാ‍ളമായി കാണുമായിരുന്നു. നിരുപദ്രവകാരിയായ ഒന്നാണിതെങ്കിലും എനിക്കിതിനെ വല്ലാത്ത അറപ്പും വെറുപ്പും ആയിരുന്നു. നീണ്ട്ഉരുണ്ട് വാലറ്റത്തേക്ക് വണ്ണം കുറഞ്ഞു വരുന്ന രൂപമാണ് ഇതിന്റേത്. മീന്‍ പിടിക്കാന്‍ ചൂണ്ടയിട്ടാല്‍ പലപ്പോഴും കുടുങ്ങുന്നത് ഇവനായിരിക്കും. പിന്നെ ചൂണ്ട ഉപേക്ഷിച്ച് പോവുകയേ വഴിയുള്ളു. പാട വരമ്പിലും മറ്റും പകുതി ശരീരം വെള്ളത്തിലാക്കി കിടക്കുന്നത് കണ്ടാല്‍ ആ വഴി ഉപേക്ഷിച്ച് പലപ്പോഴും വളഞ്ഞ വഴിയേ നടന്ന് ലക്ഷ്യത്തിലെത്താന്‍ നോക്കും. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ കൂട്ടമായി ഇതിനെ അക്കാലങ്ങളില്‍ കാണുമായിരുന്നു. ആര്‍ക്കും അതിനെ തല്ലികൊല്ലാം, വിഷമില്ല, വേഗത്തില്‍ ഓടുകയുമില്ല. പൊക്കാളി പാടങ്ങളില്‍ കൊയ്യാന്‍ വരുന്നവരുടെ കയ്യില്‍ ചുറ്റി പ്പിടിക്കും എന്നതുമാത്രമായിരുന്നു ഈ പാമ്പിനെ പറ്റി മറ്റുള്ളവര്‍ക്കുള്ള പരാതി. മീന്‍ പ്രത്യേകിച്ച് കൂരി എന്നു പേരുള്ള മത്സ്യമാണിവന്റെ ഇഷ്ടാഹാരം.

ഈ പാമ്പിനെ പ്രത്യേകം എഴുതാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്; ഒന്നാമത്, ഈ ഇനത്തെ വൈപ്പിന്‍ കരയില്‍ ഇപ്പോള്‍ കാണാനേയില്ല എന്നതാണ്. രണ്ടാമത്തെ കാരണം, ഇത് പ്രസവിക്കുന്ന പാമ്പാണ് എന്നതാണ്. ആര്‍ക്കെങ്കിലും, ഈ പാമ്പിനെ പറ്റി ക്കൂടുതല്‍ വിവരം തരാന്‍ കഴിയുമോ? ഇതിന്റെ ഒരു ചിത്രം പോലും എന്റെ പക്കലില്ല.

സ്നേഹത്തൊടെ മണി.

എന്നെ പാമ്പ് കടിച്ചു!

ഉടനെ എഴുതുന്നതാണ്,
വീണ്ടും സന്ദര്‍ശിക്കുക.

