Saturday, August 29, 2009

ചെറായിയിലെ പാമ്പുകള്‍

ഈ ബ്ലോഗ് പോസ്റ്റിന് ചെറായിയിലെ പാമ്പുകള്‍ എന്ന് പേരിട്ടത് കൂടുതല്‍ ശ്രദ്ധ കിട്ടാനായിട്ടാണ്. ശരിക്കും വൈപ്പിന്‍ കരയിലെ പാമ്പുകള്‍ എന്നാണ് വേണ്ടിയിരുന്നത്:

ഞാന്‍ ജനിച്ചതും വളര്‍ന്നതും വൈപ്പിന്‍ കരയിലെ നായരമ്പലം എന്ന സ്ഥലത്താണ്. അക്കാലത്ത് എല്ലാവര്‍ക്കും പരിചിതമായ പാമ്പുകള്‍ ഇവയെല്ലാം ആയിരുന്നു:

1. നീര്‍ക്കോലി. പത്തു മുപ്പതു വര്‍ഷം മുന്‍പ് നാട്ടിലെല്ലായിടത്തും വലിയ കുളങ്ങള്‍ കാണുമായിരുന്നു. കുളത്തില്‍ ചുരുങ്ങിയത് ഒരു നീര്‍ക്കോലിയുമെങ്കിലും കാണും. കുളങ്ങള്‍ നിന്തിക്കുളിക്കാനും, കുടിവെള്ളം എടുക്കാനും ഉപയോഗിച്ചിരുന്നു. വേനലറുതിയില്‍ പല കുളങ്ങളും വറ്റും. അപ്പോള്‍ ശുദ്ധ ജലത്തിനായി ആളുകള്‍ നെട്ടോട്ടം ഓടും. ഏതുകാലത്തും നല്ല വെള്ളം കിട്ടുന്ന കുളങ്ങള്‍ ചില നായര്‍ വീട്ടുവളപ്പിലും, സാമ്പത്തികമായി ഉയര്‍ന്ന ഈഴവരുടെ വീട്ടു വളപ്പിലും മാത്രമേ ഉണ്ടാവുകയുള്ളു. നായര്‍ കുളത്തില്‍ നിന്നും പുലയന്മാര്‍ക്ക് വെള്ളം കിട്ടുന്ന പ്രശ്നമില്ല. ഈഴവര്‍ കുടിവെള്ളത്തിന് ചെന്നാല്‍, അവര്‍ക്ക് വെള്ളം ആ വീട്ടിലെ സ്ത്രീകള്‍ തന്നെ കോരിക്കൊടുക്കും. ഈഴവര്‍ സ്വയം കോരിയാല്‍ നായര്‍ കുളങ്ങള്‍ അയിത്തമായിപ്പോവും! എന്നാല്‍ പുലയന്മാര്‍ വെള്ളത്തിനായി ഈഴവ കുളങ്ങള്‍ അന്വേഷിച്ച് പോവും. അവിടെയും, ഈഴവ കുളങ്ങളുടെ ശുദ്ധം പോവാതിരിക്കാനായി ഈഴവ സ്ത്രീകള്‍ തന്നെ വെള്ളം കോരി പുലയക്കുടങ്ങളില്‍ നിറച്ചു കൊടുക്കും. പലപ്പോഴും, വെള്ളം കോരിത്തളരുന്ന നായരീഴവ മങ്കമാര്‍ ആവശ്യക്കാര്‍ക്ക് കുടിവെള്ളം നിക്ഷേധിക്കുകയും പതിവായിരുന്നു. എന്നാല്‍ നീര്‍ക്കോലികള്‍ക്ക് എല്ലാത്തരം കുളങ്ങളിലും വിഹരിക്കാന്‍ കഴിഞ്ഞിരുന്നു. വിഷപ്പല്ലുണ്ടെങ്കിലും, വിഷമില്ലാത്തവയാണ് ഇവയെന്ന്എനിക്ക് അനുഭവവും ഉണ്ട്.

2. ചേര. നീര്‍ക്കോലിയെക്കാള്‍ വലിപ്പവും വീറും വാശിയുമൊക്കെ ഉള്ള ചേരയും നാട്ടില്‍ ഉണ്ടായിരുന്നു. മഞ്ഞ നിറമുള്ള മഞ്ഞ ചേരയെയും സാധാരണ കാണാറുണ്ട്. വിഷമില്ലാത്തതു കൊണ്ട് ഭയക്കാനില്ല എങ്കിലും, ഇതിനെ എവിടെ കണ്ടാലും കൊല്ലാന്‍ ആളുകള്‍ തയ്യറാവും.

