Friday, January 13, 2012

കേശവന്‍

നാല്പത്തഞ്ച് വര്‍ഷം മുന്‍പ്:-
ഞാന്‍ പഠിച്ച സ്കൂളിന്റെ ആനിവേഴ്സറി ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സമ്മനങ്ങള്‍ വിതരണം ചെയ്യുകയാണ്. വേദിയില്‍ ഹെഡ് മാസ്റ്റര്‍; സമീപമുള്ള മേശമേല്‍ വിജയികള്‍ക്ക് കൊടുക്കാനുള്ള സര്‍ട്ടിഫിക്കറ്റുകൾ- കൂടാതെ സമ്മാനമായി കൊടുക്കുന്ന സോപ്പ് പെട്ടി, ബിസ്കറ്റ്, മിഠായി, പേന അങ്ങനെ അങ്ങനെ ലൊട്ട് ലൊടുക്ക് സാധനങ്ങള്‍. അദ്ദേഹം, ആദ്യ മത്സര ഇനമായ മലയാ‍ളം പ്രബന്ധ രചനയ്ക്കുള്ള വിജയിയെ പ്രഖ്യാപിച്ചു. വിജയിച്ച കുട്ടി സ്റ്റേജില്‍ കയറി ഹെഡ് മാസ്റ്ററില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങി. ആ കുട്ടി സ്റ്റേജില്‍ നിന്നും താഴേക്കിറങ്ങവേ അടുത്ത മത്സരത്തിലെ വിജയിയെ പ്രഖ്യാപിച്ചു: “ഇംഗ്ലീഷ് എസ്സേ റൈറ്റിങ് : സി കെ കേശവന്‍.” ഇതുകേട്ട് ആദ്യം സമ്മാനംവാങ്ങി സ്റ്റേജില്‍ നിന്നും താഴേക്കിറങ്ങിയ കുട്ടി വീണ്ടും സ്റ്റേജിലേക്ക് കയറി സമ്മാനം ഏറ്റ് വാങ്ങി. രണ്ട് സമ്മാനങ്ങള്‍ ഒരുമിച്ച് വാങ്ങി അവന്‍ താഴേക്കിറങ്ങുമ്പോള്‍ എല്ലാവരും അവനെ ശ്രദ്ധിച്ചു. കാക്കി നിക്കറിട്ട പൊക്കം തീരെ കുറഞ്ഞ ആരാലും ശ്രദ്ധിക്കപ്പെടാന്‍ സാധ്യതയില്ലാത്ത മുഖമുള്ള ഒരു സാധാരണക്കാരന്‍ എന്നാല്‍ അന്ന് അവന്റെ ദിവസം ആയിരുന്നു. ആ വേദിയില്‍ തന്നെ അവനു സമ്മാനത്തിനു പിറകെ സമ്മാനങ്ങള്‍ വാങ്ങാനായി നില്‍ക്കേണ്ടി വന്നു. മലയാളം കഥാരചന, മലയാളം കവിതാ രചന, മലയാ‍ളം പ്രസംഗം, ഇംഗ്ലീഷ് പ്രസംഗം, ഇംഗ്ലിഷ് പദ്യ പാരായണം, എന്നു വേണ്ട മിക്കവാറും മത്സര ഇനങ്ങളിലും ഒന്നാം സമ്മാനം കേശവന്‍ എന്ന കുട്ടിക്കായിരുന്നു. അദ്യാപകരും മറ്റ് വിദ്യാര്‍ഥികളും ആ പ്രകടനം കണ്ട് അമ്പരന്നു പോയി. രണ്ട് കയ്കളിലും താങ്ങിപ്പിടിച്ച സര്‍ട്ടിഫിക്കറ്റുകളും മറ്റു സമ്മാനങ്ങളുമായി ആ വേദിയില്‍ കേശവന്‍ നിസ്സംഗമായ മുഖ ഭാവത്തൊടെ നില്‍ക്കുന്നത് എന്റെ മനസ്സില്‍ ഇപ്പോഴും തെളിഞ്ഞു കാണാം.

