Tuesday, November 21, 2006

മണിമണിക്കഥകള്‍‍

ഐ. ക്യു

ണ്ടു ദിവസം മുന്‍പെ തുടങ്ങിയതാണു് പരിശീലനം: അഭിമുഖം നടക്കുമ്പോള്‍ എങ്ങനെ സംസാരിക്കണം, എങ്ങനെ നോക്കണം, വസ്ത്രങ്ങള്‍ ഏതെല്ലാം ധരിക്കണം, തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ അവന്‍ പല പ്രാവശ്യം ആവര്‍ത്തിച്ചു മനഃപ്പഠമാക്കി കഴിഞ്ഞു. മലയാളത്തിലുള്ള ചോദ്യങ്ങള്‍ക്ക് മലയാളത്തില്‍ തന്നെ ഉത്തരം പറയുമെന്നും, ആംഗലേയത്തിലാണെങ്കില്‍ ആംഗലേയത്തില്‍ തന്നെ മറുപടി പറയുമെന്നും നിരവധി തവണ ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് ഞങ്ങള്‍ ഉറപ്പാക്കിയിരുന്നു.
ന്റര്‍വ്യു കൃത്യം പത്തു മണിക്കാണു്. സമയ നിഷ്ട പാലിച്ചില്ലെങ്കില്‍ അഡ്മിഷന്‍ ലഭിക്കാതിരിക്കാന്‍ അതു കാരണമാകും. ഒരു കുട്ടി സായിപ്പിനെ പ്പോലെ അണിയിച്ചൊരുക്കി സ്കൂട്ടറിന്റെ പിന്നില്‍ കയറ്റി ഇരുത്തിയതിനു ശേഷം അല്പം വേഗത കൂട്ടി വണ്ടി ഓടിക്കുമ്പോള്‍ ചിന്തിച്ചു, യു കെ ജി ക്ലാസ്സില്‍ അഡ്മിഷന്‍ ലഭിക്കാനിത്ര തത്രപ്പാടാണെങ്കില്‍, ഇവന്റെ ഹൈസ്കൂള്‍ പ്രവേശനത്തിനും മറ്റും, എത്ര കഷ്ടപ്പെടേണ്ടി വരും?
കൃത്യ സമയത്തിനു തന്നെ സ്കുളില്‍ എത്തി. എന്റെ മോനെപ്പോലെ തന്നെ വേഷം കെട്ടിയ കുറെ കുട്ടികളും അവരുടെ അമ്മമാരും ഒരു മുറിക്കു മുന്നില്‍ ആകാംഷാഭരിതരായി കൂട്ടം കൂടി നില്‍ക്കുന്നു. പത്തു മണി കഴിഞ്ഞപ്പോള്‍ ഒരു ശിപായി വന്നു അധികാരസ്വരത്തില്‍ ആജ്ഞാപിച്ചു:
“ എല്ലാവരും ക്യു പാലിക്കണം. ആദ്യം വന്നവര്‍ ആദ്യം!”
ഞാന്‍ മോനെയും കയ്ക്ക് പിടിച്ച് ക്യു വില്‍ ഏറ്റവും പുറകിലായി നിന്നു. കുട്ടികളുമായി രക്ഷിതാക്കള്‍ എനിക്കു പുറകില്‍ പിന്നെയും വന്ന് നിരന്നു.
അകത്ത് മുറിയില്‍ വിവിധവേഷ ധാരികളായ് നാലു സ്ത്രീകള്‍. ഞാന്‍ നില്‍ക്കുന്ന സ്ഥലത്തു നിന്നു നോക്കിയാല്‍ അവരെ കാണാം. അതിലൊരു തടിച്ച ശരീരമുള്ള സ്ത്രീ മേശപ്പുറത്തുണ്ടായിരുന്ന ബെല്ലില്‍ വിരലമര്‍ത്തി. ക്യു പെട്ടെന്നു നിശ്ശബ്ദമായി. ഏറ്റവും മുന്നില്‍ നിന്നിരുന്ന കുട്ടിയും മാതാവും അകത്ത് കയറി. ശിപായി വന്നു വാതില്‍ അടച്ചു.
ഭിമുഖം ഏകദേശം പത്തു മിനിറ്റു കൊണ്ടു കഴിഞ്ഞു. പ്രവേശനം ഉറപ്പായ സന്തോഷത്തോടെ പുറത്തിറങ്ങിയ അമ്മ ക്യുവില്‍ നില്‍ക്കുന്ന വരെ ഒന്നിരുത്തി നോക്കിയതിനുശേഷം പുറത്തേക്കു നടന്നു. എന്റെ മകന്റെ ഊഴം വരുന്നതു കാ‍ത്തു ഞാനങ്ങനെ നിന്നു. ഞങ്ങളുടെ അവസരം വന്നപ്പോള്‍ മകനേയും കൂട്ടി അകത്തു കടന്നു. “ഇരിക്കൂ“ തടിച്ചി ആജ്ഞാപിച്ചു. ഞാന്‍ ഇരിക്കാന്‍ തുടങ്ങുമ്പോള്‍ മുറിയിലെ മറ്റു മൂന്നു വനിതകളും എന്നെയും മോനെയും തറപ്പിച്ചു നോക്കി. അവന്‍ പേടിച്ചു എന്നെ ഇറുകെ പിടിച്ചു. തടിച്ച സ്ത്രീ ചൂണ്ടിക്കാണിച്ച കസേരയില്‍ ഞാന്‍ ഇരുന്നപ്പോള്‍ മോന്‍ എന്റെ മടിയില്‍ കയറി ഇരിക്കാന്‍ ഒരു ശ്രമം നടത്തിയതു ഇടതു വശത്തിരുന്ന സ്ത്രീ ശ്രദ്ധിച്ചു എന്നെനിക്കു മനസ്സിലായി. ശരീരഭാഷയ്ക്കു പോലും മാര്‍ക്ക് ഇടുന്ന ഇന്റെര്‍വ്യു ആയിരിക്കും എന്നു ഫ്ലാറ്റില്‍ താമസിക്കുന്ന അപര്‍ണ ടീച്ചര്‍ പറഞ്ഞതു എന്റെ കാതില്‍ ഇപ്പോഴും മുഴങ്ങി.
ന്റര്‍വ്യു തുടങ്ങി. ചോദ്യങ്ങള്‍ അധികവും എന്നോടു തന്നെ! ഞാന്‍ കൊടുത്ത ഉത്തരമൊന്നും അവരില്‍ മതിപ്പുളവാക്കാ‍ന്‍ കഴിയുന്ന തരത്തില്‍ ആയിരുന്നില്ല എന്ന് എനിക്ക് അവരുടെ മുഖഭാവത്തില്‍ നിന്നു മനസ്സിലായി. എന്റെ മകന്റെ നോട്ടം മുഴുവനും, മേശപ്പുറത്ത് ഇരുന്ന പഴങ്ങള്‍ നിറച്ച മനോഹരമായ കൂടയിലാണ്. അവന്‍ കൈ നീട്ടി അതിലൊരു ഫലം എടുക്കുമോ എന്നു ഞാന്‍ ഭയന്നു. ഒരു മുന്‍ കരുതലോടെന്നപോലെ ഞാന്‍ അവന്റെ കൈകള്‍ എന്റെ കൈക്കുള്ളിലൊതുക്കി.
അവസാനമായി തടിച്ചി മേശപ്പുറത്തെ പഴക്കൂടയില്‍ ഉള്ള മനോഹരമായ തുടുത്ത് ചുവന്ന ആപ്പിള്‍ ചൂണ്ടിക്കാണിച്ച് ഒരുഎന്റെ മകനോടൊരു ചോദ്യം:
“WHAT IS THIS?"

