Monday, October 19, 2009

സ്വാശ്രയ കൊളേജുകള്‍

സ്വാശ്രയ വിദ്യാഭ്യാസ സഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്ന് കോടതി വിലയിരുത്തിയത് ഏകദേശം രണ്ട് വര്‍ഷം മുന്‍പായിരുന്നു. ഇതെ പറ്റി ഒരുപോസ്റ്റും> കിരണ്‍ തോമാസ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇട്ടിരുന്നു. ഇതെ പറ്റി ഒരു പോസ്റ്റ് ഞാനും ഇട്ടിരുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണോ? ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ ( ഓണ്‍ ലൈന്‍ എഡിഷന്‍ ‍) ഇതെപറ്റി വന്ന ഒരു ലേഖനം ഇവിടെ വായിക്കാം കേരളാ യൂണിവേഴ്സിറ്റി യുടെ പരീക്ഷാ ഫലം വിലയിരുത്തുമ്പോള്‍ കണ്ടെത്തുന്നത്, എഞ്ചിനീയറിംഗ് പഠന നിലവാരം താഴുന്നു എന്നും അക്കാര്യത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ അവസ്ഥ പരിതാ‍പകരമാണെന്നുമാണ്. സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളിലെ നിലവാരം സ്വകാര്യ സ്വാശ്രയത്തെക്കാള്‍ മെച്ചം ആണെന്നും ലേഖനത്തില്‍ പറയുന്നു.

എഞ്ചിനീയറിംഗിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളും ഇതെ അവസ്ഥയില്‍ തന്നെ ആണെന്ന് റിസല്‍റ്റ് പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. കൊച്ചി യൂണിവേഴ്സിറ്റിയുടെ കഴിഞ്ഞവര്‍ഷത്തെ ( 2009) ബി ടെക് റിസല്‍ട്ടിന്റെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.
res1

ഈ ലിസ്റ്റില്‍ നല്ല വിജയശതമാനമുള്ള കോളേജുകളില്‍ ടോക് എച്ച് ഒഴികെയുള്ളതെല്ലാം സര്‍ക്കാര്‍ സ്വാശ്രയക്കോളേജുകള്‍ ആണ്.
എഞ്ചിനീയറിംഗ് ഡിഗ്രി യുടെ പഠന നിലാവരം താണു പോകാതെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മികവിന്റെ കേന്ദ്രങ്ങള്‍ ആവാന്‍ സ്വകാര്യ സ്വാശ്രയക്കാരുടെ കയ്യില്‍ വല്ല ഒറ്റ മൂലിയും കാണുമായിരിക്കുമോ എന്തോ?

21 comments:

തറവാടി said...

ക്ലാസ്സ് അസ്സസ്മെന്റില്‍ മര്യാദക്ക് എഴുതാതെയാണെങ്കില്‍ പോലും മാര്‍ക്ക് കിട്ടിയില്ലെങ്കില്‍, അപ്പന്‍ മാര്‍ ദുബായീന്ന് വിളിച്ച് പറയും ' ചുമ്മാതല്ലല്ലോ ഡോളര്‍ തന്നിട്ടല്ലെ മര്യാദക്ക് മാര്‍ക്ക് കൊടുക്കൂ സാറെ' എന്ന്. ബാക്കി കാര്യം പറയേണ്ടല്ലൊ.

ഒരു പ്രഫഷനെ കുത്തുപാള എടുപ്പിച്ചു അത്രതന്നെ!

Typist | എഴുത്തുകാരി said...

തറവാടി പറഞ്ഞതു തന്നെയാണതിന്റെ കാര്യം.

അനാഗതശ്മശ്രു said...

http://anagathasmasru.blogspot.com/2008/04/blog-post_30.html

Please read this post also

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

പ്രസക്തമായ പോസ്റ്റ്.എതു പെട്ടിക്കടയിലും എഞ്ചിനീയറിംഗ് ഡിഗ്രി കിട്ടുന്ന കാലമാണു വരാൻ പോകുന്നത്.സ്വാശ്രയ കോളേജുകളുടെ “ആരാധകർ” ഇതൊക്കെ മനസ്സിരുത്തി വായിച്ചിരുന്നെങ്കിൽ !!!

നന്ദി ആശംസകൾ സാർ

N.J Joju said...