3. കടല്‍ പാമ്പ്. കടലിലാണ് വാസമെങ്കിലും, ഇടയ്ക്ക് കടല്‍തീരത്തും കാണപ്പെടുന്ന ഉഗ്ര വിഷമുള്ളവനാണിവന്‍ . ഇതിനെ നാട്ടില്‍ തുണിപ്പാമ്പ് എന്നും പറഞ്ഞ് കേള്‍ക്കാറുണ്ട്. കടല്‍ത്തീരത്തെ പൂഴി മണലില്‍ ഈ പാമ്പ് ചുരുണ്ട് കൂടിക്കിടക്കുന്നത് കണ്ടാല്‍ ഒരു പഴം തുണിക്കഷണം കിടക്കുകയാണെന്നേ തോന്നൂ. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് വലയില്‍ല്‍ കുടുങ്ങി കടല്‍ പാമ്പിനെ കിട്ടാറുണ്ട്. അവര്‍ അതിനെ വാലില്‍ തൂക്കി എടുത്ത് കടലിലേക്ക് തന്നെ എറിയും.

4. കുട്ട പ്പാമ്പ്. ഈ പോസ്റ്റ് എഴുതാനുള്ള പ്രചോദനം കുട്ടപ്പാമ്പ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന പാമ്പിനെ പറ്റി ഓര്‍ത്തതുകൊണ്ടാണ്. പണ്ട് നാട്ടിലെ പൊക്കാളി പാടങ്ങളിലും, സകല തോടുകളിലും ധാരാ‍ളമായി കാണുമായിരുന്നു. നിരുപദ്രവകാരിയായ ഒന്നാണിതെങ്കിലും എനിക്കിതിനെ വല്ലാത്ത അറപ്പും വെറുപ്പും ആയിരുന്നു. നീണ്ട്ഉരുണ്ട് വാലറ്റത്തേക്ക് വണ്ണം കുറഞ്ഞു വരുന്ന രൂപമാണ് ഇതിന്റേത്. മീന്‍ പിടിക്കാന്‍ ചൂണ്ടയിട്ടാല്‍ പലപ്പോഴും കുടുങ്ങുന്നത് ഇവനായിരിക്കും. പിന്നെ ചൂണ്ട ഉപേക്ഷിച്ച് പോവുകയേ വഴിയുള്ളു. പാട വരമ്പിലും മറ്റും പകുതി ശരീരം വെള്ളത്തിലാക്കി കിടക്കുന്നത് കണ്ടാല്‍ ആ വഴി ഉപേക്ഷിച്ച് പലപ്പോഴും വളഞ്ഞ വഴിയേ നടന്ന് ലക്ഷ്യത്തിലെത്താന്‍ നോക്കും. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ കൂട്ടമായി ഇതിനെ അക്കാലങ്ങളില്‍ കാണുമായിരുന്നു. ആര്‍ക്കും അതിനെ തല്ലികൊല്ലാം, വിഷമില്ല, വേഗത്തില്‍ ഓടുകയുമില്ല. പൊക്കാളി പാടങ്ങളില്‍ കൊയ്യാന്‍ വരുന്നവരുടെ കയ്യില്‍ ചുറ്റി പ്പിടിക്കും എന്നതുമാത്രമായിരുന്നു ഈ പാമ്പിനെ പറ്റി മറ്റുള്ളവര്‍ക്കുള്ള പരാതി. മീന്‍ പ്രത്യേകിച്ച് കൂരി എന്നു പേരുള്ള മത്സ്യമാണിവന്റെ ഇഷ്ടാഹാരം.

ഈ പാമ്പിനെ പ്രത്യേകം എഴുതാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്; ഒന്നാമത്, ഈ ഇനത്തെ വൈപ്പിന്‍ കരയില്‍ ഇപ്പോള്‍ കാണാനേയില്ല എന്നതാണ്. രണ്ടാമത്തെ കാരണം, ഇത് പ്രസവിക്കുന്ന പാമ്പാണ് എന്നതാണ്. ആര്‍ക്കെങ്കിലും, ഈ പാമ്പിനെ പറ്റി ക്കൂടുതല്‍ വിവരം തരാന്‍ കഴിയുമോ? ഇതിന്റെ ഒരു ചിത്രം പോലും എന്റെ പക്കലില്ല.

സ്നേഹത്തൊടെ മണി.

15 comments:

മീര അനിരുദ്ധൻ said...

പാമ്പുകളുടെ പടവും നൽകാമായിരുന്നു.എനിക്ക് നീർക്കോലിയെയും ചേരയെയും മാത്രേ ഈക്കൂട്ടത്തിൽ അറിയൂ.