അവന്‍ ആകെ ആശയക്കു ഴപ്പത്തിലായ പോല്‍ എന്നെ നോക്കി. കൃത്യമായ ഉത്തരം പറയുമെന്ന എന്റെ പ്രതീക്ഷ അസ്ഥാനത്തിലായി. തടിച്ചി ചോദ്യം മലയാളത്തിലാക്കി “ഈ പഴം ഏതാണെന്നു പറയ്”. അവനുത്തരം പറയാന്‍ കഴിഞ്ഞില്ല. തടിച്ചിയെ ഏഴായി കീറി ഒരുഭാഗം ഉണക്കിയെടുത്തത് എന്നു തൊന്നിക്കുന്ന മറ്റൊരു ഇന്റെര്‍വ്യു മെംബര്‍ പഴക്കൂടയില്‍ നിന്നും ഒരു മുന്തിരിക്കുല കയ്യിലെടുത്തു കൊണ്ടു ചോദ്യം ആവര്‍ത്തിച്ചു: “എങ്കില്‍, ഇതെന്താണ്?”
മോന് അപ്പോഴും ഉത്തരം ഇല്ല.
ഇന്റര്‍വ്യു അവസ്സാനിപ്പിച്ച് അടുത്ത കുട്ടിയെ അഭിമുഖത്തിനായി വിളിക്കാന്‍ തടിച്ചി ബല്ലടിച്ചു. പരാജയ ഭാവത്തോടെ ഞാന്‍ എഴുന്നേല്‍ക്കുമ്പോള്‍ തടിച്ചി മറ്റ് മെമ്പര്‍ മാരോട് പ്രയുന്നത് കേട്ടു “ കുട്ടിയുടെ ഐ ക്യു വളരെ കുറവാണ് “.
ഞാന്‍ മോനെയും കൂട്ടി പുറത്ത് വ്ച്ചിരുന്ന സ്കൂട്ടറിനടുത്തേക്കു നടന്നു. മോനോടൊന്നും സംസാരിക്കാന്‍ എനിക്കു കഴിഞ്ഞില്ല. മാനസിക സമ്മര്‍ദ്ദം സാധാരണ നിലയിലാകാന്‍ സമയം കുറച്ചു എടുത്തു. അല്പം കഴിഞ്ഞപ്പോള്‍ അവനോട് ഞാന്‍ ചോദിച്ചു, “ ആപ്പിളും മുന്തിരിയും ചൂണ്ടിക്കാണിച്ചിട്ടും എന്താ നീ ഒന്നിന്റേം പേരു പറയാതെ മിണ്ടാതിരുന്നേ?”
അപ്പോള്‍ അവന്‍ പറഞ്ഞ മറുപടി കേട്ട് ഞാന്‍ തരിച്ചു പോയി: “ അതേയ്, അതു, ആപ്പിളും മുന്തിരിയുമൊന്നും അല്ല, അതൊക്കെ വെറും മെഴുകു കൊണ്ട് ഒണ്ടാക്കിയതാ, അതാ ഞാനൊന്നും മിണ്ടാഞ്ഞത്.”

