Friday, February 12, 2010

പാരമ്പര്യേതര ഊർജ സ്രോതസ്സുകളുടെ ഉപയോഗം

ആഗ്നേയയുടെ ഒരു
പോസ്റ്റിൽ
ശ്രീ ജഗദീശുമായുള്ള സംവാദം നീണ്ടു പോയതിനാൽ മറുപടി അവിടെ കമന്റ് ആയി ഇടാതെ ഇവിടെ ഇടുന്നു.

നെറ്റ് മീറ്ററിംഗ് എന്നത് നല്ല ഒരു ആശയമാണ്. ജഗദീശ് എഴുതിയതു പോലെ പല വിദേശ രാജ്യങ്ങളിലും ഇത് ഉപയോഗത്തിലുണ്ട്. എന്നാൽ നമ്മുടെ നാട്ടിൽ ഉടനടി പ്രായോഗികമാണോ എന്ന് സംശയം ഉണ്ട്. ഈ സംവിധാനം നടപ്പിലാക്കാൻ കടമ്പകൾ ഏറെ ഉണ്ട്.
1. ആവശ്യമായ നിയമ നിർമാണം: ഒരോ സംസ്ഥാനത്തും ഉള്ള ഇലക്ട്രിക്കൽ റെഗുലേറ്ററി കമ്മീഷനാണ് ഈ സംവിധാനത്തിനാവശ്യമായ നിയമങ്ങളിൽ ഭേദഗതി വരുത്തേണ്ടത്. ഇൻഡ്യയിലെ ചില സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും ഈ രീതിയിൽ ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.
2. വൈദ്യുത വിതരണം നെറ്റ് മീറ്ററിംഗ് വഴിആക്കുമ്പോൾ വിതരണ ശൃംഘലയിൽ വരുത്തേണ്ട മാറ്റങ്ങൾ:
അ. ഉണ്ടായിരിക്കേണ്ട ആവശ്യമായ ഭൌതിക ഉപകരണങ്ങൾ: “കൊടുക്കുന്നതും വാങ്ങുന്നതും“ കൃത്യമായി രേഖപ്പെടുത്താനുള്ള എനർജി മീറ്റർ ഇതിനാവശ്യമാണല്ലോ. നമ്മുടെ നാട്ടിൽ അത്തരം(ഇലക്ടോ മെക്കാനിക്കൽ) മീറ്ററുകളായിരുന്നു ഉപയോഗിച്ചിരുന്നത്. കൃത്യതക്കുറവും, വിലക്കൂടുതലും, ഉപഭോക്താക്കൾക്ക് കൃത്രിമം കാണിക്കാനുള്ള സാധ്യതയുമൊക്കെ ഉള്ളതുകൊണ്ട് ഇത്തരം മീറ്ററുകൾക്ക് പകരം ഇലക്ട്രോണിക്ക് എനർജി മീറ്ററുകളാണിപ്പോൾ ഉപയോഗിക്കുന്നത് ( ചിലയിടങ്ങളിൽ ഇപ്പോഴും പഴയ മീറ്റർ പ്രവർത്തിക്കുന്നുമുണ്ട്). ഇപ്പോൾ ഉപയോഗിക്കുന്ന തരം ഇലക്ട്രോണിക്ക് എനർജി മീറ്ററുകൾക്ക് ഉപയോഗിക്കുന്നതും തിരിച്ച് കൊടുക്കുന്നതും തമ്മിൽ തിരിച്ചറിയാൻ കഴിയില്ല. നെറ്റ് മീറ്ററിംഗിനാവശ്യമായ മീറ്റർ ആവശ്യമനുസരിച്ച് പുതുതായി ഡിസൈൻ ചെയ്യുകയോ, പുറമേ നിന്നു വരുത്തുകയോ വേണം.
ആ. ഏറ്റവും മോശമായ വൈദ്യുത വിതരണ ശൃംഘല (വോൾട്ടെജ് വ്യതിയാനങ്ങൾ, ലൂസ് കണക്ഷൻ, ട്രാൻസിയന്റ്സ്, ഹാർമ്മോണിക്സ് , തുടങ്ങിയ തകരാറുകൾ) യാണു നമ്മുടേത്. അത്തരം അവസ്ഥയിൽ ഉപഭോക്താക്കൾ വയ്ക്കേണ്ട എനർജി കൺ വെർഷൻ (ഇൻ വെർട്ടർ, സോളാർ പാനൽ തുടങ്ങിയവ)ഉപകരണങ്ങൾ എളുപ്പത്തിൽ കേടാവുകയും മെച്ചപ്പെട്ട പ്രവർത്തനം കിട്ടാതെ വരികയും ചെയ്യും. എനർജി ഗ്രിഡിൽ ബന്ധിപ്പിക്കാവുന്ന ഇൻ വെർട്ടറിന് വിലയും കൂടും. പല ഉപഭോക്താക്കളും, വൈദുതി ഉത്പാതിപ്പിച്ച് ലൈനിൽ കൊടുക്കുന്നതിനാൽ, ലൈനിൽ എപ്പോഴും വോൾട്ടേജ് ഉണ്ടാവും; അശ്രദ്ധ കാണിച്ചാൽ അപകടങ്ങൾക്കു