മണിസാര്‍,

സ്വാശ്രയ വിദ്യാഭ്യാസ സഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്ന് കോടതിയുടെ വിലയിരുത്തലിനൊടുള്ള പ്രതികരണമാണെങ്കില്‍ പ്രത്യേകിച്ച് ഒന്നും പറയാനില്ല. അല്ലെങ്കില്‍
മുന്‍വിധിയോടെ എഴുതിയ ഉപരിപ്ലവമായ ഒരു പോസ്റ്റ് ആണെന്നു പറയാതെ വയ്യ.

എഞ്ചിനീയറിംഗ് ഡിഗ്രി യുടെ പഠന നിലാവരം താണു പോകാതെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നതിനോട് പൂര്‍ണ്ണമായും യോജിക്കുന്നു.

ഇനി കാര്യത്തിലേയ്ക്കു കടക്കാം.

N.J Joju said...

ഒരു സ്ഥാപനം സ്വകാര്യസ്വാശ്രയമായതുകൊന്ടു മാത്രം മികവിന്റെ കേന്ദ്രമാകുമെന്നോ, സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ മികവിന്റെ കേന്ദ്രമാകാന്‍ പറ്റില്ല എന്നോ ഉള്ള വിചാരമൊന്നും എനിയ്ക്കില്ല. പക്ഷേ എന്തിനും ഏതിനും സ്വകാര്യസ്വാശ്രയങ്ങളെ പഴിചാരുകയും പ്രവര്‍ത്തനസ്വാതന്ത്ര്യയോ അവയുടെ അവകാശങ്ങളോ പരിഗണിയ്ക്കാതെ അവയെ ശ്വാസം മുട്ടിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയനിലപാടിനോടാണു എനിയ്ക് വിയോജിപ്പ്.

ഒരു സ്ഥാപനം മികവിന്റെ കേന്ദ്രമാകണമെങ്കില്‍ മാനേജുമെന്റു നന്നായിരിയ്ക്കണം, അവയ്ക്ക് നല്ല വിഷന്‍ ഉണ്ടായിരിയ്ക്കണം, അവയ്ക്ക് ആവശ്യമായ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരിയ്ക്കണം, അധ്യാപകര്‍ നല്ലതായിരിയ്ക്കണം, വിദ്യാര്‍ത്ഥികള്‍ നല്ലതായിരിയ്ക്കണം...

N.J Joju said...

ഈ ലിസ്റ്റിലെ 21 കോളേജുകള്‍ IHRD(9), CAPE(5), CUSAT(2), CCEK(1), Social Justice Foundation(1), TKM Trust(1), SEWELS(1), TOC-H(1) എന്നീ മാനേജുമെന്റുകളുടെയാണ്‌.

67% മുതല്‍ 37% വരെ വ്യത്യാസപ്പെടുന്ന വിജയശതമാനമാണ്‌ ഐ.എച്ച്.ആര്‍.ഡി കോളേജുകള്‍ക്കുള്ളത്. 37 എന്നത് നല്ല വിജയശതമാണോ എന്ന് അറിയില്ല. എങ്കിലും ആരാണ്‌ ഈ മുപ്പതു ശതമാനമുള്ള (67-37)വ്യത്യാസത്തിനു ഉത്തരവാദി.

62% മുതല്‍ 20% വരെ വ്യത്യാസപ്പെട്ടിരിയ്ക്കുന്നു കെയ്പിന്റെ കോളേജുകളിലെ വിജയശതമാനം. 40% ന്റെ വ്യത്യാസം?

"സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളിലെ നിലവാരം സ്വകാര്യ സ്വാശ്രയത്തെക്കാള്‍ മെച്ചം ആണെന്നും ലേഖനത്തില്‍ പറയുന്നു.
"
ഉയര്ന്ന വിജയശതമാനത്തിനു കാരണം സര്‍ക്കാര്‍ സ്വാശ്രയമായതാണെങ്കില്‍ വിജയശതമാനം കുറഞ്ഞതിന്റെ ഉത്തരവാദിത്തവും മാനേജുമെന്റ് ഏറ്റെടുക്കണം.

തറവാടി said...

ജോജു,

കോളേജ് നടത്തിപ്പില്‍ രാഷ്ട്രീയക്കാര്‍ എന്ത് തെറ്റായ നിലപാടാണെടുത്തിട്ടുള്ളത്?