Typist | എഴുത്തുകാരി said...

പാമ്പുകളെ ഭയങ്കര പേടിയാണെനിക്കു്. പുഴയിലൊക്കെ ധാരാളം കാണാം നീര്‍ക്കോലിയെ.

അനിൽ@ബ്ലൊഗ് said...

തലക്കെട്ട് കലക്കി.
:)
മൂന്നാമത്തെ ചങ്ങാതിയെ സ്ഥിരമായി ഞങ്ങള്‍ കോളേജില്‍ കൊണ്ടു നടക്കാറുള്ള ഒന്നാണ്, ആളുകളെ പേടിപ്പിക്കാന്‍. ചിത്രങ്ങള്‍ ഇല്ല.
ആരേലും കൂടുതല്‍ വിവരങ്ങള്‍ തരുമായിരിക്കും.

ലതി said...

മണീ,
ഞാൻ ചെറായിയിൽ ആകെ കണ്ടിട്ടുള്ളത്(17വർഷത്തിനിടയിൽ)ചേരയും നീർക്കോലിയും മാത്രം.

ഹരീഷ് തൊടുപുഴ said...

കുട്ടപാമ്പിനേ പറ്റി ആദ്യമായാ കേൾക്കുന്നത്..!!

ബിന്ദു കെ പി said...

തലക്കെട്ട് ലേശമൊന്ന് തെറ്റിദ്ധരിപ്പിക്കാതിരുന്നില്ല... :):)

നീർക്കോലി പണ്ടു ഞങ്ങളുടെ കുളത്തിന്റെ സജീവസാന്നിദ്ധ്യമായിരുന്നു.(ഇപ്പോൾ കുളം തന്നെയില്ല.പിന്നെയല്ലേ....). കുട്ടിക്കാലത്ത് അധികവും കുളത്തിലാണ് കുളി. ചെല്ലുമ്പോൾ കാണാം, പായലിന്റെ ഇടയിൽ അവിടവിടെയായി കുറേ കുഞ്ഞു ത്രികോണത്തലകൾ! വെള്ളമനക്കി പായൽ നീക്കിയാൽ ഉടനെ തലകൾ അപ്രത്യക്ഷമാവും. കുളത്തിൽ ചെന്നാൽ ആദ്യം അമ്മയുടെ ജോലി ഇതാണ്. എന്നിട്ടേ ഞങ്ങൾ വെള്ളത്തിലിറങ്ങുന്ന പ്രശ്നമുള്ളൂ. :) എന്നാലും പേടിച്ചുപേടിച്ചാണിറങ്ങുക. അമ്മ എത്ര ധൈര്യം പകർന്നാലും...:) :)

നീർക്കോലിയുടെ കടി കൊള്ളാനുള്ള അസുലഭ അവസരവും കുട്ടിക്കാലത്തൊരിക്കൽ ഉണ്ടായിട്ടുണ്ട്. വൈദ്യൻ പച്ചമരുന്ന് അരച്ചിട്ടുതന്നതും അന്ന് അത്താഴം കഴിയ്ക്കരുതെന്ന് നിർദ്ദേശിച്ചതും നന്നായി ഓർക്കുന്നു. നീർക്കോലിയ്ക്ക് ‘അത്താഴം മുടക്കി’ എന്നൊരു പേരുമുണ്ടല്ലോ.

നാട്ടുകാരന്‍ said...

ഞാനങു തെറ്റിധരിച്ചു ......
മണി ചതിച്ചു എന്നാണ് ആദ്യം വിചാരിച്ചത് !
ചെറായിയില്‍ ഒത്തിരി പാമ്പുകള്‍ ഉണ്ടാരുന്നല്ലോ ?
രക്ഷപെട്ടു ..............

rocksea said...

കുട്ടപ്പാമ്പിന്റെ രൂപത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തരാമോ? ഞാനൊന്ന് ശ്രമിച്ചു നോക്കാം. Length, body patterns, colors etc?

നിരക്ഷരന്‍ said...

മണിസാര്‍ ...

പോസ്റ്റില്‍ ഞാന്‍ ശ്രദ്ധിച്ചത് മറ്റൊരു കാര്യമാണ്. നീര്‍ക്കോലിക്ക് ജാതിയുടെ ഉച്ചനീചത്ത്വങ്ങളില്ലായിരുന്നു എന്ന ആ ധ്വനി കലക്കി :)

മണി said...

പ്രിയ മീര,
നല്ല ക്യാമറ ഇല്ല. പിന്നെ കുട്ടപ്പാമ്പിനെ ഇപ്പോള്‍ കാണാനേയില്ല.