സാധ്യത കൂടും.
3. നെറ്റ് മീറ്ററിംഗ് സംവിധാനത്തിലും, കമ്പ്യൂട്ടർ പ്രവർത്തിപ്പിക്കാൻ യു പി എസ് ഇല്ലെങ്കിൽ ബുദ്ധിമുട്ടുവരും അപ്പോൾ സ്റ്റോറേജ് ബാറ്ററിയെ പൂർണമായും ഒഴിവാക്കാനാവില്ല.
4. ഇപ്പോഴത്തെ അവസ്ഥയിൽ, സാമ്പത്തിക നഷ്ടം വരുന്നഒരു കാര്യത്തിനും സാധാരണ ഉപഭോക്താക്കൾ തയ്യാറാവില്ല. അതിനാൽ നിയമം മൂലമേ ഇത് നടപ്പിലാക്കാൻ കഴിയൂ.
5. വൈദ്യുത ഉത്പാദനവും വിതരണവും സർക്കാരിൽ നിന്നും മാറി കമ്പനികളെ ഏല്പിച്ചാൽ ഇത് ഒരു പക്ഷെ പ്രായോഗികമായേക്ക്മെന്ന് തോന്നുന്നു.
6. ഇൻഡ്യയിൽ ഇപ്പോൾ തന്നെ സോളാർ പാനലുകൾ നിർമ്മിക്കുന്ന നിരവധി കമ്പനികൾ നിലവിലുണ്ട്.
ഇവിടുത്തെ ഉപയോഗത്തിനു പുറമേ സോളാർ പാനൽ കയറ്റുമതിയും ചെയ്യുന്നുണ്ട്. സാങ്കേതിക മേന്മ ഇല്ല എങ്കിൽ
കയറ്റുമതി നടക്കില്ലല്ലോ. സർക്കാർ കമ്പനി യായ സെന്റ്രൽ ഇലക്റ്റ്രോണിക്സ് ലിമിറ്റഡ് (CEL) vവൻ തോതിൽ
സോളാർ പാനലുകൾ നിർമിക്കുന്നുണ്ട്.
7. ഇൻഡ്യയിൽ തന്നെ നിർമിക്കുന്ന സോളാർ പാനലുകൾ കിട്ടുമെന്നിരിക്കെ, റി ഫർബിഷ്ഡ് ആയ സോളാർ പാനൽ ഇറക്കുമതി ചെയ്യുനത് കൊണ്ട് ഉപഭോക്താവിനു ഗുണമൊന്നുമില്ല. ഞാൻ കണ്ടിട്ടുള്ള ഇറക്കുമതി ചെയ്ത പാനലുകളെല്ലാം, ഇൻഡ്യയിൽ നിർമിക്കുന്ന നല്ലയിനത്തോട് കിടനിൽക്കുന്നതോ അതിലും മുന്തിയതോ ആണ്.
8. ഫൂൾ പ്രൂഫ് ആയി ഒരു പ്രൊഡക്റ്റ് എന്നത് ഒരു സങ്കല്പം മാത്രമാണ്. പലപ്പോഴും പല ഒത്ത് തീർപ്പുകളും വേണ്ടി
വരും. അത്കൊണ്ട് പൊടി പിടിച്ചാൽ, തുടച്ച് നീക്കുക എന്ന ഒത്ത് തീർപ്പു ഉത്പാതകർ സ്വ്വികരിച്ചിരിക്കുന്നത്
എന്നു വേണം അനുമാനിക്കാൻ.
9. സോളാർ പാനൽ നിർമ്മിക്കുന്നതിനാവശ്യമായ സിലിക്കൺ വേഫറുകൾ നിർമ്മിക്കുന്ന ഫൌണ്ടറികൾ ലോകത്തിൽ തന്നെ വിരലിലെണ്ണാവുന്നവയേ ഉള്ളൂ. അത്കൊണ്ട് തന്നെ സകലമാന സെമികണ്ടക്റ്റർ വ്യവസായ ശാലകളും ഈ ഫൌണ്ടറികളെ ആശ്രയിക്കുന്നു. മോസർബെയർ അത്തരത്തിലുള്ള സംരംഭം ഇൻഡ്യയിലും തുടങ്ങി എന്ന് വായിച്ചതായി ഓർക്കുന്നു.

