Saturday, August 29, 2009

ചെറായിയിലെ പാമ്പുകള്‍

ഈ ബ്ലോഗ് പോസ്റ്റിന് ചെറായിയിലെ പാമ്പുകള്‍ എന്ന് പേരിട്ടത് കൂടുതല്‍ ശ്രദ്ധ കിട്ടാനായിട്ടാണ്. ശരിക്കും വൈപ്പിന്‍ കരയിലെ പാമ്പുകള്‍ എന്നാണ് വേണ്ടിയിരുന്നത്:

ഞാന്‍ ജനിച്ചതും വളര്‍ന്നതും വൈപ്പിന്‍ കരയിലെ നായരമ്പലം എന്ന സ്ഥലത്താണ്. അക്കാലത്ത് എല്ലാവര്‍ക്കും പരിചിതമായ പാമ്പുകള്‍ ഇവയെല്ലാം ആയിരുന്നു:

1. നീര്‍ക്കോലി. പത്തു മുപ്പതു വര്‍ഷം മുന്‍പ് നാട്ടിലെല്ലായിടത്തും വലിയ കുളങ്ങള്‍ കാണുമായിരുന്നു. കുളത്തില്‍ ചുരുങ്ങിയത് ഒരു നീര്‍ക്കോലിയുമെങ്കിലും കാണും. കുളങ്ങള്‍ നിന്തിക്കുളിക്കാനും, കുടിവെള്ളം എടുക്കാനും ഉപയോഗിച്ചിരുന്നു. വേനലറുതിയില്‍ പല കുളങ്ങളും വറ്റും. അപ്പോള്‍ ശുദ്ധ ജലത്തിനായി ആളുകള്‍ നെട്ടോട്ടം ഓടും. ഏതുകാലത്തും നല്ല വെള്ളം കിട്ടുന്ന കുളങ്ങള്‍ ചില നായര്‍ വീട്ടുവളപ്പിലും, സാമ്പത്തികമായി ഉയര്‍ന്ന ഈഴവരുടെ വീട്ടു വളപ്പിലും മാത്രമേ ഉണ്ടാവുകയുള്ളു. നായര്‍ കുളത്തില്‍ നിന്നും പുലയന്മാര്‍ക്ക് വെള്ളം കിട്ടുന്ന പ്രശ്നമില്ല. ഈഴവര്‍ കുടിവെള്ളത്തിന് ചെന്നാല്‍, അവര്‍ക്ക് വെള്ളം ആ വീട്ടിലെ സ്ത്രീകള്‍ തന്നെ കോരിക്കൊടുക്കും. ഈഴവര്‍ സ്വയം കോരിയാല്‍ നായര്‍ കുളങ്ങള്‍ അയിത്തമായിപ്പോവും! എന്നാല്‍ പുലയന്മാര്‍ വെള്ളത്തിനായി ഈഴവ കുളങ്ങള്‍ അന്വേഷിച്ച് പോവും. അവിടെയും, ഈഴവ കുളങ്ങളുടെ ശുദ്ധം പോവാതിരിക്കാനായി ഈഴവ സ്ത്രീകള്‍ തന്നെ വെള്ളം കോരി പുലയക്കുടങ്ങളില്‍ നിറച്ചു കൊടുക്കും. പലപ്പോഴും, വെള്ളം കോരിത്തളരുന്ന നായരീഴവ മങ്കമാര്‍ ആവശ്യക്കാര്‍ക്ക് കുടിവെള്ളം നിക്ഷേധിക്കുകയും പതിവായിരുന്നു. എന്നാല്‍ നീര്‍ക്കോലികള്‍ക്ക് എല്ലാത്തരം കുളങ്ങളിലും വിഹരിക്കാന്‍ കഴിഞ്ഞിരുന്നു. വിഷപ്പല്ലുണ്ടെങ്കിലും, വിഷമില്ലാത്തവയാണ് ഇവയെന്ന്എനിക്ക് അനുഭവവും ഉണ്ട്.

2. ചേര. നീര്‍ക്കോലിയെക്കാള്‍ വലിപ്പവും വീറും വാശിയുമൊക്കെ ഉള്ള ചേരയും നാട്ടില്‍ ഉണ്ടായിരുന്നു. മഞ്ഞ നിറമുള്ള മഞ്ഞ ചേരയെയും സാധാരണ കാണാറുണ്ട്. വിഷമില്ലാത്തതു കൊണ്ട് ഭയക്കാനില്ല എങ്കിലും, ഇതിനെ എവിടെ കണ്ടാലും കൊല്ലാന്‍ ആളുകള്‍ തയ്യറാവും.