പിറ്റേന്ന് മുതല്‍ കേശവന്‍ സ്ക്കൂളിലെ എല്ലാവരുടെ ശ്രദ്ധാകേന്ദ്രവും, പെണ്‍കുട്ടികളുടെ ആരാധനാപാത്രവുമായി. ആണ്‍കുട്ടികല്‍ അവനെ അസൂയക്കണ്ണുകളിലൂടെ നോക്കി. അന്ന് എട്ടില്‍ പഠിച്ചിരുന്ന എനിക്കും ഈ കുട്ടിയെ പരിചയപ്പെടണമെന്ന് തോന്നി. വളരെ പെട്ടെന്ന് തന്നെ അതിനു അവസരവും കിട്ടി. കേശവന്‍ എന്റെ അഛന്റെ സഹോദര പുത്രനായ ശിവദാസന്‍ ചേട്ടന്റെ ക്ലാസിലാണ് പഠിച്ചിരുന്നത്. അവര്‍ വലിയ ചങ്ങാത്തത്തിലും ആയിരുന്നു. അങ്ങനെ കേശവനെ പരിചയപ്പെട്ടു, അത് വലിയ സൌഹൃദത്തിലേക്ക് വളര്‍ന്നു. എന്റെ അമ്മയ്ക്ക് കേശവനെ വലിയ വാത്സല്യമായിരുന്നു. ഒരു ഒറ്റമുണ്ട് ഉടുത്ത് വട്ടത്തിലുള്ള മുഖം നിറഞ്ഞുകവിയുന്ന വലിയ ചിരിയുമായി മിക്ക ദിവസവും കേശവന്‍ എന്റെ വീട്ടിലെത്തും. ശാസ്ത്ര വിഷയങ്ങളില്‍ എന്നെക്കാള്‍ അറിവും താല്പര്യവും കേശവനുണ്ടായിരുന്നു. അതിനാല്‍ എന്റെ ഉപദേശകന്റെ സ്ഥാനം ഞാന്‍ കേശവന് കൊടുത്തു. ഏതുകാര്യത്തിനും, കേശവന്റെ ആദ്യ പ്രതികരണം ഒരു പൊട്ടിച്ചിരിയായിരിക്കും. പക്ഷേ ഒരിക്കല്‍ ഒരു ശാസ്ത്രജ്ഞനാവാനാണ് എന്റെ ആഗ്രഹം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കേശവന്‍ പൊട്ടിച്ചിരിച്ചില്ല. നീ തീര്‍ച്ചയായും ഒരു ശാസ്ത്രജ്ഞനാവും എന്ന് പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിക്ക്കയാണ് ചെയ്തത്.
കടപ്പുറത്തായിരുന്നു കേശവന്റെ വീട്. കടലില്‍ മീന്‍ പിടുത്തമായിരുന്നു കേശവന്റെ അഛന്റെ തൊഴില്‍. കേശവന്റെ വീട്ടില്‍ ഞങ്ങള്‍ പോവുന്നത് കടല്‍ക്കരയില്‍ കളിക്കാനായിരുന്നു. കടലമ്മയെ പ്രകോപിപ്പിക്കാനായി “കടലമ്മ കള്ളി“ എന്ന് തീരത്ത് കോറിയിടുന്നത് എത്ര വാശിയോടെയായിരുന്നു, തന്റെ തിരമാലക്കൈകള്‍കൊണ്ട് കടലമ്മ മായ്ച്ചിരുന്നത്!
