Saturday, October 24, 2009

ഹോമിയോപ്പതിയും ഞാനും

ചെറുപ്പകാലത്ത് ഹോമിയോ മരുന്ന് ആയിരുന്നു ചെറിയ സുഖങ്ങള്‍ക്ക് തന്നിരുന്നത്. എനിക്കോര്‍മയുള്ള വലിയ ഹോമിയോ ചികിത്സ കിട്ടിയത് ഒരു പട്ടി കടിച്ചപ്പോഴാണ്. എന്റെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ടാണ്, പാവം വളര്‍ത്ത് നായ് എന്റെ കയ്യില്‍ അമര്‍ത്തി കടിച്ചത്. പട്ടിയുടെ എല്ലാ പല്ലുകളും എന്റെ കൈത്തണ്ടയില്‍ ആഴ്ന്നിറങ്ങി.അന്ന് അഞ്ചാം ക്ലാസില്‍ പഠിച്ചിരുന്ന എന്നെ ഞങ്ങളുടെ പ്രിയപ്പെട്ട ഭാസ്കരന്‍ ഡോക്ടറുടെ അടുത്തെത്തിച്ചു. അദ്ദേഹം മുറിവ് പതഞ്ഞു പൊങ്ങുന്ന് ഒരു ദ്രാവകം കൊണ്ട് കഴുകി വൃത്തിയാക്കി. പിന്നെ കഴിക്കാന്‍ മധുരമുള്ള പൊടിയും പൊതിഞ്ഞു നല്‍കി. ഈ പൊതി മരുന്ന് കാരണമാവും “ഹോമിയോ പ്പൊതി“ അയതെന്ന് അന്നു ഞാന്‍ കരുതിയിരുന്നു.

ഈ പോസ്റ്റ് രണ്ട് ഹോമിയോ അനുഭവങ്ങളെ പറ്റിയാണ്, 30 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്നത്:

1. എന്റെ ഒരു സുഹൃത്ത് ഹോമിയോപ്പതിയില്‍ ആകൃഷ്ടനായിരുന്നു. അദ്ദേഹത്തിന്റെ സഹായത്തോടെ ഈ ചികിത്സാ സമ്പ്രദായം എന്താണെന്ന് മനസ്സിലാക്കാന്‍ ഞാനും ശ്രമിച്ചു. കുറേ ഹോമിയോ “മരുന്നുകള്‍“ ഞാനും വീട്ടില്‍ സൂക്ഷിക്കാന്‍ തുടങ്ങി.
ഒരിക്കല്‍ എന്റെ വീട്ടില്‍ ഞാന്‍ ഓമനിച്ചു വളര്‍ത്തിയിരുന്ന ആടുകളില്‍ ഒന്നു കിടപ്പിലായി. അതിന്റെ കാല്‍ മുട്ടുകളില്‍ നീര്‍ക്കെട്ട് വന്നു വീങ്ങി. തൊട്ടടുത്തുള്ള വെറ്റിനറി സര്‍ജനെ കാണിച്ചു. അദ്ദേഹത്തിന്റെ ചികിത്സയില്‍ കുറേ നാള്‍ കഴിഞ്ഞു. കാല്‍ മുട്ടുകളിലെ നീര്‍ക്കെട്ട് കുറഞ്ഞില്ല, മാത്രവുമല്ല, തേയ്മാനം സംഭവിക്കാതെ കുളമ്പുകള്‍ വളര്‍ന്നു. ഇനി ഒരിക്കലും നടക്കാനാവാത്ത വിധം ആവുമോ എന്ന് ഞാന്‍ ആശങ്കിച്ചു.