3. കടല്‍ പാമ്പ്. കടലിലാണ് വാസമെങ്കിലും, ഇടയ്ക്ക് കടല്‍തീരത്തും കാണപ്പെടുന്ന ഉഗ്ര വിഷമുള്ളവനാണിവന്‍ . ഇതിനെ നാട്ടില്‍ തുണിപ്പാമ്പ് എന്നും പറഞ്ഞ് കേള്‍ക്കാറുണ്ട്. കടല്‍ത്തീരത്തെ പൂഴി മണലില്‍ ഈ പാമ്പ് ചുരുണ്ട് കൂടിക്കിടക്കുന്നത് കണ്ടാല്‍ ഒരു പഴം തുണിക്കഷണം കിടക്കുകയാണെന്നേ തോന്നൂ. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക് വലയില്‍ല്‍ കുടുങ്ങി കടല്‍ പാമ്പിനെ കിട്ടാറുണ്ട്. അവര്‍ അതിനെ വാലില്‍ തൂക്കി എടുത്ത് കടലിലേക്ക് തന്നെ എറിയും.

4. കുട്ട പ്പാമ്പ്. ഈ പോസ്റ്റ് എഴുതാനുള്ള പ്രചോദനം കുട്ടപ്പാമ്പ് എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന പാമ്പിനെ പറ്റി ഓര്‍ത്തതുകൊണ്ടാണ്. പണ്ട് നാട്ടിലെ പൊക്കാളി പാടങ്ങളിലും, സകല തോടുകളിലും ധാരാ‍ളമായി കാണുമായിരുന്നു. നിരുപദ്രവകാരിയായ ഒന്നാണിതെങ്കിലും എനിക്കിതിനെ വല്ലാത്ത അറപ്പും വെറുപ്പും ആയിരുന്നു. നീണ്ട്ഉരുണ്ട് വാലറ്റത്തേക്ക് വണ്ണം കുറഞ്ഞു വരുന്ന രൂപമാണ് ഇതിന്റേത്. മീന്‍ പിടിക്കാന്‍ ചൂണ്ടയിട്ടാല്‍ പലപ്പോഴും കുടുങ്ങുന്നത് ഇവനായിരിക്കും. പിന്നെ ചൂണ്ട ഉപേക്ഷിച്ച് പോവുകയേ വഴിയുള്ളു. പാട വരമ്പിലും മറ്റും പകുതി ശരീരം വെള്ളത്തിലാക്കി കിടക്കുന്നത് കണ്ടാല്‍ ആ വഴി ഉപേക്ഷിച്ച് പലപ്പോഴും വളഞ്ഞ വഴിയേ നടന്ന് ലക്ഷ്യത്തിലെത്താന്‍ നോക്കും. ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ കൂട്ടമായി ഇതിനെ അക്കാലങ്ങളില്‍ കാണുമായിരുന്നു. ആര്‍ക്കും അതിനെ തല്ലികൊല്ലാം, വിഷമില്ല, വേഗത്തില്‍ ഓടുകയുമില്ല. പൊക്കാളി പാടങ്ങളില്‍ കൊയ്യാന്‍ വരുന്നവരുടെ കയ്യില്‍ ചുറ്റി പ്പിടിക്കും എന്നതുമാത്രമായിരുന്നു ഈ പാമ്പിനെ പറ്റി മറ്റുള്ളവര്‍ക്കുള്ള പരാതി. മീന്‍ പ്രത്യേകിച്ച് കൂരി എന്നു പേരുള്ള മത്സ്യമാണിവന്റെ ഇഷ്ടാഹാരം.

ഈ പാമ്പിനെ പ്രത്യേകം എഴുതാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ട്; ഒന്നാമത്, ഈ ഇനത്തെ വൈപ്പിന്‍ കരയില്‍ ഇപ്പോള്‍ കാണാനേയില്ല എന്നതാണ്. രണ്ടാമത്തെ കാരണം, ഇത് പ്രസവിക്കുന്ന പാമ്പാണ് എന്നതാണ്. ആര്‍ക്കെങ്കിലും, ഈ പാമ്പിനെ പറ്റി ക്കൂടുതല്‍ വിവരം തരാന്‍ കഴിയുമോ? ഇതിന്റെ ഒരു ചിത്രം പോലും എന്റെ പക്കലില്ല.

സ്നേഹത്തൊടെ മണി.