എഴുത്തുകാരീ, സന്ദര്‍ശനത്തിനു നന്ദി. പൊതുവെ ഇഴ ജന്തുക്കളെ മനുഷ്യര്‍ക്കെല്ലാവര്‍ക്കും പേടിയാണ്. നമ്മുടെ ജീനുകളില്‍ ആ ഭയം എങ്ങെനെയോ രേഖപ്പെടുത്തിപ്പോയിരിക്കുന്നു

അനിൽ@ബ്ലൊഗ്,
നന്ദി. ആരെങ്കിലും കൂടുതല്‍ വിവരണങ്ങളും ചിത്രവും ഇടും എന്ന വിശാസത്തോടെയാണീ പോസ്റ്റ് എഴുതിയത്. പക്ഷെ രക്ഷയില്ല എന്നു തോന്നുന്നു.

ലതിച്ചേച്ചി,
ഈ പോസ്റ്റ് എഴുതാനുള്ള കാരണവും അതു തന്നെ: എവിടെ നോക്കിയാലും കാണാമായിരുന്ന ഈ പാമ്പ് എങ്ങനെ ഇല്ലാതായി?

ഹരീഷ് ,
പ്രസവിക്കുന്ന ഈ പാമ്പിനെ പറ്റി പലരോടും തിരക്കി എങ്കിലും വിവരമൊന്നും കിട്ടിയില്ല.

ബിന്ദു കെ പി,
അല്പമൊന്ന് തെറ്റിദ്ധരിക്കാന്‍ വേണ്ടി ത്തന്നെ ഇട്ട തലക്കെട്ടായിരുന്നു. :)
പുത്തന്‍ വേലിക്കരയിലെ വിശാലമായ പാടങ്ങളിലും “കുട്ടന്‍“ എന്നറിയപ്പെട്ടിരുന്ന ഈ പാമ്പ് ധാരാളമുണ്ടായിരുന്നത്രേ. എന്നാല്‍ നെല്‍കൃഷിക്ക് രാസ വള പ്രയോഗവും വിഷം തളിക്കലും നടത്തിയതിനാല്‍ ഈ വംശം പുത്തന്‍ വേലിക്കരയില്‍ നാമാവശേഷമായി എന്നാ‍ണ് എന്റെ ശ്രീമതിയുടെ അഭിപ്രായം.

നാട്ടുകാരാ, :)

rocksea,
എന്റെ പഴയ ഓര്‍മയില്‍ നിന്നും എഴുതുന്നതാണ്:
ഏകദേശം ഒരു മീറ്ററില്‍ താഴെ നീളം. നീണ്ടുരുണ്ട രൂപം; ത്രികൊണാകൃതിയിലുള്ള തല. വായില്‍ നിറയെ തീരെച്ചെറിയ പല്ലുകള്‍. കടി കിട്ടിയാല്‍ ധാരാളം കൊച്ച് പല്ലുകള്‍ മുറിവില്‍ കാ‍ണപ്പെടും. തീരെ ചെറിയ പല്ലുകള്‍ മുടിനാരുപയോഗിച്ച് തടഞ്ഞ് പിടിച്ചെടുത്തുകളയാറാണ് പതിവ്.
ശരീരത്തിന്റെ അടിവശം നല്ല വെളുപ്പാണ്. മുകള്‍ വശം കണ്ടാല്‍ അണലിയാണെന്ന് തെറ്റിധരിക്കാന്‍ സാധ്യതയുണ്ട്.
വണ്ണം ഒരു ഏറ്റവും കൂടിയത് ഒന്നര ഇഞ്ച് വരുമെന്ന് തോന്നുന്നു.

നിരക്ഷരന്‍,
പോസ്റ്റില്‍ ഞാന്‍ ശ്രദ്ധിച്ചത് മറ്റൊരു കാര്യമാണ്. നീര്‍ക്കോലിക്ക് ജാതിയുടെ ഉച്ചനീചത്ത്വങ്ങളില്ലായിരുന്നു എന്ന ആ ധ്വനി കലക്കി :)
ഈക്കാര്യം ശ്രദ്ധിച്ചതിനു നന്ദി.
അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി.

Bijoy said...

Dear greeshma

Happy onam to you. we are a group of students from cochin who are currently building a web portal on kerala. in which we wish to include a kerala blog roll with links to blogs maintained by malayali's or blogs on kerala.

you could find our site here: http://enchantingkerala.org

the site is currently being constructed and will be finished by 1st of Oct 2009.

we wish to include your blog located here

http://greeshmamani.blogspot.com/

we'll also have a feed fetcher which updates the recently updated blogs from among the listed blogs thus generating traffic to your recently posted entries.