തീർച്ചയായും നമുക്ക് പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ കണ്ടെത്തേണ്ടതുണ്ട്. എന്നാൽ പ്രായോഗിക സമീപനമാണിക്കാര്യത്തിൽ വേണ്ടത്. ഫോസ്സിൽ ഇന്ധനത്തെ പൂർണമായും ഒഴിവാക്കാനാവില്ലതന്നെ. അതുകോണ്ട് അവയുടെ ഉപയോഗം കുറച്ച്കൊണ്ട് വരികയും, ഓരൊ പ്രദേശത്തിനും അനുയോജ്യമായ ഊർജ്ജോത്പാദന രീതികൾ തെരെഞ്ഞെടുക്കുകയും വേണം. സോളാ‍ർ പാനലുകൾക്കുള്ളതുപോലുള്ള ന്യൂനതകൾ മറ്റ് സംവിധാനങ്ങൾക്കുമുണ്ട്. ഇക്കാര്യത്തിൽ വളരെ മൌലികമായ സമീപനത്തെക്കാൾ നല്ലത് പ്രായോഗിക തലത്തിലുള്ള ഒന്നു തന്നെ ആണ്.
സാങ്കേതിക കാര്യങ്ങളിൽ മാത്രം താല്പര്യമുള്ളതിനാൽ മറ്റ് വിഷയങ്ങളെപറ്റി അഭിപ്രായം എഴുതുന്നില്ല.

പക്ഷെ ഒന്നു സങ്കല്പിച്ചു നോക്കാം: സസ്യശ്യാമളമായ, ജൈവ വൈവിധ്യമുള്ള ഭൂമി, ജൈവ ആവാസ വ്യവസ്ഥയിൽ പ്രകൃതിക്ക് ഏറ്റവുമനുയോജ്യമായ മനുഷ്യ ജീവിതം. യാന്ത്രികോർജത്തിനും വൈദ്യുതിക്കും വേണ്ടി നമുക്ക് നാൽക്കാലികളെക്കൊണ്ട് ചക്ക് ആട്ടാം. ചാണകത്തിൽ നിന്നും, പാചക വാതകവും വളവും കിട്ടും. ധാരാളം ഓക്സിജൻ, ആരോഗ്യ ജീവിതം. മലിനീകരണം ഒട്ടുമില്ല. ദാരിദ്ര്യമില്ല.... അതല്ലേ ഏറ്റവും നല്ല ഊർജ സംരക്ഷണം.
ഓട്ടി.
പുനരുത്പാദിതോര്‍ജ്ജ ഗവേഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ക്ക് നോബല്‍ സമ്മാനം പോലും ലഭിക്കില്ല ....
നോബൽ സമ്മാനമെന്താ മോശമാണോ?

4 comments:

അനിൽ@ബ്ലൊഗ് said...

മണിസാര്‍,
വൈദ്യുത ഗ്രിഡ് എന്ന സങ്കല്‍പ്പം ഇന്ത്യാ മഹാരാജ്യത്ത് സങ്കല്‍പ്പമായി തന്നെ നില്‍ക്കാനാണ് സാദ്ധ്യത ഏറെ. കാരണം നമ്മുടെ ഉപഭോഗം കഴിഞ്ഞല്ലെ ബാക്കി ഗ്രിഡിലേക്കൊഴുകുന്നത്, എത്ര വര്‍ഷം കൊണ്ട് ഇതിനു കഴിയുന്ന രീതിയിലേക്ക് സോളാര്‍ പാനല്‍ വില കുറയും എന്ന് കണ്ടു തന്നെ അറിയണം.

മീറ്റര്‍ മോഡിഫൈ ചെയ്യാവുന്നതേ ഉള്ളൂ എന്നാണ് തോന്നുന്നത്, നിലവിലുള്ളത് നേരിട്ട് ഉപയോഗിക്കാനാവില്ലെന്നല്ലെ ഉള്ളൂ.