=================================

10 comments:

ഗ്രീഷ്മയുടെ ലോകം said...

ഇത് കുറെ കഷ്ടം തന്നെ. ആരെങ്കിലുമൊക്കെ വായിക്കുമെന്നും, കമന്റ് എഴുതുമെന്നും ഞാന്‍ പ്രതീക്ഷിച്ചു.

വേണു venu said...

മണീ,
മണിയ്‍ക്കെഴുതാനുള്ള കഴിവൂണ്ടു്. പറഞ്ഞു വന്ന വിഷയത്തെ ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ക്ലൈമാക്സുള്‍പ്പെടെ മറ്റൊരു തലത്തിലെത്തുമായിരുന്നു എന്നെനിക്കു തോന്നുന്നു. ഒരു പക്ഷേ കമന്‍റുണ്ടാവാഞ്ഞതു് അതുകൊണ്ടായിരിക്കാം. സാരമില്ല ഇനിയുമെഴുതാം. തീര്‍ച്ചയായിട്ടും ആളുകള്‍ ശ്രദ്ധിക്കും. പിന്ന്നെ പ്രധാനം നമുക്കെഴുതാന്‍ നല്ലൊരു ഭിത്തി, ആരുടെയും കമന്‍റിനു ശ്രദ്ധിക്കാതെ മനോഹരമായിട്ടു് ആ ഭിത്തിയില്‍ എഴുത്തു തുടരുക.
ആശംസകളൊടെ.
വേണു.

രാജ് said...

മണീ കഥ നന്നായിരുന്നു. എങ്കിലും കഥാകൃത്തു വെളിപ്പെടുത്തുന്ന ആശയത്തിനൊട്ടും ആത്മാര്‍ഥതയില്ല (പകരം അതില്‍ ഗതികേടുണ്ട്). മീന്‍‌മാര്‍ക്കറ്റില്‍ ചെന്നു മീന്‍ നാറുന്നെന്നു വിലപിക്കുന്നതിന്റെ ഗതികേടിനെ കുറിച്ചാണു ഞാന്‍ പറയുന്നതു്.

Slooby Jose said...

കഥയെപ്പറ്റി അഭിപ്രാ‍യം പറയാനൊന്നും അറിയില്ല, എങ്കിലും ഇതൊരു അനുഭവവിവരണമായി കണക്കാക്കിയാല്‍, ,ഇഷ്ടപ്പെട്ടു, എന്ന് ആണ് എന്റെ അഭിപ്രായം. മെഴുകുപഴങ്ങള്‍ തിരിച്ചറിഞ്ഞ് നിശബ്ദത പാലിച്ച കുട്ടി ഒരു കൊച്ചുമിടുക്കനാണല്ലോ.

