Wednesday, April 15, 2009

സൌഹൃദം


ടോമും, ഡീ യും


കടലിലൂടെ ചെറിയ ഉല്ലാസ നൌകകളില്‍ (SAILING YACHT) ഉല്ലാസ യാത്ര നടത്തുന്നവരുടെ ഇഷ്ടപ്പെട്ട ഇടത്താവളങ്ങളിലൊന്നാണ് കൊച്ചി. കൊച്ചിയുടെ സൌന്ദര്യം ആസ്വദിക്കാന്‍ മാത്രമല്ല, അത്യാവശ്യം അറ്റകുറ്റപ്പണികള്‍ നടത്താനും, വെള്ളവും ഭക്ഷണസാധനങ്ങളും മറ്റും സംഭരിക്കാനുമൊക്കെ ആയിട്ടാണ് അവര്‍ കൊച്ചിയില്‍ നംകൂരം ഇടുന്നത്. കൊച്ചി കായലില്‍ ഹൈക്കോര്‍ട്ടിനും ബോള്‍ഗാട്ടി പാലസിനും ഇടയിലെ കായലിലാണ് അവര്‍ നംകൂരം ഇട്ട് കിടക്കാറുള്ളത്.
തീരെ ചെറിയ പായ്ക്കപ്പലുകളാണിവ എന്നു പറയാം. ലോകത്തിന്റെ തന്നെ വിവിധ ദേശങ്ങളില്‍ നിന്നും കടല്‍ സഞ്ചാരികളായെത്തുന്ന ഇത്തരം നൌകളിലെ നാവികരെ പരിചയപ്പെടാന്‍ കിട്ടിയ അവസരങ്ങള്‍ അവിസ്മരണീയങ്ങളും, ഹൃദ്യവുമാണ്.
ഏകദേശം നാലു വര്‍ഷങ്ങള്‍ക്കു മുന്‍പാണ്; എനിക്കൊരു ഇ മെയില്‍ സന്ദേശം കിട്ടി. ഒരു സഹായാഭ്യര്‍ഥനയാണ്, ആക്സ് കാലിബര്‍ (Axe Calibre) എന്ന നൌക യില്‍ നിന്നും ടോം എന്ന നാവികന്‍ അയച്ചത്.
അദ്ദേഹത്തിന് ഞാന്‍ എന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൊടുക്കുകയും പിന്നീട് ഫോണിലൂടെ ഒരു കൂടിക്കാഴ്ച്ചക്കു സമയം ഒരുക്കുകയും ചെയ്തു. ഹൈക്കോര്‍ട്ട് ബോട്ട് ജെട്ടിയില്‍ എന്നെ കാത്ത് നില്‍ക്കാമെന്നേറ്റ ദിവസം തന്നെ കൃത്യ സമയത്ത് സ്ഥലത്തെത്തി, ടോം എന്ന ആ ബ്രിട്ടീഷ് സായിപ്പിനെ കണ്ടുമുട്ടി. വളെരെ സാധു വായ മനുഷ്യന്‍ ‍. അദ്ദേഹം എന്നെ ഒരു ചെറു റബ്ബര്‍ ചങ്ങാടത്തില്‍ (DINGHY) കയറ്റി കായലിന്റെ നടുക്ക് കിടന്നിരുന്ന നൌകയിലേക്ക് കൊണ്ട് പോയി. ഞങ്ങള്‍ വരുന്നതും നോക്കി ടോമിന്റെ മദാമ്മ കാത്തിരിപ്പുണ്ടായിരുന്നു. രണ്ടുപേര്‍ക്കും 60 വയസ്സിലധികം പ്രായം തോന്നും. അവര്‍ എന്നെ അവരുടെ നൌകയിലെക്ക് സ്വാഗതം അരുളി.
പക്ഷെ ഒരു കുഴപ്പം, ചങ്ങാടത്തെക്കാള്‍ എട്ട് അടിയോളം ഉയരത്തിലാണ് ആ നൌകയുടെ മുകള്‍ തട്ട്; അവിടെ നിന്നും ഇട്ടു തന്ന കയറില്‍ തൂങ്ങിക്കയറാന്‍ എനിക്കു കഴിഞ്ഞില്ല. ഞാന്‍ അങ്ങനെ വിഷമിച്ചു നില്‍ക്കുമ്പോള്‍ ടോം, ഡിങ്കിയില്‍ അല്പം കുനിഞ്ഞ് നിന്നിട്ട്, അദ്ദേഹത്തിന്റെ മുതുകില്‍ ചവിട്ടി നൌകയിലേക്ക് കയറിക്കൊള്ളാന്‍ നിര്‍ദ്ദേശിച്ചു. ഞാനൊന്ന് പരുങ്ങി. എന്നെക്കാള്‍ പ്രയം കൂടിയ ആ മനുഷ്യന്റെ പുറത്ത് ചവിട്ടാന്‍ എനിക്കു വല്ലാത്ത സങ്കോചം തോന്നി. എന്നാല്‍ ആ സായിപ്പും മദാമ്മയും വീണ്ടും എന്നെ നിര്‍ബന്ധിച്ചു; മറ്റ് മാര്‍ഗമൊന്നും ഇല്ലാതിരുന്നതുകൊണ്ട് മനസ്സില്ലാമനസ്സോടെ ഞാനതിനൊരുങ്ങുമ്പോള്‍ ഒരു രംഗം എന്റെ മനസ്സില്‍ തെളിഞ്ഞു; കാലാപാനി എന്ന സിനിമയിലെ ഒരു രംഗം: കുതിരവണ്ടിയില്‍ കയറാന്‍ ചവിട്ട് പടിയായി ഒരു നാട്ടുകാരനെ ഉപയോഗിക്കുന്ന വെള്ളക്കാരന്റെ നേര്‍ക്കുള്ള മൊഹന്‍ലാലിന്റെ ഡയലോഗ് ഉള്ള സീന്‍ ‍‍! ഇവിടെ ഇതാ ഒരു വെള്ളക്കാരന്‍ അദ്ദേഹത്തിന്റെ മുതുക് ഒരു ഭാരതീയന് ചവിട്ട് പടിയാവാന്‍ സന്നദ്ധനാവുന്നു!
പിന്നെ ഞാനൊന്നും നോക്കിയില്ല, ആ ചവിട്ടു പടിയില്‍ കാലൂന്നി അനായാസം നൌകയില്‍ കയറി.
മിസ്സിസ് ഡീ മദാമ്മ എനിക്കു സ്വഗതം അരുളി, എന്നിട്ട് അവരുടെ പിറകില്‍ നിന്ന ആരോടോ പറയുന്നതു കേട്ടു, "Chakka, this is our guest Prof. Mani"
അരാണീ ചക്ക എന്നറിയാന്‍ എനിക്കു കൌതുകം തോന്നി. എന്നാല്‍ അതൊരു നായ് ആണെന്നു പിന്നീട് മനസ്സിലായി. ഒരു നായക്ക് ഓടിച്ചാടാനുള്ള സ്ഥല സൌകര്യമില്ലാത്തതിനാല്‍ വ്യായാമക്കുറവുമൂലമാണെന്നു തോന്നുന്നു, ശരിക്കും ഒരു വലിയ ചക്കയുടെ ആകൃതിയാണ് ആ നായക്കു ഉണ്ടായിരുന്നത്.
ഒരു ചെറിയ കുടുംബത്തിന് താമസിക്കാനുള്ള എല്ലാ സൌകര്യങ്ങളും ആ നൌകയില്‍ ഉണ്ട്. രണ്ടു കിടപ്പു മുറി, ഒരു ഡൈനിംഗ് കം ലിവിങ് കം കിച്ചണ്‍, കൂടാതെ സിറ്റൌട്ട്, സ്റ്റോറ് റൂം എന്നിവ അതിനകത്തുണ്ട്. ആറുമാസം വരെ കടലില്‍ കഴിയാന്‍ ഉതകുന്ന തരത്തില്‍ ഭക്ഷണവും വെള്ളവും സംഭരിച്ച് വയ്ക്കാനുള്ള സൌകര്യം, കാറ്റില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കനുള്ള വിന്‍ഡ് മില്‍, സോളാര്‍ പാനല്‍, മുതലായ സജ്ജീകരണങ്ങളും അതിലുണ്ട്.
സായിപ്പ് തന്റെ നൌക മുഴുവനും എന്നെ കാണിച്ച് തന്നു. അവരുടെ ലിവിങ് റൂമില്‍ രണ്ടു വിഭാഗങ്ങളായി കുറെ ഏറെ ഫോട്ടോകള്‍ ഒട്ടിച്ചു വച്ചിരുന്നു. ഞാന്‍ ആ ഫോട്ടോകളിലേക്ക് കണ്ണോടിക്കുന്നതു മനസ്സിലാക്കിയ ഡീ ചെറിയൊരു പുഞ്ചിരിയുടെ അകമ്പടിയോടെ പറഞ്ഞു, “ഇടതു വശത്തെ ഫോട്ടോകള്‍, ടോമിന്റെ മക്കളും, മരുമക്കളും; വലതു വശത്ത് കാണുന്ന ഫോട്ടൊകളിലുള്ളത് എന്റെ 7 മക്കളും, മരുമക്കളും അവരുടെ കുട്ടികളുമാണ്“ എന്നു. പിന്നെ നിഷ്കളങ്കമായ ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ ടോമിനെ ഒളികണ്ണിട്ടു നോക്കി മൊഴിഞ്ഞു, “ഞങ്ങള്‍ക്ക് കുട്ടികളില്ല“, എന്ന്!
എന്നെ ക്ഷണിച്ച് വരുത്തിയതിന്റെ ആവശ്യം ഇതായിരുന്നു: അവരുടെ നൌകയിലെ വയര്‍ലസ്സ് ഉപകരണം കേടായിരുന്നു. വയര്‍ലസ് ഉപകരണമില്ലാതെ ആയാല്‍ പുറം കടലില്‍ ഒറ്റപ്പെട്ടു പോവും. അതിനാല്‍ കേടുതീര്‍ത്താല്‍ മാത്രമെ കൊച്ചിയില്‍ നിന്നും പുറപ്പെടാന്‍ കഴിയൂ. അത് നന്നാക്കാന്‍ കൊച്ചിയിലുള്ള ഒരു സ്ഥാപനത്തിനെ ഏല്‍പ്പിച്ചു. ഏതാനും ആഴ്ച്ചകള്‍ക്ക് ശേഷം അവര്‍ കേടുതീര്‍ത്ത് തിരികെ ഏല്പിച്ചെങ്കിലും, ആ ഉപകരണം ശരിക്കും പ്രവര്‍ത്തിക്കുന്നില്ലേ എന്നൊരു സംശയം. സംശയ നിവാരണത്തിനായി ഒരു ഹാം റേഡിയോ ഓപ്പറേറ്റര്‍ ആയ എന്റെ സഹായം വേണം.