ഞാന്‍ ഇക്കാര്യം എന്റ് സുഹൃത്തുമായി ചര്‍ച്ച ചെയ്തു, ഞങ്ങള്‍ മെറ്റീരിയ മെഡിക്ക റഫര്‍ ചെയ്ത് ബ്രയോണിയ എന്ന റെമഡി പരീക്ഷിക്കാന്‍ തീരുമാനിച്ചു. എന്റെ സുഹൃത്തിന്റെ നിര്‍ദേശപ്രകാരം 30C പൊട്ടന്‍സിയുള്ള ബ്രയോണിയ കഴിപ്പിച്ചു. നീര്‍ക്കെട്ടുള്ള ഭാഗങ്ങളില്‍ ബ്രയോണിയ മാതൃദ്രാവകം തുണിയില്‍ നനച്ച് കെട്ടിയും വച്ചു. ഫലം അത്ഭുതാവഹമായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ നീര്‍ക്കെട്ട് മാറി, തങ്കമണി എന്ന ആട് നാലുകാലില്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു തൂടങ്ങി. നീണ്ടു വളര്‍ന്ന കുളമ്പുകള്‍ മുറിച്ച് മാറ്റിയതോടെ അവള്‍ എഴുന്നേറ്റ് നടക്കാനും ആരംഭിച്ചു.

2. ഇരുപത് വര്‍ഷം മുന്‍പ്; ഒരു രാ‍ത്രിയില്‍ എന്റെ ചേച്ചിയുടെ 8 വയസ്സുള്ള മകന്‍ ഞങ്ങളെയൊക്കെ ഞെട്ടിച്ചു. അവന്‍ മൂത്രമൊഴിക്കുന്നത് രക്തം തന്നെ! ഞങ്ങള്‍ എല്ലാവരും അങ്കലാപ്പിലായി. ആ രാത്രിയില്‍ ഒരു ഡോക്ടറെ കാണുക എന്നത് ഗതാഗത സൌകര്യവും ഫോണുമൊക്കെ വിരളമായിരുന്ന അന്ന് വലിയ പ്രശ്നം തന്നെ ആയിരുന്നു. നേരം വെളുത്തിട്ട് ഡോക്ടറെകാണാം എന്ന് തീരുമാനിച്ചു. അപ്പോഴാണ് ഞാന്‍ എന്റെ സുഹൃത്തിനോടൊന്ന് ഇതെ പറ്റി പറയാം എന്നു കരുതിയത്. (അദ്ദേഹവും ഞാനും ഹാം റേഡിയോ ഓപ്പറേറ്റര്‍മാരായിരുന്നു) ഞങ്ങള്‍ ഇക്കാര്യം ഹാം റേഡിയോ വഴി സാംസാരിച്ചു. അദ്ദേഹം കുട്ടിയുടെ മൂത്രം എടുത്ത് ഒരു ചെറിയ കുപ്പിയില്‍ കുറച്ച് നേരം വച്ചിട്ട് എന്ത് സംഭവിക്കുന്നു എന്നു പറയാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അങ്ങനെ ചെയ്തു. കുപ്പിയുടെ അടിയില്‍ രക്ത വര്‍ണ്ണത്തിലുള്ള മൂത്രം ചുവന്ന ചെറു മണ്‍ തരികള്‍ പൊലെ അടിഞ്ഞുകൂടി. ഞാന്‍ ഈ വിവരം അറിയിച്ചപ്പോള്‍ LYCOPODIUM എന്ന റെമഡി കൊടുക്കാന്‍ എന്റെ സുഹൃത്ത് ഉപദേശിച്ചു. അത് രണ്ട് പ്രാവശ്യം കൊടുത്തു കഴിഞ്ഞപ്പോള്‍ തന്നെ മൂത്രം നിറം മാറി തുടങ്ങി. പിറ്റേന്ന് രാവിലെ മൂത്രം പരിശോധിച്ചപ്പോള്‍ സാധാരണ നില കൈവരിച്ചതായി മനസ്സിലായി. ഡോക്ടറെ കാണാന്‍ പിന്നീട് പോകേണ്ടി വന്നില്ല.