കമന്റുകളെപ്പറ്റി ആകുലപ്പെടുന്നതില്‍ കാര്യമില്ല. തിരക്കിനിടെ പറ്റുന്നിടത്തോളം വായിച്ചുപോകാനാണെന്നു തോന്നുന്നു ബൂലോഗരുടെ താല്പര്യം. ഒരു കമന്റു വയ്ക്കുന്ന സമയത്ത് അത്രയും കൂടി പോസ്റ്റുകള്‍ വായിക്കുകയോ സ്വന്തമായി എഴുതുകയോ ചെയ്യാ‍മല്ലോ. പിന്നെ, നേരത്തേ മുതല്‍ പരിചയമുള്ളവരുടെ ബ്ലൊഗിലൊക്കെയാണെങ്കില്‍ ഒരു കമന്റുവയ്ക്കും, അത്ര തന്നെ.

ഇനിയുമെഴുതുക. ആശംസകള്‍

സു | Su said...

എനിക്ക് കഥ ഇഷ്ടമായി. കാണാഞ്ഞതുകൊണ്ടാണ് വായിക്കാനും, കമന്റിടാനും വൈകിയത്. ഇനിയും എഴുതൂ. :)

ഗ്രീഷ്മയുടെ ലോകം said...

പ്രിയ വേണു, പെരിങ്ങോടന്‍, സൊലീറ്റയുടെ മമ്മി, സു,
കമന്റുകള്‍ക്കു നന്ദി. തുടക്കത്തില്‍ തന്നെ പറയട്ടെ, ഐ. ക്യു എന്നതു ഒരു കഥയല്ല മറിച്ച് അതൊരു അനുഭവ വിവരണം ആയിരുന്നു; എന്റെ സ്വന്തം അനുഭവം, നാടകീയതയൊന്നും കൂടാതെ അവതരിപ്പിക്കുകയായിരുന്നു.
എന്നാല്‍ എന്റെ രണ്ടാമത്തെ പോസ്റ്റു് ആയതുകൊണ്ട് ആരുടെയെങ്കിലും അഭിപ്രായം അറിഞ്ഞാല്‍ കൊള്ളാമെന്നു തോന്നി.
വ്യത്യസ്തമായ അഞ്ച് കമന്റുകള്‍ കിട്ടിയതില്‍ ഞാന്‍ സംതൃപ്തനാണ്.
വേണുവിന്റെ ആഭിപ്രായം ഞാന്‍ കണക്കിലെടുക്കുന്നു. ഇനിയുള്ള രചനകളില്‍ ശ്രദ്ധിക്കാം.
ശ്രീ പെരിങ്ങോടന്‍, താങ്കളില്‍ നിന്നും, എനിക്കു കൂടുതല്‍ അറിയാനുണ്ട് എന്നു തൊന്നുന്നു. ആശയത്തിനൊട്ടും ആത്മാര്‍ഥതയില്ല എന്നും, ഗതികേടുണ്ട് എന്നും തുറന്നു പറഞ്ഞതില്‍ സന്തോഷവും, കൂടുതെല്‍ വിശദീകരിക്കണമെന്ന അഭ്യര്‍ഥനയും ഉണ്ട്.
സൊലീറ്റയുടെ മമ്മിയുടെ അഭിപ്രായം, ഒരു സ്വാന്തനമായിഅനുഭവപ്പെട്ടു. നന്ദി,
വേണു, പെരിങ്ങോടന്‍, സൊലീറ്റയുടെ മമ്മി കൂടതെ സു, എല്ലവര്‍ക്കും നന്ദി. ഇനിയുള്ള പോസ്റ്റുകളും വായിക്കുമെന്നും‍, കമന്റുമെന്നും വിശ്വസിക്കുന്നു.

Unknown said...

ഇവിടുന്ന് ഒരു കിലൊ ആപ്പിളും മുന്തിരിയും മേടിച്ച് ആ മോനു കൊടുക്കണം എന്നുണ്ട്... എന്തായാലും നാട്ടില്‍ വരുംബോളാട്ടെ. അവനിഷ്ടമുള്ള ഫ്രൂട്ട് അവന്‍ പറയുന്നത്രേം ഞാന്‍ മേടിച്ച് കൊടുക്കും. അവന്‍ മിടുക്കനാ...!!

എന്തായാലും അവനെ ആ സ്കൂളില്‍ ചേര്‍ക്കണ്ട..!!
അവന്‍ മുറ്റാണ്... :)

വല്യമ്മായി said...

മോന്റേയും അച്ഛന്റേയും കൂടുതല്‍ അനുഭവങ്ങള്‍ എഴുതൂ

sindhu said...

good writing. i loved it please continue writing

Raju Adimari said...

കഥ രസിച്ചു. പക്ഷേ ചില സ്ത്രീ വിരുദ്ധ പരാമർശങ്ങൾ ഒഴിവാക്കാമായിരുന്നു.