Saturday, August 22, 2009

എന്റെ ഡോക്റ്റര്‍മാര്‍... രണ്ടാം ഭാഗം

കുറച്ച് മാസം മുന്‍പ് ജോലിസ്ഥലത്ത് നിന്നും തിരിച്ച് വരുന്ന വഴി, അരൂര്‍ നാഷണന്‍ ഹൈ വേ യില്‍ വച്ച് ചെറിയ ഒരു അപകടം ഉണ്ടായി. അശ്രദ്ധമായി ഹൈ വേ കുറുകെ കടക്കാന്‍ ശ്രമിച്ച ഒരു സൈക്കിള്‍ യാത്രക്കാരന്‍ എന്റെ കാറിന്റെ ഇടത് വശത്ത് തട്ടി മറിഞ്ഞു വീണു. കാര്യമായ ഒന്നും പറ്റിയില്ല എങ്കിലും, പരിശോധനക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാമെന്ന് ഞാന്‍ ഏറ്റു. തൊട്ടടുത്ത് രണ്ട് ക്ലിനിക്കുകള്‍ ഉണ്ട്. ഒന്ന് കന്യാസ്ത്രീകള്‍ നടത്തുന്നതും മറ്റൊന്ന് ഒരു ഡൊക്ടര്‍ സ്വന്തമായി നടത്തുന്നതും. എന്നാല്‍ “രോഗി” ക്ക് കന്യസ്ത്രീ കള്‍ നടത്തുന്ന ആശുപത്രിയില്‍ പോയാല്‍ മതി എന്ന് പറഞ്ഞതുകൊണ്ട് ഞാനും കാറിലുണ്ടായിരുന്ന സഹപ്രവര്‍ത്തകരും കൂടെ സൈക്കിള്‍ യാത്രക്കാരനെ ആ ആശുപത്രിയില്‍ എത്തിച്ചു. ഒരു ചെറുപ്പക്കാരിയായിരുന്നു ഡ്യൂട്ടി ഡോക്ടര്‍. സൈക്കിള്‍ യാത്രക്കാരന്‍ അയാളുടെ കാലിന് വേദന ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് കാല്പാദത്തിന്റെ എക്സ് റേ എടുക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു.
റിസല്‍റ്റ് കാത്ത് ഞങ്ങള്‍ പുറത്തിരുന്നു. കുറെ നേരത്തിനുന് ശേഷം എക്സ് റേടെക്നിഷന്‍ ഫിലിമുമായി ഡോക്ടറുടെ മുറിയില്‍ കയറി. അല്പ സമയം സമയം കഴിഞ്ഞ് എക്സ് റേ ടെക്നിഷന്‍ പുറത്ത് വന്ന് എന്നെ നോക്കി അറിയിച്ചു. “ സാറിനെ ഡോക്ടര്‍ വിളിക്കുന്നു”.
പൊല്ലാപ്പായോ എന്ന് സംശയിച്ച് മുറിയില്‍ കയറിയ എന്നെ നോക്കി ലേഡി ഡോക്ടര്‍ പുഞ്ചിരിച്ചു. എന്നിട്ട് എക്സ് റേ ഫിലിം എനിക്ക് നേറെ നീട്ടിക്കൊണ്ട് പറഞ്ഞു “ സാര്‍. ഇത് നോക്കിയിട്ട് എനിക്കൊന്നും മനസ്സിലാവുന്നില്ല. സാര്‍ ഇതൊന്ന് നോക്കൂ. കുഴപ്പം വല്ലതും ഉണ്ടോ?”
ഒരു നിമിഷം ഞാന്‍ ആശയക്കുഴപ്പത്തിലായി. പിന്നെ പറഞ്ഞു, “ ഞാനോ? എനിക്കിതെങ്ങനെ അറിയാന്‍ പറ്റും?”
“ സാര്‍ ഡൊക്ടറല്ലേ?. സാറിന്റെ കൂടെ വന്നയാള്‍ സാറിന്റെ പേര് ഡോ. ടി. കെ. മണി എന്നാണെന്ന് പറഞ്ഞല്ലോ.”
അപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്.
“ ഡോക്ടര്‍ കരുതുന്നത് പോലെ ഞാനൊരു എം ബി ബി എസ് ഡോക്ടറല്ല. എനിക്കൊരു പി എച്ച് ഡി ഉള്ളതുകൊണ്ടാവും എന്റെ സഹപ്രവര്‍ത്തക അങ്ങനെ പറഞ്ഞത്. ആ പി എച്ച് ഡി ഇലക്ട്രോണിക്സിലാണ്. ക്ഷമിക്കണം”
ആ പാവം ഡോക്ടര്‍ തന്റെ നിസ്സഹയാവസ്ഥ തുറന്ന് പറഞ്ഞതുകൊണ്ട്, വീണ്ടും ഒരു ആശുപത്രി കൂടെ കയറി ഇറങ്ങേണ്ടി വന്നു. എന്നാല്‍ സൈക്കിള്‍ യാത്രക്കാരനൊന്നും പറ്റിയിട്ടില്ലായിരുന്നു, പക്ഷെ എനിക്ക് പറ്റി, രണ്ട് ആശുപത്രിയിലും കൂടി 1400 രൂപയുടെ നഷ്ടം!