If you are interested in listing your site in our blog roll; kindly include a link to our site in your blog in the prescribed format and send us a reply to enchantingkerala.org@gmail.com and we'll add your blog immediatly.

pls use the following format to link to us

Kerala

Write Back To me Over here bijoy20313@gmail.com

hoping to hear from you soon.

warm regards

Biby Cletus

കൊട്ടോട്ടിക്കാരന്‍... said...

പ്രസവിയ്ക്കുന്ന പാമ്പുകളില്‍ അണലിയെ മാത്രമേ അറിയുമായിരുന്നുള്ളൂ. ഇതാരാപ്പാ ഈ കട്ടപ്പാമ്പ്..?

കുതിരവട്ടന്‍ :: kuthiravattan said...

പണ്ട് കുട്ടപ്പാമ്പിനെ ഇഷ്ടം പോലെ കാണാറുണ്ട്. ഇപ്പോള്‍‌‌ കാണാറില്ല, കാരണം ആ വഴിക്കൊന്നും പോകാറില്ല. ഇപ്പോഴും ഇഷ്ടം പോലെ കാണേണ്ടതാണ് അവിടെ ഒരു തോട്ടില്‍‌‌‌‌‌‌. പ്രസവിക്കുന്ന പാമ്പാണിതെന്ന് പുതിയ അറിവായിരുന്നു. നാട്ടിലെ സുഹൃത്തുക്കളോട് ആരോടെങ്കിലും പറഞ്ഞാല്‍‌‌ ഇതിലൊരെണ്ണത്തിനെ ജീവനോടെ പിടിച്ചു തന്നേക്കും‌‌. നോക്കണോ? (കുട്ടിക്കാലത്ത് ഈര്‍‌‌‌‌ക്കിലി കൊണ്ട് തവളക്കുടുക്കിട്ട് പിടിച്ചിട്ടുണ്ട്.)

കുഞ്ഞന്‍ said...

മണി മാഷെ..

എനിക്ക് പുതിയൊരു അറിവാണ് കുട്ടപാമ്പ് പ്രസവിക്കുമെന്ന്. അണലി മാത്രമെ പാമ്പുവർഗ്ഗത്തിൽ പ്രസവിക്കുന്നതെന്ന് ഞാൻ സ്കൂളിൽ പഠിച്ചിട്ടുള്ളത്. കുട്ടപാമ്പ് ഇപ്പോഴും പാടവും കുളവുമുള്ള (എറണാകുളം തൃശ്ശൂർ ജില്ലകളിൽ)ധാരാളമുണ്ട് അവയെ കാണാനും സാധിക്കും. ഏതാണ്ട് ചേരയുടെ രൂപ സാദൃശ്യം ഇക്കൂട്ടർക്ക് ഉണ്ട്.

പഴയ സംസ്കാരത്തിന്റെ ഒരു രൂപവും പാമ്പുകളുടെ കഥപറഞ്ഞപ്പോൾ എഴുതിയതും നന്നായി.

നീർക്കോലിയെപ്പോലെ എവിടെയും കാണാവുന്ന വിഷമില്ലാത്ത പാമ്പുകളായിരുന്നു തേവിക്കിടാവും പടചൂടിയും.

മണി said...

കൊട്ടോട്ടിക്കാരന്, ‍കുതിരവട്ടന്‍, കുഞ്ഞന്‍,
എനിക്കും നാട്ടിലെ മിക്ക ആളുകള്‍ക്കും ഈ പാമ്പിനെ പറ്റി വിശദമായ അറിവില്ല. കൂടുതല്‍ അറിയാന്‍ വേണ്ടിയാണ് ഈ പോസ്റ്റ് ഇട്ടത്. എന്റെ നാട്ടില്‍ ഈ ഇനത്തെ ഇപ്പോള്‍ കാണാനേയില്ല.
കൂടൂതല്‍ പഠിച്ച് ആരെങ്കിലും എഴുതുമെന്ന് കരുതുന്നു.

കുഞ്ഞന്‍,
തേവിക്കിടാവും പടചൂടിയും എനിക്കു പരിചയമില്ല്ലാത്ത ഇനങ്ങളാണ്. നമ്മുടെ നാട്ടില്‍ ഇത്തരം കൌതുകങ്ങള്‍ ഏറെ ഉണ്ട്. ആരെങ്കിലുമൊക്കെ അതിനെ പറ്റി പഠിച്ചിരുന്നെങ്കില്‍!