>>ഒരു സ്ഥാപനം മികവിന്റെ കേന്ദ്രമാകണമെങ്കില്‍ മാനേജുമെന്റു നന്നായിരിയ്ക്കണം, അവയ്ക്ക് നല്ല വിഷന്‍ ഉണ്ടായിരിയ്ക്കണം, അവയ്ക്ക് ആവശ്യമായ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരിയ്ക്കണം, അധ്യാപകര്‍ നല്ലതായിരിയ്ക്കണം, വിദ്യാര്‍ത്ഥികള്‍ നല്ലതായിരിയ്ക്കണം<<

സ്വല്പ്പം കളിയാക്കിയാണെങ്കിലും ഞാന്‍ ബന്ധപ്പെട്ട മറ്റൊരു പോസ്റ്റില്‍ ഇട്ട കമന്റിവിടെയും ഇടുന്നു. ഇതില്‍ ഒറ്റ കാര്യം മാത്രം ഇന്നുള്ള കോളേജുകളില്‍ ഉണ്ടെന്ന് തോന്നുന്നു ' പണം ' അടച്ചാപേക്ഷിക്കുന്നില്ല അതേ സമയം നല്ലത് ഉണ്ടായാലല്ലെ പറയാന്‍ പറ്റൂ. കമന്റ് താഴെ,

അലൈനില്‍ ഗ്രോസറി നടത്തുന്ന മലയാളം വായിക്കാനറിയാത്ത കാദര്‍ക്കാക്ക് എഞ്ചിനീയറിങ്ങ് കോളേജും ഡന്റല്‍ കോളേജും തുടങ്ങാമെങ്കില്‍ , എന്നിട്ട് അദ്ദേഹത്തെ കാണാന്‍ പോകുമ്പോള്‍ , ' ആ ങ്ങള് പടിച്ചതുപോലുള്ള ഒരു സ്കൂള് ഞാനും തൊടങ്ങീട്ടാ , ങ്ങള് നാട്ടീ പോകുമ്പോ ഒന്ന് പോയ് കാണണം ട്ടാ ' എന്ന് സ്വല്പ്പം അഹങ്കാരത്തോടെ പറയുകയും ' സീറ്റ് വേണേങ്കി പറഞ്ഞാ മതീട്ട , ങ്ങടെ കയ്യീന്ന് അതികമൊന്നും വേണ്ട ങ്ങള് പഴേ ആളല്ലെ ' എന്ന സൗജന്യം.

' അല്ല മ്മടെ കാദറ് ഒരു എന്തോ ബല്യ ഗോളേജ് തൊടങ്ങീല്ലെ , അവിടെ പടിച്ചാല്‍ പല്ല് ഡാക്കിട്ടറാവൂന്നും കേട്ട് ശെര്യാണാ ? '

അതെയെന്ന് കേള്‍ക്കേണ്ടതാമസം , ' മ്മടെ കദീശൂനെ അവിടേക്ക് വിടാം ന്താ? ' പ്രീഡിഗ്രി കഷ്ടിച്ച് കടക്കുന്ന കദീസു അഞ്ചുകൊല്ലം കഴിഞ്ഞാല്‍ ഡെന്റല്‍ ഡോക്ടര്‍!

ചേര്‍ക്കാന്‍ പോകുമ്പോള്‍ ' കാദറേ ഓളെ നല്ലം പടിപ്പിക്കണം ട്ടാ.. വെറെ ഒന്നും ജ്ജ് നോക്കണ്ട്!'
ബാക്കി വായനക്കാര്‍ ചിന്തിച്ചുകൊള്ളൂക :)

N.J Joju said...

സ്വകാര്യ സ്വാശ്രയമായ ടോക്-എച് നെക്കാള്‍ മികച്ച് വിജയശതമാനമുള്ള 8 സര്‍ക്കാര്‍ സ്വാശ്രയങ്ങളുണ്ടെങ്കില്‍ ടോക്ക് എച്ച് നെക്കാള്‍ പിന്നില്‍ നില്ക്കുന്ന(വിജയശതമാനത്തില്) 9 സര്‍ക്കാര്‍ സ്വാശ്രയങ്ങളുണ്ട്.

തറവാടി said...

ഇനി കാര്യത്തിലേക്ക്, വിജയ ശതമാനം കൂടുന്നതും മാര്‍ക്ക് ലഭിക്കുന്നതും മാത്രമാണോ പ്രഫെഷണല്‍ വിദ്യാഭ്യസത്തിന്റെ ഗുണ നിലവാരം നിശ്ചയിക്കുന്നത്? അങ്ങിനെയാണെങ്കില്‍ ഒന്നുമേ പറയാനില്ല.