Thursday, August 20, 2009

എന്റെ ഡോക്ടര്‍മാര്‍

പ്രൈമറി ക്ലാസില്‍ പഠിച്ചിരുന്ന സമയത്ത് ഒരു നല്ല ആതുര ശുശ്രൂഷകന്‍ (ഡോക്ടര്‍ ‍) ആവാനായിരുന്നു എന്റെ ആഗ്രഹം. ഇനി വായിക്കൂ:
ഒന്നാം ഡോക്ടര്‍
കുണ്ടും കുഴിയുമുള്ള റോഡിലൂടുള്ള നിത്യയാത്ര വല്ലാത്ത നടു വേദന എനിക്കു സമ്മാനിച്ചു. നേരെ നിവര്‍ന്ന് നടക്കാന്‍ പോലും ആവാത്ത അവസ്ഥയില്‍ ഒരു ഡോക്ടറെ കാണാന്‍
തീരുമാനിച്ചപ്പോള്‍, സൂര്യോദയം പോലത്തെ ആശുപത്രി തന്നെ തിരഞ്ഞെടുത്തു. റിസപ്ഷനില്‍ വിവരം പറഞ്ഞപ്പോള്‍ അവര്‍ ഒരു തമിഴ് പേരുള്ള ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ പരിശോധനാ മുറിയില്‍ ചെന്നു. ഏകദേശം 25 വയസ്സ് പ്രായം, തമിഴ് ചുവയുള്ള മലയാളത്തിലാണ് സംസാരം. നടു വേദനയുടെ കാര്യം പറഞ്ഞു. അദ്ദേഹം എന്നെ സ്റ്റെതസ്കോപ് വച്ചു പരിശോധിച്ചു. പിന്നീട് ഒരു ഷീറ്റ് കടലാസെടുത്ത് പാമ്പുപോലെ വളഞ്ഞ ഒരു വര വരച്ചു. കക്ഷി നല്ല ചിത്രകാരനാണെന്നു തോന്നുന്നു; ആ വളഞ്ഞ വര, നട്ടെല്ലായി മാറി. കശേരുക്കളും, കശേരുക്കള്‍ക്കിടക്കുള്ള ഡിസ്കുകളുമെല്ലാം പച്ചയും നീലയും നിറങ്ങള്‍ കൊണ്ട് വരച്ചു. എന്നിട്ട് സചിത്രമായ വിശദീകരണം എനിക്കു നല്‍കി. അതിന്റെ സാരാശം: എന്റെ നട്ടെല്ലിന്റെ ഡിസ്ക് തെറ്റി, അതു ഞരമ്പുകളെ ഞെരുക്കുന്ന രീതിയില്‍ എത്തിയിരിക്കുന്നു. ഇനി സര്‍ജറി വേണം. സര്‍ജറിക്ക് 50000 രൂപ; സര്‍ജറിക്കുമുന്‍പെ ഒരു എം ആര്‍ ഐ സ്കാന്‍ ചെയ്യണം. സ്കാനിങ്ങിനു 9500 രൂപ ചെലവാകും, അദ്ദേഹത്തിന്റെ റെഫറന്‍സില്‍ "####“ സ്കാ‍ന്‍ സെന്ററിലാണെങ്കില്‍ 9000 നു ചെയ്ത് തരും. ആ സ്കാന്‍ സെന്ററിലേക്ക് ഒരു ശുപാര്‍ശക്കത്തും എനിക്ക് തന്നു. മറ്റൊരു ദുരനുഭവം ഉള്ളത്കൊണ്ടും വെറും സ്റ്റെത് ഉപയോഗിച്ച് ഇത്രയും വേഗം നട്ടെല്ലിലെ തകരാറ് കണ്ടുപിടിച്ചതിലും അദ്ദേഹത്തെ മനസ്സാ നമിച്ചുകൊണ്ട് പിന്നീട് വരാം എന്ന് പറഞ്ഞ് അവിടന്ന് രക്ഷപ്പെട്ടു. പിന്നീട് എറണാകുളത്ത് ഉള്ള വേറൊരു “സ്പെഷല്‍ ‍“ ആശുപത്രിയില്‍ പോവുകയും അവിടത്തെ ഡോക്ടര്‍ നട്ടെല്ലിനാവശ്യമുള്ള വ്യായാമം ചെയ്യാനും , കുറച്ച് ദിവ്സം വിശ്രമിക്കാനും ഉപ ദേശിച്ചു. എന്നാല്‍ വീട്ടില്‍ വന്നപ്പോള്‍ അമ്മയുടെ നിര്‍ദ്ദേശം കിടക്ക ഉപേക്ഷിച്ച് കുറച്ച് ദിവസം കിടന്ന് ഉറങ്ങിയാല്‍ മതി എന്നാണ്. ആ ഉപദേശം പാലിക്കാന്‍ എളുപ്പമായതുകൊണ്ട് അങ്ങനെ തന്നെ ചെയ്തു. 5 ദിവസം കൊണ്ട് വേദന മാറി നിവര്‍ന്ന് നടക്കാന്‍ പറ്റി. ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇപ്പോഴും നിവര്‍ന്ന് തന്നെ നടക്കുന്നു.
രണ്ടും മൂന്നും ഡോക്ടര്‍മാര്‍
മൂന്ന് മാസം മുന്‍പാണ്, ഒഫീസിലേക്ക് പോകുന്ന സമയത്ത് ഭാര്യയുടെ പരാതി, ശക്തമായ നെഞ്ച് വേദന്‍, ഡോക്ടറെ കാണണം, അതിന് ലീവെടുക്കണം എന്ന്. അവുധി ഏടുക്കാന്‍ പറ്റാത്ത സമയം ആയതുകൊണ്ട് മോളെ സ്കൂളിലാക്കിയിട്ട് തനിയെ പോവാന്‍ ഞാന്‍ നിര്‍ ദ്ദേശിച്ചു. അകലത്തെ ബന്ധുവിനെക്കാള്‍ ഉപകാരി അടുത്തുള്ള ശത്രു എന്ന ധാരണയില്‍ അടുത്തുള്ള ആശുപത്രിയില്‍ തന്നെ പോവാന്‍ ഞാന്‍ പറഞ്ഞു. ഉച്ചയായപ്പോള്‍ ഭാര്യയുടെ ഫോണ്‍ : ഇ സി ജി എടുത്തപ്പോള്‍ അതില്‍ കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടെന്നും, അതിനാല്‍ ഐസി യു വില്‍ അഡ്മിറ്റ് ചെയ്യണമെന്നും ഡോക്റ്റര്‍ നിര്‍ദേശിച്ചിരിക്കുന്നു, എന്ത് ചെയ്യണം പ്രമേഹം, തൈ റോയിഡ് പ്രശനങ്ങള്‍, ബി പി, മുതലായ അസുഖങ്ങള്‍ ഉള്ള ആളാണ് എങ്കിലും ഞാന്‍ വീട്ടിലെക്ക് തിരിച്ചു പോരാന്‍ തന്നെ ആവശ്യപ്പെട്ടു. ഞാന്‍ ഓഫ്ഫീസിലെ നിന്നും തിരിച്ചെത്തിയിട്ട് നമുക്കൊരു തീരുമാനമെടുക്കാമെന്നും അതിനു മുന്‍പ് ഒന്നും സംഭവിക്കില്ല എന്നും പറഞ്ഞ് അവള്‍ക്ക് ധൈര്യം