കേശവന്റെ സ്വന്തം അമ്മ കേശവന്റെ ചെറുപ്പത്തില്‍ തന്നെ മരിച്ചു പോയിരുന്നു. അവന്റെ രണ്ടാനമ്മയ്ക്ക് കേശവനെ അത്രയ്ക്ക് ഇഷ്ടമല്ലായിരുന്നു. എഴുതാ‍നും വായിക്കാനും അത്യാവശ്യം കണക്കും മനസ്സിലാക്കാന്‍ മാത്രമായിരുന്നു അന്ന് കൂട്ടികളെ സ്ക്കൂളില്‍ വിട്ടിരുന്നത്. തൊഴിലെടുക്കാന്‍ പ്രാപ്തരായാല്‍ അവരെ പരമ്പരാഗത തൊഴിലിലേക്ക് വിടുകയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ലായിരുന്നു. കേശവനു 15 വയസ്സായിട്ടും കടലില്‍ പോവാതെ പുസ്തകങ്ങള്‍ക്കിടയില്‍ അടയിരിക്കുന്നത് കേശവന്റെ മാതാപിതാക്കള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പഠിക്കാന്‍ സഹായിക്കുന്ന ഒരു അന്തരീക്ഷം ആവീട്ടില്‍ കേശവനു കിട്ടിയിരുന്നില്ല എന്നു തോന്നുന്നു.
ഒരു ഓണ അവുധിക്കാലം കഴിഞ്ഞ് സ്ക്കൂള്‍ തുറന്നിട്ടും കേശവന്‍ ക്ലാസില്‍ വന്നില്ല്ല; അന്വേഷിച്ചപ്പോള്‍ അറിഞ്ഞു, സ്ക്കൂളില്‍ പോവാതിരിക്കാന്‍ ഇളയമ്മ കേശവന്റെ പുസ്തകങ്ങള്‍ കായലിലെറിഞ്ഞു കളഞ്ഞു, എന്ന്. ഏതായാലും കേശവന്‍ പഠനം നിറുത്തിയില്ല. പഴയ ഊര്‍ജ്വസ്വാലതയോടെ വീണ്ടും ക്ലാസില്‍ വന്നുതുടങ്ങി.
* * * * * * ***************************** * * * * * * *
കൊയ്ത്ത് കാലം എന്നും നാട്ടിലാഘോഷമാണ്. പല വീട്ടിലും പട്ടിണി ഇല്ലാത്ത കാലം അതാണല്ലോ. അക്കൊല്ലം കൊയ്ത്ത് കാലത്ത് ഒരു സന്ധ്യാസമയം; മടിയില്‍ പുസ്തകം വച്ച് മണ്ണെണ്ണ വിളക്കിന്റെ മങ്ങിയ വെളിച്ചത്തില്‍ ഡ്രാക്കുള പ്രഭുവിന്റെ കൊട്ടാരത്തിലെ ഭീകരാന്തരീക്ഷം വായിച്ച് പേടിച്ച് വിറച്ച് ഇരിക്കുന്ന എന്റെ കണ്ണില്‍ അതി ശക്തമായ വെളിച്ചം!. ഞാന്‍ ഞെട്ടിപ്പോയി. മുന്നില്‍ അതാ, തന്നെക്കാള്‍ വലിയ ഒരു ടോര്‍ച്ചും പിടിച്ച് കേശവന്‍. കേശവനെ കണ്ടപ്പോള്‍ പേടിയും നീരസവും പെട്ടെന്നു മാറി. കേശവന്റെ കയ്യില്‍ ഒരു കടലാസു പൊതി കണ്ടപ്പോള്‍ അതെന്താണെന്നു ഞാന്‍ ചോദിച്ചു.
“ ഇതൊരു പരീക്ഷണത്തിനായി സ്ക്കൂള്‍ ലാബില്‍ നിന്നും എടുത്തതാ”
ശാസ്ത്ര വിഷയങ്ങളില്‍ കേശവന്‍ കാണിക്കുന്ന താല്പര്യവും, പരീക്ഷണങ്ങള്‍ നടത്താനുള്ള ആവേശവും അറിയാവുന്ന രഘുനന്ദനന്‍ മാഷ് ലാബിന്റെ തക്കോല്‍ പലപ്പോഴും കേശവനു കൊടുക്കാറുണ്ട്.