N.J Joju said...

ഈ ലിസ്റ്റില്‍ സ്വകാര്യസ്വാശ്രയങ്ങള്‍ നാലെണ്ണമാണ്‌ (TOC-H, TKM-IT, MG, SARABHAI)

ഇതില്‍ ടോക്-എച് ഒഴിച്ചുള്ളവയുടെ വിജയശതമാനം നിരാശാജനകമാണെന്നു പറയാതെവയ്യ.

പ്രസിദ്ധമായ ടി.കെ.എം കോളേജിന്റെ അതേ മാനേജുമെന്റാണ്‌ TKM-IT ക്കുള്ളത്, അതുകൊന്ട് കുറ്റം മാനേജുമെന്റില്‍ ആരോപിയ്ക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല.

വിജയശതമാനത്തില്‍ ഏഅറ്റവും പിന്നില്‍ നില്ക്കുന്ന സാരാഭായുടെ മാനേജുമെന്റ് സ്പെയ്സ് എന്‍ജിനീയേര്‍സ് വെല്‍ഫയര്‍ സൊസൈറ്റി എന്ന ഐ.എസ്.ആര്‍.ഒ യിലെ റിട്ടയര്‍ ചെയ്തതും അല്ലാത്തതുമായ ശാസ്‌ത്രഞന്മാരുടെ കൂട്ടയ്മയാണ്‌.

എം.ജി കോളേജിന്റെ മാനേജുമെന്റ് ആയ സോഷിയല്‍ ജസ്റ്റീസ് ഫൌണ്ടഷനെക്കുറിച്ച് കൂടുതലൊന്നും അറിയില്ല.

N.J Joju said...

സ്റ്റേറ്റ് മെറിറ്റില്‍ 13000 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന സാരാഭായിയും 15000 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന എം.ജി കോളേജും 500 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന റാങ്കുകാരു പ്രവേശിയ്ക്കുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ സ്വാശ്രയം, സ്വകാര്യ സ്വാശ്രയം എന്ന ഏകകം മാത്രം എടുത്താല്‍ മതിയാവില്ല എന്നതുമാത്രമാണ്‌ ഞാന്‍ പറയാനുദ്ദ്യേശിയ്ക്കുന്ന കാര്യം.

സ്വകാര്യസ്വാശ്രയരംഗത്തെ അനാരോഗ്യപ്രവണതകളെ വെള്ളപൂശുക എന്റെ ഉദ്ദ്യേശമല്ല. അതേസമയം സ്വകാര്യ സ്വാശ്രയങ്ങളുടെ ആവശ്യകതയെക്കുറിച്ചും അവയുടെ പ്രശക്തിയെക്കുറിച്ചും, അവയ്ക്ക് സമൂഹത്തില്‍ വരുത്താനാവുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും എനിയ്ക്കു ധാരണയുണ്ട്.

N.J Joju said...

തറവാടി,

"കോളേജ് നടത്തിപ്പില്‍ രാഷ്ട്രീയക്കാര്‍ എന്ത് തെറ്റായ നിലപാടാണെടുത്തിട്ടുള്ളത്?"

എന്റെ കമന്റിന്‍ ആമുഖമായി അങ്ങനെ പറഞ്ഞു എന്നേഉള്ളോ.
സ്വകാര്യസ്വാശ്രയത്തെപ്പറ്റിയുള്ള എന്റെ നിലപാടുകള്‍ എന്റെ പോസ്റ്റുകളിലും കിരണ്‍ തോമസിന്റെയും മണിസാറിന്റെയും അടക്കം എതാണ്ട് 2006 മുതലുള്ല വിവിധ പോസ്റ്റുകളിലും ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടൂള്ളതാണ്‌. ഈ പോസ്റ്റിന്റെ വിഷയം അതല്ലാത്തതിനാലും ആവര്‍ത്തിയ്ക്കുവാന്‍ താത്പര്യമില്ലാത്തതിനാലും എന്തിനാ വെറുതെ...

"വിജയ ശതമാനം കൂടുന്നതും മാര്‍ക്ക് ലഭിക്കുന്നതും മാത്രമാണോ പ്രഫെഷണല്‍ വിദ്യാഭ്യസത്തിന്റെ ഗുണ നിലവാരം നിശ്ചയിക്കുന്നത്? "
അല്ല, അല്ല, അല്ല

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

ഇനി കാര്യത്തിലേക്ക്, വിജയ ശതമാനം കൂടുന്നതും മാര്‍ക്ക് ലഭിക്കുന്നതും മാത്രമാണോ പ്രഫെഷണല്‍ വിദ്യാഭ്യസത്തിന്റെ ഗുണ നിലവാരം നിശ്ചയിക്കുന്നത്? അങ്ങിനെയാണെങ്കില്‍ ഒന്നുമേ പറയാനില്ല.