കൊടുക്കാന്‍ ശ്രമിച്ചു. മോളുടെ കാര്യം അലോചിച്ചപ്പോള്‍ അതാണു നല്ലതെന്നും അവള്‍ സമ്മതിച്ചു. എന്നാല്‍ ഡോക്ടര്‍ക്ക് അതു സമ്മതമായില്ല എന്നും, സ്വന്തം ഇഷ്ടപ്രകാരം ഡിസ് ചാര്‍ജ് ചെയ്ത് പോവുന്നു എന്ന് കേസ് ഡയറിയില്‍ എഴുതിയിട്ടാണദ്ദേഹം വിട്ടയച്ചതെന്നും ഷീല എന്നോട് പറഞ്ഞു. മാത്രവുമല്ല, ഏകദേശം 480 രൂപവിലയുള്ള പലതരത്തിലുള്ള ഗുളികകളും (വേദന കൂടുമ്പോള്‍ നാവിനടിയില്‍ വയ്ക്കാനുള്ള ഗുളിക ഉള്‍പ്പെടെ) കൊടുത്തു വിട്ടു. അന്ന് രാത്രി തന്നെ ഷീല അവളുടെ അമ്മയെ വിളിച്ചു വരുത്തി. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്താല്‍ ഗ്രീഷ്മയെ നോക്കാന്‍ ആളു വേണ്ടേ?
അന്നു രാത്രി മനസ്സമാധാനം അവള്‍ക്കുണ്ടായില്ല എന്ന് തൊന്നുന്നു. ഡോക്ടറുടെ താക്കീത് അത്രയ്ക്ക് സ്വാധീനിച്ചിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് അവള്‍ ഭാവിയെക്കുറിച്ച് വല്ലാതെ വ്യാകുലപ്പെട്ടു. മോളെ നന്നായി നോക്കാന്‍ അവള്‍ മരിച്ച് പോയാല്‍ വേറെ വിവാഹം കഴിക്കണമെന്ന് വരെ പറഞ്ഞു കളഞ്ഞു. അത് കേട്ടപ്പോള്‍ ഞാന്‍ കളിയാക്കി: “ നിനക്ക് ഹൃദയസംബന്ധമായ യാതൊരു അസുഖവും ഇല്ലാ എന്നെനിക്കുറപ്പുണ്ട്. കാരണം നിനക്ക് ഹൃദയമെന്നൊന്നില്ല. ഉണ്ടെങ്കില്‍ ഇങ്ങനെ പറയില്ലല്ലോ”
എന്നാല്‍ അവള്‍ക്കാശ്വാസമായില്ല. എന്റെ ഹൃദയത്തില്‍ ചിരവ കൊണ്ട് ചിരകുന്നത് പോലെ വേദനിക്കുന്നു എന്നവള്‍ പരാതിപ്പെട്ടു.
അഞ്ച് മിനുട്ടിനുള്ളില്‍ ഞങ്ങള്‍ ആശുപതിയില്‍ എത്തി. ക്യാഷ്വാലിറ്റിയില്‍ ചെന്നു. ഇ സി ജി
എടുത്തു കുഴപ്പമൊന്നും കണ്ടില്ല. ഹൃദയത്തിന്റെ എക്കോ കാര്‍ഡിയോഗ്രാമും എടുത്തു. കുഴപ്പമൊന്നുമില്ല. ഒരു T M T കൂടി നടത്തി. അതിലും കുഴപ്പമില്ല. ക്യാഷ്വാലിറ്റി യിലെ ചെറുപ്പക്കാരായ ഡോക്ടേര്‍മാര്‍ വട്ടമിട്ടിരുന്ന് അലോചിച്ചു.