Wednesday, October 21, 2009

സ്വകാര്യ കൊളെജുകള്‍ മറുപടിക്കൊരു മറു പിട

പ്രിയപ്പെട്ടവരെ,
ചെറിയ പോസ്റ്റ് വായിച്ച് അഭിപ്രായം എഴുതിയതിനു നന്ദി.
പ്രൊഫഷണല്‍ കോഴ്സുകള്‍, പ്രത്യേകിച്ച് എഞ്ചിനീയറിംഗ് പഠന നിലവാരത്തെ പറ്റി വേറെ ഒരു പോസ്റ്റ് തയ്യാറാക്കുന്നതുകൊണ്ട്, ഈ പോസ്റ്റില്‍ ഉദ്ദേശിച്ചിരുന്ന രണ്ട് കാര്യങ്ങള്‍, പഠന നിലവാരം തീരെ താഴ്ന്ന് പോയിരിക്കുന്നു എന്നും, മികവിന്റെ കേന്ദ്രങ്ങള്‍ എന്ന് കോടതി അഭിപ്രായപ്പെട്ട സ്വാശ്രയ കോളേജുകളിലെ സ്ഥിതി ദയനീയമാണെന്നും ആണ്.
തറവാടിയും, എഴുത്തു കാരിയും പറഞ്ഞ കാര്യങ്ങള്‍ ഈ നിലവാരത്തകര്‍ച്ചയ്ക്ക് ഒരു കാരണമാണ്.
എന്നെ വളരെ നന്നായി അറിയുന്ന ഒരു സുഹൃത്ത് ( അദ്ദേഹത്തിന്റെ മകള്‍ അന്നു കുസാറ്റില്‍ പഠിക്കുന്നു) എന്നോടൊരിക്കല്‍ ആവശ്യപ്പെട്ടത്, തനെ മകള്‍ക്ക് സെഷണല്‍ മാര്‍ക്ക് കൂടുതല്‍ കിട്ടാന്‍ മകളുടെ അധ്യാപകനോട് അഭ്യര്‍ഥിക്കണമെന്നായിരുന്നു;
അതിനെക്കാളേറെ എനിക്ക് ലജ്ജ തോന്നിയത്, എന്റെ അദ്ധ്യാപികയും കുസാറ്റിലെ പ്രൊഫസറുമായ വ്യക്തി അവരുടെ മകള്‍ക്ക് മാര്‍ക്ക് കൂട്ടിയിടണമെന്ന് പറഞ്ഞപ്പോഴാണ്!

അനാഗതശ്മശ്രു , താങ്കളുടെ പോസ്റ്റ് കാണിച്ചു തന്നതിനു നന്ദി. ഞാന്‍ അവിടെ കമന്റ് ഇടുന്നതാണ്.

സുനില്‍ കൃഷ്ണന്‍, ഈ പോസ്റ്റിന്റെ പ്രാധാന്യം വിലയിരുത്തിയതിനു നന്ദി. ഈ വിഷയത്തില്‍ മനസ്സില്‍ തിങ്ങി വരുന്ന പല കാര്യങ്ങളും പറയാന്‍ സമയവും സന്ദര്‍ഭവും കിട്ടാന്‍ കാത്തിരിക്കുകയാണ്, ഞാന്‍.

ജോജു,
....മുന്‍വിധിയോടെ എഴുതിയ ഉപരിപ്ലവമായ ഒരു പോസ്റ്റ് ... എന്നു പറയാനുള്ള കാരണം അറിഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
ജോജു കരുതുന്നതു പോലെ, കോടതിയുടെ അഭിപ്രായത്തിനുള്ള പ്രതികരണം തന്നെ യാണ് ഈ പോസ്റ്റ്. ജോജു എഴുതുന്നു,
“ഒരു സ്ഥാപനം സ്വകാര്യസ്വാശ്രയമായതുകൊന്ടു മാത്രം മികവിന്റെ കേന്ദ്രമാകുമെന്നോ, സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ മികവിന്റെ കേന്ദ്രമാകാന്‍ പറ്റില്ല എന്നോ ഉള്ള വിചാരമൊന്നും എനിയ്ക്കില്ല.“
രണ്ട് വര്‍ഷം മുന്‍പ് ജോജുവിന്റെ അഭിപ്രായം ഇതായിരുന്നില്ലല്ലോ?