വളരെ അടിസ്ഥാനപരമായ ഒരു കാര്യമാണു തറവാടി പറഞ്ഞ ഈ വാക്കുകളിൽ ഉള്ളത്..ഞാനും അതു ശരി വയ്ക്കുന്നു.

തറവാടി said...

ഓ ജോജു ഒരു രസത്തിന് വേണ്ടി പറഞ്ഞതായിരുന്നു അല്ലെ?

ഈ പോസ്റ്റിലെ വിഷയം ഞാന്‍ വായിക്കാത്തത് വല്ലതും ജോജു വായിച്ചുവോ?

ഒരു പോസ്റ്റില്‍ ഒരാളോട് അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ അയാള്‍ പണ്ട് എഴുതിയ പോസ്റ്റുകളും കമന്റുകളും വായിച്ചിട്ട് വേണം എന്നൊക്കെ പറയുന്നതിനോടൊന്നും യോജിക്കാന്‍ പറ്റില്ല.
ഞാനും പൊന്നാനി കടപ്പുറത്ത് മീന്‍ വിക്കുന്നതിനെപറ്റിയല്ല സംസാരിച്ചതെന്നാണ് തോന്നുന്നത്.

വിഷയത്തിലേക്ക്,

വിദ്യാഭ്യാസത്തെ സര്‍‌വീസല്ലാതെ കച്ചവടം മാത്രമായി കാണുന്ന ഒരു മാനേജ്മെന്റ് വര്‍ഗ്ഗവും , അടിസ്ഥാനപരമായി പ്രഫെഷണല്‍ വിദ്യാഭ്യാസത്തെ അതിലെ 'പ്രൊഫെഷന്‍' എന്ന വാക്കിന്റെ അര്‍ത്ഥം പോലും മനസ്സിലാക്കാതെ വെറുമൊരു 'അറിവ്' നേടലാണ് വിദ്യാഭ്യസം എന്ന് മനസ്സിലാക്കിയ ഒരു വിദ്യാര്‍ത്ഥി വര്‍ഗ്ഗവും / ഒരു രക്ഷിതാക്കള്‍ വര്ര്ഗവും , കല്യാണ മാര്‍ക്കെറ്റില്‍ ഉന്നം വെച്ച / സമ്പത്ത് മാത്രം ലക്ഷ്യം വെച്ച മറ്റൊരു രക്ഷിതാക്കള്‍ വര്‍ഗ്ഗവും കൂടിയാണ് ഈ വിദ്യാഭ്യാസത്തെ ഇത്ര തരം താഴ്ത്തിയത്.

ഈ വര്‍ഗ്ഗങ്ങളൊക്കെ മുമ്പും ഉണ്ടായിരുന്നെങ്കിലും അന്ന് ഇത് , നേടണമെങ്കില്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു അതിനാല്‍ തന്നെ നല്ലൊരു ശതമാനം ആളുകള്‍ ഇതില്‍ നിന്നുമൊഴിഞ്ഞുനിന്നു, കഴിയാത്തതിനാല്‍ തന്നെ. തുകൊണ്ട് തന്നെയാണ് അന്ന് നിലവാരം ഉണ്ടായിരുന്നതും. ഇന്നും സര്‍ക്കാര്‍ കോളേജുകളില്‍ ചേരാന്‍ പ്രാപ്തിയുള്ളവര്‍ ഗുണ നിലവാരം ഉള്ളവര്‍ തന്നെയാണ് അവിടെ പല കുറ്റവും കുറവുകളും ഉണ്ടെങ്കിലും!

N.J Joju said...

തറവാടി,

രസത്തിനുവേണ്ടി ജോജു ഒന്നും പറഞ്ഞില്ല എന്നു തന്നെയാണ്‌ ജോജുവിന്റെ വിശ്വാസം. ആമുഖമായിപ്പറഞ്ഞതില്‍ തൂങ്ങിപ്പിടിച്ച് മറ്റൊരു ദിശയിലേയ്ക്ക് നയിയ്ക്കുവാന്‍ താത്പര്യമില്ല എന്നു മാത്രമേ ഉദ്ദ്യേശിച്ചുള്ളൂ.
രാഷ്ട്രീയക്കാര്‍ എന്നും ഞാന്‍ പറഞ്ഞിട്ടില്ല.