ഞാന്‍ അദ്ദേഹത്തിന്റെ വയര്‍ലസ്സ് ട്രാന്‍സീവര്‍ പരിശോധിച്ച് അത് അപ്പോഴും പ്രവര്‍ത്തന രഹിതമാണെന്ന കാര്യം അറിയിച്ചു. ടോം വളരെ ദുഃഖിതനായി. ട്രാന്‍സീവര്‍ നന്നാക്കാനേല്പിച്ച സ്ഥാപനത്തിനു അദ്ദേഹം ഏകദേശം 15000 രൂപയോളം കൊടുത്തു വെങ്കിലും സ്ഥിതി ഇതാണല്ലോ എന്ന് പരിതപിച്ചു. ശരിക്കും ആ സ്ഥാപനം ടോമിനെ കബളിപ്പിച്ചിരിക്കുന്നതായി ഞാന്‍ മനസ്സിലാക്കി. ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. ആ ട്രാന്‍സീവര്‍ നന്നാക്കിക്കൊടുക്കമെന്ന് ഞാന്‍ ഏറ്റു. ട്രാന്‍സീവര്‍ എന്റെ ലാബിലേക്ക് കൊണ്ടുവരികയും രണ്ടു ദിവസത്തിനകം തകരാറ് പരിഹരിക്കുകയും ചെയ്തു.
കേട് തീര്‍ത്ത് തിരികെ കൊടുത്തപ്പോള്‍, ഞാന്‍ ചെയ്ത ജോലിക്ക് എന്തു പ്രതിഫലമാണ് വേണ്ടതെന്ന് എന്നോടാരാഞ്ഞു. ഒന്നും വേണ്ടാ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് വലിയ വിഷമമായി എന്നു തോന്നിയതുകൊണ്ട്, ഞങ്ങളുടെ നാട്ടുകാരന്‍ താങ്കളോടു ചെയ്ത ഒരപരാധത്തിന് പ്രായശ്ചിത്തമായി ഇതിനെ കണ്ടാല്‍ മതിയുന്നു പറഞ്ഞു സമാധാനിപ്പിച്ചു. അത് മറ്റൊരു സുഹൃത് ബന്ധത്തിന്റെ തുടക്കമായി. ഗ്രീഷ്മയെ ഡീയ്ക്കും ടോമിനും വലിയ ഇഷ്ടമായി. ഒന്നും മനസ്സിആവില്ലെങ്കിലും ആംഗലേയ ഭാഷ കേള്‍ക്കുന്നത് വളരെ ഇഷ്ട മായതുകൊണ്ട് ഗ്രീഷ്മയ്ക്കും<ലിങ്ക് > അവരെ വല്ലാതങ്ങ് പിടിച്ചു. അവളുടെ പക്കല്‍ ഒരു റബ്ബര്‍ കിളിയുണ്ട്, ഡീ മദാമ്മ സമ്മാനിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷവും, ഇപ്പോഴും, അത് കയ്യില്‍ കൊടുത്താല്‍ സ്പര്‍ശിച്ച് മനസ്സിലാക്കിയതിനുശേഷം അവള്‍ പറയും, അത് ഡീ മദാമ്മ തന്ന കിളിയാണെന്ന്.
അവലോസു പൊടിയും, അവലോസുണ്ടയും കായവറുത്തതും, കൂര്‍ക്കക്കിഴങ്ങുമെല്ലാം ടോമിനും ഡീയ്ക്കും വളരെ ഇഷ്ടമായി. കൊച്ചിയില്‍ നിന്നും, മടങ്ങുമ്പോള്‍ അവര്‍ക്ക് ഞങ്ങള്‍ സമ്മാനമായി അതെല്ലാം കൊടുത്തുവിട്ടു.
അവര്‍ കൊച്ചിയില്‍ നിന്നും പോയതിനുശേഷം വീണ്ടും ഒരിക്കല്‍ കൂടി വന്നു, കണ്ടു, പരിചയം പുതുക്കി..
പിന്നീടൊരിക്കല്‍ എനിക്കെഴുതി, ആക്സ് കാലിബര്‍ വിറ്റ്കിട്ടിയ പണം കോണ്ട് ഇന്‍ഗ്ലണ്ടില്‍ ഒരു ഗ്രാമപ്രദേശത്ത് മനോഹരമായ വീട് സ്വന്തമാക്കി എന്നും, ആ വീട്ടിലേക്ക് എന്നും എനിക്ക് സ്വാഗതം എന്നും. അവിടെ ഒരു കിടക്കയും, ഒരുനേരത്തെ ഭക്ഷണവും എന്നും എന്നെ കാത്ത് വച്ചിരിക്കുമെന്ന് ഡീ മദാമ്മ എഴുതിയത് ഭംഗി വാക്കല്ല എന്ന് വ്യക്തമായതുകൊണ്ട് ആ ഇ മെയില്‍ വായിച്ച് എന്റെ കണ്ണു നിറഞ്ഞു.