ജോജുവിന്റെ അല്ലെങ്കില്‍ സ്വാശ്രയ ആരാധകരുടെ അഭിപ്രായത്തില്‍. മികച്ച സ്ഥാപനങ്ങളാവാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെക്കാള്‍ സാധ്യത ഉള്ളത് സ്വകാര്യ സ്വാശ്രയ കോളെജുകള്‍ക്കാണല്ലോ. എന്നിട്ടും എന്തുകൊണ്ട് അവ മുന്നിലെത്തുന്നില്ല? ചിന്തിക്കേണ്ടുന്ന ഒരു വിഷയം അല്ലേ അത്?
മികവു പാലിക്കാന്‍ കഴിയാത്തത് ...പക്ഷേ എന്തിനും ഏതിനും സ്വകാര്യസ്വാശ്രയങ്ങളെ പഴിചാരുകയും പ്രവര്‍ത്തനസ്വാതന്ത്ര്യയോ അവയുടെ അവകാശങ്ങളോ പരിഗണിയ്ക്കാതെ അവയെ ശ്വാസം മുട്ടിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നിലപാടി... കൊണ്ടാണല്ലേ? അതല്ലാതെ കൂടുതല്‍ ഫീസ് വാങ്ങുന്നതുകൊണ്ടോ, കുറഞ്ഞ ശമ്പളത്തിലും, സേവന വ്യവസ്ഥകളിലും ജോലി ചെയ്യാന്‍ തയ്യാറാവുന്ന അദ്ധ്യാപക അനധ്യാപക ജീവന ക്കാരുടെ കഴിവു കുറവോ ഒന്നുമല്ല അല്ലേ?
ജോജുവിന്റെ ഒരു സ്ഥാപനം മികവിന്റെ കേന്ദ്രമാകണമെങ്കില്‍ മാനേജുമെന്റു നന്നായിരിയ്ക്കണം, അവയ്ക്ക് നല്ല വിഷന്‍ ഉണ്ടായിരിയ്ക്കണം, അവയ്ക്ക് ആവശ്യമായ സാമ്പത്തിക സ്വാതന്ത്ര്യമുണ്ടായിരിയ്ക്കണം, അധ്യാപകര്‍ നല്ലതായിരിയ്ക്കണം, വിദ്യാര്‍ത്ഥികള്‍ നല്ലതായിരിയ്ക്കണം.. അഭിപ്രായത്തോട് യോജിക്കുന്നു. എന്നാല്‍ ഈ മേന്മകള്‍ സ്വാശ്രയത്തിനു കൂടുതല്‍ ഉണ്ടാവും എന്നു കരുതുന്നത് എത്രമാത്രം ശരിയാണ്? കോളേജ് വളപ്പില്‍ എഴുതിവയ്ക്കുന്ന “വിഷനും“ “മിഷനും“ മീതെ മറ്റൊരു സ്വകാര്യ വിഷന്‍ ഉണ്ടെന്ന കാര്യം അറിയില്ല എന്നുണ്ടോ?

വിജയ ശതമാനം കൊണ്ടുള്ള വിനോദമല്ല, ഈ പോസ്റ്റിനു പ്രചോദനം. അറിഞ്ഞ വസ്തുതകള്‍ പങ്കു വച്ചു എന്നേ ഉള്ളു. ഓരോ കോളെജുകള്‍ക്കും അവരുടെ വിജയ ശതമാനം കൂടാത്തതിനു പ്രതേകം കാരണങ്ങള്‍ ഉണ്ടാവാം. അതെ പറ്റി അവര്‍ ആലോചിക്കുമെന്നും വേണ്ട തിരുത്തലുകള്‍ വരുത്തുമെന്നും നമുക്ക് ആശിക്കാം.
സര്‍ക്കാര്‍ സ്വാശ്രയം ആയത് കൊണ്ടാണ് ആ കൊളേജുകള്‍ക്ക് സ്വകാര്യ സ്വാശ്രയത്തെക്കാള്‍ മുന്നിലെത്താന്‍ കഴിഞ്ഞതെന്ന് ഒരിടത്തും പറഞ്ഞിട്ടില്ലല്ലോ ജോജു.
സര്‍ക്കാര്‍ സ്വാശ്രയ കോളെജുകള്‍ മുന്നിലാണെന്നും, എന്നാല്‍ പിന്നിലായ ചില സ്വാശ്രയക്കോളെജുകള്‍ പിറകിലായതിനു ഉത്തരവാദിത്വം ആ കൊളേജുകള്‍ ഏറ്റെടുക്കില്ല എന്നും ഒരു മുന്‍ ധാരണ ജോജുവിനുള്ളതു പോലെ തോന്നുന്നു. പരാജയത്തിനും
വിജയത്തിനും കാരണങ്ങള്‍ കണ്ടെത്തി തിരുത്തി പോകുന്ന നടപടി അവര്‍ കയ്ക്കൊള്ളും എന്നാണെന്റെ അനുഭവം.
ഒരു സ്വകാര്യ സ്വാശ്രയ അനുകൂലി എന്നതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളുടെ തളര്‍ച്ചയ്ക്ക് കാരണം കണ്ടെത്താന്‍ ശ്രമിക്കുകയും കൂടി വേണ്ടേ?