തറവാടിയുടെ ഈ പോസ്റ്റിലെ കമന്റുകളോട് എനിയ്ക്ക് യോജിപ്പാണുള്ളത്.

"ഒരു പോസ്റ്റില്‍ ഒരാളോട് അഭിപ്രായം പ്രകടിപ്പിക്കുമ്പോള്‍ അയാള്‍ പണ്ട് എഴുതിയ പോസ്റ്റുകളും കമന്റുകളും വായിച്ചിട്ട് വേണം എന്നൊക്കെ പറയുന്നതിനോടൊന്നും യോജിക്കാന്‍ പറ്റില്ല."

യോജിക്കണമോ വിയോജിക്കണമോ എന്നത് തറവാടിയുടെ ഇഷ്ടം. അതൊക്കെ ഇവിടെ ആവര്‍ത്തിയ്ക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടൂണ്ട്(പറ്റില്ല എന്നല്ല). സ്വാശ്രയത്തിലെ രാഷ്ട്രീയവുമല്ല ഇവിടുത്തെ വിഷയം. സ്വകാര്യ സ്വാശ്രയവും നിലവാരവുമാണ്‌.രാഷ്ട്രീയത്തെക്കുറിച്ച് സംസാരിയ്ക്കുമ്പോള്‍ സമയം അനുവദിയ്ക്കുകയാണെങ്കില്‍ എന്റെ നിലപാടുകള്‍ ആവര്‍ത്തിയ്ക്കുവാന്‍ സന്തോഷമേയുള്ളൂ.

തറവാടി said...

ജോജു, :)

അനില്‍@ബ്ലോഗ് // anil said...

മണിസാര്‍,
സ്വാശ്രയ കോളേജുകളിലെ ഒറ്റമൂലി കണ്ടെത്തിയിരുന്നെങ്കില്‍ മറ്റുള്ള ഇടങ്ങളിലും പരീക്ഷിക്കാമായിരുന്നു.
എന്തായാലും ഒരു ട്രാക്കിടുന്നു.

ഗ്രീഷ്മയുടെ ലോകം said...

എല്ലാവര്‍ക്കുമായി മറുപടി എഴുതിയപ്പോള്‍ കമന്റായി ഇടാന്‍ പറ്റുന്നില്ല, അതിനാല്‍ മറ്റൊരുപോസ്റ്റ് ആയി ഇടുന്നു.

Manikandan said...

മണിസാറിന്റെ ഈ പോസ്റ്റ് വായിച്ചു എന്നാല്‍ ഇവിടത്തെ ചര്‍ച്ചയില്‍ പലരും ഉന്നയിച്ച വാദങ്ങള്‍ പൂര്‍ണ്ണമായും മനസിലാക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. വിദ്യാഭ്യാസത്തിന്റെ ആദ്യത്തെ പത്ത് വര്‍ഷങ്ങള്‍ (1 -10 ക്ലാസുകള്‍) സര്‍ക്കാര്‍ ഐഡഡ് വിദ്യാലയങ്ങളിലും പിന്നീടുള്ള അഞ്ചു വര്‍ഷം (പ്രീ ഡിഗ്രിയും, ഡിപ്ലോമയും) സര്‍ക്കാര്‍ കലാലയങ്ങളിലും പഠിച്ച ഒരു വ്യക്തിയാണ്‍ ഞാന്‍. ഇതിന്റെ അടിസ്ഥാനത്തില്‍ എന്റെ അനുഭവം ഞാന്‍ ഇവിടെ കുറിക്കട്ടെ. സമരം എന്ന പ്രതിഭാസം എന്തെന്നറിയാതെയാണ് പത്തുവരെ ഞാന്‍ പഠിച്ചത്. എന്നാല്‍ പ്രീഡ്ഗ്രീക്ക് മഹാരാജാസ് കോളേജില്‍ ചേരുമ്പോള്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. മിക്കവാറും സമരം. അന്ന് സമരം പ്രൈവറ്റ് ബസ്സില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാത്രചെയ്യുന്നതിനായി ഏര്‍പ്പെടുത്തിയ കണ്‍സഷന്‍ കാര്‍ഡിനെതിരായായിരുന്നു തുടങ്ങിയത്. സിലബലബസിന്റെ പകുതിപോലും സമരം മൂലം തീരാത്ത അവസ്ഥ. തുടര്‍ച്ചയായി 15 ക്ലാസുകള്‍ ഒരേ വിഷയം തന്നെ പഠിപ്പിച്ച അധ്യാപകന്‍ ഉണ്ടായിരുന്നു. അതുപോലെ സമര ദിവസങ്ങളില്‍ പോലും സിലബസ് തീര്‍ക്കണമെന്ന ആത്മാര്‍ത്ഥതയോടെ ഹാര്‍ജര്‍ എടുക്കാതെ ക്ലാസുകല്‍ അടുത്തിരുന്ന അധ്യാപകരും ഉണ്ടായിരുന്നു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന പലരും സ്വപ്രയത്നത്താലും ചില അധ്യാപകരുടെ സഹായത്താലും പഠിച്ചപ്പോള്‍ സാമ്പത്തികമായി മുന്നോക്കമുള്ളവര്‍ സ്വകാര്യ ട്യൂഷന്‍ വഴി പഠിച്ചു പാസായി. പലപ്പോഴും എന്നെപ്പോലിള്ളവരുടെ പഠനം പരീക്ഷയി ജയിക്കാനുള്ളതായിരുന്നു. അതു അത്ര വലിയ കാര്യമായ ഒന്നല്ല എന്നാണ് ഞാന്‍ മനസിലാക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ പഠിച്ചാല്‍ പരീക്ഷയില്‍ പാസാവുന്നത് എളുപ്പമാക്കാം എന്ന അറിവായിരുന്നു അതിനു കാരണം