ദേശ, മത വര്‍ണ്ണ വ്യത്യാസമില്ലാത്ത സര്‍വത്രീക സൌഹൃദങ്ങള്‍ ഉണ്ടാവുകയും നില നില്‍ക്കണമെന്നും ആഗ്രഹിച്ചുകോണ്ട് ഈ പോസ്റ്റ് ഇവിടെ നിര്‍ത്തുകയാണ്.

3 comments:

ഗ്രീഷ്മയുടെ ലോകം said...

ഒരു പുതിയ പോസ്റ്റ്
വായിക്കുമല്ലോ
-മണി

പാഞ്ചാലി said...

അനുഭവം പങ്കുവച്ചതില്‍ സന്തോഷം!

ജയതി said...

"ഞങ്ങളുടെ നാട്ടുകാരന്‍ താങ്കളോടു ചെയ്ത ഒരപരാധത്തിന് പ്രായശ്ചിത്തമായി ഇതിനെ കണ്ടാല്‍ മതിയുന്നു പറഞ്ഞു"

നമ്മുടെ നാടിന്റെ അഭിമാനം ഇത്രയെങ്കിലും ഉയർത്താൻ താങ്കൾക്ക് കഴിഞ്ഞതിൽ ഉള്ള സന്തോഷം ഇവിടെ അറിയിക്കട്ടെ

Word Verification മനപൂർവം തുടരുന്നതാണോ?