അവസാനം അവര്‍ ഒരു തീരുമാനത്തിലെത്തി: ആന്‍ഞിയോഗ്രാം എടുക്കുക:
അവര്‍ എന്നെ വിളിച്ച് കാര്യം പറഞ്ഞു. ഇപ്പോള്‍ കുഴപ്പമൊന്നും കാണുന്നില്ല എന്നാല്‍ ഒരു anjio gramm എടുത്താല്‍ നന്നായിരുന്നു: “ഇ സി ജി യില്‍ മാത്രം ഒരിക്കല്‍ കുഴപ്പം കണ്ട് എന്ന് കരുതി ഇത്തരം invasive Test നടത്തണോ? തൈ റോയിഡ് പ്രശ്നങ്ങള്‍ക്കുള്ള മരുന്ന്
കഴിക്കുന്നത് കൊണ്ടുള്ള സൈഡ് എഫക്റ്റ് ആയിക്കൂടെ?” എന്റെ എതിര്‍പ്പ് ഷീലക്ക് ഇഷ്ടപ്പെട്ടില്ല എന്നു മനസ്സിലായി. anjio gramm നു ഞാ‍ന്‍ സമ്മതം മൂളി.
ടെസ്റ്റ് കഴിഞ്ഞ് ഡൊക്റ്റര്‍ എന്നെ വിളിച്ചു. ഞാന്‍ തിയേറ്ററിലേക്ക് ചെന്നു. “ഇരിക്കൂ“
ഞാന്‍ ഇരുന്നു. അദ്ദേഹം തന്റ്റെ മുന്നിലെ കമ്പ്യൂട്ടര്‍ മോനിട്ടര്‍ എനിക്കഭിമുഖമായി വച്ചു
“ഇതാ ടെസ്റ്റ് റിസല്‍റ്റ്, നോക്കിക്കോളു”
ഞാന്‍ നോക്കി. അദ്ദേഹം പറഞ്ഞ് കൊണ്ടിരുന്നതിന്റെ ചുരുക്കം : “നിങ്ങളുടെ ഭാര്യ ഭാഗ്യവതിയാണ്. അവരുടെ ഹൃദയത്തിന് ഒരു കുഴപ്പവുമില്ല. ധമനികളില്‍ ഒട്ടും തന്നെ തടസ്സമില്ല. ഇനി ഒരു പത്ത് കൊല്ലത്തേക്ക് ഒരു പ്രശ്നവും വരില്ല. സമാധാനമായില്ലേ”
“ അപ്പോള്‍ ഡൊക്റ്റര്‍, ആ വേദന എങ്ങനെ ഉണ്ടായി? ഓ അത് ചിലപ്പോള്‍ നെഞ്ചിലെ നീര്‍ക്കെട്ട് ആവാനാ സാധ്യത”
“അപ്പോള്‍ ഇ സി ജി യോ?. അത് ചിലപ്പോള്‍ പ്രോബ് ലൂസായതോ ഇ സി ജി മെഷീന്റെ കുഴപ്പമോ അവാം. അല്ലേ ഡോക്ടര്‍ ?”
അദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല.
അപ്പോള്‍ നേരത്തെ വാങ്ങിയ മരുന്ന് കഴിക്കണോ ഡോക്ടര്‍ ?”
എന്നെ നോക്കാതെ അദ്ദേഹം മൊഴിഞ്ഞു “ അത് ഫാര്‍മസിയില്‍ കൊടുത്ത് പണം തിരികെ വാങ്ങിക്കോളൂ“
ഫീസിനത്തില്‍ ‍17000 രൂപയും കൂടി അടച്ച് ഞങ്ങള്‍ തിരിച്ച് പോന്നു.
=====================
ഇനിയുള്ള ഡോക്ടര്‍മാരെ പിന്നീട് പരിചയപ്പെടുത്താം