തറാവാടിയുടെ പരിഹാസത്തിനൊരു അനുബന്ധം: ഈയിടെ എന്നെ പരിചയമുണ്ടെന്നു പറഞ്ഞ് ഒരാള്‍ എന്നെ ഫോണില്‍ വിളിച്ച് ഒരു കാര്യം ആവശ്യപ്പെട്ടു: ഒരു നൂറ് നൂറ്റമ്പതു കോടി മുടക്കാന്‍ തയ്യറായി ഒരു എന്‍ ആര്‍ ഐ ടീം വന്നു പെട്ടിരിക്കുന്നു. അവര്‍ക്ക് ഒരു എഞ്ചിനീയറിംഗ് കോളേജ് വിലയ്ക്ക് വാങ്ങണം. പറ്റിയ കോളേജ് കണ്ടെത്താന്‍ സഹായിക്കണം, എന്ന്. ഞാന്‍ അദ്ദെഹത്തൊട് ചോദിച്ചു, നിങ്ങള്‍ പറഞ്ഞ ടീമില്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആരെങ്കിലുമുണ്ടോ? എന്ന്. മറുപടി “അല്ല സാര്‍. അവരൊക്കെ വലിയ ബിസിനസ്സുകാരല്ലേ“
തറവാടി പറയുന്നത് ശരിയാണ്. വിജയ ശതമാനം മാത്രമല്ല ഗുണ നിലവാരത്തിനടിസ്ഥാനം. എന്നാല്‍ പ്രത്യക്ഷത്തില്‍ കാണാവുന്ന ഒരു അളവുകോല്‍ അതുതന്നെയാണ്.

ജോജു,
സ്റ്റേറ്റ് മെറിറ്റില്‍ 13000 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന സാരാഭായിയും 15000 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന എം.ജി കോളേജും 500 ചില്ലുവാനം റാങ്കുള്ളവര്‍ പ്രവേശിയ്ക്കുന്ന റാങ്കുകാരു പ്രവേശിയ്ക്കുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ സര്‍ക്കാര്‍ സ്വാശ്രയം, സ്വകാര്യ സ്വാശ്രയം എന്ന ഏകകം മാത്രം എടുത്താല്‍ മതിയാവില്ല എന്നതുമാത്രമാണ്‌ ഞാന്‍ പറയാനുദ്ദ്യേശിയ്ക്കുന്ന കാര്യം.
ഇവിടെ കാതലായ ഒരു കാര്യം ജോജു വെളിപ്പെടുത്തുന്നു. ഉയര്‍ന്ന റാങ്കുള്ളവര്‍ അവര്‍ക്കിഷ്ടപ്പെട്ട കോളേജില്‍ ചേരുന്നു. അതുകൊണ്ട് താരതമ്യം പാടില്ല എന്ന്. അതു തന്നെയാണെന്റെ അഭിപ്രായവും.
എന്നാല്‍ മറ്റൊന്നു കൂടി ജോജു അറിയണം. എന്റ്രന്‍സ് റാങ്കില്‍ കേറുന്ന കുട്ടികള്‍ കൊഴ്സ് കഴിയുമ്പോള്‍ വിജയിക്കുന്നതിന്റെ തോത് ആ റാങ്ക് അടിസ്ഥാനത്തിലല്ല എന്ന കാര്യം. 15000 റാങ്ക് ഉള്ള കുട്ടി വിജയിക്കുകയും, 500ല്‍ താഴെ റാങ്കുള്ള കുട്ടി പരാജയപ്പെടുകയും ചെയ്യുന്നുണ്ടല്ലോ.
അപ്പോള്‍ മികവിന്റെ കേന്ദ്രങ്ങളാവാന്‍ മറ്റു പലതും കൂടി വേണം. ആ “പലതും“ സ്വകാര്യ കോളേജുകള്‍ക്കുണ്ടാവണമെങ്കില്‍ അമിത ലാഭം എന്ന “വിഷന്‍ “ മാറ്റിവയ്ക്കണം
നിലവാരത്തകര്‍ച്ചയെപറ്റി മറ്റൊരു പോസ്റ്റില്‍ വിശദമായ ചര്‍ച്ച നടത്താം എന്ന് കരുതുന്നു.