പ്രീഡീഗ്രിക്കു ശേഷം ഞാന്‍ ചേര്‍ന്നത് ഡിപ്ലോമയ്ക്കയിരുന്നു. ടി എം ജേക്കബ് എന്നമനുഷ്യനെ ഞാന്‍ ഏറ്റവും വെറുക്കാന്‍ തുടങ്ങിയതും അന്നു മുതല്‍ക്കാണ്. സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ ഏറ്റവും തലതിരിഞ്ഞ പരിഷ്കാരം ആ ഒരു വര്‍ഷം മാത്രമാണ് നടത്തിയതെന്ന് തോന്നുന്നു. ഗ്രേസ് മാര്‍ക്കിനു പകരം (കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുടെ എസ്സ് എസ് എല്‍ സി പരീക്ഷയിലെ മാര്‍ക്കിനെ അടിസ്ഥാനമാക്കി) അതുവരെ നടത്തിയിരുന്ന അഡ്മിഷന്‍ ആ വര്‍ഷം മാത്രം എസ്സ് എസ്സ് എല്‍ സി പരീക്ഷ്യ്ക്ക് ലഭിച്ച ആകെമാര്‍ക്കിനെ അടിസ്ഥാനമാക്കി നടത്തി. ഗ്രേസ് മാര്‍ക്ക് 94% ഉണ്ടാ‍യിരുന്ന എനിക്ക് എന്റെ ഇഷ്ടവിഷയമായിരുന്ന് ഇലക്ട്രോണിക്സ് കിട്ടും എന്ന ഉറപ്പ് ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ആവില്ല പ്രവേശനം എന്നറിഞ്ഞതോടെ ഇല്ലാതാ‍യി. കളമശ്ശേരി പോളിയില്‍ പ്രവേശനം പ്രതീക്ഷിച്ച എനിക്ക പ്രവേശനം കിട്ടിയത് ആമ്പല്ലൂര്‍ അളഗപ്പ പോളിടെക്നിക്കില്‍. ഭാഗ്യത്തിന് ക്ലാസ് തുടങ്ങുന്നതിനു മുന്‍പേ കളമശ്ശേരിക്ക് സ്ഥലം‌മാറ്റം വാങ്ങാന്‍ പറ്റി. കളമശ്ശേരിയില്‍ ഇലക്ട്രോണിക്സ് ഉണ്ടെങ്കിലും അതിനപേക്ഷിച്ചാല്‍ അവിടത്തന്നെ കിട്ടാന്‍ സാദ്ധ്യതയില്ലാഞ്ഞതിനാല്‍ പിന്നെ അതിനു ശ്രമിച്ചില്ല.