“ എങ്കിലൊന്നു തുറന്നു കാണിക്ക്”, ഞാന്‍ ആവശ്യപ്പെട്ടു. കേശവന്‍ കടലാസു പൊതി തുറന്നു. ഇളം പച്ചയും മഞ്ഞയും കലര്‍ന്ന പരലാകൃതിയിലുള്ള തരികള്‍. ഞാന്‍ കയ്യിലെടുക്കാന്‍ ശ്രമിച്ചപ്പോള്‍ കേശവന്‍, “അതില്‍ തൊടണ്ട. ബേരിയം നൈട്രേറ്റ് ആണ്, വിഷമാണ്“എന്ന്.
“ഇതെന്തിനാ”
“ഓ. ഇതൊരു പരീക്ഷണം നടത്താനാ”
“എന്ത് പരീക്ഷണം?”
“അത് നാളെ രാവിലെ പറയാം“
എന്തെങ്കിലും ഗൌരവമുള്ള പരീക്ഷണമായിരിക്കും. എന്നാലും എന്താണെന്ന് എന്നൊട് പറയാത്തതെന്ത്? ഏതായാലും നാളെ രാവിലെ അറിയാമല്ലോ എന്നാണ് ഞാന്‍ അപ്പോള്‍ ചിന്തിച്ചത്.
വീട്ടില്‍ വന്നാല്‍ എല്ലാവരോടും കുശലം പറഞ്ഞിട്ടേ കേശവന്‍ മടങ്ങൂ. എന്നാല്‍ അന്ന് അമ്മയോടെന്തോ പറഞ്ഞിട്ട് അമ്മ മുഘം കനപ്പിച്ച് ഇരുന്നതേയുള്ളു. അമ്മയുടെ ആ ഭാവമാറ്റം എന്നെ വിഷമിപ്പിച്ചു. കേശവന്‍ യാത്രപറഞ്ഞ് കേശവന്‍ പോയപ്പോള്‍ ഞാന്‍ അമ്മയോട് കാര്യം തിരക്കി.
അമ്മ ദേഷ്യത്തൊടെ പറഞ്ഞു: “അവനേയ്, ... ഇന്ന് ഞാന്‍ കൊയ്യാന്‍ പോയി തിരിച്ചു വരുമ്പോള്‍, കുറെ കേഡി പ്പിള്ളേരുടെ കൂടെ കായലില്‍ കുത്തിമറിയുന്നു. എന്നെ കണ്ടപ്പോള്‍ അവന്‍ മണീടെ അമ്മേ എന്നും വിളിച്ച് ഓടിവന്നു. അടുത്ത് വന്നപ്പോഴാ അറിഞ്ഞത്, അവന്‍ മൂക്കറ്റം കുടിച്ച് ലക്ക് കെട്ടാണ് ഈ കൂത്തൊക്കെ കാണിക്കുന്നത് എന്ന്. ഞാന്‍ അവന വഴക്കു പറഞ്ഞു”
തെരുവു പിള്ളേരുടെ കൂടെ കൂട്ട് കൂടിയതും മദ്യപിച്ചതുമാണ് അമ്മയെ പ്രകോപിച്ചത്. എന്നാല്‍ കേശവന്‍ അങ്ങനെയൊക്കെ ചെയ്തു എന്ന് വിശ്വസിക്കുവാന്‍ എനിക്ക് കഴിഞ്ഞില്ല.
ഡ്രാക്കുളയെ മുഴുവനും വായിച്ച് തീര്‍ത്ത് കിടന്നുറങ്ങിയത് വളരെ വൈകിയാണ്.
ആരോ കുലുക്കി ഉണര്‍ത്താന്‍ ശ്രമിച്ചു, അവര്‍ പറയുന്നത് ഞാന്‍ കേട്ടു, “അറിഞ്ഞോ നിന്റെ കൂട്ടുകാരന്‍ കേശവന്‍ മരിച്ചുപോയി”. എനിക്കൊന്നും മനസ്സിലായില്ല. വേറെ ആരുടെയോ ശബ്ദം “രാവിലെ നൊക്കുമ്പോള്‍, ഇളം മഞ്ഞയും പച്ചയും കലര്‍ന്ന ഛര്‍ദ്ദിയില്‍ കുളിച്ച് കിടക്കുകയായിരുന്നു”.