അനിൽ@ബ്ലൊഗ് ,
ഹോമിയോപ്പതിയും ഒറ്റമൂലിയുമൊക്കെ ആണല്ലോ പിടിത്തം.:)

അഭിപ്രായങ്ങള്‍ എഴുതിയ എല്ലാവര്‍ക്കും നന്ദി.

Monday, October 19, 2009

സ്വാശ്രയ കൊളേജുകള്‍

സ്വാശ്രയ വിദ്യാഭ്യാസ സഥാപനങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാണെന്ന് കോടതി വിലയിരുത്തിയത് ഏകദേശം രണ്ട് വര്‍ഷം മുന്‍പായിരുന്നു. ഇതെ പറ്റി ഒരുപോസ്റ്റും> കിരണ്‍ തോമാസ് അദ്ദേഹത്തിന്റെ ബ്ലോഗില്‍ ഇട്ടിരുന്നു. ഇതെ പറ്റി ഒരു പോസ്റ്റ് ഞാനും ഇട്ടിരുന്നു. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ന്ന് കൊണ്ടിരിക്കുകയാണോ? ഇന്‍ഡ്യന്‍ എക്സ്പ്രസ്സില്‍ ( ഓണ്‍ ലൈന്‍ എഡിഷന്‍ ‍) ഇതെപറ്റി വന്ന ഒരു ലേഖനം ഇവിടെ വായിക്കാം കേരളാ യൂണിവേഴ്സിറ്റി യുടെ പരീക്ഷാ ഫലം വിലയിരുത്തുമ്പോള്‍ കണ്ടെത്തുന്നത്, എഞ്ചിനീയറിംഗ് പഠന നിലവാരം താഴുന്നു എന്നും അക്കാര്യത്തില്‍ സ്വാശ്രയ സ്ഥാപനങ്ങളുടെ അവസ്ഥ പരിതാ‍പകരമാണെന്നുമാണ്. സര്‍ക്കാര്‍ സ്വാശ്രയ കോളേജുകളിലെ നിലവാരം സ്വകാര്യ സ്വാശ്രയത്തെക്കാള്‍ മെച്ചം ആണെന്നും ലേഖനത്തില്‍ പറയുന്നു.

എഞ്ചിനീയറിംഗിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റു യൂണിവേഴ്സിറ്റികളും ഇതെ അവസ്ഥയില്‍ തന്നെ ആണെന്ന് റിസല്‍റ്റ് പരിശോധിക്കുന്ന ആര്‍ക്കും കാണാന്‍ കഴിയും. കൊച്ചി യൂണിവേഴ്സിറ്റിയുടെ കഴിഞ്ഞവര്‍ഷത്തെ ( 2009) ബി ടെക് റിസല്‍ട്ടിന്റെ ഒരു ലിസ്റ്റ് താഴെ കൊടുക്കുന്നു.
res1

ഈ ലിസ്റ്റില്‍ നല്ല വിജയശതമാനമുള്ള കോളേജുകളില്‍ ടോക് എച്ച് ഒഴികെയുള്ളതെല്ലാം സര്‍ക്കാര്‍ സ്വാശ്രയക്കോളേജുകള്‍ ആണ്.
എഞ്ചിനീയറിംഗ് ഡിഗ്രി യുടെ പഠന നിലാവരം താണു പോകാതെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമങ്ങള്‍ തുടങ്ങേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. മികവിന്റെ കേന്ദ്രങ്ങള്‍ ആവാന്‍ സ്വകാര്യ സ്വാശ്രയക്കാരുടെ കയ്യില്‍ വല്ല ഒറ്റ മൂലിയും കാണുമായിരിക്കുമോ എന്തോ?