സമരത്തിന്റെ കാര്യത്തില്‍ ഇവിടവും വ്യത്യസ്ഥമായിരുന്നില്ല. ആദ്യ വര്‍ഷം ക്യാരിഓവറിനെതിരെ, പിന്നീട് സ്വാശ്രയ വിദ്യാഭ്യാസത്തിനെതിരെ (അന്ന് അത് പരിയാരം മെഡിക്കല്‍ കോളേജിനെ പറ്റിയായിരുന്നു). മിക്കവാറും വര്‍ഷം അഞ്ചുമാസം സമരത്തില്‍ പോയിട്ടുണ്ട്. ഒരിക്കലും സിലബസ് തീര്‍ന്നിട്ടില്ല. പഠിപ്പിക്കാനണേങ്കില്‍ അധ്യാപകരില്ല. പകുതിയില്‍ അധികം ഗസ്റ്റ് ലക്ചറര്‍ മാര്‍. അവരില്‍ പലരും ഏതാനും മാസം മാത്രം പിന്നെ പുതിയ ആളുകള്‍. തിയറിക്ലാസുകള്‍ മാത്രമല്ല പ്രക്‍റ്റിക്കലും സമരത്തിന്റെ ഭാഗമായി ബഹിഷ്കരിക്കണം എന്നായി നേതാക്കള്‍. അങ്ങനെ സിലബസിന്റെ 40% പോലും തീരാത്ത പഠനം പിന്നെ 74% ശതമാനം മര്‍ക്കോടെ ഞാനും അതിലും ഉയര്‍ന്ന ശതമാനത്തില്‍ എന്റെ പല സുഹൃത്തുക്കളും ഈ കലാലയത്തില്‍ നിന്നും പാസായെങ്കില്‍ അതിന്റെ മേന്മ ബി എല്‍ തെരാജക്കും. ഖന്ന പബ്ലിഷേസിനും, എസ് എല്‍ ഉല്‍‌പ്പലിനും പരീക്ഷയില്‍ ജയിക്കാനുള്ള ചില ചെപ്പടി വിദ്യകള്‍ പറഞ്ഞു തന്നെ അനുഭവ സമ്പന്നരായ ചില അധ്യാപകര്‍ക്കും മാത്രം. മേല്‍‌പറഞ്ഞ ടെസ്റ്റുകളെ മാത്രം ആധാരമാക്കി ചോദ്യങ്ങള്‍ തയ്യാറാക്കുന്ന രീതി ജയിക്കാന്‍ വളരെ സഹായിച്ചിട്ടുണ്ട്. അതില്‍ ഉദാഹരണമായി കൊടുത്തിട്ടുള്ള കണക്കുകള്‍ മാത്രം പരീക്ഷയില്‍ വരാറുള്ളു.

ഞാന്‍ പറഞ്ഞു വന്നത് 1991 മുതല്‍ 1996 വരെയുള്ള കാലഘട്ടത്തിലെ വിദ്യാഭ്യാസത്തെക്കുറിച്ചാണ്. ഇന്ന് മാറ്റം വന്നിട്ടുണ്ടോ എന്നറിയില്ല. പരീക്ഷ ജയിക്കുന്നതാണ് വിദ്യാഭ്യാസത്തിന്റെ നിലവാരം നിശ്ചയിക്കുന്നതെന്ന് ഞാന്‍ കരുതുന്നില്ല. അന്നത്തെ നിലയില്‍ പരീക്ഷപാസാകാന്‍ എളുപ്പമായിരുന്നു. ഇന്നെങ്ങനെയാണെന്ന് അറിയില്ല.

ഗ്രീഷ്മയുടെ ലോകം said...

പ്രിയ മണികണ്ഠന്‍,
അഭിപ്രായം എഴുതിയ്റ്റതിനു നന്ദി. വിദ്യാഭ്യാസ രംഗത്തെ പല പ്രശ്നങ്ങളില്‍ അത്ര പ്രാധാന്യമുള്ളതല്ല എന്നു തോന്നുന്ന ഒന്നാണ് സമരം മൂലമുള്ള അദ്ധയന ദിവസങ്ങള്‍ നഷ്ടപ്പെടുക എന്നത്.

ഇവിടാത്തെ ചര്‍ച്ചാ വിഷയം സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളുടെ പ്രകടനം മോശമാവുന്നു എന്നതിലാണ്.

എന്നാല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ സമരം മൂലം നഷ്ടപ്പെടുന്ന അദ്ധ്യയന ദിവസങ്ങള്‍ താ‍രതമ്യേന കുറവാണ്.