കേശവന്റെ വീട്ടില്‍ പോവാനോ ആ ജഡം കാണാനോ ഉള്ള കരുത്ത് എനിക്കില്ലായിരുന്നു.

ആ സംഭവത്തിനു ശേഷം വര്‍ഷങ്ങള്‍ ഏറേ കഴിഞ്ഞിരിക്കുന്നു. എനിക്കിപ്പോഴും നിശ്ചയമില്ല, കേശവന്‍ ആത്മഹത്യ ചെയ്തതാണോ? പിന്തിരിപ്പിക്കാന്‍ എനിക്കാവുമായിരുന്നുവോ?

4 comments:

Manikandan O V said...

വായിച്ചു. സങ്കടപ്പെടുത്തുന്ന അനുഭവം. മറ്റൊന്നും എഴുതാനില്ല. കുട്ടിക്കാലത്തെ ഈ സുഹൃത്തിനെ മരണത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സാറിന് കഴിഞ്ഞില്ലെങ്കിലും പിൽക്കാലത്തുള്ള അദ്ധ്യാപനജീവിതത്തിൽ ഇത്തരം അനേകം കേശവന്മാരെ സഹായിക്കാൻ സാറിന് സാധിച്ചിട്ടുണ്ടാകുമല്ലൊ.

മണി said...

പ്രിയ മണികണ്ഠന്‍,
അഭിപ്രായത്തിനു നന്ദി. ശരിയാണ്. മിന്നല്‍ പോലെ ചിലപ്പോഴൊക്കെ കേശവന്മാരെ കണ്ടെത്താറുണ്ട്. സഹായിക്കാന്‍ കഴിയുന്നത്ര ശ്രമിക്കാറുമുണ്ട്.

Sajeev said...
This comment has been removed by the author.
Sajeev said...

കേശവാനിനക്കുദോശതിന്നാനാശയുണ്ടെങ്കിലാശാന്റെമേശയില്നിന്നാറുകാശെടുത്തുദോശമേടിച്ചുതിന്നെടാകേശവാ

പഴയൊരു വാമൊഴിപാട്ടണ്. കേശവനെ കാണുംപോള് പാടാറുള്ളത്. ഇതാരുപാടിയാലും കേശവന് ദ്വേഷ്യമോ സങ്കടമോ തോന്നില്ല. എല്ലാവരെയും സ്നേഹത്തോടെയും കരുണയോടെയും മാത്രം കാണാനേ കേശവനു കഴിയുമായിരുന്നുള്ളു. പക്ഷെ ആരില്നിന്നാണോ കരുണ ലഭിക്കേണ്ടിയിരുന്നുത് അവരില്നിന്നുമാത്രം കേശവനത് ലഭിച്ചില്ല. അതുകൊണ്ട് കേശവന് സ്നേഹവും കരുണയും തേടി വീടുവീടാന്തരം കയറിയിറങ്ങി. സ്വന്തം വീട്ടില്നിന്നും തനിക്കു നിഷേധിക്കപ്പെട്ട സ്നേഹം കേശവന്‍ എല്ലാവര്ക്കും വാരിക്കോരി കൊടുത്തു. എല്ലാവരും കേശവനെ സ്നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തു. എല്ലാവരോടും ചിരിച്ചുസംസാരിക്കുന്ന കേശവന്റെ മനസ്സ് പക്ഷെ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപര് വതമായിരുന്നെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല. മരണത്തെ മനസാവരിക്കുന്നതിനുമുന്‍‌പും താന്‍‌മൂലം ഒരാള്ക്കും ബുദ്ധിമുട്ടുണ്ടാകരുതെന്ന് കേശവനു നിര്ബസമുണ്ടായിരുന്നു. അതുകൊണ്ട് കടയില്നിന്നും താന്‍‌വാങ്ങിക്കുടിച്ച ചായഗ്ലാസ് പലവട്ടം കഴുകിവൃത്തിയാക്കിയശേഷമാണ് പരിഭവങ്ങളോ പരാതികളോ ഇല്ലാത്ത മരണത്തിന്റെ മഹാമൌനത്തിലേക്ക് കേശവന്‍‌ ആണ്ടിറങ്ങിയത്