പ്രായോഗികമായി ഫോട്ടോ വോള്‍ട്ടിക് ഇഫ്ഫക്റ്റ് ഉപയോഗിക്കുന്നതിനേക്കാള്‍ സോളാര്‍ തെര്‍മല്‍ പ്ലാന്റുകളാവും നന്നാവുക എന്നു തോന്നുന്നു, വന്‍ തോതിലുള്ള വൈദ്യുതോത്പാദനത്തിന്. മുമ്പ് ഒരു പോസ്റ്റിട്ടിരുന്നു (സാങ്കേതിക വിവരമൊന്നുമല്ല), ഇങ്ങനെ ഒരു ആശയം ലോകത്താകമാനം ഉണ്ടെന്ന് പറയാന്‍ മാത്രം.

മണി said...

പ്രിയ അനിൽ,
നാഷണൽ ഗ്രിഡ് ഇപ്പോൾ തന്നെ ഇൻഡ്യയിൽ നിലവിലുണ്ട്. തമിഴ് നാട്ടിലും മറ്റുമുള്ള കാറ്റാടി വൈദ്യുത നിലയങ്ങൾ ഉത്പാതിപ്പിക്കുന്ന വൈദ്യുതി ഗ്രിഡ് വഴിയാണ് പ്രസരണം ചെയ്യുന്നത്. അത് ട്രാൻസ്മിഷൻ ഗ്രിഡ് ആണ്. എന്നാൽ വീടുകളിൽ ഉത്പാദിപ്പിക്കൻ കഴിയുന്ന വൈദ്യുതി ഡിസ്റ്റ്രിബ്യുഷൻ ഗ്രിഡ് വഴിയേ കടത്തിവിടാൻ പറ്റൂ. നല്ല ഒരു മീറ്റർ ഡിസൈൻ ചെയ്യുന്നത് മാത്രമല്ല പ്രശ്നം, അത്തരം മീറ്റർ വച്ചാൽ കളവു നടത്താൻ കഴിയില്ല എന്ന് ഉറപ്പുവരുത്തണം.അല്ലെങ്കിൽ ഉപഭോക്താവ് ഉപയോഗിക്കുന്ന കറന്റിനു ഇലക്ട്രിസിറ്റി ബോർഡ് കാശ് അങ്ങോട്ട് കൊടുക്കേണ്ട ഗതികേടാവും വരിക. :)
പിന്നെ ലൈനിലെ പവർ ക്വാളിറ്റിയും നന്നായിരിക്കണം. നമ്മുടെ നാട്ടിലെ പവർ ക്വാളിറ്റി വളരെ മോശമാണ്.
മറ്റ് പല പ്രായോഗിക പ്രശ്നങ്ങളും തരണം ചെയ്യേണ്ടതുണ്ട്.
സോളാർ പാനലിനു വില കുറയുന്നതിനുമുൻപേ ഈ സംവിധാനം നടപ്പിൽ വരാൻ ഇപ്പോഴത്തെ വൈദ്യുത നിരക്ക് കൂട്ടിയാലും മതി!! ഡൈ അടിസ്ഥാനമാക്കിയുള്ള സോളാർ പാനലുകൾ മാർക്കറ്റിൽ വരുന്നതോടെ വില കാര്യമായി കുറയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം,
അനിലിന്റെ ഈ വിഷയത്തിലുള്ള പോസ്റ്റ് ഇതുവരെ കണ്ടിരുന്നില്ല. നന്നായിട്ടുണ്ട്.

അനിൽ@ബ്ലൊഗ് said...

സോളാർ പാനലിനു വില കുറയുന്നതിനുമുൻപേ ഈ സംവിധാനം നടപ്പിൽ വരാൻ ഇപ്പോഴത്തെ വൈദ്യുത നിരക്ക് കൂട്ടിയാലും മതി!!

അതു കലക്കി.
മിക്കവാറും സമീപ ഭാവില്‍ തന്നെ ഈ പറഞ്ഞത് സംഭവിക്കാനിടയുണ്ട്.
:)

ഒരു യാത്രികന്‍ said...

ആഗ്നേയയുടെ പോസ്റ്റ്‌ തൊട്ട്‌ കൂടെ ഉണ്ട്‌. വളരെ ഉപകാരപ്രദമായ ഒരു ചര്‍ച്ചയായി ഇത്‌. പെട്ടന്നൊരു മാറ്റത്തിനൊന്നും ഇത്‌ വഴിവെക്കില്ലെങ്കിലും ഒരു പാടു ധാരണകല്‍ തിരുത്താനും, പുതിയ ചില അറിവുകള്‍ നേടാനും സഹായകമായി, അതു തന്നെ ഒരു വലിയനേട്ടമല്ലെ...കൂട്ടരെ ചര്‍ച്ച തുടരൂ.... സസ്നേഹം